
കോഴിക്കോട്: ജോലിയെടുക്കുന്ന ഷോപ്പിനടുത്ത് ഒരാൾക്കൂട്ടം കണ്ടപ്പോൾ ഓടിപ്പോയതാണ്. അപ്പോഴാണ് ഒരാൾ മാൻഹോളിൽ വീണ് കിടക്കുന്നത് കണ്ടത്. എന്റെ കൂടെ വന്ന ഒരാൾ കുഴിയിൽ ഇറങ്ങാൻ നോക്കിയപ്പോൾ താരതമ്യേന മെലിഞ്ഞ ശരീരം എനിക്കായതിനാൽ മറ്റൊന്നും ചിന്തിക്കാതെ ഞാൻ ഇറങ്ങി. കോണിവെച്ച് ഒരു കൈ മുകളിൽ പിടിച്ചു, മറ്റേ കൈയിൽ വീണുകിടക്കുന്ന ആളുടെ കൈയിലും പിടിച്ച് ഉയർത്താൻ ശ്രമിക്കുകയായിരുന്നു. അപ്പോഴേക്കും എന്റെ ബോധം പോയി. പിന്നെ എല്ലാവരും പറഞ്ഞിട്ടാണ് ഞാൻ നാല് ദിവസം വെന്റിലേറ്ററിലായിരുന്നുവെന്നും അതിന് ശേഷം ഐ.സി.യുവിലും ആണെന്നും മനസ്സിലായത്. കോഴിക്കോട് കുമാരസ്വാമിക്കടുത്ത വാടക വീട്ടിൽ നിന്ന് വിശ്വനാഥന് കഴിഞ്ഞ 15-ാം തീയതി മൂട്ടോളിയിൽ നടന്ന അപകടത്തെ കുറിച്ച് ഓർക്കുമ്പോൾ പുതുജന്മം കിട്ടിയ സന്തോഷം.
മൂട്ടോളിയിലെ മാൻഹോളിൽ വീണ് സിറാജ് എന്ന ചെറുപ്പക്കാരൻ മരിക്കുന്നത് ജൂൺ 15 ന് ആണ്. വിശ്വനാഥൻ താൽക്കാലികമായി ജോലി ചെയ്തിരുന്ന ഡെലിവെറി കമ്പനിക്ക് അടുത്തുള്ള കെട്ടിടത്തിലെ മാൻഹോളിലായിരുന്നു അപകടം നടന്നത്. ഇത് കണ്ടാണ് അന്ന് ജോലിക്കെത്തിയ വിശ്വനാഥൻ അവിടേക്ക് ഓടിയെത്തിയത്. അപ്പോഴേക്കും സിറാജ് കുഴിയിലേക്ക് വീണുപോയിരുന്നു, പക്ഷെ സ്വന്തം ജീവൻ പണയം വെച്ച് വിശ്വനാഥനും കുഴിയിലേക്കിറങ്ങിയതോടെ ശ്വാസം കിട്ടാതെ കുഴിയിലേക്ക് വീണു. സിറാജിനൊപ്പം വിശ്വനാഥനും മരണത്തിന്റെ വക്കോളമെത്തി. പക്ഷെ ഒമ്പത് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ഫിനിക്‌സ് പക്ഷിയെ പോലെ വിശ്വനാഥൻ ജീവിതത്തിലേക്ക് തിരിച്ചുവന്നു.
സിറാജിനെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന സങ്കടമാണ് ഇപ്പോൾ ഈ ചെറുപ്പക്കാരനുള്ളത്. അപകടത്തിൽ പെടുന്നതിന് മാസങ്ങൾക്ക് മുമ്പാണ് വിശ്വനാഥൻ ഗൾഫിൽ നിന്ന് വന്നത്. പാസ്‌പോർട്ട് പുതുക്കാനും മറ്റൊരു ജോലിക്ക് നോക്കുന്നതിനും ഉള്ള ഇടവേളയിൽ പാർസൽ കമ്പനിയിൽ താൽക്കാലിക ജോലിക്കെത്തുകയായിരുന്നു. പക്ഷെ വിധി മാറ്റി മറിച്ചു. അപകടത്തിൽ പെട്ടതോടെ ഈ ഇരുപതാം തീയതി നടക്കേണ്ട പാസ്‌പോർട്ട് പുതുക്കലും നടന്നില്ല. ആരോഗ്യ സ്ഥിതി പൂർണമായും വീണ്ടെടുക്കാൻ കഴിയാത്തതിനാൽ ജോലിക്ക് പോവാനും പറ്റിയിട്ടില്ല.
മൂട്ടോളിയിൽ അപകടത്തിൽപെട്ട് ബോധം പോയതോടെ അവിടെയെത്തിയ ഫയർഫോഴ്‌സാണ് സിറാജിനെയും വിശ്വനാഥനെയും പുറത്തെടുത്തത്. സിറാജ് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു. സി.പി.ആർ നൽകിയാണ് വിശ്വനാഥന്റെ ശ്വാസം ഫയർഫോഴ്‌സ് തിരിച്ച് പിടിച്ചത്. ശേഷം നാല് ദിവസത്തോളം വെന്റിലേറ്ററിലായി. അതിന് അഞ്ച് ദിവസത്തോളം ഐസിയുവിലും വാർഡുകളിലുമായി കിടന്നു. പ്രാർഥന കൊണ്ട് മാത്രം ജീവിതത്തിലേക്ക് തിരിച്ചുവന്നു.
എനിക്കിപ്പോൾ പുതുജന്മം കിട്ടിയ ആശ്വാസമാണ്. മൂന്ന് മക്കളും ഭാര്യയുമടങ്ങുന്നതാണ് കുടുംബം. സ്വന്തമായി വീട് പോലും ഉണ്ടാക്കാനായില്ല. അതിനെല്ലാമായിട്ടുള്ള ഓട്ടത്തിനിടെ സംഭവിച്ചതാണ് അപകടം. എല്ലാവരേയും ഒരിക്കൽ കൂടെ കാണാനായതിന് ദൈവത്തിന് നന്ദിപറയുന്നു. തനിക്കിപ്പോൾ ശ്വാസമുണ്ടോ എന്ന് പോലും പൂർണമായും വിശ്വസിക്കാനായിട്ടില്ല-വിശ്വനാഥൻ പറഞ്ഞു നിർത്തി.
Content Highlights: Vishwanathan risked his life to save a man trapped in a manhole at Mootoli on June 15., Despite the tragic death of Siraj, Vishwanathan survived after 9 days of critical care., Fireforce personnel saved Vishwanathan using CPR after he lost consciousness in the manhole., Vishwanathan is currently recovering and facing financial challenges following the incident., The story highlights a selfless act of bravery in the face of extreme danger.
Published: 28 Jul 2026, 07:44 pm IST
ABOUT THE AUTHOR

K P Nijeesh Kumar
nijeeshkuttiadi@mpp.co.inമാതൃഭൂമി ഡോട്ട് കോം സീനിയർ കണ്ടന്റ് റൈറ്റർ. പരിസ്ഥിതി, രാഷ്ട്രീയം, വികസനം ഇഷ്ട വിഷയങ്ങൾ.
.
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented