ശരീരത്തിൽ ഒരുനിമിഷം പോലും വിശ്രമിക്കാതെ പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആവശ്യമായ രക്തം പമ്പ് ചെയ്യുന്നത് ഹൃദയമാണ്. ഹൃദയത്തിന് മികച്ചരീതിയിൽ പ്രവർത്തിക്കാൻ പോഷകങ്ങളും ഓക്‌സിജൻ അടങ്ങിയ രക്തവും ആവശ്യമാണ്. ഇത്തരത്തിൽ ഓക്‌സിജൻ സമ്പുഷ്ടമായ രക്തം ഹൃദയത്തിലേക്ക് എത്തിക്കുന്ന രക്തക്കുഴലിൽ എന്തെങ്കിലും കാരണങ്ങളാൽ തടസ്സങ്ങളുണ്ടാകുമ്പോൾ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറഞ്ഞുതുടങ്ങും.

To advertise here,

ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതുമൂലം ആവശ്യത്തിന് ഓക്സിജൻ ലഭിക്കാതെ ഹൃദയപേശികൾക്ക് നാശമുണ്ടാകുന്ന അവസ്ഥയാണ് ഹാർട്ട് അറ്റാക്ക്. രക്തപ്രവാഹം എത്രത്തോളം തടസ്സപ്പെടുന്നു എന്നതിന് അനുസരിച്ചാണ് ഹൃദയപേശികൾക്ക് എത്ര നാശം ഉണ്ടാകുന്നു എന്ന് മനസ്സിലാക്കുന്നത്. ഇതാണ് ഹാർട്ട് അറ്റാക്കിന്റെ തീവ്രതയുടെ അടിസ്ഥാനം. ഹാർട്ട് അറ്റാക്ക് ഉണ്ടായാലും ഹൃദയം പ്രവർത്തിക്കുന്നുണ്ടാകും. എന്നാൽ ഹൃദയത്തിൽ ആവശ്യത്തിന് രക്തമെത്താത്ത ഭാഗത്തെ പേശികൾ നശിച്ചുകൊണ്ടിരിക്കും. നെഞ്ചുവേദന, നെഞ്ചിൽ അസ്വസ്ഥത, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, വിയർപ്പ്, ഓക്കാനം ഇടത് കൈയിലേക്ക് വേദന വ്യാപിക്കൽ എന്നിവയാണ് ഹാർട്ട് അറ്റാക്കിന്റെ പൊതുവായ ലക്ഷണങ്ങൾ. ഈ സമയത്ത് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകേണ്ടതുണ്ട്.

കൊഴുപ്പടിഞ്ഞ് രക്തക്കുഴൽ തടസ്സപ്പെടുമ്പോൾ

ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്നതിന്റെ പ്രധാനകാരണം അതിറോസ്‌ക്ലിറോസിസ് എന്ന അവസ്ഥയാണ്. ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന പ്രധാനപ്പെട്ട ധമനിയാണ് കൊറോണറി ധമനി. ഇതിൽ കൊഴുപ്പും കൊളസ്ട്രോളും മറ്റ് വസ്തുക്കളുംചേർന്ന് പ്ലാക്ക് രൂപപ്പെടുന്നു. ഈ പ്ലാക്കുമൂലം രക്തക്കുഴലുകൾ അടയുമ്പോഴാണ് ഹൃദയത്തിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നത്. പതിയെപ്പതിയെയാണ് രക്തക്കുഴലിൽ ഇത്തരത്തിൽ പ്ലാക്ക് രൂപപ്പെടുന്നത്. അതിനാൽ പെട്ടെന്ന് ഈ പ്രശ്‌നം തിരിച്ചറിയാൻ സാധിക്കില്ല.

ഹൃദയധമനിയിൽ തടസ്സങ്ങൾ രൂപപ്പെട്ടാലും ആദ്യം ഇത് അറിയണമെന്നില്ല. കാരണം, ധമനിയിൽ പ്ലാക്ക് ഉണ്ടെങ്കിലും രക്തമൊഴുക്ക് പൂർണമായും തടസ്സപ്പെടാറില്ല. രക്തമൊഴുക്ക് 70 ശതമാനത്തോളം തടസ്സപ്പെടുമ്പോൾ ഹൃദയപേശികൾക്ക് ചുരുക്കവും വേദനയും അനുഭവപ്പെടാൻ തുടങ്ങുന്നു. സമീപത്തുള്ള പേശികൾക്ക് ആവശ്യത്തിന് ഓക്സിജൻ ലഭിക്കുന്നില്ല എന്നതാണ് ഇതിന്റെ കാരണം. രക്തവിതരണം പുനഃസ്ഥാപിക്കാൻ വേണ്ടിവരുന്ന സമയം വർധിക്കുന്നതിന് അനുസരിച്ച് ഹൃദയപേശികളുടെ നാശവും കൂടി വരും. എത്ര കുറച്ച് പേശികൾക്ക് നാശമുണ്ടായാലും അത് ഹാർട്ട് അറ്റാക്ക് എന്നാണ് അറിയപ്പെടുന്നത്. വലിയ തോതിൽ പേശികൾ നശിക്കുമ്പോൾ അതിനെ മേജർ ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നു.

അനിയന്ത്രിതമായ പ്രമേഹം, അമിത ബി.പി., കൊളസ്‌ട്രോൾ വ്യതിയാനങ്ങൾ, വ്യായാമക്കുറവ്, സ്‌ട്രെസ്സ്, പുകവലി, ജനിതകപരമായ കാരണങ്ങൾ എന്നിവയെല്ലാം രക്തക്കുഴലിൽ ബ്ലോക്കുണ്ടാക്കുന്ന ഘടകങ്ങളാണ്.

തടസ്സപ്പെട്ട രക്തധമനി ഹൃദയത്തിന്റെ എത്രത്തോളം ഭാഗത്തേക്ക് രക്തവിതരണം നടത്തുന്നുണ്ട്, രക്തവിതരണം തടസ്സപ്പെട്ടതുമുതൽ ചികിത്സ ലഭിക്കുന്നതുവരെയുള്ള സമയം എത്രയാണ് എന്നതിന് അനുസരിച്ചാണ് ഹൃദയപേശികൾക്ക് എത്രമാത്രം നാശം സംഭവിച്ചുവെന്ന് തീരുമാനിക്കുന്നത്.

ചികിത്സ എത്രയുംവേഗം

തടസ്സമുണ്ടായ രക്തക്കുഴലിൽ രക്തയോട്ടം എത്രയുംപെട്ടെന്ന് പുനഃസ്ഥാപിക്കുക എന്നതാണ് ചികിത്സയുടെ ലക്ഷ്യം. പരമാവധി ഒരു മണിക്കൂറിനകം രക്തയോട്ടം പുനഃസ്ഥാപിക്കണം. എത്രയുംവേഗത്തിൽ എന്നാണ് അർഥമാക്കുന്നത്. ആദ്യഘട്ടത്തിൽ മരുന്നും ഇഞ്ചക്ഷനും നൽകിയാൽ രക്തക്കട്ട അലിയിക്കാനാകുമോയെന്ന് ഡോക്ടർ വിലയിരുത്തും. ഇതിന് അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുക. രക്തക്കട്ട അലിയിക്കാനുള്ള മരുന്നുകളും ഇഞ്ചക്ഷനുകളും അടങ്ങുന്നതാണ് ത്രോംബോലൈറ്റിക് തെറാപ്പി. ബ്ലോക്ക് നീക്കാനുള്ള മരുന്ന് ചികിത്സ ഫലിക്കാതെവരുമ്പോഴോ വലിയതോതിൽ ബ്ലോക്ക് ഉണ്ടാകുമ്പോഴോ ആൻജിയോപ്ലാസ്റ്റി ചെയ്യാൻ നിർദേശിക്കും. രോഗി എത്തിയ ആശുപത്രിയിൽ ആൻജിയോപ്ലാസ്റ്റിക്കുള്ള സൗകര്യം ഇല്ലെങ്കിൽ രക്തക്കട്ട അലിയിക്കാനുള്ള ചികിത്സനൽകി ആൻജിയോപ്ലാസ്റ്റി സൗകര്യമുള്ള ആശുപത്രിയിലേക്ക് എത്തിക്കാൻ നിർദേശിക്കും. എല്ലാ ബ്ലോക്കുകളും നീക്കാൻ ആൻജിയോപ്ലാസ്റ്റിയുടെ ആവശ്യമില്ല. ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ നിലയ്ക്കുന്ന തരത്തിലുള്ള തടസ്സങ്ങളാണ് ആൻജിയോപ്ലാസ്റ്റിയിലൂടെ നീക്കംചെയ്യുക. ഹാർട്ട് അറ്റാക്ക് ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാൻ ഇത് സഹായിക്കും. ബ്ലോക്കിന്റെ എണ്ണമല്ല തീവ്രതയാണ് ആൻജിയോപ്ലാസ്റ്റിചെയ്യാനുള്ള മാനദണ്ഡം. സ്‌ട്രോക്കുംമറ്റും ബാധിച്ച രോഗികൾക്കും ആൻജിയോപ്ലാസ്റ്റി സുരക്ഷിതമാണ്. എന്നാൽ വൃക്കരോഗികൾ, ഡയാലിസിസ് ചെയ്യുന്നവർ, ആൻജിയോഗ്രാമിന് ഉപയോഗിക്കുന്ന ഡൈ അലർജിയുള്ളവർ എന്നിവർക്ക് രക്തക്കട്ടയെ അലിയിക്കാനുള്ള മരുന്നുകളാണ് നൽകുക.

പ്രൈമറി ആൻജിയോപ്ലാസ്റ്റി

ഒരാൾക്ക് ഹാർട്ട് അറ്റാക്ക് ഉണ്ടായി ആശുപത്രിയിലെത്തിയാൽ രക്തക്കുഴലിലെ തടസ്സം മാറ്റാൻ ഉടൻ ചെയ്യുന്നതാണ് പ്രൈമറി ആൻജിയോപ്ലാസ്റ്റി. അതായത് ഹാർട്ട് അറ്റാക്ക് ഉണ്ടായസമയത്ത് ചെയ്യുന്ന ആൻജിയോപ്ലാസ്റ്റിയാണിത്. കൊറോണറി ധമനിയിലെ രക്തക്കട്ട അലിയിക്കാൻ ത്രോംബോലൈറ്റിക് മരുന്നുകൾ കൊടുക്കാതെ അതിനുപകരം ബ്ലോക്ക് നീക്കാൻ നേരിട്ട് ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതിനെയാണ് പ്രൈമറി ആൻജിയോപ്ലാസ്റ്റി എന്ന് പറയുന്നത്. ഇതിന്റെ ഭാഗമായി രക്തക്കുഴലിൽ ബലൂൺ കയറ്റി അത് വികസിപ്പിച്ച് രക്തമൊഴുക്ക് വീണ്ടെടുക്കുന്നതിനൊപ്പം രക്തക്കട്ട വലിച്ചെടുക്കാൻ പ്രത്യേക ട്യൂബുകൾ (ത്രോംബെക്ടമി ഡിവൈസ്) ഉപയോഗിക്കും. തുടർന്ന് രക്തക്കുഴലിലേക്ക് വീണ്ടും ഡൈ കടത്തിവിട്ട് പരിശോധിച്ച് ബ്ലോക്ക് നീക്കിയ ഭാഗത്ത് മെഡിക്കേറ്റഡ് സ്റ്റെന്റ് ഇടുകയുംചെയ്യും. ബ്ലോക്ക് പൂർണമായും നീങ്ങിയോ ഇല്ലയോ എന്ന് ആൻജിയോപ്ലാസ്റ്റിയിലൂടെ വിലയിരുത്താൻ സാധിക്കുമെന്നത് ഇതിന്റെ മെച്ചമാണ്. മരുന്നു ചികിത്സയെക്കാളും കൂടുതൽ ഫലപ്രദമാണ് ആൻജിയോപ്ലാസ്റ്റി. ഇൻട്രാവാസ്‌കുലാർ അൾട്രാസൗണ്ട് വഴി രക്തക്കുഴലുകളുടെ ഉൾവശം ഇമേജിങ് ചെയ്യാൻ ഇപ്പോൾ സാധിക്കുന്നുണ്ട്.

ശരീരത്തിലെ ഏതൊരു രക്തക്കുഴലിലും ഉണ്ടാകുന്ന ബ്ലോക്കുകൾ നീക്കം ചെയ്യാനുള്ള സംവിധാനമാണ് പെരിഫെറൽ ആൻജിയോപ്ലാസ്റ്റി. ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന കൊറോണറി ധമനികളിലുണ്ടാകുന്ന തടസ്സങ്ങൾ നീക്കാൻവേണ്ടിച്ചെയ്യുന്ന ആൻജിയോപ്ലാസ്റ്റിയാണ് കൊറോണറി ആൻജിയോപ്ലാസ്റ്റി. മസ്തിഷ്‌കത്തിലേക്ക് രക്തമെത്തിക്കുന്ന രക്തക്കുഴലിലുണ്ടാകുന്ന ബ്ലോക്ക് നീക്കം ചെയ്യുന്ന ആൻജിയോപ്ലാസ്റ്റിയാണ് കരോട്ടിഡ് ആൻജിയോപ്ലാസ്റ്റി.

ബ്ലോക്കിന്റെ തീവ്രതയറിയാൻ ആൻജിയോഗ്രാം

ആൻജിയോഗ്രാം ചെയ്താൽ രക്തക്കുഴലിലെ ബ്ലോക്കിന്റെ യഥാർഥ ചിത്രം ലഭിക്കും. എവിടെയൊക്കെ ബ്ലോക്കുണ്ട്, എത്രമാത്രം തീവ്രതയുള്ളതാണ് ഈ ബ്ലോക്ക് എന്നിവ ഇതിൽനിന്നും തിരിച്ചറിയാനാകും. ആൻജിയോഗ്രാം റിപ്പോർട്ടിന് അനുസരിച്ചാണ് ആൻജിയോപ്ലാസ്റ്റി ചെയ്യുന്നത്. കൈത്തണ്ടയിലെ റേഡിയൽ ധമനി, അൾനാർ ധമനി, തുടയിലെ ഫീമറൽ ധമനി എന്നിവയാണ് ആൻജിയോഗ്രാം ചെയ്യാനായി തിരഞ്ഞെടുക്കുന്നത്. ഇവയിൽ ഏതെങ്കിലും ഒന്നിലൂടെ അകം പൊള്ളയായ കത്തീറ്റർ എന്ന ട്യൂബ് കടത്തും. ഇതുവഴി കൊറോണറി ധമനി, ഹൃദയത്തിന്റെ ഇടത്തേ അറ എന്നിവിടങ്ങളിലേക്കെത്താനാകും. ധമനിയിലേക്ക് കത്തീറ്റർ കടത്തിയ ശേഷം ഒരു പ്രത്യേക ഡൈ കൊറോണറി ധമനിയിലേക്ക് കടത്തിവിടും. ഇതുവഴി രക്തക്കുഴലിലെ ബ്ലോക്കിന്റെ അവസ്ഥ കൃത്യമായി മനസ്സിലാക്കാനാകും. ഈ റിപ്പോർട്ട് വിശകലനംചെയ്താണ് ആൻജിയോപ്ലാസ്റ്റി എപ്രകാരം ചെയ്യണമെന്ന് തീരുമാനിക്കുക.

ആൻജിയോപ്ലാസ്റ്റി ചെയ്യുന്നത് ഇങ്ങനെ

ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതിന് മുൻപായി ലോക്കൽ അനസ്തീഷ്യ നൽകും. സാധാരണമായി 30 മുതൽ 45 മിനിറ്റ് വരെയാണ് വേണ്ടിവരാറുള്ളത്. എന്നാൽ ബ്ലോക്ക് കൂടുതലുണ്ടെങ്കിലും അതിന്റെ കാഠിന്യം കൂടുതലാണെങ്കിലും അതിനനുസരിച്ച് സമയം കൂടുതൽ വേണ്ടിവരും. ആൻജിയോഗ്രാം ചെയ്യുന്നതുപോലെ ഒരു കത്തീറ്റർ കൈത്തണ്ടയിലെ റേഡിയൽ ധമനി, തുടയിലെ ഫീമറൽ ധമനി എന്നിവയിൽ ഏതെങ്കിലും ഒന്നിലൂടെ കടത്തിവിട്ട് ഒരു നേർത്ത ബലൂൺ രക്തക്കുഴലിലെ ബ്ലോക്കിലേക്ക് എത്തിച്ച് വികസിപ്പിക്കും. ഇങ്ങനെ രക്തക്കുഴൽ വികസിക്കുമ്പോൾ അവിടെ മരുന്നുപുരട്ടിയ സ്റ്റെന്റ് ഇടും. ഇതോടെ ഇതുവഴിയുള്ള രക്തപ്രവാഹം സുഗമമാകും. സ്റ്റെന്റിൽ കോശങ്ങളും മറ്റും അടിഞ്ഞ് വീണ്ടും ബ്ലോക്കുണ്ടാകാതിരിക്കാനാണ് മെഡിക്കേറ്റഡ് സ്റ്റെന്റ് ഉപയോഗിക്കുന്നത്. ഈ മരുന്ന് സ്റ്റെന്റിൽനിന്ന് പുറത്തേക്ക് വരുമെന്നതിനാൽ അവിടത്തെ കോശങ്ങൾ അമിതമായി വളർന്ന് സ്റ്റെന്റിൽ അടിയുന്നത് തടയും.

ആൻജിയോപ്ലാസ്റ്റി ചെയ്തതിന് ശേഷം

ആൻജിയോപ്ലാസ്റ്റി ചെയ്ത് രോഗിയുടെ ആരോഗ്യാവസ്ഥയ്ക്കനുസരിച്ച് രണ്ടോ മൂന്നോദിവസം ആശുപത്രിയിൽ കിടക്കേണ്ടിവരും. ഹൃദയത്തിന്റെ പമ്പിങ് ക്ഷമത എത്രത്തോളമുണ്ടെന്ന് കണ്ടെത്തും. ഇതിനുശേഷം എത്രത്തോളം സ്ട്രെയിൻചെയ്യാം എന്ന് മനസ്സിലാക്കും. ഇതിന് അനുസരിച്ചാണ് രോഗികൾ എന്തൊക്കെ കാര്യങ്ങൾചെയ്യണം, പാടില്ല എന്ന് നിർദേശിക്കുന്നത്.

ആൻജിയോപ്ലാസ്റ്റിക്ക് ശേഷം ഏകദേശം മൂന്നോ നാലോ ആഴ്ചകൾക്കുള്ളിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താം.

ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ മുടങ്ങാതെ കഴിക്കണം.

ഹാർട്ട് അറ്റാക്ക് വന്നവർക്ക് അതിനനുസരിച്ചുള്ള ഭക്ഷണക്രമീകരണം, വ്യായാമം എന്നിവ ആവശ്യമാണ്.

ആൻജിയോപ്ലാസ്റ്റിക്ക് ശേഷം ആരോഗ്യകരമായ ജീവിതശൈലി പാലിക്കാൻ ശ്രദ്ധിക്കണം. പുകവലി നിർബന്ധമായും ഒഴിവാക്കണം.

ദിവസം 30 മിനിറ്റ് എന്ന തോതിൽ ആഴ്ചയിൽ അഞ്ചു ദിവസം വ്യായാമം ചെയ്യണം. ഹൈ ഇന്റൻസിറ്റി വ്യായാമങ്ങൾ (തീവ്രത കൂടിയ വ്യായാമങ്ങൾ) ചെയ്യരുത്. ജോഗിങ്, നടത്തം പോലുള്ളവയാണ് ചെയ്യേണ്ടത്.

ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കണം. പ്രോട്ടീൻ ആവശ്യത്തിന് കഴിക്കേണ്ടതുണ്ട്. മത്സ്യം, കോഴിയിറച്ചി എന്നിവ കഴിക്കാം.

അമിതഭാരവും വണ്ണവും ഉള്ളവർ അത് കുറയ്ക്കണം. ഉപ്പിന്റെ അളവും കുറയ്ക്കണം.

പ്രമേഹംപോലെ മറ്റെന്തെങ്കിലും രോഗാവസ്ഥകൾ ഉള്ളവർ അതിനനുസരിച്ച് ഭക്ഷണക്രമീകരണം നടത്തണം.

ഹാർട്ട് അറ്റാക്ക് ഉണ്ടാകുമ്പോൾ

ഒരാൾക്ക് നെഞ്ചുവേദനയുൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതയുണ്ടാകുമ്പോൾ വൈകാതെ ആശുപത്രിയിലെത്തിക്കണം. ഈ സമയത്ത് രോഗിയുടെ ലക്ഷണങ്ങൾ വിലയിരുത്തി ഹാർട്ട് അറ്റാക്ക് സാധ്യതയുണ്ടോയെന്ന് ഡോക്ടർമാർ വിലയിരുത്തും.

ബി.പി, പൾസ്, ഓക്‌സിജൻ നില പോലുള്ള അടിസ്ഥാനകാര്യങ്ങൾ ആദ്യം പരിശോധിക്കും. തുടർന്ന് ഹാർട്ട് അറ്റാക്ക് സാധ്യത നിർണയിക്കാൻ ഇസിജി എടുക്കും. ഒപ്പം രക്തപരിശോധനനടത്തി അതിൽ ട്രോപ്പോണിൻ എന്ന ഘടകത്തിന്റെ അളവ് നോക്കും.

ഇസിജിയിലെ വ്യതിയാനങ്ങളും ട്രോപ്പോണിൻ ഘടകം കൂടിയ അളവിൽ കാണുന്നതും ഹാർട്ട് അറ്റാക്കിന്റെ ലക്ഷണങ്ങളാണ്. ആൻജിയോഗ്രാം ചെയ്ത് ബ്ലോക്ക് വന്ന ഭാഗവും തീവ്രതയും മനസ്സിലാക്കും. തുടർന്നാണ് പ്രൈമറി ആൻജിയോപ്ലാസ്റ്റി ചെയ്യുക.

ചില ആളുകളിൽ രക്തക്കുഴലുകളിൽ തടസ്സമുണ്ടാകും. എന്നാൽ ഹാർട്ട് അറ്റാക്ക് ഉണ്ടാവില്ല. ഇത്തരം ആളുകളിൽ പ്രൈമറി ആൻജിയോപ്ലാസ്റ്റിയുടെ ആവശ്യമില്ല. പകരം ഡോക്ടറുടെ നിർദേശമനുസരിച്ച് പ്ലാൻചെയ്ത് ആൻജിയോപ്ലാസ്റ്റി ചെയ്താൽ മതി.

ആൻജിയോപ്ലാസ്റ്റിയിലെ ആധുനിക സംവിധാനങ്ങൾ

ആൻജിയോപ്ലാസ്റ്റിയുടെ ഫലം മെച്ചപ്പെടുത്താൻ ചില ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. അവ ഇവയാണ്.

ഇൻട്രാ വാസ്‌കുലാർ അൾട്രാസൗണ്ട്, ഒപ്റ്റിക്കൽ

കൊഹറൻസ് ടോമോഗ്രാഫി

ഇപ്പോൾ ഇമേജ് ഗൈഡഡ് രീതിയിലാണ് ആൻജിയോപ്ലാസ്റ്റി ചെയ്യുന്നത്. ഇതിനായി ഇൻട്രാ വാസ്‌കുലാർ അൾട്രാസൗണ്ട്, ഒപ്റ്റിക്കൽ കൊഹറൻസ് ടോമോഗ്രാഫ് എന്നീ രണ്ട് ഇമേജിങ് ടെക്നോളജികളാണ് ഉപയോഗിക്കുന്നത്. രക്തക്കുഴലിന്റെ വലുപ്പം കൃത്യമായി അറിഞ്ഞ് അതിനനുസരിച്ച് സ്റ്റെന്റ് കൂടുതൽ വികസിപ്പിക്കാൻ ഇത് സഹായിക്കും. ഫലപ്രദമായ രീതിയിൽ ആൻജിയോപ്ലാസ്റ്റി ചെയ്യാൻ ഇത് സഹായിക്കും.

ഫ്രാക്ഷണൽ ഫ്‌ളോ റിസർവ്

ഹൃദയത്തിലേക്കുള്ള രക്തക്കുഴലിന് 70 ശതമാനത്തിലേറെ തടസ്സമുണ്ടെങ്കിലാണ് പൊതുവേ ആൻജിയോപ്ലാസ്റ്റി ചെയ്യുന്നത്. രക്തക്കുഴലിൽ ബ്ലോക്കുണ്ടാകുമ്പോൾ ആ രക്തക്കുഴലിലൂടെ രക്തമെത്തുന്ന ഭാഗത്ത് എന്താണ് സംഭവിക്കുന്നത് എന്നറിയാൻ പരിശോധന നടത്താറുണ്ട്. ഇതാണ് ഫ്രാക്ഷണൽ ഫ്‌ളോ റിസർവ് (എഫ് എഫ് ആർ). ബ്ലോക്ക് മൂലം എന്തൊക്കെ പ്രശ്‌നങ്ങൾ ഉണ്ടാകുന്നുവെന്ന് ഇതുവഴി അറിയാം. ഈ ബ്ലോക്ക് നീക്കിയാൽ ഗുണമുണ്ടെന്ന് മനസ്സിലാക്കിയാലേ ആൻജിയോപ്ലാസ്റ്റി ചെയ്യേണ്ടതുള്ളൂ.

റൊട്ടേഷണൽ അത്‌റക്ടമി

ആൻജിയോപ്ലാസ്റ്റി ചെയ്യുമ്പോൾ രക്തക്കുഴലിനുള്ളിൽ ബലൂൺ വികസിപ്പിച്ചാണ് ബ്ലോക്ക് നീക്കുക. എന്നാൽ ചിലരിൽ ബ്ലോക്കിൽ കാത്സ്യം അടിഞ്ഞുകൂടിയതിന്റെ അളവ് കൂടുതലാണെങ്കിൽ കട്ടിയേറിയ ബ്ലോക്കുണ്ടാകും. അപ്പോൾ ബലൂൺ വികസിപ്പിക്കാൻ (ബലൂൺ ഡയലറ്റേഷൻ) വഴി ബ്ലോക്ക് നീക്കാനാവില്ല. അപ്പോൾ ഉയർന്ന മർദം നൽകി ആ കാത്സ്യം ബ്ലോക്ക് പൊട്ടിച്ചെടുക്കണം. എന്നിട്ടും സാധിക്കാതെ വരുമ്പോഴാണ് റൊട്ടേഷണൽ അത്‌റക്ടമി ഉപയോഗിക്കുന്നത്. ഒരു മിനിറ്റിൽ 1.6 ലക്ഷം മുതൽ 1.8 ലക്ഷം വരെ റൊട്ടേഷനുകളാണ് ഇതിന് ഉണ്ടാവുക. ഇത്രയും ഉയർന്ന വേഗത്തിൽ പ്രവർത്തിച്ച് കാത്സ്യം

ബ്ലോക്കിനെ വളരെച്ചെറിയ തരികളായി പൊട്ടിക്കും. ഈ തരികളെ ശരീരം ആഗിരണം ചെയ്യും.

ഇൻട്രാവാസ്‌കുലാർ ലിത്തോട്രെപ്‌സി

കാത്സ്യം അടിഞ്ഞതിന്റെ തോത് വളരെ ഉയർന്ന അളവിലാണെങ്കിൽ റൊട്ടേഷണൽ അത്‌റക്ടമിവഴിയും നീക്കം ചെയ്യാൻ സാധിക്കാത്ത അവസ്ഥയുണ്ടാകും. ഈ സാഹചര്യത്തിലാണ് ഇൻട്രാവാസ്‌കുലാർ ലിത്തോട്രെപ്‌സി ചെയ്യുന്നത്. ഈ സംവിധാനത്തിൽ രക്തക്കുഴലിൽ ബ്ലോക്കുള്ള ഭാഗത്ത് പ്രത്യേകതരം ബലൂൺവെച്ച് ലിത്തോട്രെപ്‌സിയിലെ ക്രിസ്റ്റൽ എനർജി അവിടേക്ക് പതിപ്പിക്കും. അപ്പോൾ ആ ബ്ലോക്കിലെ കാത്സ്യം മൃദുവാകുകയും നീക്കം ചെയ്യാൻ എളുപ്പമാവുകയും ചെയ്യും. വൃക്കയിലെ കല്ലുകൾ പൊടിച്ചുകളയുന്നതുപോലെയാണ് ഇത് പ്രവർത്തിക്കുന്നത്.

ലേസർ ആൻജിയോപ്ലാസ്റ്റി

ലേസർ വികിരണങ്ങൾ ഉപയോഗിച്ച് ആൻജിയോപ്ലാസ്റ്റിചെയ്യുന്ന രീതിയാണിത്. കട്ടിയേറിയ കാത്സ്യം ബ്ലോക്കുകൾ ഉണ്ടെങ്കിലാണ് ഈ രീതി ഉപയോഗിക്കുന്നത്. ലേസർ ഘടിപ്പിച്ച കത്തീറ്റർ രക്തക്കുഴലിലേക്ക് കടത്തി കാത്സ്യം ബ്ലോക്കുകളെ പൊട്ടിച്ചെടുക്കുകയാണ് ചെയ്യുന്നത്.

കോഴിക്കോട് മൈഹാർട്ട് സെന്റർ ഫോർ കാർഡിയാക് &വാസ്‌കുലാർ കെയർ സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ആണ് ലേഖകൻ.

ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്