
ഞാൻ ജനിച്ചു വളർന്നത് കണ്ണൂർ ജില്ലയിലെ പൂമംഗലം എന്ന കൊച്ചു ഗ്രാമത്തിലാണ്. ഒരു കൂട്ടുകുടുംബത്തിലാണ് കുട്ടിക്കാലം എന്ന് പറയാം. അന്ന് ജാനകി വല്ല്യമ്മ എന്ന് ഞങ്ങൾ വിളിക്കുന്ന ജാന്വേടത്തി ഓടിവന്നാൽ അറിയാം, വീട്ടിലെ ഏതോ ഇളയമ്മയ്ക്ക് കുഞ്ഞ് പിറക്കാൻ പോവുകയാണെന്ന്. അടുക്കളപ്പുറത്തെ അടച്ചിട്ട ചായ്പ് മുറിക്കുള്ളിൽ നിന്ന് പെണ്ണുങ്ങളുടെ നിലവിളിയുടെ കാഠിന്യം കൂടി വരുമ്പോൾ അക്ഷമരായി പുറത്തുനിൽക്കുന്ന ഇളയച്ഛന്മാരുടെ നെടുവീർപ്പുകളും കൂടിവരും. ഇത് മണിക്കൂറുകളോളം നീണ്ടുനിൽക്കാം. ഏറെക്കഴിഞ്ഞ് വാതിൽ തുറന്ന് ജാന്വേടത്തി വിളിച്ചു പറയും “ ഓള് പെറ്റു. ആൺകുട്ടിയാ”. പിന്നീട് കുട്ടിയെ കാണാൻ വരുന്നവരോടൊക്കെ അമ്മമ്മ പറയുന്നത് കേൾക്കാം. നേരത്തോട്നേരം കാത്തുനിന്നെങ്കിലെന്താ സുഖപ്രസവം ആയില്ലേന്ന്. അതു കേൾക്കുമ്പോൾ , ക്ഷീണിച്ചു അവശയായി കിടക്കുന്ന ഇളയമ്മയുടെ മുഖഭാവം അതി ദയനീയമായിട്ടേ എനിക്ക് തോന്നിയിട്ടുള്ളൂ.
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറെ പ്രധാനപ്പെട്ട ഘട്ടമാണ് അമ്മയാവുക എന്നത്. സ്ത്രീകൾക്ക് മാത്രം സാദ്ധ്യമാകുന്ന സാധാരണ പ്രസവത്തെ സുഖപ്രസവം എന്നാണല്ലോ വിശേഷിപ്പിക്കാറ്. ഇന്നും ആ പ്രയോഗത്തിൻ്റെ സാംഗത്യം മനസ്സിലായിട്ടില്ല. അതൊരിക്കലും ഒരു സുഖകരമായ അനുഭൂതിയല്ല എന്ന് പ്രസവസമയത്തെ നിലവിളികൾ സാക്ഷ്യപ്പെടുത്തുന്നു. കാലവും സമയവും കടന്നുപോയി. ഞാനിന്ന് അനസ്തീഷ്യ ഡോക്ടറായി ജോലി ചെയ്യുന്നു. ഇപ്പോഴും മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ലേബർ റൂമിൽ നിന്നുയരുന്ന ഗർഭിണികളുടെ നിലവിളിയുടെ തീവ്രത പണ്ടത്തെക്കാൾ കൂടിയതായിട്ടേ തോന്നിയിട്ടുള്ളൂ. ഇന്നേവരെ പുഞ്ചിരിച്ചു കൊണ്ട് ഒരു സ്ത്രീയും പ്രസവിച്ചതായി കേട്ടിട്ടില്ല. ഉരലിൽ നെല്ല് കുത്തുന്നതിനിടയിൽ ഉലക്ക കൂട്ടുകാരിയ്ക്കു കൈമാറി അഞ്ച് മിനിറ്റ് കൊണ്ട് പോയി പെറ്റു വന്ന് ബാക്കി നെല്ലു കൂടി കുത്തി അരിയാക്കിയ വീര കഥകളൊക്കെ പൊടിപ്പുംതൊങ്ങലും വെച്ചു പറയുന്നത് പഴയകാലത്ത് ചികിത്സയ്ക്കുള്ള സൗകര്യവും സാഹചര്യവുമില്ലാത്തതിൻ്റെ ദൈന്യത മറച്ചു വെയ്ക്കാൻ കൂടിയാവാം. പണ്ട് പട്ടിണിയും പരിവട്ടവുമായതു കൊണ്ടു പൊണ്ണത്തടിയും കുറവാണല്ലോ. അന്ന് ശാരീരികമായി അദ്ധ്വാനിക്കുന്ന സ്ത്രീകളിൽ മെയ്വഴക്കം ഉള്ളതുകൊണ്ടും പത്തുംപതിനഞ്ചും പ്രസവിക്കുന്നവരിൽ ഗർഭാശയമുഖവും അരക്കെട്ടുമൊക്കെ തുലോം അയഞ്ഞു കിടക്കുന്നതു കൊണ്ടും പ്രസവം ക്ലേശകരമാവില്ല. എന്നാലും പ്രസവിച്ച പെണ്ണുങ്ങൾ നൊന്തുപെറ്റു എന്നേ പറയാറുള്ളൂ. മിക്കവാറും എല്ലാ സുഖപ്രസവങ്ങളും ആഢ്യത്വം കലർത്തി അവതരിപ്പിച്ച നൊന്തുപേറലുകൾ തന്നെയാണ്. പുരുഷന്മാർ ഈ വേദനയെ നിസ്സഹായരായി മാത്രം നോക്കിക്കാണുമ്പോൾ പ്രസവിച്ച പല സ്ത്രീകളും ഇവിടെ ഒരു സീനിയോറിറ്റി കോംപ്ലക്സ് കാണിക്കുന്നില്ലേയെന്നാണ് എൻ്റെ സന്ദേഹം. ഞങ്ങളൊക്കെ പ്രസവിച്ചില്ലേ പിന്നെ നിനക്കൊക്കെയായാലെന്താ എന്ന ഭാവം.
ജീവിതത്തിൽ വേദന ആരും ഇഷ്ടപ്പെടുന്നില്ലല്ലോ. വേദന ഉണ്ടാകാനുള്ള സാദ്ധ്യതയെ തന്നെ ഇല്ലാതാക്കുക അല്ലെങ്കിൽ വേദന നിവാരണം ചെയ്യുക എന്നതു തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. വേദന മാനസികവും ശാരീരികവുമായ ഒരു പാട് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. മാനസിക സംഘർഷങ്ങൾക്കും ഉത്ക്കണ്ഠയ്ക്കും പുറമേ ഹൃദയമിടിപ്പ്, രക്തസമ്മർദം, ശ്വാസോച്ഛ്വാസം തുടങ്ങിയവ ക്രമാതീതമായി വർദ്ധിക്കാൻ വേദന കാരണമാകുന്നു. ഹൃദയ-ശ്വാസകോശസംബന്ധമായ അസുഖമുള്ളവർ, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ രക്തക്കുഴലിൽ അന്യൂറിസം പോലെ വീർത്തു നില്ക്കുന്ന രോഗമുള്ളവർ തുടങ്ങിയവരിൽ ഒരുപക്ഷേ പ്രസവവേദന അമ്മയുടെ ജീവനുതന്നെ അപകടകരമായേക്കാം. മാത്രമല്ല പ്രസവവേദനയുടെ മൂർദ്ധന്യാവസ്ഥയിൽ ഗർഭപാത്രത്തിലേക്കും കുഞ്ഞിലേയ്ക്കുള്ള രക്തചംക്രമണം കുറയുകയും തന്മൂലം കുഞ്ഞിൻ്റെ ശരീരത്തിലെ ഓക്സിജൻ നില കുറയാനുമിടയാക്കുന്നു.എന്തെങ്കിലും രീതിയിലുള്ള വൈകല്യമുള്ള കുഞ്ഞുങ്ങളിൽ ഇത് കൂടുതൽ അപകടമുണ്ടാക്കുന്നു. വളരെയേറെ സമയം നീണ്ടുനിൽക്കുന്ന പ്രസവവേദന അമ്മയുടെയും കുഞ്ഞിൻ്റെയും തളർച്ചയ്ക്ക് കാരണമാകുന്നു. ലേബർ അനാൾജീസിയ ഈ വേദന നിവാരണം ചെയ്യുന്നതു വഴി അമ്മയുടെ ഹൃദയ രക്തചംക്രമണ വ്യവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങൾ ഇല്ലാതാക്കുകയും പ്ലാസൻ്റയിലേക്കും ഗർഭസ്ഥ ശിശുവിലേക്കുമുള്ള രക്തപ്രവാഹം തടസ്സം കൂടാതെ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
'മരിക്കാൻ കിടത്തുന്ന പെട്ടി അല്ല വെന്റിലേറ്റർ, പൈസ പിടുങ്ങാൻ പിടിച്ച് കിടത്തുന്നതുമല്ല'| MedAlert
തീവ്രമായ പ്രസവവേദന അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തെയും പങ്കാളിയുമായുള്ള ബന്ധത്തെയും ബാധിക്കാനിടയുണ്ട്. പ്രസവാനന്തരമുള്ള മനോരോഗങ്ങളും പങ്കാളിയുമായുള്ള അകൽച്ചയും ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പ്രസവാനന്തരമുള്ള മാനസികാസ്വാസ്ഥ്യങ്ങൾ (പോസ്റ്റ് പാർട്ടം ഡിപ്രഷൻ) കുടംബബന്ധങ്ങളെ തന്നെ ശിഥിലമാക്കുന്നു.
പ്രസവസമയത്തുണ്ടാകുന്ന വേദനയുടെ കാരണം രണ്ടു തരത്തിലാണ്. ഒന്നാമത്തേത് ഗർഭപാത്രത്തിൻ്റെ സങ്കോചവികാസങ്ങൾ കൊണ്ട് പ്രസവത്തിൻ്റെ തുടക്കം മുതൽ വന്നും പോയുമിരിക്കുന്ന വേദനയും രണ്ടാമത്തേത് കുഞ്ഞ് താഴേക്കിറങ്ങി വരുമ്പോൾ സമ്മർദം കാരണമുള്ള വേദനയുമാണ്. ഈ വേദനതന്നെ ഒന്നു രണ്ടു മണിക്കൂറുകൾ മുതൽ രണ്ടോ മുന്നോ ദിവസം വരെ നീണ്ടുനിൽക്കുന്നവയുമാകാം. പ്രസവവേദനയുടെ കാഠിന്യം പലഘടകങ്ങളെയുമാശ്രയിച്ചിരിക്കുന്നു. കടിഞ്ഞൂൽ പ്രസവക്കാരികളിലാണ് വേദന കൂടുതൽ കാണാറ്. അതു തന്നെ പ്രായം കൂടി വരുന്നതിനനുസരിച്ച് വേദനയും കൂടി വരുന്നു. സാമൂഹികവും കുടംബപരവുമായ പശ്ചാത്തലം, കുടുംബബന്ധങ്ങളുടെ ആഴവും വ്യാപ്തിയും വിദ്യാഭ്യാസപരമായ പുരോഗതി തുടങ്ങിയ വിവിധ ഘടകങ്ങൾ വേദനയെ സ്വാധീനിക്കുന്നു. ഇന്നത്തെ യന്ത്രവൽകൃത യുഗത്തിൽ ശാരീരികാദ്ധ്വാനം വളരെ കുറവാണല്ലോ. അതുപോലെ വീട്ടിൽ ഗർഭിണികൾക്ക് നൽകുന്ന പ്രത്യേക പരിലാളനയിൽ ഭക്ഷണം ഏറെ കഴിപ്പിക്കുന്നതാകുന്നതോടെ ഇവരുടെ വയറിലും അരക്കെട്ടിലും അമിതമായി കൊഴുപ്പടിഞ്ഞു കൂടാനിടയാകുന്നു. ഒരു കുഞ്ഞ് തന്നെ ധാരാളം എന്ന് കരുതുന്ന ദമ്പതികളുടെ എണ്ണവും ഇന്ന് കൂടി വരികയാണല്ലോ. ഇത്തരക്കാരിൽ ഗർഭാശയ മുഖത്തിൻ്റെ വികസനം കുറയാനും പ്രസവസമത്ത് കുട്ടി അതുവഴി വരുന്നത് തടസ്സപ്പെടാനും ഇടയാകുന്നു. ഇത് പ്രസവം കഠിനവും ക്ലേശകരവുമാക്കുന്നു.
കാൻസറിനേക്കാൾ പത്ത് മടങ്ങ് തീവ്രമാണ് പ്രസവവേദന എന്ന് പറയുമ്പോൾ അത് സ്ത്രീകളെ എത്ര മാത്രം ബുദ്ധിമുട്ടിക്കുന്നു എന്ന് മനസ്സിലാക്കാം. 1847-ൽ വിക്ടോറിയ രാജ്ഞിയുടെ എട്ടാമത്തെ പ്രസവത്തിന് വേദനസംഹാരി നൽകിയതിലൂടെയാണ് വേദനരഹിത പ്രസവത്തിൻ്റെ അഥവാ ലേബർ അനാൾജീസിയയുടെ തുടക്കം. അമേരിക്കയിൽ ഏതാണ്ട് 75% ആൾക്കാരും ലേബർ അനാൾജീസിയ ഉപയോഗിച്ച് പ്രസവിക്കുമ്പോൾ ഇന്ത്യയിൽ അത് വളരെ കുറവാണ്. പല രീതികളും ലേബർ അനാൾജീസിയയിൽ ഉപയോഗിക്കുന്നുണ്ടെങ്കിലും ഏറ്റവും കൃത്യവും വ്യക്തവും മെച്ചപ്പെട്ടതുമായ മാർഗം എപ്പിഡുറൽ അനാൾജീസിയ തന്നെയാണ്. നട്ടെല്ലിനുള്ളിലെ എപ്പിഡ്യൂറൽ സ്പേസിൽ നമ്മുടെ മുടിനാരിൻ്റെ വലിപ്പത്തിലുള്ള കത്തീറ്റർ കടത്തിവെച്ച് വേദനസംഹാരി മരുന്നുകൾ നൽകുന്ന രീതിയാണിത്. പാർശ്വഫലങ്ങൾ വളരെ കുറവാണെന്നതും പ്രസവം നീണ്ടുപോകുന്നതിനനുസരിച്ച് മരുന്നു തുടർച്ചയായി ഇൻഫ്യൂഷൻ രൂപത്തിൽ നൽകാമെന്നതും വേദനയുടെ തീവ്രതയ്ക്കനുസരിച്ച് മരുന്നിൻ്റെ ഡോസ് കൂട്ടാനും കുറയ്ക്കാനും പറ്റുമെന്നതും ഈ രീതിയുടെ മേന്മയാണ്. ഇനി അഥവാ സിസേറിയൻ വേണ്ടിവരികയാണെങ്കിൽ ഇതേ സമ്പ്രദായത്തിലുടെ തന്നെ ഓപ്പറേഷനു വേണ്ട അനസ്തീഷ്യ നൽകാമെന്നതും പ്രത്യേകം എടുത്തുപറയേണ്ടതാണ്. സാധാരണ പ്രസവം നടക്കുകയാണെങ്കിൽ കുഞ്ഞിന്റെ സുഗമമായ വരവിന് വേണ്ടി യോനിമുഖം കീറി ഇടുന്ന എപ്പിസോട്ടമി തുന്നിക്കൂട്ടുമ്പോൾ വേദനയറിയാതിരിക്കാൻ ഈ കത്തീറ്ററിലൂടെ അനസ്തീഷ്യ നല്കാനാവും. ഇത്തരം അനസ്തീഷ്യ കാരണം പ്രസവം സിസേറിയനിൽ കലാശിക്കുമെന്നത് പൂർണമായും തെറ്റാണ്. പ്രസവസമയത്തുണ്ടാകുന്ന ഗർഭപാത്രത്തിൻ്റെ സങ്കോചവികാസങ്ങളെ ബാധിക്കാത്ത അളവിലാണ് അനസ്തീഷ്യോളജിസ്റ്റ് ലേബർ അനാൾജീസിയയിൽ മരുന്നു ക്രമീകരിക്കുന്നത്. അതേപോലെ സ്ത്രീകളുടെ നടുവേദനയ്ക്ക് എപ്പിഡ്യൂറൽ കത്തീറ്റർ കാരണമാകുമെന്ന വിശ്വാസവും പൂർണമായും തെറ്റാണ്. നിരവധി പഠനങ്ങൾ ഈ രംഗത്ത് നടന്നിട്ടുണ്ട്.
ലേബർ അനാൾജീസിയ വഴി സുഖപ്രസവം കഴിഞ്ഞ സ്ത്രീകൾ പറയുന്നത് അതൊരു മനോഹരമായ അനുഭവമാണെന്നാണ്. അമ്മയാകുന്ന ആകാംക്ഷ, വേദനയെ ചൊല്ലിയുള്ള ഉത്കണ്ഠ ഇതൊക്കെ അകറ്റിനിർത്തി അമ്മയാകുന്ന അനുഭൂതി ആസ്വാദ്യകരമാക്കുകയാണിവിടെ.
പണ്ട് സാഹചര്യവും സൗകര്യവുമില്ലാത്തതുകൊണ്ട് മാത്രം വേദന കടിച്ചമർത്തി അമ്മയാകേണ്ടി വന്നവരുടെ കാലമല്ല ഇന്ന്. ഓപ്പറേഷൻ തീയേറ്ററിനു പുറത്തും അനസ്തീഷ്യ ഡോക്ടർമാർ നിർവഹിക്കുന്ന ലേബർ അനാൾജീസിയ പ്രൊസീജറുകൾ പുഞ്ചിരിയ്ക്കുന്ന മുഖത്തോടെ തൻ്റെ കുഞ്ഞിനെ വരവേല്ക്കാൻ അമ്മയെയും അച്ഛനെയും പ്രാപ്തരാക്കുന്നു. പങ്കാളിയുടെ ഗർഭാവസ്ഥയ്ക്കു കാരണക്കാരനായ പുരുഷന് സ്ത്രീയ്ക്കു നൽകാവുന്ന എറ്റവും മനോഹരമായ സമ്മാനമാണ് ലേബർ അനാൾജീസിയ ഓഫർ.
Content Highlights: painless delivery, benefits of labor analgesia
Published: 14 Sept 2024, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented