ആരോഗ്യരംഗത്തുൾപ്പെടെ നിരവധി മേഖലകളിൽ എഐ ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു. എഐയുടെ സഹായത്തോടെയുള്ള ഗവേഷണങ്ങളും പഠനഫലങ്ങളുമൊക്കെ പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ ഒരുപടികൂടി കടന്ന് വരുംകാലങ്ങളിൽ ചികിത്സാമേഖലയിലും എഐയുടെ അപ്രമാദിത്യം ആയിരിക്കുമെന്നു പറയുകയാണ് ആന്ത്രോപ്പിക്കിന്റെ സിഇഒ ഡാരിയോ അമോഡെയ്. കാൻസർ, അൽസ്ഹൈമേഴ്സ്, ഹൃദ്രോഗങ്ങൾ, മാനസികരോഗങ്ങൾ തുടങ്ങിയവ വെറും പത്തുകൊല്ലത്തിനുള്ളിൽ ഭൂതകാല ഓർമകളായി മാറുമെന്നാണ് ഡാരിയോ പറഞ്ഞത്.

To advertise here,

ദശലക്ഷക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങളാണിവ. അവയിൽ ചിലത് ഇപ്പോഴും ആരോഗ്യമേഖലയിൽ വെല്ലുവിളിയായി തുടരുകയുമാണ്. ശരിയായ രീതിയിലാണെങ്കിൽ സഹസ്രാബ്ദങ്ങളായി നമ്മെ വലയം ചെയ്തിരിക്കുന്ന പ്രശ്നങ്ങളെ അതിജീവിക്കാൻ കഴിയുന്ന അത്ഭുതയുഗം സൃഷ്ടിക്കാനാവും- ഡാരിയോ പറഞ്ഞു.

ഗവേഷണങ്ങൾ, മരുന്ന് കണ്ടുപിടുത്തം തുടങ്ങിയ വൈദ്യശാസ്ത്ര മുന്നേറ്റങ്ങളെ സഹായിക്കാൻ കെൽപ്പുള്ള മാധ്യമമാണ് എഐ എന്നും അദ്ദേഹം പറഞ്ഞു. എഐ രംഗത്തെ അതികായരായ ഇലോൺ മസ്ക്, ഗൂഗിളിന്റെ എഐയുടെ മേധാവിയായ ഡെമിസ് ഹസാബിസ് തുടങ്ങിയവരും ഇതേ അഭിപ്രായക്കാരാണ്. ദശകങ്ങൾ നീണ്ടുനിൽക്കുന്ന മരുന്ന് ഗവേഷണങ്ങളെ ആഴ്ചകളായി ചുരുക്കാൻ എഐയ്ക്കു കഴിയുമെന്നാണ് ഹസാബിസിന്റെ വാദം. ഇത് രോഗങ്ങളുടെ അവസാനത്തിനോ അല്ലെങ്കിൽ പത്തുവർഷത്തിനുള്ളിൽ എല്ലാ രോഗങ്ങളും ഭേദമാകുന്ന സാഹചര്യത്തിലേക്കോ എത്തിക്കാമെന്നും ഹസാബിസ് പറഞ്ഞു.

അതേസമയം മരുന്ന് കമ്പനികളും വിദഗ്ധരും ഈ വാദത്തെ തള്ളുകയാണ്. 50 എഐ കമ്പനികളെ വച്ച് 10,000 മരുന്ന് സംയുക്തങ്ങളെ പരിശോധിച്ചെങ്കിലും ഒരെണ്ണംപോലും സ്വന്തമായി ഒരു മരുന്ന് വികസിപ്പിച്ചില്ലെന്ന് വെർട്ടെക്സ് ഫാർമസ്യൂട്ടിക്കലിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ ജെഫ് ലെയ്ഡൻ പറഞ്ഞു. എഐയുടെ സഹായമുണ്ടായാലും ക്ലിനിക്കൽ ട്രയലുകൾ, റെഗുലേറ്ററി അവലോകനങ്ങൾ, മൃഗങ്ങളിലെയും മനുഷ്യരിലെയും പരീക്ഷണം തുടങ്ങിയവ ഒഴിവാക്കാനാവില്ലെന്നും മരുന്നു വികസിപ്പിക്കുന്നതിന്റെ വലിയൊരു പങ്ക് സമയവും ഇതിനായാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കംപ്യൂട്ടർ സ്ക്രീനിലൂടെ മികച്ചതെന്നു തോന്നുന്ന തന്മാത്രയെ കണ്ടെത്തുന്നത് തുടക്കം മാത്രമാണ്. അത് ലബോറട്ടറികളിലും മൃഗങ്ങളിലും മനുഷ്യരിലുമൊക്കെ പരിശോധിച്ചതിനുശേഷമേ സുരക്ഷിതമാണോ, ഫലപ്രദമാണോ എന്ന് തിരിച്ചറിയാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2026 ആയിട്ടും AI രൂപകൽപ്പന ചെയ്ത ഒരു മരുന്നും പൂർണ്ണമായ ക്ലിനിക്കൽ അംഗീകാരം നേടിയിട്ടില്ലെന്ന് കാർഡിയോളജിസ്റ്റും ഡിജിറ്റൽ മെഡിസിൻ വിദഗ്ധനുമായ എറിക് ടോപോളും വിമർശിക്കുന്നു.