തൃശ്ശൂർ: ആഗ്രഹിക്കാത്ത ഗർഭധാരണത്തെ തുടർന്നുണ്ടാകുന്ന ഗർഭഛിദ്രമുൾപ്പെടെയുള്ള പ്രത്യുത്പാദന ആരോഗ്യസേവനങ്ങൾ നൽകുന്നതിൽ സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ ഏറെ പിന്നിലെന്ന് കണക്കുകൾ. 2023-24-ൽ സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകളനുസരിച്ച് സ്വകാര്യ ആശുപത്രികളിലെ എം.ടി.പി. (മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി) നിരക്കിൽ രണ്ടര ഇരട്ടിയിലധികമാണ് വർധന. എന്നാൽ, സർക്കാർ ആശുപത്രികളിലിത് ഇരട്ടിയിൽ താഴെ മാത്രവും.
2017-18-ൽ സ്വകാര്യ ആശുപത്രികളിൽ 6,647 എം.ടി.പി.കൾ നടന്നപ്പോൾ 2023-24-ൽ 14,825 ആയി വർധിച്ചു. സർക്കാർ ആശുപത്രികളിൽ ഇക്കാലയളവിൽ എം.ടി.പി.കളുടെ എണ്ണം 2,811-ൽനിന്ന് 5,354 ആയാണു കൂടിയത്.
സ്വകാര്യതയില്ലാത്തതും നിർബന്ധിത കിടത്തിച്ചികിത്സയുൾപ്പെടെയുള്ള നിബന്ധനകളുമാണ് സ്ത്രീകളെ സർക്കാർ ആശുപത്രികളെ സമീപിക്കുന്നതിൽനിന്ന് പിന്നോട്ടടുപ്പിക്കുന്നത്.
നീണ്ട കാത്തിരിപ്പ്, പരിശോധനാമുറിയിൽ മറ്റുള്ളവരുടെ സാന്നിധ്യം, ‘ധാർമികത’യുടെയോ ‘ശരിതെറ്റുകളുടെയോ’ പേരിലുള്ള സദാചാരവിചാരണകൾ, ഭർത്താവിന്റെയും മാതാപിതാക്കളുടെയും സാന്നിധ്യം ആവശ്യപ്പെടൽ തുടങ്ങിയവയും മറ്റു കാരണങ്ങളാണ്.
സ്വകാര്യ ആശുപത്രികളിൽ വലിയതോതിലുള്ള വിലപേശലാണ് നടക്കുന്നതെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. 20000 മുതൽ ഒരുലക്ഷം രൂപവരെയാണ് ഈടാക്കുന്നത്.
ഇടപെടാൻ ‘സേഫ് അബോർഷൻ കേരള’
സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ഗർഭഛിദ്രമുൾപ്പെടെയുള്ള ആരോഗ്യസേവനങ്ങൾ സദാചാരവിചാരണകളില്ലാതെ സുരക്ഷിതമായും മാന്യമായും ലഭിക്കുന്നുണ്ടെന്നുറപ്പാക്കുന്നതിനായി സേഫ് അബോർഷൻ കേരള എന്ന കൂട്ടായ്‌മയുമായി മലപ്പുറം തേഞ്ഞിപ്പലം സ്വദേശി വി. ഫിർഷയും എസ്. ഉദയശ്വനിയും.
മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിവലപ്‌മെന്റ് സ്റ്റഡീസിൽ ഗവേഷകയായ ഫിർഷയെയും ഇന്ത്യൻ സ്‌കൂൾ ഓഫ് ഡിവലപ്‌മെന്റ് മാനേജ്‌മെന്റിൽ പ്രോജക്ട് ഇന്റേൺ ആയ പാലക്കാട് സ്വദേശി എസ്. ഉദയശ്വനിയെയും ‘ദ വൈപി ഫൗണ്ടേഷന്റെ സേഫ് ഫെലോഷിപ്പി’ന്റെ ഭാഗമായി നടത്തിയ പഠനങ്ങളും അന്വേഷണങ്ങളുമാണ് കൂട്ടായ്‌മയിലെത്തിച്ചത്.
safeabortionkeralam@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെട്ട് കൂട്ടായ്‌മയുടെ ഭാഗമാകാം.
മോശം അനുഭവം നേരിടുന്നു
വിവാഹിതകളോ അല്ലാത്തവരോ ആയ സ്ത്രീകൾക്ക് ആരോഗ്യപരവും സാമൂഹികപരവും സാമ്പത്തികപരവുമായ കാരണങ്ങളാൽ ഗർഭഛിദ്രത്തിന് വിധേയരാകേണ്ടിവരും. സർക്കാർ ആശുപത്രികളിൽനിന്ന്, ഈയാവശ്യവുമായെത്തുന്ന സ്ത്രീകൾക്ക് മോശം അനുഭവമാണുണ്ടാകുന്നതെന്ന് പഠനങ്ങൾക്കിടെ ബോധ്യമായിട്ടുണ്ട് – ഡോ. മാളു മോഹൻ, ഫെലോ ആൻഡ് അസി. പ്രൊഫസർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത്, ബെംഗളൂരു.
Content Highlights: State government hospitals in Kerala lag in providing reproductive health services, including abortions, compared to private hospitals, which have seen a significant increase in medical terminations of pregnancy (MTPs) from 6,647 in 2017-18 to 14,825 in 2023-24.
Published: 28 Sept 2026, 08:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented