‘‘എല്ലാവരും എണീറ്റ് എന്നെ സല്യൂട്ട് ചെയ്യൂ...ഉം എല്ലാവരും സല്യൂട്ട് ചെയ്യൂ... എന്താ ഒരു മടി...?’’
അരോഗദൃഢഗാത്രനായ ഒരു മധ്യവയസ്കൻ എഴന്നേറ്റ്​ നിന്ന്​ ചുറ്റിലുമുള്ളവരോട്​ ഉച്ചത്തിൽ ആജ്ഞാപിക്കുകയാണ്​.! 
രംഗം മെഡിക്കൽ കോളജ്​ ഒ.പി യുടെ പുറത്തുള്ള വരാന്തയാണ്​. ചികിത്സക്കായി വന്ന്​ അവിടെ കാത്തിരിക്കുന്നവർ ആകെ അങ്കലാപ്പിലാണ്​. കാഴ്ചയിൽ തന്നെ അസാധാരണമാം വിധം വസ്ത്രം ധരിച്ചിരുന്ന വ്യക്​തി വീണ്ടും വീണ്ടും ചുറ്റിലുമുള്ളവരോട്​ തന്നെ സല്യൂട്ട്​ ചെയ്യാൻ ആവശ്യപ്പെടുന്നു​. 

To advertise here,

ആ സമയം അവിടേക്കെത്തിയ ഞാൻ അദ്ദേഹത്തെ സൗമ്യമായി പരിശോധനാ മുറിയിലേക്ക് വിളിച്ച്​ ഇരിക്കാൻ പറഞ്ഞു. അർദ്ധ മനസ്സോടെയാണെങ്കിലും അയാൾ ഇരുന്നു. പക്ഷേ ഉച്ചത്തിലുള്ള സംസാരം തുടർന്നുകൊണ്ടിരിക്കുകയാണ്​. 
വളരെ കഷ്ടപ്പെട്ടിട്ടാണെങ്കിലും സൗമ്യമായി, അതിലേറെ ശ്രദ്ധയോടെ ഞാൻ അയാളുടെ സംസാരത്തിനിടയിൽ കയറി ചോദിച്ചു: ‘‘എനിക്കെങ്ങനെ നിങ്ങളെ സഹായിക്കാൻ ക​ഴിയും..? ’’
അദ്ദേഹത്തിൻറെ മറുപടി ഇങ്ങിനെയായിരുന്നു: ‘‘സഹായം ഒന്നും വേണ്ട, കാര്യം മനസ്സിലാക്കി മറ്റുള്ളവരെ അറിയിക്കുക’’.
‘‘എന്താണാവോ ?’’ എന്നായി ഞാൻ.
‘‘ഞാൻ ഇവിടെ വന്നത് ഇവിടത്തെ കാര്യങ്ങൾ ശരിയായി നടക്കുന്നുണ്ടോ എന്നറിയാനാണ്’’ അയാൾ അധികാരഭാവത്തിൽ  പറഞ്ഞു. 
ഞാൻ  ചോദിച്ചു: ‘‘താങ്കൾ  ?’’. 
‘‘ഞാൻ ഇന്ത്യൻ പ്രസിഡണ്ടാണ്’’ എന്നായിരുന്നു അയാളുടെ മറുപടി..!
ക്ഷമയും സൗമ്യതയും കൈവിടാതെ ഞാൻ വീണ്ടും ചോദിച്ചു: ‘‘അപ്പോൾ മി.ശങ്കർ ദയാൽ ശർമ ആരാണ്...?’’ (1990കളിൽ ഇന്ത്യൻ പ്രസിഡൻറ് മിസ്റ്റർ ശങ്കർ ദയാൽ ശർമ ആയിരുന്നു).
ഒട്ടും താമസിയാതെ അയാൾ മറുപടി പറഞ്ഞു: "എൻറെ ഡെപ്യൂട്ടിയാണ്"...!
അയാൾക്ക് മാനിയ അല്ലെങ്കിൽ ‘ബൈപോളാർ എഫക്റ്റീവ് ഡിസോഡർ മാനിയ’ (Bipolar affective disorder mania) എന്ന അസുഖമായിരുന്നു. സാധാരണയായി  ‘ബൈപോളാർ ഡിസോഡർ’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ മാനസികപ്രശ്നം ഒരു വ്യക്തിയുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട്​ സമൂഹ​ത്തോട്​ ചേർന്ന്​ പ്രവർത്തിക്കാനുള്ള കഴിവിനെ സാരമായി ബാധിക്കുന്ന ഒന്നാണ്​​.

