കഴിഞ്ഞ കുറച്ചു മാസങ്ങളായി വീട്ടിൽ ജോലിയ്ക്ക് നിൽക്കുന്ന ഉഷയും രാജുവും ബംഗാളികളാണ്. പണ്ട് അറബ് നാട്ടിൽ എവിടെ ജോലിക്കു പോയി വന്നാലും നമ്മൾ മലയാളികൾ അവർ ദുബായിയിൽ നിന്നു വന്നു എന്നു പറയും പോലെയാണ് തെക്കേ ഇന്ത്യയ്ക്കപ്പുറത്തു നിന്ന് ആര് വന്നാലും ബംഗാളികളെന്നു വിളിക്കുന്നത്. രാജു, പകൽ ഇവിടെ കെട്ടിട നിർമാണ തൊഴിലിനു പോകുന്നു. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് അവൻ വന്നപ്പോൾ ഭാര്യ കുറച്ചു മരുന്നുകളുമായി എന്റെയടുത്തു വന്നു. മൂന്നു കൂട്ടം മരുന്നുകൾ എല്ലാം മൂന്നെണ്ണം വീതം. ജോലി കഴിഞ്ഞ് വരുന്ന വഴി പനിയും ശരീര വേദനയും തോന്നി പണിസ്ഥലത്തിനടുത്തുള്ള മെഡിക്കൽ ഷോപ്പിൽ അസുഖവിവരം പറഞ്ഞ് വാങ്ങിയതാണ് ഈ മരുന്നുകൾ. മുറിച്ച കഷ്ണം സ്ട്രിപ്പുകൾ ആയതു കൊണ്ട് അവയുടെ മേലെ പ്രിന്റ് ചെയ്ത പേരുകൾ വായിക്കാൻ തന്നെ ബുദ്ധിമുട്ടി. അതിലെ മരുന്നുകളോരോന്നുവീതം കഴിച്ച് രണ്ടു മൂന്നു മണിക്കൂർ കഴിഞ്ഞിട്ടും കുറവു തോന്നാത്തതു കൊണ്ട് ഇനി വീണ്ടും ഒന്ന് കൂടി കഴിക്കാനിറങ്ങിയപ്പോൾ ഭാര്യ സംശയം കാരണം എന്റെയടുത്ത് വന്നതാണ്. നോക്കിയപ്പോൾ ഒന്ന് ആന്റി ബയോട്ടിക്ക്, മറ്റൊന്ന് പാരസെറ്റമോൾ പിന്നെയൊന്ന് പേശിവേദന സംഹാരിയും.
ആന്റിബയോട്ടിക്ക് സാധാരണ മുന്നു നേരം വീതം മിനിമം അഞ്ചു ദിവസം കഴിക്കേണ്ട സ്ഥാനത്ത് രണ്ടു വീതം രണ്ടു ദിവസത്തേക്കാണ് കൊടുത്തുവിട്ടത്. അതേ പോലെ തന്നെ വേദന സംഹാരി ഗുളിക അലർജിയും ശ്വാസം മുട്ടലുമുണ്ടാക്കാൻ സാധ്യതയുള്ളതുമാണ്. പക്ഷേ മരുന്നുകടക്കാരൻ ഇതൊന്നുമന്വേഷിക്കാതെയും പറയാതെയും വില്പന നടത്തിയിരിക്കുകയാണ്. ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യുന്ന മരുന്നുകളാണ് ആന്റിബയോട്ടിക്കുകളും അനാൾജസിക്കുകളും . രോഗാണു ബാധയ്ക്കനുസരിച്ചാണ് ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കേണ്ടത്. അതു തന്നെ രോഗിയുടെ പ്രായവും ശരീരഭാരവുമനുസരിച്ചാണ് ഡോസ് തീരുമാനിക്കുക. അതേ പോലെ എത്ര കാലം കഴിക്കണമെന്നതും അസുഖത്തിനനുസരിച്ച് വ്യത്യസ്തമാകാം. ഇത്തരത്തിൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നതിനെയാണ് അതിന്റെ കോഴ്സ് എന്നു പറയുന്നത്. അങ്ങനെ ചെയ്യാതിരിക്കുന്നതു കൊണ്ട് അസുഖം പൂർണ്ണമായി മാറുന്നില്ലെന്നതിനേക്കാൾ ഗൗരവമാകുന്നത് രോഗാണുക്കൾ ആന്റിബയോട്ടിക്കിനെ അതിജീവിക്കാനുളള കരുത്തു നേടുന്നു എന്നതാണ്. അതായത് ഇതേ രോഗാണു കാരണം പിന്നീട് അസുഖമുണ്ടായാൽ ഇതേ ആന്റിബയോട്ടിക്ക് ഫലപ്രദമാകാതെ വരുന്നു. പണ്ട് കഴിച്ചിരുന്ന ആന്റിബയോട്ടിക്ക് പിന്നീട് അതേ അസുഖം വന്നുപയോഗിച്ച് രോഗത്തിനൊരു ശമനവുമില്ല എന്ന പരാതിയുടെ ഒരു കാരണവുമിതാണ്.
വേദനാ സംഹാരികൾ തുടർച്ചയായി വാങ്ങി കഴിക്കുന്നവരുടെ കരളും വൃക്കയുമൊക്കെ തകരാറിലാവും. ആസ്ത്മ പോലെയുള്ള അസുഖങ്ങൾ മൂർച്ഛിക്കാനും ഇത്തരം മരുന്നുകൾ കാരണമാകും. ഏറ്റവും നിരുപദ്രവകാരിയെന്ന് സാധാരണക്കാരൻ കരുതുന്ന പാരസമെറ്റോൾ അമിതമായി കഴിച്ചാൽ കരളിന്റെ പ്രവർത്തനം അപകടത്തിലാകാനും മരണം വരെ സംഭവിക്കാനുമിടയാകും. പല കമ്പനികളും പല പേരിൽ പല ഡോസിൽ മരുന്നുകൾ പുറത്തിറക്കുന്നു. ഈ മരുന്നുകളിൽ അടങ്ങിയിരിക്കുന്ന അടിസ്ഥാന ഘടകമേതെന്നറിയാതെ ഒരേ തരം മരുന്നുകൾ ആവർത്തിച്ചു കഴിച്ച് അപകടം പറ്റിയവരെയറിയാം. ഉദാഹരണത്തിന് പനി വന്നപ്പോൾ കഴിച്ച ഡോളോയിലും തലവേദനയ്ക്കു കൂടെ കഴിച്ച
കാൽപോളിലും അടിസ്ഥാന ഘടകം പാരസെറ്റമോളാണ്. ഇതു രണ്ടും ഒന്നിച്ചു കഴിക്കുന്നത് ഓവർഡോസിനിടയാക്കും. അതേ പോലെ തന്നെ കോമ്പിനേഷൻ മരുന്നുകളിൽ അടങ്ങിയിരിക്കുന്ന മരുന്നിന്റെ ചേരുവകളറിയാതെ വാങ്ങിക്കഴിക്കുന്നതും അപകടമാണ്. മറ്റൊരു പ്രധാനപ്രശ്നമാണ് ഒരേ സമയം കഴിക്കുന്ന മരുന്നുകൾ ഉണ്ടാക്കുന്ന ഡ്രഗ് ഇന്ററാക്ഷനുകൾ. മരുന്നുകൾ പ്രതിപ്രവർത്തിച്ച് മരുന്നിന്റെ ഇഫക്ട് കൂടാനോ കുറയാനോ സാദ്ധ്യതയുണ്ട്. ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ മരുന്നുകൾ വാങ്ങിക്കഴിക്കുന്നത് സ്വന്തം ആരോഗ്യത്തിനു തന്നെ ഭീഷണിയാകും.
പണ്ട് കടലിൽ മീൻ പിടിക്കാൻ പോകുന്നൊരാൾ ക്ലിനിക്കിൽ വന്നിരുന്നു. അദ്ദേഹം കൈയ്യിൽ ഒരു ഇഞ്ചക്ഷന്റെ ആംപ്യൂളുമായാണ് വന്നത്. മാസം തോറും എടുക്കാറുള്ള ഇഞ്ചക്ഷൻ ഇക്കുറി കുറച്ചു ദിവസം വൈകിപ്പോയെന്ന ക്ഷമാപണത്തോടെ മരുന്ന് കുത്തി വെച്ചു കൊടുക്കാൻ എനിക്ക് നേരെ നീട്ടി, ടെറ്റനസ് ഇഞ്ചക്ഷനായിരുന്നു അത്. കടലിൽ പോകുമ്പോൾ മുറിവുണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് ടെറ്റനസ് ഇഞ്ചക്ഷൻ എല്ലാ മാസവും അയാളെടുക്കാറുണ്ടെന്നതു കേട്ടു ഞാൻ ഞെട്ടി. ഇരുമ്പു തട്ടി മുറിവേറ്റാൽ ടെറ്റനസ് പിടിപെടുമെന്ന ഭീതിയിലാണിതു ചെയ്യുന്നത്. ഇങ്ങനെ കുത്തിവെയ്പുകൾ നടത്തുന്നത് അപകടകരവും ഇമ്മൂൺ പരാലിസിസിനും ( പ്രതിരോധ ശേഷി നഷ്ടപ്പെടാൻ ) കാരണമാകും.
തുടർച്ചയായ ഉപയോഗം മൂലം ചിലമരുന്നുകൾ അഡിക്ക്ഷനുമിടയാക്കും. കോഡീൻ അടങ്ങിയ കഫ്സിറപ്പുകൾ ലഹരിയ്ക്കായി ഉപയോഗിക്കുന്നവരുണ്ട്. മറ്റൊരു പ്രശ്നം ഇങ്ങനെ മരുന്ന് കഴിച്ചതുകാരണം രോഗലക്ഷണം മാസ്ക് ചെയ്യപ്പെടാം,തന്മൂലം യഥാർത്ഥ രോഗം ബാക്കി നിൽക്കുകയും അത് കണ്ടെത്തുന്നതിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യും. അസുഖം മൂർച്ഛിച്ച്, ചികിത്സിച്ചാലും രക്ഷപ്പെടില്ല എന്ന അവസ്ഥവരെയെത്തിയേക്കാം. നാലഞ്ച് മാസത്തോളം കഫ് സിറപ്പു കഴിച്ച് നടന്ന രോഗിയെ എനിക്കറിയാം ആദ്യമൊക്കെ അയാളുടെ ചുമയ്ക്ക് താൽക്കാലിക ശമനമുണ്ടായിരുന്നു. അത് മാറ്റമില്ലാതെ തുടർന്നപ്പോഴാണ് ഡോക്ടറുടെ അടുത്തെത്തിയത്. യഥാർഥത്തിൽ അദ്ദേഹത്തിന് ട്യൂബർക്കുലോസിസ് അണുബാധയായിരുന്നു.കൃത്യമായ രോഗനിർണയം നടത്തി ഫലപ്രദമായി ചികിത്സിച്ചാൽ പൂർണ്ണമായും ഭേദമാക്കാവുന്ന ഒരസുഖമാണ് ടി.ബി. ഇവിടെ രോഗി ചികിത്സ തേടി ഡോക്ടറുടെയടുത്തെത്തിയപ്പോൾ ശ്വാസകോശം തന്നെ ദ്രവിച്ച അവസ്ഥയിലെത്തിക്കഴിഞ്ഞിരുന്നു. ടി.ബിയ്ക്കുള്ള പ്രതിരോധ കുത്തിവെയ്പുകളും സൗജന്യ ചികിത്സയുമൊക്കെ ഗവൺമെന്റ് മുൻകൈയ്യെടുത്ത് നടത്തുമ്പോൾപോലും ഇതാണവസ്ഥയെന്നോർക്കണം.
പനി, തലവേദന, വയറെരിച്ചിൽ മുതലായ ചെറിയ അസുഖങ്ങൾക്കുള്ള മരുന്നുകൾ എളുപ്പത്തിൽ വാങ്ങാമെന്നതും പണച്ചിലവു കുറവാണെന്നതുമാണ് മെഡിക്കൽ ഷോപ്പിൽ പോയി ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നു വാങ്ങാൻ നാട്ടുകാരെ പ്രേരിപ്പിക്കുന്നത്.
മരുന്നുകളുടെ ദുരുപയോഗവും അമിത ഉപയോഗവുമാണ് ഓവർ ദ കൗണ്ടർ (ഒ.ടി.സി) സെയിൽ എന്ന പേരിലറിയപ്പെടുന്ന ഈ കച്ചവടത്തിന്റെ ഒരു കുഴപ്പം.
സ്വയം ചികിത്സ തെറ്റായ രോഗനിർണ്ണയത്തിനും അനാവശ്യമായ മരുന്നു കഴിക്കുന്നതിനുമിടയാക്കും. നെഞ്ചെരിച്ചലിനെ ’ വെറും ഗ്യാസ്’ എന്ന് സ്വയം വിലയിരുത്തി മരുന്നു കഴിക്കുന്നവരാണ് ഭൂരിഭാഗവും. ഹാർട്ട് അറ്റാക്ക് ആണ് ഈ വേദനയെന്ന് തിരിച്ചറിയാതെ തെറ്റായ മരുന്നു കഴിച്ച് അകാലത്തിൽ മരണമടഞ്ഞവർ നിരവധിയാണ്. അടിയന്തര ചികിത്സ കിട്ടിയാൽ രക്ഷപെടുമായിരുന്നു ഇവരിൽ പലരും. ക്ഷീണത്തിന് സ്ഥിരമായി വിറ്റാമിൻ ഗുളികൾ വാങ്ങി കഴിക്കുന്നവർ മൂത്രത്തിലൂടെ അത് പാഴായി പോകുന്നതും ഹൈപ്പർ വിറ്റാമിനോസിസ് എന്നയവസ്ഥയുണ്ടാകുന്നതും അറിയുന്നില്ല.
പുരുഷന്മാരുടെ ലൈംഗിക ഉത്തേജക മരുന്നുകൾക്ക് മാർക്കറ്റിൽ ഏറെ ഡിമാൻസുണ്ട്. വയാഗ്ര എന്ന ഏറ്റവും പ്രചാരത്തിലുള്ള മരുന്ന് ഹൃദയാഘാതത്തിനും ഉടൻ മരണത്തിനു പോലും കാരണമാകുമെന്ന് ഉപയോഗിക്കുന്നവർക്കും വിൽക്കുന്നവർക്കും അറിഞ്ഞു കൊള്ളണമെന്നില്ല.. അതേപോലെ ഗർഭച്ഛിദ്രത്തിനുള്ള ഗുളികൾ ഉപയോഗിക്കുന്നതും ശ്രദ്ധിക്കേണ്ടതാണ്. ഗർഭപാത്രത്തിലല്ലാതെ അതിനോടു ചേർന്നുള്ള ഫലോപിയൻ ട്യൂബിൽ ഭ്രൂണം വളരുന്ന അവസ്ഥയിലും (എക്ടോപിക്ക് പ്രെഗ്നൻസി)മരുന്നുപയോഗിച്ചതിനു ശേഷം ഗർഭം പൂർണ്ണമായി അലസിപ്പോകാതെ ഗർഭപാത്രത്തിൽ തന്നെ ബാക്കിയാവുന്നതുമൊക്കെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സ്ത്രീകളിൽ ഉണ്ടാക്കും. ഇത്തരം മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ
മറ്റൊരു പ്രധാന കാര്യം ഒരേ മരുന്നു തന്നെ പല അളവിലും രൂപത്തിലും ലഭ്യമാണെന്നതാണ്. ഉദാഹരണത്തിന് പാരസെറ്റമോൾ തുള്ളി മരുന്ന്, സിറപ്പ് ഗുളിക,സപ്പോസിറ്ററി, ഇഞ്ചക്ഷൻ, ഇൻഫ്യൂഷൻ ഇങ്ങനെ പലവക ഭേദങ്ങളുണ്ട്. ഇവയിലോരോന്നിലും അടങ്ങിയിരിക്കുന്ന മരുന്നിന്റെ അളവിൽ ഒരുപാടു വ്യത്യാസമുണ്ട്. പ്രായത്തിനും ശരീരഭാരത്തിനുമനുസരിച്ച് മരുന്നുകൾ ഉപയോഗിക്കേണ്ടുന്ന തോത് വ്യത്യസ്തമായിരിക്കും. അതായത് വീട്ടിലെ ഒരാൾക്കെഴുതി കൊടുത്ത കുറിപ്പടി വെച്ച് മറ്റംഗങ്ങൾ മരുന്നു വാങ്ങി ഉപയോഗിക്കരുത്. ഒരേ ലക്ഷണങ്ങൾ തന്നെ പല അസുഖങ്ങൾക്കും ഏറിയും കുറഞ്ഞുമിരിക്കാം.
ഡോക്ടർമാർ കുറിപ്പടികൾ വൃത്തിയായും വെടിപ്പായും എഴുതാനും എഴുതിയ സമയവും തീയ്യതിയും അതിൽ രേഖപ്പെടുത്താനും ശ്രദ്ധിക്കേണ്ടതുണ്ട്. അതേ കാര്യങ്ങൾ മരുന്നുകൾ എടുത്തു പായ്ക്ക് ചെയ്തു കൊടുക്കുമ്പോൾ ഫാർമസിസ്റ്റും ശ്രദ്ധിക്കണം. അനിയന്ത്രിതമായ ഓവർ ദി കൗണ്ടർ മരുന്നു വില്പന അത്യന്തം അപകടകരമാണ്.
Content Highlights: Learn about the dangers of over-the-counter drug misuse
Published: 05 Jun 2025, 01:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented