കോട്ടയം: “നല്ല ആശ്വാസമുണ്ട്. മനസ്സിനും ശരീരത്തിനും. എന്നെ അറിയാവുന്നവരും എനിക്ക് അറിയാവുന്നവരും കേട്ടുമാത്രം എന്നെ അറിഞ്ഞവരും ചൊരിഞ്ഞ പ്രാർഥനകൾക്ക് നന്ദി.” -ബൈപ്പാസ് ശസ്ത്രക്രിയയ്ക്കുശേഷം തിരുവല്ലയിലെ വീട്ടിൽ വിശ്രമത്തിലുള്ള ഡോ.ടി.കെ.ജയകുമാർ സംസാരിക്കുമ്പോൾ എപ്പോഴുമെന്നപോലെ നിറഞ്ഞ സൗഹൃദം. പ്രസന്നത വാക്കുകളിൽ പ്രകടം. സൗമ്യസാന്നിധ്യംകൊണ്ടും ദൈവത്തിന്റെ സ്പർശമുള്ള വിരലുകൾകൊണ്ടും ആയിരങ്ങളുടെ ഹൃദയവേദനകൾ അകറ്റിയ അദ്ദേഹത്തിന്റെ മനസ്സ്, തിരക്കുള്ള പ്രവർത്തനരംഗത്തേക്ക് മടങ്ങാൻ കാത്തിരിക്കുകയാണ്. ഫോണിലൂടെ മാതൃഭൂമിയോട് അദ്ദേഹം സംസാരിച്ചപ്പോൾ.
? എന്നും ഹൃദയങ്ങളെ സൗഖ്യത്തിലേക്ക് നയിച്ചയാൾ. പൊടുന്നനെ സ്വന്തം ഹൃദയം പണിമുടക്കിയപ്പോൾ എന്തുതോന്നി?
കുടുംബത്തിൽ ഹൃദ്രോഗ ചരിത്രമുണ്ട്. എപ്പോൾ വേണമെങ്കിലും എന്നെ തേടിവരാം എന്ന് തോന്നിയിട്ടുണ്ട്. ജീവിതശൈലീരോഗങ്ങളൊന്നുമില്ല. പാരമ്പര്യമാകാം. ഞാൻ സ്വയം ഹൃദയപരിശോധന നടത്തിയിരുന്നുമില്ല.
? നടക്കാൻ പോയപ്പോഴാണല്ലോ വയ്യായ്ക തോന്നിയത്?
അതെ. രാവിലെ നടക്കുമ്പോൾ നെഞ്ചിൽ അസ്വസ്ഥത തോന്നിയപ്പോഴേ നേരേ ആശുപത്രിയിലേക്ക് വന്നു. ആൻജിയോഗ്രാം ചെയ്യാൻ പറഞ്ഞു.
? അപ്പോൾ ഭയം തോന്നിയോ?
ഞാൻ ശാന്തനായിരുന്നു. സഹപ്രവർത്തകർ ശരിക്കും വിഷമത്തിലായി. വിവരം അറിഞ്ഞ് കോട്ടയം മെഡിക്കൽ കോളേജിലെ എല്ലാ ജീവനക്കാരും അവിടേക്ക് എത്തിയെന്ന് എനിക്ക് തോന്നുന്നു. ആ സ്നേഹം ഞാനറിഞ്ഞു.
? ശസ്ത്രക്രിയ ഇവിടെ വേണ്ടെന്നുവെച്ചത് എന്തുകൊണ്ടാണ്?
ഇവിടെച്ചെയ്യാം എന്നാണ് ഞാൻ പറഞ്ഞത്. ഞാൻ പറഞ്ഞില്ലേ, കാർഡിയോളജി വിഭാഗം എന്റെ വീടുപോലെയാണ്. ഞാനൊരു കുടുംബനാഥനെപ്പോലെയും. എനിക്ക് രോഗംവന്നപ്പോൾ അവിടമാകെ അതിന്റെ സങ്കടമുണ്ടായിരുന്നു. വൈകാരികമായിപ്പോകുന്നു കാര്യങ്ങൾ എന്നു തോന്നി. സഹപ്രവർത്തകരായ ഡോ.ജയപ്രകാശ്, ഡോ.തോമസ് എന്നിവർ ഡോ.ജോസ് ചാക്കോ പെരിയപ്പുറവുമായി ബന്ധപ്പെട്ട് സംസാരിച്ചു. അവരെല്ലാം ഏറ്റെടുത്ത് ചെയ്യുകയായിരുന്നു. ഇവിടെയുള്ളവരുടെ സമ്മർദം കുറയ്ക്കാനാണ് എന്നെ കൊച്ചിക്ക് കൊണ്ടുപോയത്. സ്നേഹമുള്ള സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻസാർ, വി.എൻ.വാസവൻസാർ തുടങ്ങി ഒട്ടേറെ ആളുകൾ അവിടെ വന്നു. ബഹുമാന്യരായ ഒട്ടേറെപ്പേർ ഫോണിൽ വിളിച്ചു. ഭാര്യയാണ് ഫോൺകോളുകൾക്ക് മറുപടി നൽകിയത്.
? ശസ്ത്രക്രിയ ടേബിളിൽ ഒട്ടേറെ രോഗികളെ കാണുന്നയാളാണ്. സ്വയം ആ അവസ്ഥയിൽ വന്നപ്പോൾ എന്തായിരുന്നു മനസ്സിൽ?
എനിക്ക് പേടിയില്ലായിരുന്നു. ചിരിച്ചുകൊണ്ടാണ് കയറിപ്പോയത്. ഞാൻ പ്രാക്ടീസ് ചെയ്യുന്ന ശാസ്ത്രത്തിൽ എനിക്ക് വിശ്വാസം ഉണ്ടായിരുന്നു. സമ്മർദം തോന്നേണ്ട കാര്യമില്ലല്ലോ. എല്ലാം നന്നായി കഴിഞ്ഞു.
? ഒട്ടേറെ മനുഷ്യർ വിവരം തിരക്കുന്നുണ്ടായിരുന്നു?
അതെ. അമ്പലം, പള്ളി, മോസ്ക് എന്നിവിടങ്ങളിലൊക്കെ പ്രാർഥനകൾ ഉണ്ടായി. ഫോണിൽ നിറയെ സന്ദേശങ്ങളായിരുന്നു. ഫോൺ ഞാൻ ഇപ്പോൾ കുറച്ചൊക്കെ എടുത്തുതുടങ്ങി. എല്ലാവരോടും സ്നേഹമുണ്ട്. ആത്മീയഗുരുവായ ശ്രീ എം സന്ദേശം അയച്ചിരുന്നു. വലിയ സന്തോഷമുണ്ട്.
? എന്നാണ് മെഡിക്കൽ കോളേജിലേക്കുള്ള മടങ്ങിവരവ്?
മൂന്നുമാസത്തെ വിശ്രമം പറഞ്ഞിട്ടുണ്ട്. ഇപ്പോൾ അസ്വസ്ഥതകൾ കുറഞ്ഞു വരുന്നു.
കഴുത്തിൽ സ്റ്റെതസ്കോപ്പുമായി നിറഞ്ഞ പുഞ്ചിരിയോടെ ഒരു വകുപ്പ് മേധാവിയുടെ തലക്കനമില്ലാതെ ഒ.പി.യിൽ അവസാന ഉൗഴത്തിൽ നിൽക്കുന്ന രോഗിക്കുവേണ്ടിയും കാത്തിരിക്കുന്ന ഡോ.ടി.കെ.ജയകുമാറിന്റെ കസേര കാർഡിയോളജി തിയേറ്ററിന്റെ ആദ്യമുറിയിൽ ഉണ്ട്. അവിടെയെത്തുന്നവർ ‘സാർ എന്ന് വരു’മെന്ന് തിരക്കുന്നുമുണ്ട്. ഉടൻ വരും, ഹൃദയങ്ങളെ തലോടാൻ, സൗഖ്യമാക്കാൻ.
Content Highlights: Renowned cardiothoracic surgeon Dr. TK Jayakumar expresses deep gratitude for the overwhelming prayers following his successful bypass surgery
Published: 10 Sept 2026, 12:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented