മയക്കാനുള്ള ഒരു കുത്തിവെപ്പ് നൽകിയ ശേഷം ഡോക്ടർ അവിടെ നിന്നും പോകുന്നു... അനസ്തേഷ്യയെക്കുറിച്ച് പൊതുസമൂഹത്തിൽ നിലനിൽക്കുന്ന ഏറ്റവും വലിയ തെറ്റിദ്ധാരണകളിൽ ഒന്നാണിത്. ഒരു ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാകുന്നതിന് പിന്നിൽ സർജൻ്റെ വൈദഗ്ദ്ധ്യത്തോളം തന്നെ പ്രാധാന്യമുണ്ട് അനസ്തേഷ്യോളജിസ്റ്റിന്റെ സേവനത്തിനും. ശസ്ത്രക്രിയയിലൂടെ രോഗം ഭേദമാക്കി രോഗിയുടെ ജീവൻ സുരക്ഷിതമായി നിലനിർത്തുന്നത് സർജനും അനസ്തേഷ്യോളജിസ്റ്റും ഒത്തുചേർന്ന മെഡിക്കൽ സംഘമാണ്. ഓപ്പറേഷൻ തിയേറ്ററിലെ അദൃശ്യനായ ഈ കാവൽക്കാരന്റെ യഥാർഥ ചുമതലകൾ എന്തൊക്കെയെന്ന് വിശദമായി മനസ്സിലാക്കാം.

To advertise here,

ശസ്ത്രക്രിയയ്ക്ക് മുൻപുള്ള വിലയിരുത്തൽ

ശസ്ത്രക്രിയയുടെ അന്ന് മാത്രമല്ല ഒരു അനസ്തേഷ്യ ഡോക്ടറുടെ ജോലി ആരംഭിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് തന്നെ രോഗിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യാവസ്ഥ വിലയിരുത്തുന്ന പ്രീ-അനസ്തേഷ്യ ചെക്കപ്പിലൂടെയാണ് (Pre-Anesthesia Checkup) ആദ്യഘട്ടം തുടക്കം കുറിക്കുന്നത്. ഈ ഘട്ടത്തിൽ രോഗിയുടെ മുൻകാല ചികിത്സാ ചരിത്രം, ഹൃദയ-ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, മറ്റ് അലർജികൾ എന്നിവ ചോദിച്ചറിയുന്നതിനൊപ്പം തന്നെ രക്തപരിശോധനാ ഫലങ്ങൾ, ഇ.സി.ജി, എക്കോ (Echocardiogram) തുടങ്ങിയ പരിശോധനാ റിപ്പോർട്ടുകളും ഡോക്ടർ വിശദമായി അവലോകനം ചെയ്യുന്നു. ലഭ്യമായ ഈ വിവരങ്ങളെല്ലാം സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാണ് രോഗിക്ക് ഏറ്റവും അനുയോജ്യമായതും സുരക്ഷിതവുമായ അനസ്തേഷ്യ ഡോക്ടർ തീരുമാനിക്കുന്നത്.

ശസ്ത്രക്രിയയ്ക്കിടയിലെ നിരന്തര നിരീക്ഷണം

രോഗിക്ക് അനസ്തേഷ്യ നൽകി മയക്കിക്കഴിഞ്ഞാൽ ഡോക്ടറുടെ ജോലി അവസാനിക്കുന്നില്ല, മറിച്ച് കൂടുതൽ സങ്കീർണ്ണമാകുകയാണ് ചെയ്യുന്നത്. ശസ്ത്രക്രിയ നടക്കുന്ന ഓരോ മിനിറ്റിലും രോഗിയുടെ ശാരീരിക പ്രവർത്തനങ്ങൾ ഒരു അനസ്തേഷ്യോളജിസ്റ്റിന്റെ സൂക്ഷ്മ നിരീക്ഷണത്തിലായിരിക്കും.

രോഗിയുടെ ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, ശരീര താപനില, രക്തത്തിലെ ഓക്സിജന്റെ അളവ് എന്നിവ സെക്കൻഡുകൾ തോറും അത്യാധുനിക മോണിറ്ററുകളുടെ സഹായത്തോടെ ഡോക്ടർ നിരീക്ഷിക്കുന്നു. ഇതിൽ ചെറിയൊരു വ്യതിയാനം വന്നാൽ പോലും ഉടനടി ആവശ്യമായ ജീവൻരക്ഷാ ഔഷധങ്ങൾ നൽകി അവസ്ഥ സാധാരണ നിലയിലാക്കുന്നു.

അതുകൂടാതെ പൂർണ്ണമായും മയക്കത്തിൽ കിടക്കുന്ന രോഗിക്ക് സ്വയം ശ്വസിക്കാൻ കഴിഞ്ഞെന്നുവരില്ല. ശ്വാസനാളിയിലേക്ക് പ്രത്യേക ട്യൂബ് കടത്തി വെന്റിലേറ്ററിന്റെ സഹായത്തോടെ കൃത്രിമ ശ്വാസോച്ഛ്വാസം നൽകുകയും അത് സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നത് അനസ്തേഷ്യോളജിസ്റ്റാണ്. കൂടാതെ ശസ്ത്രക്രിയയ്ക്കിടെ ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന ജലാംശവും രക്തവും കൃത്യമായ അളവിൽ ഇൻട്രാവെനസ് (Intravenous) വഴി തിരികെ നൽകി ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നു. വലിയ ശസ്ത്രക്രിയകളിൽ രക്തം മാറ്റിവെക്കേണ്ടി വന്നാൽ അതിന് നേതൃത്വം നൽകുന്നതും അനസ്തേഷ്യോളജിസ്റ്റിന്റെ ഉത്തരവാദിത്തമാണ്.

അപ്രതീക്ഷിത പ്രതിസന്ധികളെ നേരിടൽ

ശസ്ത്രക്രിയകൾക്കിടയിൽ പലവിധത്തിലുള്ള സങ്കീർണ്ണതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. രക്തസമ്മർദ്ദം പെട്ടെന്ന് താഴുക, ഹൃദയാഘാതം സംഭവിക്കുക, മരുന്നുകളോട് ശരീരത്തിന് കടുത്ത അലർജി ഉണ്ടാവുക, അമിതമായ രക്തസ്രാവം ഉണ്ടാവുക തുടങ്ങിയ അടിയന്തര ഘട്ടങ്ങളിൽ നിമിഷങ്ങൾക്കുള്ളിൽ തീരുമാനങ്ങളെടുത്ത് രോഗിയുടെ ജീവൻ തിരികെ കൊണ്ടുവരുന്ന തീവ്രപരിചരണ വിദഗ്ദ്ധൻ കൂടിയാണ് അനസ്തേഷ്യ വിഭാഗം ഡോക്ടർമാർ.

വേദന നിയന്ത്രണവും ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിചരണവും

ശസ്ത്രക്രിയ പൂർത്തിയായാൽ സുരക്ഷിതമായി രോഗിയെ മയക്കത്തിൽ നിന്ന് ഉണർത്തുക എന്നതാണ് അടുത്ത പ്രധാന കടമ്പ. മരുന്നുകളുടെ അളവ് പടിപടിയായി കുറച്ച് രോഗിയുടെ ബോധം പൂർണ്ണമായും തിരികെ കൊണ്ടുവരുന്നു. തുടർന്ന് രോഗിയെ റിക്കവറി റൂമിലേക്ക് (പി.എ.സി.യു) മാറ്റുകയും അവിടെ വെച്ച് രക്തസമ്മർദ്ദവും ശ്വസനവും സാധാരണ ഗതിയിലായെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള അസഹനീയമായ വേദന ഇല്ലാതാക്കാൻ കൃത്യമായ അളവിൽ വേദനാസംഹാരികൾ നൽകുന്നതിലും അനസ്തേഷ്യ ഡോക്ടർക്ക് പ്രധാന പങ്കുണ്ട്. എപ്പിഡ്യൂറൽ (Epidural) പോലുള്ള ആധുനിക വേദന നിയന്ത്രണ സംവിധാനങ്ങളിലൂടെ രോഗിക്ക് തീർത്തും വേദനയില്ലാത്ത ഒരു ശസ്ത്രക്രിയാനന്തര കാലഘട്ടം ഉറപ്പാക്കാൻ അനസ്തേഷ്യ വിദഗ്ദ്ധന് സാധിക്കും.

ശസ്ത്രക്രിയ എന്ന കടമ്പ കടക്കാൻ പോകുന്ന ഏതൊരു വ്യക്തിക്കും അനസ്തേഷ്യയെക്കുറിച്ചുള്ള ആശങ്കകൾ സ്വാഭാവികമാണ്. എന്നാൽ, മയക്കത്തിന്റെ ലോകത്തേക്ക് കടക്കുമ്പോഴും നിങ്ങളുടെ ഓരോ ശ്വാസവും ഹൃദയമിടിപ്പും സൂക്ഷ്മമായി നിരീക്ഷിക്കാൻ ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടർ സദാസമയവും ഒപ്പമുണ്ടെന്ന തിരിച്ചറിവ് ഈ ഭയമകറ്റാൻ വലിയൊരളവോളം സഹായിക്കും. സർജൻ അസുഖം ഭേദമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, രോഗിയെ പൂർണ്ണ സുരക്ഷിതത്വത്തോടെ മയക്കത്തിൽ നിന്ന് ഉണർത്തി സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്നത് അനസ്തേഷ്യ ഡോക്ടറുടെ വൈദഗ്ധ്യമാണ്. അതിനാൽ അനാവശ്യമായ ഭയമൊഴിവാക്കി, അനസ്തേഷ്യയെ ആധുനിക വൈദ്യശാസ്ത്രം നൽകുന്ന ഏറ്റവും സുരക്ഷിതമായ പരിചരണമായി ഉൾക്കൊള്ളുകയും, ഡോക്ടറുടെ നിർദ്ദേശങ്ങൾ പൂർണ്ണ വിശ്വാസത്തോടെ പിന്തുടരുകയുമാണ് വേണ്ടത്.

ആസ്റ്റർ മിംസ് കോട്ടയ്ക്കലിൽ അനസ്തേഷ്യോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ആണ് ലേഖകൻ.