വൈകുന്നേരം ആശുപത്രിയിൽ നിന്നിറങ്ങാൻ നേരത്താണ് വിദേശത്തുള്ള കസിൻ വിളിച്ചത്. പ്രശ്നം അവൻ്റെ വയറുവേദനയും തുടർ ചികിത്സയുമാണ്. റിപ്പോർട്ടുകൾ അയച്ചു തരാൻ പറഞ്ഞു. വാട്സാപ്പും നെറ്റുമൊക്കെയുള്ളതുകൊണ്ട് നിമിഷനേരം കൊണ്ട് മെഡിക്കൽ റിപ്പോർട്ടുകൾ എൻ്റെ ഫോണിലെത്തി. വിശദമായി നോക്കിയതിൽ നിന്ന് മനസ്സിലായത് പിത്താശയത്തിൽ കല്ലുകൾ നിറഞ്ഞിട്ടുണ്ടെന്നാണ്. പിത്താശയം നീക്കം ചെയ്തേ തീരൂ. കാര്യം പറഞ്ഞു മനസ്സിലാക്കി കൊടുത്തപ്പോൾ അതവിടെയുള്ള ഡോക്ടർമാരും നിർദ്ദേശിച്ചെന്നു പറഞ്ഞു. പക്ഷേ അടുത്തൊന്നും അവിടെ ഈ സർജറി ചെയ്തു കിട്ടില്ല. മാത്രമല്ല ആശുപത്രി ചെലവ് അതിഭീമവുമാണ്. ലീവാണെങ്കിൽ വളരെ കുറവും. അവൻ്റെ ആവശ്യം എത്രയും പെട്ടെന്ന് നാട്ടിലെത്തി സർജറി കഴിഞ്ഞ് തിരിച്ചു പോകാൻ സഹായിക്കണമെന്നാണ് .
ഇന്നത്തെ തിരക്കിട്ട ജീവിത രീതിയിൽ രോഗികളാവാൻ ആരും തന്നെ ആഗ്രഹിക്കുന്നില്ല. ആശുപത്രിവാസം പ്രത്യേകിച്ചും. എൻ്റെ കസിനും അതേ ഗണത്തിൽ പെടുന്നു.അസുഖം വന്നാൽ ചികിത്സിച്ചു മാറ്റണം. മരുന്നു കൊണ്ടു മാറുന്നവയുമുണ്ട്. എന്നാൽ ചിലരോഗങ്ങൾക്ക് സർജറി തന്നെ വേണ്ടി വന്നേക്കും. ഇത്തരം സർജറികളിൽ ചിലത് അവയവമാറ്റ ശസ്ത്രക്രിയകൾ പോലെ ജീവൻ രക്ഷിക്കാനാണെങ്കിൽ മറ്റ് ചിലത് അംഗവൈകല്യങ്ങൾ ശരിയാക്കാനും മുട്ടുമാറ്റ ശസ്ത്രക്രിയ പോലെ വേദനയകറ്റാനുമുള്ളതാണ്. ശരീര സൗന്ദര്യം മെച്ചപ്പെടുത്താനുള്ള കോസ്മെറ്റിക്ക് സർജറികൾ വേറൊരു ഗണത്തിൽ പെടുന്നു
Also Read
വൈദ്യ ശാസ്ത്ര രംഗത്ത് അനുദിനമെന്നോണമുള്ള വളർച്ച ശസ്ത്രക്രിയയുടെ സ്വഭാവം തന്നെ മാറ്റിയിരിക്കുന്നു. വേദന കുറഞ്ഞ, മുറിപ്പാടുകളില്ലാത്ത, ആശുപത്രിവാസം അധികം വേണ്ടാത്ത രീതിയിൽ ശസ്ത്രക്രിയയെ മാറ്റിയെടുക്കുന്നതിൽ താക്കോൽദ്വാര ശസ്ത്രക്രിയകളും ഉപകരണങ്ങളും പ്രഥമസ്ഥാനത്തു നിൽക്കുന്നു. കീ ഹോൾ സർജറികൾ എന്ന് പരക്കെ അറിയപ്പെടുന്ന ഇത്തരം ഡേ കെയർ ശസ്ത്രക്രിയകൾക്ക് രോഗിയെ പാകപ്പെടുത്തിയെടുക്കുന്നതിൽ അനസ്തീഷ്യ ഡോക്ടർമാരുടെ പങ്ക് പരമപ്രധാനമാണ്. വേദനയും ഭയപ്പാടുമില്ലാതെ അപകടരഹിതമായി സർജറി ചെയ്യണമെങ്കിൽ അനുഭവസമ്പത്തുളള അനസ്തേഷ്യോളജിസ്റ്റിന്റെ സേവനം അത്യന്താപേക്ഷിതമാണ്. ചുരുങ്ങിയ സമയത്തേക്ക് മാത്രം മയക്കം സാദ്ധ്യമാക്കുന്ന മരുന്നുകളുടെ ആവിർഭാവവും (ഷോർട്ട് ആക്ടിംഗ് ഡ്രഗ്സ്) അത്യാധുനിക മോണിട്ടറുകളുടെ ലഭ്യതയും ഡേ കെയർ സർജറികൾ സാധ്യമാക്കുന്നു.
മുമ്പ് അഞ്ചും പത്തും ദിവസം ആശുപത്രി വാസം വേണ്ടി വന്നിരുന്ന ഹിസ്ട്രെക്ടമി പോലുള്ള സജറികൾ ഇന്ന് ഒന്നോ രണ്ടോ ദിവസത്തിനകം രോഗിയെ ഡിസ്ച്ചാർജ്ജ് ചെയ്യാനാകുന്ന വിധത്തിലുള്ളതാണ്. നേരത്തെ പറഞ്ഞ കസിനു വേണ്ട ലാപ്രോസ്കോപ്പിക്ക് കോളിസിസ്റ്റക്ടമി ഈ ഗണത്തിൽ പെട്ടതാണ്. പുതുതായി വന്ന റോബോട്ടിക് സർജറികൾ കുറേക്കൂടി കാര്യക്ഷമമായി ഓപ്പറേഷൻ ചെയ്യാൻ സഹായിക്കുന്നു. രണ്ടു കയ്യുമുപയോഗിച്ച് സർജറി ചെയ്യുന്ന ഡോക്ടർക്ക് ഈ മെഷീൻ്റെ സഹായത്തോടെ മൂന്നാമതൊരു കൈ കൂടി അധികമായി ഉപയോഗിച്ച് ചെയ്യാവുന്ന സൗകര്യം കിട്ടുന്നു. കൂടാതെ ഓപ്പറേഷൻ നടത്തുന്ന ശരീര പ്രതലത്തിൻ്റെ തത്സമയ ത്രിമാന വീഡിയോ ചിത്രം കൂടി കണ്ട് ഓപ്പറേഷൻ നടത്തുക വഴി ഒന്നുകൂടി കൃത്യതയോടെ ചെയ്യാനാവുന്നു. റോബോട്ടിക്ക് സർജറികൾക്ക് ചെലവ് കൂടുമെങ്കിലും ആശുപത്രി വാസം വളരെ കുറവുമതി.
മുമ്പ് പത്ത് ദിവസം കിടക്കേണ്ടി വരുന്ന ഓപ്പറേഷനുകൾക്ക് ഇന്ന് രണ്ടു ദിവസം മാത്രം ആശുപത്രി വാസം മതി എന്നു പറയുമ്പോൾ റോബോട്ടിക്ക് മെഷീനുകളുടെ മെച്ചം എത്രയാണെന്നൂഹിക്കാമല്ലോ. പണ്ട് ശ്വാസകോശ സർജറികൾ ചെയ്യാൻ നെഞ്ചിൻ കൂടിൻ്റെ മുന്നിൽ തുടങ്ങി അരിവാൾ ആകൃതിയിൽ പുറകുവരെ ശരീരത്തിൽ മുറിവുണ്ടാക്കി ചെയ്യുന്ന ഓപ്പറേഷനുകൾ അതിൻ്റെ അഞ്ചിലൊന്നിലോ അതിനു താഴെയോ വലിപ്പുള്ള മുറിവുണ്ടാക്കി ചെയ്യാവുന്ന രീതിയിൽ പുരോഗമിച്ചു കഴിഞ്ഞു. ഹൃദ്രോഗികൾക്കുള്ള ബൈപ്പാസ് സർജറിയുടെ കാര്യത്തിലും അങ്ങനെ തന്നെ. ഓപ്പറേഷനെ തുടർന്നുള്ള രക്തനഷ്ടം , വേദന തുടങ്ങിയവ ഗണ്യമായി കുറയുന്നതുമാത്രമല്ല ഓപ്പറേഷനെ തുടർന്നുള്ള കലകളും (സ്കാറുകളും ) കുറയുന്നു. സൗന്ദര്യത്തിന് കോട്ടം തട്ടാതിരിക്കുന്നതിന് ഇത് സഹായിക്കുന്നു .
നേരത്തെ വിളിച്ച കസിൻ എയർ പോട്ടിൽ നിന്ന് നേരെ ആശുപത്രിയിലെത്തി ചെക്കപ്പുകൾ നടത്തി അന്നുതന്നെ സർജറിയ്ക്ക് വിധേയനായി. വേറെ പ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ രണ്ടു ദിവസം കൊണ്ടു തന്നെ രോഗിയെ ഡിസ്ചാർജ് ചെയ്യാനും പറ്റി. വിദേശത്തുള്ള ചികിത്സാ ചെലവിൻ്റെ എത്രയോ മടങ്ങ് കുറവാണ് ഇന്ത്യയിലെ ചെലവ്. മികച്ച സൗകര്യങ്ങളും അത്യാധുനിക ഉപകരണങ്ങളും പരിചയ സമ്പന്നരായ ഡോക്ടർമാരടങ്ങിയ മെഡിക്കൽ സംഘവും ഈ മേഖലയിൽ മെഡിക്കൽ ടൂറിസത്തിൻ്റെ അനന്ത സാദ്ധ്യതകളാണ് തുറന്നു തരുന്നത്.
ചില സർജറികളിൽ രോഗി രാവിലെ ആശുപതിയിലെത്തി സർജറിയും കഴിഞ്ഞ് വൈകുന്നേരം വീട്ടിൽ തിരിച്ചെത്തുന്നു. കൃത്യമായ കണക്കുകൂട്ടലുകളും തയ്യാറെടുപ്പുകളും ഇതിനാവശ്യമാണ്. അണു കുടുംബ വ്യവസ്ഥയിൽ രോഗിയ്ക്കും കൂട്ടിരിപ്പുകാർക്കും ആശുപത്രിവാസം കുറഞ്ഞു കിട്ടുന്നത് വലിയ ആശ്വാസം തന്നെയാണ്. അതിലുപരിയായി അണുബാധ കുറയാനും മുറിവ് വേഗത്തിൽ ഉണങ്ങുന്നതിനും രക്തനഷ്ടം കുറയ്ക്കുന്നതിനും ശസ്ത്രക്രിയ സമയത്തും തുടർന്നുമുള്ള വേദന ലഘൂകരിക്കുന്നതിനും ഡേ കെയർ സർജറിയും അനസ്തീഷ്യയും പ്രത്യേക പങ്ക് വഹിക്കുന്നു. വീട്ടിലെ അന്തരീക്ഷത്തിൽ അടുത്ത കുടുംബാംഗങ്ങളുടെ പരിചരണത്തിൽ മാനസികമായും ശാരീരികമായുമുള്ള സ്വാസ്ഥ്യം രോഗമുക്തി കുറച്ചു കൂടി വേഗത്തിലാക്കും. ചെറിയകുട്ടികളിൽ രക്ഷിതാക്കളുടെ സാമീപ്യം രണ്ടു കൂട്ടർക്കും മാനസിക സംഘർഷം കുറയ്ക്കാൻ സഹായിക്കുമല്ലോ.
രോഗിയെ പൂർണ്ണമായി ബോധം കെടുത്താതെ സർജറി വേണ്ടി വരുന്ന ശരീരഭാഗം മാത്രമായി കൃത്യമായി മരവിപ്പിച്ചു ചെയ്യുന്ന റീജിയനൽ നെർവ് ബ്ലോക്ക് അനസ്തീഷ്യകളുടെ പങ്ക് ഡേ കെയർ സർജറിയിൽ എടുത്തു പറയേണ്ടതാണ്. മെഡിക്കൽ ഇൻഷുറൻസിന്റെ പ്രചാരം കൂടി വരുന്ന സാഹചര്യത്തിൽ ആശുപത്രി ചെലവുകൾ കുറയ്ക്കുന്നതിനു വേണ്ടിയും കൂടുതൽ കൂടുതൽ സർജറികൾ ഡേ കെയർ അല്ലെങ്കിൽ മിനിമൽ ഹോസ്പിറ്റൽ സ്റ്റേ വിഭാഗത്തിലേക്ക് മാറി വരും.
രോഗികളെ ഇത്തരം ഡേ കെയർസർജറികൾക്ക് പ്രാപ്തരാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളിൽ കുടുംബാംഗങ്ങളുടെ പങ്ക് പ്രധാനമാണ്. പ്രമേഹം രക്തസമ്മർദ്ദം മുതലായ രോഗങ്ങളെ ശസ്ത്രക്രിയയ്ക്കു മുമ്പും ശേഷവും നിയന്ത്രണ വിധേയമാക്കുന്നതിനും വേദനയകറ്റുന്നതിനും ഡോക്ടറുടെ നിർദ്ദേശങ്ങൾ കൃത്യമായി രോഗി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് കുടുംബാംഗങ്ങളുടെ കൂടി ഉത്തരവാദിത്തമാണ്.
നൂറ്റാണ്ടുകളുടെ വളർച്ചാ പാരമ്പര്യമുള്ള അനസ്തീഷ്യയെന്ന വൈദ്യശാസ്ത്ര ശാഖ ആരോഗ്യ മേഖലയിലെ ആധുനികവല്ക്കരണത്തിൽ നിർണ്ണായകമായ സംഭാവനകൾ നല്കി വരുന്നതിന്റെ ഓർമ്മയ്ക്കായി ഒക്ടോബർ പതിനാറ് ലോക അനസ്തീഷ്യ ദിനമായി ആചരിച്ചു വരുന്നു.
Content Highlights: day care surgeries affordable efficient healthcare
Published: 03 Oct 2024, 05:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented