ശസ്ത്രക്രിയ സമയത്തെ വേദനയെ കുറിച്ചുള്ള ചിന്ത തന്നെ മനുഷ്യനെ അസ്വസ്ഥനും ആശങ്കാകുലനുമാക്കിയിരുന്നു. ചരിത്രാതീതകാലം മുതലേ ഈ വേദനയെ അതിജീവിക്കാനുള്ള അന്വേഷണങ്ങൾ ആരംഭിച്ചിരുന്നു. ആദ്യകാലങ്ങളിൽ രോഗിയെ ബലമായി കെട്ടിയിട്ടോ, മദ്യം അല്ലെങ്കിൽ മയക്കുമരുന്നുകൾ കൊടുത്തോ ആയിരുന്നു ശസ്ത്രക്രിയകൾ നടത്തുന്നത്. അന്നത്തെ കാലത്ത് ശസ്ത്രക്രിയകൾ മരണത്തോട് തുല്യമായതായി കണക്കാക്കപ്പെട്ടിരുന്നതിനാൽ അതിന് വിധേയരാകാൻ പൊതുവെ ആരും തയ്യാറായിരുന്നില്ല.
വേദനയെ അതിജീവിക്കാൻ നിരവധി പരീക്ഷണങ്ങൾ നടന്നു. അതിൽ പ്രത്യേകം എടുത്തുപറയേണ്ട പേര് ഡോ. ഹോറേസ് ജി. വെൽസിന്റേതാണ്.
നൈട്രസ് ഓക്സൈഡ് ശ്വസിച്ചതിനുശേഷം വേദനയെ അതിജീവിക്കാനാകുമെന്ന് അദ്ദേഹം തന്റെ നിരീക്ഷണങ്ങളിലൂടെ കണ്ടെത്തി. ഈ വാതകം സ്വയം ശ്വസിച്ചതിന് ശേഷം തന്റെ ശിഷ്യനെ കൊണ്ട് പല്ല് പറിപ്പിച്ചപ്പോഴും വേദനയൊന്നും അനുഭവിച്ചില്ലെന്നത് വെൽസിന്റെ ആത്മവിശ്വാസം കൂട്ടി.
തുടർന്ന് പന്ത്രണ്ട് രോഗികളിൽ കൂടി ഈ രീതി പരീക്ഷിച്ച് വിജയിച്ച അദ്ദേഹം, വേദനരഹിതമായ ശസ്ത്രക്രിയ പൊതുവേദിയിൽ അവതരിപ്പിക്കാമെന്ന് ഉറപ്പിച്ചു. ബോസ്റ്റണിലെ മസാചുസെറ്റ്സ് ജനറൽ ആശുപത്രിയിൽ ക്ഷണിക്കപ്പെട്ടിരുന്ന വൈദ്യസമൂഹത്തിനുമുന്നിൽ തന്റെ പരീക്ഷണം നടത്താൻ അദ്ദേഹം തീരുമാനിച്ചു.
1845 ജനുവരി 10-ന്, ഒരു മെഡിക്കൽ വിദ്യാർഥിക്ക് നൈട്രസ് ഓക്സൈഡ് നൽകി പല്ല് പറിക്കാൻ അദ്ദേഹം തയ്യാറായി. എന്നാൽ ശസ്ത്രക്രിയ ആരംഭിച്ചതുമുതൽ രോഗി വേദനയാൽ നിലവിളിച്ചു. കാണികൾ എല്ലാവരും This is humbug! (ഇത് വെറും അസംബന്ധം) എന്ന് കൂവി വിളിച്ചു. അപമാനിതനായ വെൽസ് വേദി വിട്ടിറങ്ങി.
പിന്നീട്, നൈട്രസ് ഓക്സൈഡ് നൽകുന്ന രീതിയിലുണ്ടായ പിഴവിനു പുറമെ ആ രോഗിക്ക് യഥാർത്ഥത്തിൽ വേദന അനുഭവപ്പെട്ടിട്ടില്ലെന്നും തെളിഞ്ഞു. മദ്യപാനികളിലും ശരീരഭാരം കൂടിയവരിലും നൈട്രസ് ഓക്സൈഡ് ഫലപ്രദമല്ലെന്ന് പിന്നീട് കണ്ടെത്തി. വെൽസിന് ലഭിച്ച രോഗി ഈ രണ്ട് വിഭാഗങ്ങളിലും പെട്ടവനായിരുന്നു. പരീക്ഷണങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട ജാഗ്രത ഇവിടെ ഉണ്ടായിരുന്നില്ല. അതിനദ്ദേഹം കൊടുക്കേണ്ട വിലയും അതിഭീകരമായിരുന്നു.
അപമാനിതനായ വെൽസ്, പിന്നീട് ക്ലോറോഫോം എന്ന മയക്കുമരുന്നിൽ ആശ്വാസം തേടി അതിന് അടിമയായി. ഈ മയക്കുമരുന്നിന്റെ സ്വാധീനത്തിൽ രണ്ട് തെരുവ് വേശ്യകൾക്ക് നേരെ സൾഫ്യൂറിക് ആസിഡ് എറിഞ്ഞുവെന്ന കുറ്റം ചുമത്തി അദ്ദേഹത്തെ ജയിലിലടയ്ക്കപ്പെട്ടു. സ്വബോധം വീണ്ടെടുത്ത നിമിഷത്തിൽ തന്നെ വെൽസ് പശ്ചാത്താപത്തിൽ മുങ്ങി, തന്റെ കാലിലെ രക്തക്കുഴൽ മുറിച്ച് മുപ്പത്തിമൂന്നാം വയസ്സിൽ ആത്മഹത്യ ചെയ്തു. ഇന്നും നൈട്രസ് ഓക്സൈഡ് ലോകമെമ്പാടും അനസ്തേഷ്യയായി ഉപയോഗിക്കപ്പെടുന്നുവെന്നത് മറ്റൊരു സത്യം.
ഹോറേസ് വെൽസിന്റെ സഹായിയായിരുന്ന ഡബ്ല്യു. ടി. മോർട്ടൻ, മുൻപ് വെൽസ് പരീക്ഷണം നടത്തിയ അതേ മസാച്ചുസെറ്റ്സ് ജനറൽ ആശുപത്രിയിലെ ഹാളിൽ പുതിയ പരീക്ഷണത്തിന് രംഗത്തിറങ്ങി. 1846 ഒക്ടോബർ 16-നായിരുന്നു പരീക്ഷണം നിശ്ചയിച്ചിരുന്നത്. സർജൻ ഡോ. ജോൺ വാറൻ, രോഗിയായ ഗിൽബർട്ട് ആബട്ട് എന്നിവരും പരീക്ഷണത്തിനായി തയ്യാറായി കാത്തുനിന്നു.
നിശ്ചയിച്ച സമയവും കഴിഞ്ഞ് ഓടിക്കിതച്ച് മോർട്ടൻ എത്തിയപ്പോൾ അവിടെയുണ്ടായിരുന്നവർക്കു വലിയ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. ഈഥർ വാതകം നൽകാൻ ഉദ്ദേശിച്ചിരുന്ന കുപ്പികളിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നതിനായി സമയം ചെലവഴിക്കേണ്ടി വന്നതായിരുന്നു വൈകിപ്പോകാനുള്ള കാരണം.
ഭയചകിതനായ ഗിൽബർട്ട് ആബട്ടിന്റെ ചുണ്ടുകൾക്കിടയിലേക്ക് പ്രാർഥനാഭരിതമായ മനസ്സോടെ മോർട്ടൻ ഈഥർ ലായനി നിറച്ച ബോട്ടിലിന്റെ വാലറ്റം വെച്ചു. ഈഥർ ശ്വസിച്ച രോഗി പൊടുന്നനെ ഒന്നു ചുമച്ചു. വാതകത്തിന്റെ രൂക്ഷഗന്ധം മൂലം ആദ്യം ശ്വാസതടസ്സം അനുഭവപ്പെട്ടെങ്കിലും പിന്നീടവൻ നീണ്ട നിദ്രയിലേക്കു വഴുതി വീണു.
രോഗി ശസ്ത്രക്രിയയ്ക്ക് തയ്യാറാണെന്ന് മോർട്ടൻ പ്രഖ്യാപിച്ചു. തുടർന്ന് സർജൻ ഡോ. ജോൺ വാറൻ രോഗിയുടെ താടിയിലെ മുഴ നീക്കം ചെയ്തു. ഇക്കുറി ശസ്ത്രക്രിയയ്ക്കിടയിൽ രോഗി അനങ്ങിയില്ല, വേദനയാൽ കരഞ്ഞില്ല.
ശ്വാസമടക്കി കാത്തുനിന്ന കാണികൾക്കു മുന്നിൽ ഡോ. വാറൻ അഭിമാനത്തോടെ പറഞ്ഞു.“Gentlemen, this is no humbug!”. ചരിത്രത്തിലെ ആദ്യ അനസ്തീഷ്യ പരീക്ഷണം വിജയകരമായി രേഖപ്പെടുത്തിയ നിമിഷം അതായിരുന്നു. പലരും പരാജയപ്പെട്ടിടത്ത് വിജയത്തിന്റെ വെന്നിക്കൊടി നട്ട മോർട്ടന്റെ പരീക്ഷണത്തിന്റെ സ്മാരകമായി ഒക്ടോബർ 16 ലോക അനസ്തീഷ്യ ദിനമായി ആചരിക്കപ്പെടുന്നു.
ഇന്ന് വൈദ്യശാസ്ത്രത്തിന്റെ അതിവേഗ പുരോഗതിക്ക് അടിത്തറയിട്ട പ്രധാന ശാസ്ത്രശാഖകളിലൊന്നായി അനസ്തേഷിയോളജി മാറിയിരിക്കുന്നു.
(ഇന്ത്യൻ അനസ്തീഷ്യോളജിസ്റ്റ് സൊസൈറ്റി കേരളാ സ്റ്റേറ്റ് ചാപ്റ്റർ പ്രസിഡന്റ് ഇലക്ട് ആണ് ലേഖകൻ)
Content Highlights: Explore the evolution of anesthesia, from ancient methods of pain management during surgery to the groundbreaking discoveries of Horace Wells and W.T. Morton. Learn about the challenges and triumphs that led to painless surgical procedures.
Published: 16 Oct 2025, 09:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented