കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് കാണാൻ വന്നു. അദ്ദേഹത്തിൻ്റെ അമ്മാവൻ നാട്ടിലെ ആശുപത്രിയിൽ ചികിത്സയിലാണ്. “ അമ്മാവൻ കഴിഞ്ഞ ദിവസം മുതൽ വെൻ്റിലേറ്ററിലാണ്. ഇപ്പോൾ ആശുപത്രിക്കാർ മരിച്ച രോഗികളെ വരെ  പൈസ പിടുങ്ങാൻ വേണ്ടി ഇങ്ങനെ ഓരോന്നിൽ പിടിച്ചു കെടത്തുമല്ലോ. ഡോക്ടർ വിളിച്ചാൽ ഹോസ്പ്പിറ്റലുകാർ സത്യം പറയുമല്ലോ “ അദ്ദേഹം പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ എൻ്റെ സുഹൃത്തുകൂടിയായ ആശുപത്രിയിലെ അനസ്തീഷ്യ വിഭാഗം മേധാവിയെ വിളിച്ചു  കാര്യങ്ങൾ തിരക്കിയപ്പോൾ അദ്ദേഹം പറഞ്ഞു “എഴുപത്  വയസ്സ് പ്രായമുള്ള  രോഗി  വീണ് കഴുത്തൊടിഞ്ഞു ഓപ്പറേഷൻ കഴിഞ്ഞതാണ്. രണ്ടാം ദിവസം മുതൽ രോഗിയുടെ ശരീരത്തിലെ കാർബൺഡയോക്സൈഡ് കൂടി വന്നു, അബോധാവസ്ഥയിലേക്ക് നീങ്ങി തുടങ്ങിയപ്പോൾ  മുതൽ വെൻ്റിലേറ്റർ സപ്പോർട്ടിലാണ്.”

To advertise here,

യഥാർഥത്തിൽ ആ രോഗി ജീവിച്ചിരിക്കുന്നതു തന്നെ വെൻ്റിലേറ്ററിൻ്റെ സഹായത്താലാണ്. നെഞ്ചിൻ കൂടിൻ്റെ ക്രമാനുഗതമായ ചലനത്തെ സഹായിക്കുന്ന മാംസപേശികളുടെ ശക്തിക്കുറവു കാരണമാണ് അദ്ദേഹത്തിനീ പ്രശ്നമുണ്ടായത്. പലപ്പോഴും കാര്യങ്ങൾ മനസ്സിലാക്കുന്നതിൽ രോഗിയും കൂട്ടിരിപ്പുകാരുമോ അല്ലെങ്കിൽ അതു പറഞ്ഞു കൊടുക്കുന്നതിൽ ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന വൈദ്യസമൂഹമോ പരാജയപ്പെടുന്നിടത്താണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്

വെൻ്റിലേറ്റർ എന്ന കൃത്രിമ ശ്വസന സഹായിയെ പലഘട്ടങ്ങളിലും ഉപയോഗിക്കേണ്ടി വരാം. ശ്വാസകോശത്തിൻ്റെ പ്രധാന പ്രവർത്തനം ശരീരത്തിലേക്ക് സ്വീകരിക്കേണ്ട ഓക്സിജൻ്റെയും പുറന്തള്ളേണ്ട കാർബൺ ഡയോക്സൈഡിൻ്റെയും നില ക്രമീകരിക്കുന്നതിനും തദ്വാര രക്തത്തിലെയും കോശങ്ങളിലെയും ആസിഡ് ബേസ് നില പാകപ്പെടുത്തുകയും ചെയ്യുക എന്നതാണ്. ഓക്സിജൻ എല്ലാ ഉപാപചയ പ്രവർത്തനങ്ങൾക്കും ആവശ്യമാണ്. നമ്മുടെ ശരീരത്തിൽ അതിൻ്റെ അളവ് കുറഞ്ഞു കഴിഞ്ഞാൽ കോശങ്ങൾക്കു ക്ഷതം സംഭവിക്കുകയും അവയവങ്ങൾ പ്രവർത്തന രഹിതമാവുകയും ചെയ്യുന്നു. മറിച്ച് കാർബൺഡയോക്സൈഡ് കൂടിയാൽ ബോധക്ഷയം അപസ്മാരം ഇവയൊക്കെ സംഭവിക്കാം.

പലരും കരുതിയിരിക്കുന്നത് വെൻ്റിലേറ്റർ എന്നത് രോഗിയെ കിടത്താനുള്ള ഒരു പെട്ടിയോ അറയോ എന്നൊക്കെയാണ്. എന്നാൽ പുതിയ തരം വെൻ്റിലേറ്ററുകൾ ക്യാബിൻ സൈസ് സ്യൂട്ട് കേസിനേക്കാൻ ചെറുതാണ്. പണ്ട് കാലത്ത് പലരും വിചാരിച്ചിരുന്നത് മരിക്കാൻ നേരത്ത് ഗംഗാജലമോ സംസം വെള്ളമോ  നൽകുന്ന പോലെയുള്ള കർമമാണ് വെൻ്റിലേറ്ററിൽ ഇടുക എന്നാണ്. അതിൽ കയറിയാൽ പിന്നെ മരണമുറപ്പാണ് എന്നൊക്കെയുള്ള തെറ്റിദ്ധാരണകൾ കുറേയേറെ ഇന്ന് മാറിയിട്ടുണ്ട്. വെൻ്റിലേറ്റർ കൈകാര്യം ചെയ്യാൻ അതിൽ വൈദഗ്ധ്യം നേടിയ ഇൻ്റൻസിവിസ്റ്റ് എന്ന് വിളിക്കപ്പെടുന്ന  ഡോക്ടർമാരും നഴ്സുമാരും ഫിസിയോ തെറാപ്പിസ്റ്റുകളും ടെക്നീഷ്യന്മാരുൾപ്പെട്ട സംഘമാണ് ഐസിയുവിൻ്റെ  ജീവനാഡി. വെൻ്റിലേറ്ററുകൾ ഇന്ന് പല സന്ദർഭങ്ങളിലും ഉപയോഗിക്കേണ്ടി വരുന്നു. ഹൃദയാഘാതം , ശ്വാസതടസ്സം , മസ്തിഷ്കാഘാതം തുടങ്ങിയ അടിയന്തിര ഘട്ടങ്ങളിൽ കൃത്രിമശ്വാസം നൽകേണ്ടിവരുന്നതിന് വെൻ്റിലേറ്ററുകൾ അത്യാവശ്യമാണ്. ചില സങ്കീർണ്ണമായ ഹൃദയ ശ്വാസകോശ മസ്തിഷ്ക ശസ്ത്രകിയകൾ ചെയ്തതിനു ശേഷം ഇലക്ടീവ് വെൻ്റിലേഷൻ ചെയ്യുമ്പോഴും ഇതുപയോഗിക്കും. ശരീരത്തിന് പ്രകടമായ വേദന എവിടെ എപ്പോഴുണ്ടായാലും ആ ഭാഗം അനക്കാതെ വെയ്ക്കാനല്ലേ നമ്മൾ താല്പര്യപ്പെടുക. അപകടങ്ങൾ വഴിയോ ശസ്ത്രക്രിയകൾ വഴിയോ നെഞ്ചിൻ കൂട്ടിൽ മുറിവുണ്ടാകുമ്പോൾ ശ്വസനഗതിയും ചലനവും മന്ദഗതിയിലാകുന്നതിലൂടെ ശരീരത്തിലെ ഓക്സിജൻ്റെ അളവു കുറയാനോ കാർബൺഡയോക്സൈഡ് കൂടാനോ ഇടയാക്കുന്നു.

ആസ്ത്മ രോഗം മൂർച്ഛിക്കുന്നവരിലും ശ്വാസകോശത്തിലെ അണുബാധ വർധിച്ച് കടുത്ത ന്യൂമോണിയ ബാധിക്കുന്നവരിലും മറ്റവയങ്ങൾ തകരാറിലാകുന്നതോടെ ശ്വാസകോശം പണിമുടക്കി തുടങ്ങുന്നവരിലും വെൻ്റിലേറ്റർ ജീവൻ രക്ഷോപാധിയാണ്.

പലരീതിയിലും വെൻ്റിലേറ്റർ ക്രമീകരിക്കാം മുഖത്ത് വെച്ചിരിക്കുന്ന മാസ്ക് വഴി ഭാഗികമായി ശ്വസനത്തെ സപ്പോർട്ട് ചെയ്യുന്ന നോൺ ഇൻവേസീവ് വെൻ്റിലേഷൻ മുതൽ ശ്വാസകോശത്തിൽ ട്യൂബിറക്കിയുള്ള ഇൻവേസീവ് വെൻ്റിലേഷൻ വരെയുണ്ട്. അതിൽ തന്നെ നൂറു ശതമാനവും മെഷീൻ നൽകുന്ന ശ്വാസം മുതൽ രോഗിയുടെ  ശ്വാസത്തെ ഭാഗികമായി മെഷീൻ വഴി സപ്പോർട്ട് ചെയ്യുന്ന രീതിയിൽ വരെ പ്രവർത്തിക്കാം. ശ്വസനനിരക്ക് ,ഓക്സിജൻ്റെ അളവ്, ശ്വാസകോശത്തിലേക്കുള്ള പ്രവാഹരീതി തുടങ്ങി ഒരു പാട് ഘടകങ്ങൾ മെഷീനിൽ ക്രമീകരിക്കാം. നാം ശ്വസിക്കുന്ന വായുവിൽ ഇരുപത്തൊന്ന് ശതമാനമാണ് ഓക്സിജൻ നില. അത് നൂറു ശതമാനമാക്കിയാൽ പോലും രക്തത്തിലെ ഓക്സിജൻ നില സാധാരണ നിലയിൽ എത്താതെയും  വന്നേക്കാം. ഇക്കാര്യം  സാധാരണക്കാരന് പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ ഏറെ ബുദ്ധിമുട്ടാണ്.

ചില രോഗികളിൽ ദീർഘകാലം വെൻ്റിലേറ്ററിൽ കിടക്കുമ്പോൾ വായയിലുടെ ശ്വാസകോശത്തിൽ ഇട്ടിരിക്കുന്ന ട്യൂബ് (എൻഡോ ട്രക്കിയൽ ട്യൂബ് ) വായയിലും ശ്വാസനാളിയിലും മുറിവും പഴുപ്പും വരാനിടയാക്കുന്നു. ചിലപ്പോൾ അത് ട്യൂബ് അടയാനും ശ്വാസ തടസ്സത്തിനു വരെയും  കാരണമാകുന്നു. മാത്രമല്ല ഉണർന്നിരിക്കുന്ന രോഗിയ്ക്ക് വായയിലുള്ള ട്യൂബ് അസ്വസ്ഥതയുണ്ടാക്കും. വെൻ്റിലേഷൻ നീണ്ടു പോകാനിടയുള്ള സാഹചര്യങ്ങളിൽ വായയിലുള്ള ട്യൂബ് ഒഴിവാക്കി കഴുത്തിൽ ചെറിയൊരു തുളയുണ്ടാക്കി ( ട്രക്കിയോ സ്റ്റോമി )  ട്യൂബിറക്കി ശ്വാസം നല്കുന്നതു രോഗിയ്ക്ക് ആശ്വാസമാണെന്നതിനു പുറമേ ചികിത്സയ്ക്കും ഏറെ ഗുണകരമാണ്.

വെൻ്റിലേറ്ററിൽ കിടക്കുന്ന രോഗിയുടെ ഹൃദയമിടിപ്പ്, രക്ത സമ്മർദ്ദം , ഓക്സിജൻ നില തുടങ്ങി ഒരു പാട് ഘടകങ്ങൾ മോണിറ്ററിൽ നിരീക്ഷിക്കുന്നതോടൊപ്പം പല തരം രക്ത പരിശോധനകളും ആവശ്യമായി വരും. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളിൽ മിനിറ്റുകൾ വച്ച് ഈ ഫലങ്ങൾ മാറി മറിഞ്ഞേക്കാം എന്നുള്ളതുകൊണ്ടു തന്നെ രക്ത പരിശോധനകളും പലവുരു ആവർത്തിക്കേണ്ടി വന്നേക്കാം
അതേപോലെ രക്ത സമ്മർദ്ദം , ഹൃദയ താളം തുടങ്ങിയവ ക്രമപ്പെടുത്താൻ തുടർച്ചയായി മരുന്നുകൾ  കൊടുക്കേണ്ടിയും വരാം. ആൻ്റിബയോട്ടിക്കുകളും അനുബന്ധ മരുന്നുകളും ആവശ്യമായി വരുന്നതോടെ ചികിത്സ ചെലവുകൾ കൂടി വരും. രോഗിയ്ക്ക് ആവശ്യത്തിനുള്ള പോഷകങ്ങളും ലവണങ്ങളും മൂക്കിലോ വയറിലോ ഇട്ടിരിക്കുന്ന ട്യൂബ് വഴിയോ ഡ്രിപ്പായോ നൽകും. പ്രായത്തിനും രോഗാവസ്ഥയ്ക്കുമനുസരിച്ച് രോഗപ്രതിരോധ ശേഷിയിൽ വ്യത്യാസം കാണുമെങ്കിലും അണുബാധ വരാനുള്ള സാധ്യത കൂടുതലായതു കൊണ്ടുതന്നെ ഇൻ്റൻസീവ് കെയർ യൂണിറ്റിൽ സന്ദർശകരെ നിയന്ത്രിക്കാറുണ്ട്. ഈ നിയന്ത്രണങ്ങൾ ചിലപ്പോഴെങ്കിലും ആശുപത്രി അധികൃതരും രോഗിയുടെ കൂട്ടിരിപ്പുകാരും തമ്മിലുള്ള സംഘർഷത്തിനുമിടയാക്കുന്നു. 

വെൻ്റിലേറ്ററിൽ ഉള്ള രോഗികളെ മയക്കി കിടത്തേണ്ടി വരും.  രോഗി എത്രത്തോളം ശാന്തനായി ഐ.സി.യുവിൽ കിടക്കും എന്നതിനെ ആശ്രയിച്ചാണ് മയക്കത്തിൻ്റെ തോത് നിശ്ചയിക്കുന്നത്. രോഗിയെ കാണാൻ വരുന്നവർ ഇത് അബോധാവസ്ഥയായി തെറ്റിദ്ധരിച്ചു  പോയേക്കാം.

ചികിത്സാ ദിവസങ്ങൾ നീണ്ടു പോകുന്നതിനനുസരിച്ച് കൂട്ടിരിപ്പുകാരുടെ സാമ്പത്തിക ഞെരുക്കവും  മാനസിക സമ്മർദ്ദവുമേറി വരുന്നതോടെ ഐസിയു വരാന്തകൾ അശാന്ത മേഖലയായി മാറുന്നു. ചില സന്ദർഭങ്ങളിൽ എത്ര ദിവസം ഇനിയും ചികിത്സ തുടരേണ്ടി വരുമെന്ന് കൃത്യമായി പറയാൻ ഡോക്ടർക്കുമാവില്ല എന്നതാണ് യാഥാർഥ്യം. ഡോക്ടർമാർക്കു തന്നെ ഒരു ധാരണയുമില്ല എന്ന പഴി ഇതോടെ കേട്ടു തുടങ്ങും
എല്ലാം ശതമാന കണക്കിൽ കണക്കു കൂട്ടുന്ന സമൂഹത്തിൻ്റെ കാഴ്ചപ്പാട് രോഗി രക്ഷപ്പെടാനുള്ള വിജയശതമാനം പ്രവചിക്കാൻ  ഡോക്ടർമാരെ നിർബന്ധിക്കുന്നു. അത് യുക്തി സഹമല്ലെങ്കിലും രോഗിയുടെ അടുത്ത ബന്ധുക്കളുടെ വേവലാതിയായി വൈദ്യസമൂഹവും അതിനെ കണ്ടാൽ പരസ്പരമുള്ള അവിശ്വാസം കുറെയൊക്കെ  അലിഞ്ഞില്ലാതാകും. ‌

രോഗിയുടെ സങ്കീർണതയ്ക്കനുസരിച്ച്  ഓരോ ദിവസവും ഒന്നോ അതിലധികമോ  തവണ രോഗാവസ്ഥയെക്കുറിച്ചും ചികിത്സാ പുരോഗതിയെക്കുറിച്ചും ഉത്തരാവാദിത്തപ്പെട്ട ബന്ധുക്കളുമായി ഡോക്ടർമാരും നഴ്സുമാരും ചർച്ച ചെയ്യേണ്ടതുണ്ട്. ഐ.സി. യുവിൽ കിടക്കുന്ന പാവപ്പെട്ട രോഗിയെ മാത്രമല്ല  പുറത്തു നിൽക്കുന്ന വലിയൊരു സംഘം കൂട്ടിരിപ്പുകാരെ കൂടി ഓർക്കണമെന്നാണ് വൈദ്യസമുഹത്തോട്  പറയാനുള്ളത്.

രോഗിയെ വെൻ്റിലേറ്ററിൽ നിന്ന് പതിയെ മാറ്റിയെടുക്കുന്ന പ്രക്രിയയെ വീനിംഗ് എന്നാണ് വിളിക്കുക. രോഗിയുടെ ബോധനില മുതൽ രക്ത സമ്മർദ്ദം , ശ്വസന നിരക്ക് , രക്തത്തിലെ ഓക്സിജൻ, കാർബൺഡയോക്സൈഡ് , ആസിഡ് , ലവണങ്ങൾ തുടങ്ങി നിരവധി ഘടകങ്ങളെ വിലയിരുത്തിയാണ് വീനിംഗ് തീരുമാനിക്കുന്നത്. അസുഖത്തിൻ്റെ നിലയും രോഗിയുടെ സ്വഭാവവുമൊക്കെ വീനിംഗിൻ്റെ പുരോഗതിയെ സ്വാധീനിക്കും. അയലത്തെ വീട്ടിലെ ഗോപാലേട്ടനെ രണ്ടേ രണ്ടു ദിവസം കൊണ്ട് ചികിത്സിച്ചു രക്ഷപ്പെടുത്തിയതല്ലേ  പിന്നെ എൻ്റെയച്ഛനെ എന്ത് കൊണ്ടു പറ്റുന്നില്ല എന്ന ചോദ്യത്തിനുത്തരമാണ് ഞാൻ മേൽപ്പറഞ്ഞത്. 

ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച എന്ന പ്രയോഗം പോലെ  ഈയാശുപത്രിയിക്കോൾ ഭേദം അപ്പുറത്തെ  ആശുപത്രിയാണെന്ന വിശ്വാസത്തിൽ രോഗിയെ  മാറ്റണമെന്ന് ആവശ്യം ഉയർന്നു വരാറുണ്ട്. അതിന് മൊബൈൽ ആംബുലൻസ് മുതൽ രോഗിയെ അനുഗമിക്കേണ്ടുന്ന വൈദ്യസംഘം വരെയുള്ള തയ്യാറെടുപ്പുകൾ വേണം. എന്നാൽ ഇങ്ങനെ മാറ്റുന്ന സമയത്ത് രോഗിയുടെ ജീവൻ അപകടത്തിലാവാനുള്ള സാധ്യത കൂടിയുണ്ട്. ഡോക്ടർമാരുമായി ചർച്ച ചെയ്തു വേണം ഇത്തരം സന്ദർഭങ്ങളിൽ തീരുമാനമെടുക്കാൻ .

ആത്യന്തികമായി ചികിത്സ കൊണ്ട് രക്ഷപ്പടാൻ സാധ്യതയില്ലാത്ത രോഗികളെ വെൻ്റിലേറ്ററിലാക്കുന്നത്  ബന്ധുമിത്രാദികളുടെ സാന്ത്വന പരിചരണത്തിൽ നിന്ന് അവരെ അകറ്റി നിർത്താൻ കാരണമാകുന്നു. ശാന്ത സുന്ദരമായ മരണം ഓരോ പൗരൻ്റെയും  അവകാശം കൂടിയാണ്