റാഞ്ചി: ഝാർഖണ്ഡിൽ ലിംഗനിർണയ പരിശോധന നടത്തിയതിനു പിന്നാലെ നിർബന്ധിച്ച് ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയതിനെ തുടർന്ന് യുവതി മരിച്ചു. ഇരുപത്തിനാലുകാരിയായ കിരൺ കുമാരി ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു.

To advertise here,

ഗർഭസ്ഥശിശു പെൺകുഞ്ഞാണെന്ന് അറിഞ്ഞതോടെ കുടുംബം ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചെന്നാണ് ആരോപണം. ആൺകുഞ്ഞ് വേണമെന്ന ആഗ്രഹമാണ് ഭർത്താവിനും ഭർതൃവീട്ടുകാർക്കും ഉണ്ടായിരുന്നതെന്നും യുവതിയുടെ കുടുംബം ആരോപിക്കുന്നു.

ധൻബാദിലെ ശ്യാംദിഹിലുള്ള ഡയഗ്നോസ്റ്റിക് സെന്ററിൽ ലിംഗനിർണയ പരിശോധന നടത്തിയശേഷം യുവതിയെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗർഭച്ഛിദ്രം നടത്തുന്നതിനിടെ കിരണിന് അമിതമായി രക്തസ്രാവമുണ്ടാവുകയും ആരോഗ്യനില വഷളാവുകയും ചെയ്തു. പിന്നാലെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. യോഗ്യതയുള്ള വിദഗ്ധ ഡോക്ടറുടെ സാന്നിധ്യമോ വേണ്ടത്ര വൈദ്യപരിചരണമോ ഇല്ലാതെ ഗർഭച്ഛിദ്രം നടത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഭർത്താവ് സോനു കെവാട്ടും ഭർതൃവീട്ടുകാരും ആൺകുഞ്ഞ് വേണമെന്നാവശ്യപ്പെട്ട് പരിശോധനയ്ക്ക് നിർബന്ധിക്കുകയായിരുന്നെന്ന് കിരൺ കുമാരിയുടെ പിതാവ് രാജേന്ദ്രകുമാർ നൽകിയ പരാതിയിൽ പറയുന്നു.

കേസെടുത്ത പോലീസ് സോനു കെവാട്ട്, സെൻട്രൽ ഡയഗ്നോസ്റ്റിക് സെന്റർ നടത്തിപ്പുകാരനായ സച്ചിൻ കുമാർ കെവാട്ട്, സ്ഥാപനത്തിലെ ജീവനക്കാനായ വിജയ് ഗോസ്വാമി, ഷഹീദ് നിർമൽ മഹ്‌തോ മെഡിക്കൽ കോലേജിലെ നഴ്‌സായ സുലോചന ദേവി എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കിരണിന്റെ ഭർതൃപിതാവ്, ഭർതൃമാതാവ്, ഭർതൃസഹോദരൻ, ഭർതൃസഹോദരി എന്നിവരുൾപ്പെടെ പരാതിയിൽ പരാമർശിച്ചിട്ടുള്ള മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.