എന്താണ് മാനിയ? 

മാനസിക പ്രശ്നങ്ങളിൽ ‘മൂഡ് ഡിസോർഡേഴ്സ്​’ എന്ന വിഭാഗത്തിൽ വരുന്ന ഒന്നാണിത്. ചിരപരിചിതമായ ‘വിഷാദരോഗ’ത്തിൻറെ നേരെ വിരുദ്ധ സ്വഭാവമാണ്​  ‘മാനിയ’ ഉള്ള വ്യക്​തികൾ പ്രകടിപ്പിക്കുക. വിഷാദരോഗമുള്ളവർ​ നിതാന്തമായ സങ്കടം, ഒന്നിലും താല്പര്യമില്ലായ്മ, ഉറക്കക്കുറവ്, വിശപ്പ് കുറവ്, അകാരണമായ ക്ഷീണം, നെഗറ്റീവ് ചിന്തകൾ, നിരാശ ചിന്തകൾ, ആത്മഹത്യ പ്രവണതകൾ, ആരോഗ്യത്തെ പറ്റിയൊക്കെ അകാരണമായ സംശയങ്ങൾ തുടങ്ങിയ ലക്ഷണങ്ങളാണ്​ പ്രകടിപ്പിക്കുകയെങ്കിൽ  ‘മാനിയ’ ബാധിച്ചവർക്ക്​ സന്തോഷം, ദേഷ്യം തുടങ്ങിയ വികാരങ്ങൾ വളരെ ഉയർന്നതോതിൽ അനുഭവപ്പെടുകയും അത്​ ശക്തമായരീതിയിൽ പ്രകടിപ്പിക്കുകയും ചെയ്യും.

സ്ഥിരമായ വൈകാരിക അവസ്ഥ അല്ലെങ്കിൽ മാനസികാവസ്ഥ എന്നത്​ ഒരു വ്യക്തിയുടെ വ്യക്തിത്വത്തിൻറെ വളരെ പ്രധാനപ്പെട്ടതും അവിഭാജ്യമായതുമായ ഘടകമാണ്. ഉദാഹരണത്തിന് ഒരാൾ എപ്പോഴും സന്തോഷവാനായി കാണപ്പെടുന്നവൻ ആയിരിക്കാം അല്ലെങ്കിൽ എപ്പോഴും ടെൻഷൻ ഉള്ള പ്രകൃതമാകാം. അതുമല്ലെങ്കിൽ എപ്പോഴും ദുഃഖഭാവത്തിൽ ആയിട്ടുള്ള ആളുമാകാം. ചുരുക്കത്തിൽ ഒരാളുടെ സ്ഥായിയായ വൈകാരികാവസ്ഥയ്ക്ക്​ വ്യത്യാസം വരുകയും ആ വ്യത്യാസം തീവ്രമായിരിക്കുകയും അത്​ സ്ഥിരമായി ദിവസങ്ങളോ ആഴ്ചകളോ നിലനിൽക്കുകയോ ചെയ്യുകയാണെങ്കിൽ അത്​ ‘മാനിയ’ ആണോ എന്ന്​ സംശയിക്കേണ്ടിയിരിക്കുന്നു. മറ്റെന്തെങ്കിലും സാഹചര്യങ്ങൾ മൂലമോ പ്ര​പ്രത്യേക കാരണങ്ങൾ കൊണ്ടോ ആണ്​ ഒരു വ്യക്​തിയുടെ മാനസികാവസ്ഥയിൽ ഈ മാറ്റം കാണപ്പെടുന്നത്​ എന്ന്​ സ്ഥിരീകരിക്കാൻ കഴിയാതിരിക്കുകയും മാനസികവസ്ഥയിലുള്ള വ്യത്യാസം ചിന്തകളിലും പ്രവർത്തികളിലും നിഴലിക്കുകയും അത്​ വ്യക്​തിയുടെ സ്വാഭാവിക ജീവിതത്തെ ബാധിക്കുകയും ചെയ്താൽ അതിനെ ‘മൂഡ് ഡിസോഴ്സ്ഡഴ്സി’ൻറെ ഭാഗമായിട്ടുള്ള ‘മൂഡ് ചേഞ്ച്’ എന്ന് പറയാം.

‘മാനിയ’യുടെ ലക്ഷണങ്ങളിൽ കൂടുതലായി അമിതമായ സന്തോഷം അല്ലെങ്കിൽ അമിതകോപം എന്നിവയാണ്​ കണ്ടുവരുന്നത്​. സന്തോഷം തീവ്രമായി അനുഭവപ്പെടുകയും അത് പുറത്തുള്ളവർക്ക് മനസ്സിലാകും വിധം പ്രകടിപ്പിക്കുകയും ചെയ്യും. കൂടാതെ കൂടുതൽ സന്തോഷം ലഭിക്കുന്ന പ്രവർത്തികളിൽ അധിക നേരം ചെലവഴിക്കുകയും ചെയ്യും.  ഉദാഹരണമായി പതിവില്ലാത്ത വിധം പാട്ടുപാടുകയും നൃത്തമാടുകയും ചെയ്യുക, മറ്റുള്ളവർക്ക് അലോസരം ഉണ്ടാകും വിധം വളരെ ഉച്ചത്തിൽ പാട്ട് വെക്കുക എന്നിവ ഇതിൻറെ ലക്ഷണങ്ങളാണ്. 

ദേഷ്യം വരുമ്പോൾ പതിവില്ലാത്ത വിധം അകാരണമായി തൊട്ടതിനും പിടിച്ചതിനും ഒക്കെ ദേഷ്യപ്പെടുക, സ്വന്തം അഭിപ്രായങ്ങളോട്​ ആരെങ്കിലും വിയോജിപ്പ് പ്രകടിപ്പിക്കുകയോ പ്രവർത്തികൾക്ക്​ ആരെങ്കിലും തടസ്സം നിൽക്കുകയോ ചെയ്താൽ അക്രമാസക്തനാവുകയും വീട്ടുപകരണങ്ങൾ, പാത്രങ്ങൾ, ടെലിവിഷൻ, വസ്​ത്രങ്ങൾ, ചെടികൾ തുടങ്ങിയ വസ്തുക്കൾ നശിപ്പിക്കുകയും ചെയ്യും. മാനിയ ഉള്ളവരുടെ ശാരീരിക ഉന്മേഷം പതിവിലും എത്രയോ ഇരട്ടിയായിരിക്കും. ഇത്തരക്കാർ അടങ്ങിയിരിക്കാതെ എപ്പോഴും ഓരോ പ്രവർത്തികളിൽ ഏർപ്പെട്ടുകൊണ്ടിരിക്കും. ഒന്നും മുഴുമിപ്പിക്കാൻ മെനക്കെടാതെ വേറൊന്നിലേക്ക് ചാടും. കുട്ടികളിൽ ഈ രോഗം അപൂർവമാണെങ്കിലും ഒരു അഞ്ച്​ വയസ്സുകാരി എപ്പോഴും വീട് വൃത്തിയാക്കുന്നതിൽ ഏർപ്പെടുന്നു എന്ന പരാതിയുമായി അവളുടെ മാതാപിതാക്കൾ വന്നത്​ ഓർമ്മയുണ്ട്​. വീട്ടമ്മമാർ  സ്ഥിരമായി പതിവിലും നേരത്തെ എഴുന്നേറ്റ് അടുക്കളപ്പണി ചെയ്യുന്നതും വീടും പരിസരവും വൃത്തിയാക്കുന്നതും രോഗലക്ഷണം തന്നെ. ഇത്തരക്കാർ ഇടവിടാതെ സംസാരിച്ചുകൊണ്ടിരിക്കുകയും സംസാരത്തിൻറെ വേഗതയും മുഴക്കവും കാരണം മറ്റുള്ളവർക്ക് തിരിച്ചെന്തെങ്കിലും പറയാൻ കഴിയാതെവരികയും ചെയ്യും. മാത്രമല്ല മറ്റുള്ളവരുടെ സ്ഥാനമാനങ്ങൾ പരിഗണിക്കാതെയും ബഹുമാനമില്ലതെയും സംസാരിക്കും. പരിചയമില്ലാത്തവരോടും പോലും ഇടിച്ചു കയറി സംസാരിക്കുകയും സ്വന്തം കാര്യങ്ങൾ നിർത്താതെ പറഞ്ഞ്​ മറ്റുള്ളവരെ ദീർഘനേരം ‘കേൾവിക്കാരാക്കി മാറ്റുകയും ചെയ്യുന്നത്​ സാധാരണ കാണുന്ന രോഗലക്ഷണമാണ്​. അറിവില്ലായാത്ത വിഷയങ്ങളിലും പ്രവർത്തനരംഗങ്ങളിലും താൻ അഗ്രഗണ്യൻ ആണെന്ന് അവകാശപ്പെടുകയും അതിനനുസരിച്ച്​ പ്രവർത്തിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതും രോഗലക്ഷണങ്ങൾ തന്നെ. 

ഉദാഹരണമായി ആദ്യം സൂചിപ്പിച്ചപോലെ താൻ ഇന്ത്യൻ പ്രസിഡൻറ്​, വി.ഐ.പി, സെലിബ്രിറ്റി​, സിനിമ നടൻ/നടി​, പാട്ടുകാരൻ, ഡോക്ടർ തുടങ്ങിയ ഉയർന്ന സ്ഥാനത്തിരിക്കുന്ന വ്യക്​തിയാണ്​ എന്ന്​ സ്വയം വിശ്വസിക്കുകയും മറ്റുള്ളവരുടെ മുന്നിൽ ഒരു മടിയുമില്ലാതെ അത്​ അവകാശപ്പെടുകയും ചെയ്യും.

ഈ പ്രശ്നമുള്ള വ്യക്​തികൾ സ്വയം ഡോക്ടറാണ്​ എന്ന്​ വിശ്വസിച്ച്​ മറ്റുള്ളവരെ പരിശോധിക്കാനും ചികിത്സിക്കാനും ശ്രമിക്കാറുണ്ട്​. യാഥാർത്ഥ്യബോധമില്ലാതെയും സ്വന്തം പരിമിതികൾ തിരിച്ചറിയാതെയും  വലിയ വലിയ പദ്ധതികളെ പറ്റി സംസാരിക്കുന്നതും സാധാരണമാണ്​. താൻ ‘ഹൈലൈറ്റ് മാൾ’ വാങ്ങാൻ ആലോചിക്കുന്നു...റെയിൽവെ സ്​റ്റേഷൻ സ്വന്തമാക്കും എന്നെല്ലാം പറയുക എന്നിവ ഉദാഹരണമാണ്​. 
ചിലരാവട്ടെ വകതിരിവില്ലാതെ സാമ്പത്തികവിനിമയങ്ങൾ നടത്തുകയും സാമ്പത്തിക ബാധ്യത വരുത്തിവെക്കുകയും ചെയ്യാറുണ്ട്​. 10 ലക്ഷം വിലയുള്ള സ്വന്തം കാർ മൂന്ന്​ ലക്ഷം മാത്രം വിലയുള്ള കാറുമായി എക്സ്ചേഞ്ച് ചെയ്ത ഒരു രോഗി ചികിത്സക്കായി എത്തിയിരുന്നു. കൂടാതെ നിയന്ത്രണമില്ലാതെ വണ്ടി ഓടിക്കുക, പരിസരബോധം, വിവേചനബുദ്ധി എന്നിവയില്ലാതെ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ശ്രമിക്കുക തുടങ്ങിയവയൊക്കെ ഈ രോഗത്തിൻറെ ലക്ഷണങ്ങളാകാം. ഈ രോഗമുള്ളവർ സ്വഭാവികമല്ലാത്ത രീതിയിൽ ലഹരി ഉപയോഗിക്കുന്നതായും കണ്ടുവരാറുണ്ട്​.

രോഗാവസ്ഥയിൽ അമിതമായ ഭക്തി പ്രകടിപ്പിക്കുകയോ സ്വയം അമാനുഷികനാണ് എന്ന് വിശ്വസിച്ച്​ അവകാശപ്പെടുന്നതായും കാണാറുണ്ട്​. ഇതിനെല്ലാം പുറമെ, വേണ്ടതിലും എത്രയോ അധികം ആവശ്യമില്ലാത്ത സാധനങ്ങൾ കൂടി വാങ്ങി കൂട്ടുക, പതിവിന്​ വിരുദ്ധമായി കൂടുതൽ സമയം കൂടുതൽ മേക്കപ്പ്  ഇടുക, ആഭരണങ്ങളും വസ്​ത്രങ്ങളും സന്ദർഭത്തിന് യോജിക്കാത്ത വിധത്തിൽ ധരിക്കുന്നതും വിരളമല്ല.

സാധാരണമല്ലെങ്കിലും തൻറെ കഴിവ്, സ്വത്ത്, സ്ഥാനമാനം എന്നിവയെ പറ്റിയുള്ള മിഥ്യാധാരണ കാരണം മറ്റുള്ളവർ അസൂയ കൊണ്ട് തന്നെ ഉപദ്രവിക്കും അല്ലെങ്കിൽ കൊല്ലും എന്നൊക്കെയുള്ള സംശയങ്ങളും (Persecutory delusion) ചിലരിൽ കാണാറുണ്ട്. ഇത്തരക്കാർ ഉറക്കക്കുറവായിട്ടാകും അസുഖം തുടങ്ങുക. എന്നാൽ ഉറക്കം ഇല്ല എന്നതിന് പകരം തനിക്ക് ഉറങ്ങേണ്ട ആവശ്യമില്ല അത്രയ്ക്കും ഊർജ്ജസ്വലനാണ് എന്നായിരിക്കും ഇവരുടെ ഭാഷ്യം. രാത്രിയും പകലും ഒരുപോലെ സംസാരവും പ്രവർത്തികളും തുടർച്ചയായി ഉണ്ടാവുക വഴി അപൂർവ്വം ചിലർ കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ ക്ഷീണം കൊണ്ട്​ അവശരായി​ സംസാരിക്കാൻ ശബ്ദം ഇല്ലാത്ത അവസ്ഥയിലും എത്താറുണ്ട്​. ഭക്ഷണകാര്യത്തിൽ ശ്രദ്ധക്കുറവ്​ അല്ലെങ്കിൽ അമിതഭക്ഷണം, അടങ്ങാത്ത ലൈംഗികത എന്നിവയും രോഗത്തിന്റെ ഭാഗമായി കാണാറുണ്ട്.

മാനിയ ഉള്ള ഭൂരിപക്ഷം പേർക്കും ഇത് പൂർണ്ണമായും മാറുകയും അതേസമയം വീണ്ടും വരാനുള്ള സാധ്യതതയും കൂടുതലാണ്​. കൂടാതെ ഇത്തരക്കാരിൽ വിഷാദരോഗവും ഇടവിട്ട് ഉണ്ടാവാറുണ്ട്. ഇതുകൊണ്ടെല്ലാമാണ്​ ഇതിനെ ബൈപോളാർ എഫക്റ്റീവ് ഡിസോഡർ എന്ന് പറയുന്നത്​.

ആർക്കൊക്കെ രോഗം പിടിപെടാം..? 

സാധാരണ 20 നും 30നും വയസ്സിനിടയ്ക്ക് ആണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. അതേസമയം വിഷാദരോഗികളിൽ ഈ അസുഖം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്​ മുപ്പതിനും 40 നും ശേഷമൊക്കെ ആകാം. മാനിയ, മാനിയയുടെ കൂടെ വിഷാദരോഗം എന്നിവയുള്ളവരിൽ അസുഖം ആവർത്തിക്കാനുള്ള സാധ്യതയേറെയാണ്​. പ്രത്യേകിച്ച് പ്രായമേറുമ്പോൾ. സ്ത്രീകളിലും പുരുഷന്മാരിലും ഒരേ അനുപാതത്തിൽ കാണുന്ന ഈ രോഗം പ്രായം കൂടുന്നതിനുസരിച്ച് കൂടുതൽ തവണ ഉണ്ടാകാനും രോഗം പ്രത്യക്ഷപ്പെടുന്ന ഇടവേള കുറയാനും സാധ്യതയുണ്ട്. കുട്ടികളിൽ ഈ രോഗം അപൂർവ്വമാണ്. പ്രായമായവരിൽ ആദ്യമായി ഈ അസുഖ ലക്ഷണങ്ങൾ ​ശ്രദ്ധയിൽപ്പെട്ടാൽ മറ്റ് ശാരീരികമോ മാനസികമോ ആയ രോഗങ്ങളുടെ ഭാഗമായിട്ടാണോ എന്ന്​ പരിശോധിക്കണം.

രോഗകാരണങ്ങൾ 

മറ്റേത് മാനസിക അസുഖത്തിൻറെ കാര്യത്തിലും എന്നതുപോലെ ‘മാനിയ’ക്ക്​ പിന്നിലും ജീവശാസ്ത്രപരമായും സാമൂഹികപരവുമായ കാരണങ്ങൾതന്നെയാണ്​​ ഉണ്ടാവുക. പാരമ്പര്യം, തലച്ചോറിൻറെ പ്രവർത്തനത്തിലുള്ള വ്യതിയാനങ്ങൾ, തലച്ചോറിലെ രാസവസ്തുക്കളുടെ അസംതുലിതാവസ്ഥ, ശരീരത്തിലെ ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ​ എന്നിവയും രോഗത്തിന്​ കാരണമാവം. ഒരാളുടെ വ്യക്തിത്വം, സംഘർഷങ്ങളെ നേരിടാനും അതിജീവിക്കാനുമുള്ള മാനസികമായ പ്രതിരോധരീതി, ചിന്താരീതികൾ എന്നിവയും രോഗത്തിന് കാരണമാകാറുണ്ട്. ലഹരി ഉപയോഗവും ചില ശാരീരിക രോഗങ്ങളും ഇത്തരം രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാം എന്നതുകൊണ്ട് ഓരോ രോഗിക്കും ശാരീരിക പരിശോധന അത്യാവശ്യമാണ്.

ചികിത്സ 

മനോരോഗങ്ങളിൽ അക്രമണ സ്വഭാവം കൂടുതലുള്ള ഒരു രോഗമായതിനാൽ അധികം പേരിലും കിടത്തി ചികിത്സ ആവശ്യമായി വരാറുണ്ട്​. അതുപോലെ വീണ്ടും വിചാരം ഇല്ലാതെ പ്രവർത്തിക്കുന്നതുകൊണ്ട് പലതരം അപകടങ്ങളിലും ചെന്ന് ചാടുകയും വളരെ അപൂർവമായി ആത്മഹത്യ പ്രവണത പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്​. ഇത്തരം സന്ദർഭങ്ങളിൽ രോഗിക്ക്​ മാനസികമായും മറ്റുള്ള രീതിയിലുമുള്ള പിന്തുണ നൽകേണ്ടതുണ്ട്​.  

മറ്റൊരു പ്രധാനകാര്യം രോഗിയോട് എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്നും എന്താണ്  രോഗലക്ഷണങ്ങൾ എന്നുമുള്ള കാര്യങ്ങളെക്കുറിച്ച്​ കുടുംബാംഗങ്ങൾക്ക്​  അറിവുണ്ടായിരിക്കണം.  

രോഗത്തിൽനിന്ന് മുക്തനാകുമ്പോൾ രോഗിക്ക് താൻ ചെയ്ത പ്രവർത്തികളെ കറിച്ച് കുറ്റബോധവും വിഷമവും ഉണ്ടായേക്കാം. ഈ സന്ദർഭത്തിലും രോഗിയെ തെറാപ്പിയിലൂടെയും മറ്റും പിന്തുണക്കേണ്ടതുണ്ട്​. 

പ്രധാനമായും മരുന്നുകൾ ഉപയോഗിച്ചുകൊണ്ടാണ്​ ഈ രോഗം ചികിത്സിക്കുന്നത്​. ഇതിനായി വളരെ ഫലപ്രദമായ മരുന്നുകൾ നിലവിൽ ഉപയോഗിച്ചുവരുന്നുണ്ട്​. രോഗം വളരെ രൂക്ഷമാണെങ്കിൽ, മരുന്നുകളുടെ പ്രവർത്തന ഫലം കാത്തിരിക്കാൻ സമയമില്ലാതിരിക്കെ ഇ.സി.ടി ( shock Treatment) യും വളരെ ഫലം ചെയ്യാറുണ്ട്. 

അതേസമയം രോഗവിമുക്തനായ രോഗിക്ക് നൽകേണ്ട കൗൺസിലിങ്​, തുടർ ചികിത്സ എന്നിവയെക്കുറിച്ച്​  കുടുംബാംഗങ്ങൾക്ക്​ വ്യക്​തമായ ധാരണ ഉണ്ടായിരിക്കണം. ആരോഗ്യകരമായ ജീവിതശൈലി, ലഹരി ഉപയോഗിക്കാതിരിക്കൽ, റിലാക്സേഷൻ ടെക്നിക്കുകൾ, കൃത്യ ഇടവേളകളിൽ പരിശോധന എന്നിവയിലൂടെ ഭൂരിപഷം രോഗികൾക്കും സാധാരണ ജീവിതത്തിലേക്ക്​ തിരിച്ചുവരാൻ കഴിയും.