ചെന്നൈ: ഗർഭഛിദ്രവിരുദ്ധ റാലിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത തമിഴ്‌നാട് നിയമസഭാ സ്പീക്കർ ജെ.സി.ഡി പ്രഭാകറിന്റെ നടപടി വിവാദത്തിൽ. ചെന്നൈയിലെ സ്റ്റെല്ല മാരീസ് കോളേജിൽ സംഘടിപ്പിച്ച ‘നാഷണൽ മാർച്ച് ഫോർ ലൈഫ്’ എന്ന പരിപാടിയിലാണ് സ്പീക്കർ പങ്കെടുത്തത്. മദ്രാസ്-മൈലാപ്പൂർ അതിരൂപത സംഘടിപ്പിച്ച ഈ പരിപാടിയിൽ അയ്യായിരത്തിലധികം പേർ പങ്കെടുത്തിരുന്നു. ഗർഭഛിദ്രം നടത്താനുള്ള അവകാശത്തെ എതിർത്തും പിറക്കാതെപോകുന്ന കുഞ്ഞുങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ടുമാണ് റാലി നടത്തിയത്.

To advertise here,

ചടങ്ങിൽ സംസാരിച്ച സ്പീക്കർ, ഗർഭധാരണ നിമിഷംമുതൽ ജീവൻ ആരംഭിക്കുന്നുവെന്ന് പറ‍ഞ്ഞു. പിറക്കാതെപോയ ഓരോ ശിശുവിനും അതിന്റേതായ അന്തസ്സുണ്ടെന്നും കുഞ്ഞുങ്ങൾ ദൈവത്തിന്റെ അനുഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. ‘ആ അനുഗ്രഹങ്ങൾക്ക് എതിരായ ചിന്തയോ ഉദ്ദേശ്യമോ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. പ്രൊ-ലൈഫ് ആശയം ഒരു കുട്ടിയെക്കുറിച്ചുമാത്രമുള്ളതല്ല’, ചടങ്ങിൽ പ്രഭാകർ പറഞ്ഞു.

സ്പീക്കറുടെ നിലപാടിനെതിരെ രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തെത്തി. സുരക്ഷിതമായ ഗർഭഛിദ്രം സ്ത്രീയുടെ മൗലികാവകാശമാണെന്ന 2021-ലെ സുപ്രീം കോടതി വിധിക്ക് വിരുദ്ധമാണ് സ്പീക്കറുടെ നിലപാടെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. സ്പീക്കറുടെ നടപടി സ്ത്രീവിരുദ്ധമാണെന്നും അവരുടെ ശാരീരിക സ്വയംഭരണാവകാശത്തെ ചോദ്യംചെയ്യുന്ന ഇത്തരം നിലപാടുകളോട് മുഖ്യമന്ത്രി വിജയ് യോജിക്കുന്നുണ്ടോ എന്ന് സാമൂഹിക പ്രവർത്തകയായ ഷാലിൻ മരിയ ലോറൻസ് ചോദിച്ചു.

ബി.ജെ.പി നേതാവ് നാരായണൻ തിരുപ്പതിയും സ്പീക്കറുടെ നടപടിയെ വിമർശിച്ചു. നിയമപരമായി അനുവദിക്കപ്പെട്ട കാര്യമായിരുന്നിട്ടും, ഗർഭഛിദ്രം കൊലപാതകമാണെന്ന തരത്തിലുള്ള മുദ്രാവാക്യങ്ങൾ ഉയർന്ന റാലിയിൽ സ്പീക്കർ പങ്കെടുത്തത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, വിവാദം തണുപ്പിക്കാനുള്ള ശ്രമത്തിലാണ് തമിഴ്‌നാട് സർക്കാർ. സ്പീക്കറുടെ പ്രസ്താവന ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും അത് തെറ്റായി വ്യാഖ്യാനിക്കരുതെന്നും ആരോഗ്യമന്ത്രി കെ.ജി. അരുൺരാജ് പറഞ്ഞു. നിലവിലെ നിയമപ്രകാരം സ്ത്രീകൾക്ക് 20 ആഴ്ചവരെ ഗർഭഛിദ്രം നടത്താൻ അവകാശമുണ്ടെന്നും പല മെഡിക്കൽ സാഹചര്യങ്ങളിലും ഇത് അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.