ഡൽഹിയിൽ കനത്ത പുകമഞ്ഞിനെ തുടർന്ന് വായുമലിനീകരണം 'വളരെ മോശം' വിഭാഗത്തിൽ തുടരുകയാണ്. പല പ്രദേശങ്ങളിലും മലിനീകരണ തോത് 'ഗുരുതരം' എന്ന വിഭാഗത്തിന് തൊട്ടടുത്ത് എത്തിയിരിക്കുകയാണ്. ദീപാവലിക്ക് മുൻപ് തന്നെ വായു ഗുണനിലവാര സൂചിക (AQI) 400 കടന്ന് അതീവ ഗുരുതരാവസ്ഥയിലാണ്. ഇതോടെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും കൂടുന്നുണ്ട്. എന്നാൽ, വായുമലിനീകരണം ശ്വാസകോശത്തെ മാത്രമല്ല ഹൃദയാരോഗ്യത്തെയും സാരമായി ബാധിക്കുമെന്നു പറയുകയാണ് എയിംസ് മുൻ ഡയറക്ടറും പൾമണോളജിസ്റ്റുമായ
ഡോ. രൺദീപ് ഗുലേറിയ.
എൻഡി ടി.വി.യോടു സംസാരിക്കവേയാണ് അദ്ദേഹം ഇതേക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചത്. ശ്വാസകോശ പ്രശ്നങ്ങളുമായി എത്തുന്ന രോഗികളുടെ എണ്ണത്തിൽ ഏകദേശം 20 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നതെന്നും ആരോഗ്യവാന്മാരിൽ പോലും ലക്ഷണങ്ങൾ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. വായു മലിനീകരണം എന്നത് വെറുമൊരു ശ്വാസകോശ സംബന്ധമായ പ്രശ്നം മാത്രമല്ലെന്നും ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു. മലിനമായ വായു ദീർഘനേരം ശ്വസിക്കുന്നത് ഹൃദയത്തെയും ബാധിക്കും. അതിസൂക്ഷ്മ കണികകൾ ശ്വാസകോശത്തിലൂടെ രക്തക്കുഴലുകളിൽ പ്രവേശിക്കുകയും രക്തക്കുഴലുകളിൽ നീർക്കെട്ട് ഉണ്ടാക്കുകയും ചെയ്യും. ഹൃദ്രോഗസാധ്യതയുള്ളവരിൽ ഇത് ഹൃദയാഘാതം പോലെ പെട്ടെന്നുള്ള ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വായുമലിനീകരണവും ഹൃദയാരോഗ്യവും തമ്മിൽ ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന പഠനം അടുത്തിടെ പുറത്തുവന്നിരുന്നു. ടൊറന്റോ സർവ്വകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. മിതമായ വായുമലിനീകരണവുമായി കാലങ്ങളോളം സമ്പർക്കമുള്ളവരുടെ ഹൃദയത്തിലെ രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടാനും അത് പിന്നീട് ഹൃദയാഘാതം പോലുള്ള ഗുരുതരമായ പ്രശ്നങ്ങൾക്കും കാരണമാകുമെന്നാണ് പഠനം പറഞ്ഞത്. റേഡിയോളജി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. പുകവലി, ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ പോലെ ഹൃദ്രോഗങ്ങളുടെ അപകടസാധ്യത കൂട്ടുന്ന ഘടകങ്ങളുടെ കൂട്ടത്തിൽ വായുമലിനീകരണവും ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും പഠനം പറഞ്ഞിരുന്നു. ഹൃദയാരോഗ്യം അപകടത്തിലാകാതിരിക്കാൻ വായുമലിനീകരണം കുറച്ച് വായുവിന്റെ ഗുണമേന്മ മെച്ചപ്പെടുത്താനുള്ള നടപടികൾ കൈക്കൊള്ളേണ്ടത് പ്രധാനമാണെന്നും പഠനം കൂട്ടിച്ചേർത്തു.
വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ) പ്രകാരം പൂജ്യം മുതൽ 50 വരെയാണ് മികച്ച വായുഗുണനിലവാരം എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നത്. 50 മുതൽ 100 വരെയാണ് ഉചിതമായത് അല്ലെങ്കിൽ താരതമ്യേന മോശമല്ലാത്തത് എന്ന വിഭാഗത്തിൽ. 100 മുതൽ 200 വരെയാണ് മോശം അവസ്ഥ. 200 മുതൽ 300 വരെ അപകടകരമായ അവസ്ഥയാണ്. 300 മുതൽ 400 വരെയുള്ളത് മലിനീകരണം രൂക്ഷമായ വിഭാഗത്തിൽപ്പെടുന്നു. എന്നാൽ, 400 മുതൽ മുകളിലേയ്ക്കുള്ളത് അതീവ ഗുരുതരമായതും മനുഷ്യ ജീവനുതന്നെ അപകടമുള്ളതുമാണ്.
ദീപാവലിക്കും ഛാട്ട് പൂജയ്ക്കും ശേഷം വായുമലിനീകരണം വർധിക്കുകയാണെങ്കിൽ ക്ലൗഡ് സീഡിങ് വഴി കൃത്രിമമഴ പെയ്യിക്കാൻ ഡൽഹി സർക്കാർ പദ്ധതിയിടുന്നുണ്ട്.
ശ്രദ്ധിക്കേണ്ട പ്രാരംഭ ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?
ഹൃദ്രോഗം പോലെ ജീവിതശൈലി പ്രശ്നങ്ങൾ കൊണ്ടുണ്ടാകുന്ന മിക്ക രോഗങ്ങളും വളരെ സാവധാനത്തിൽ ഗുരുതരമായിത്തീരുകയാണ് ചെയ്യുന്നത്. ഹൃദയധമനികളിൽ കൊഴുപ്പ് സാവധാനം അടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുവാൻ പത്തോ ഇരുപതോ ചിലപ്പോൾ അതിലധികമോ വർഷങ്ങൾ തന്നെ എടുത്തേക്കാം. ചിലപ്പോൾ 20 അല്ലെങ്കിൽ 25 വയസ്സിൽ ആയിരിക്കും രോഗാവസ്ഥയുടെ ആദ്യപടികൾ ശരീരത്തിൽ കണ്ടു തുടങ്ങുന്നത്. പക്ഷേ ഈ സമയത്ത് ഇത് യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും സാധാരണമായി കാണിക്കാറില്ല.
പ്രാഥമിക പരിശോധനയിൽനിന്ന് ഹൃദ്രോഗ സാധ്യതകൾ തിരിച്ചറിയാൻ പോലും യഥാർഥത്തിൽ കഴിയുകയില്ല. എന്നാൽ ഏതാനും വർഷങ്ങൾ കഴിയുമ്പോഴേക്കും ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. ഈ ലക്ഷണങ്ങളെയും ചിലപ്പോൾ നമുക്ക് തിരിച്ചറിയാൻ സാധിക്കാതെ വരാറുണ്ട്. വളരെ ക്ലാസിക്കൽ ആയ ഹൃദ്രോഗ ലക്ഷണങ്ങൾ (Typical Symptoms) ആരംഭിക്കുമ്പോൾ മാത്രമാണ് അതൊരു ഹൃദ്രോഗ സൂചനയായി പലപ്പോഴും നാം തിരിച്ചറിയുന്നത്. നടക്കുമ്പോൾ ശക്തമായ കിതപ്പ്, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോൾ അനുഭവപ്പെടുന്ന നെഞ്ചുവേദന എന്നിവ സാധാരണമായി ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളായി കരുതപ്പെടുന്നു.
എന്നാൽ, ഇതിനു മുമ്പേ ഹൃദ്രോഗസാധ്യത സംശയിക്കേണ്ട ചില സൂചനകൾ തിരിച്ചറിയപ്പെടേണ്ടതുണ്ട്. അമിതമായ ക്ഷീണം, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ ഇടതുകൈയിൽ ഉണ്ടാകുന്ന കടച്ചിൽ, അമിതമായ വിയർപ്പ്, കഴുത്ത് പിടിച്ചുമുറുക്കുന്നത് പോലെയുള്ള വേദന, അധ്വാനം ചെയ്യുമ്പോൾ ഉണ്ടാകുന്ന കണ്ണിൽ ഇരുട്ടുമൂടൽ അല്ലെങ്കിൽ ബോധക്കേട് എന്നിവ ഹൃദ്രോഗത്തിന്റെ വിദൂര സൂചനകളായി മനസ്സിലാക്കേണ്ടതുണ്ട്. ഭാരപ്പെട്ട ജോലികൾ ചെയ്യുമ്പോൾ നെഞ്ചിൽ പതിവായി അസ്വസ്ഥത ഉണ്ടാകുകയും വിശ്രമിക്കുമ്പോൾ വേദനയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നവർ തീർച്ചയായും വൈദ്യോപദേശം തേടേണ്ടതാണ്. നെഞ്ചരിച്ചിൽ പ്രശ്നങ്ങളായോ ഗ്യാസിന്റെ ബുദ്ധിമുട്ടായോ അവയെ അവഗണിക്കരുത്.
Content Highlights: Delhi's air pollution reaches AQI 400, posing severe health risks, including increased heart attack chances.
Published: 08 Nov 2026, 12:01 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented