
ശസ്ത്രക്രിയയ്ക്കിടെ രോഗിയെ മയക്കി ഉറക്കിക്കിടത്തുക എന്നത് മാത്രമാണോ അനസ്തേഷ്യോളജിസ്റ്റിന്റെ (Anaesthesiologist) ജോലി? സാധാരണക്കാരിൽ പലരുടെയും മനസ്സിലുള്ള ഒരു തെറ്റായ ധാരണയാണിത്. എന്നാൽ ഒരു ശസ്ത്രക്രിയ സുരക്ഷിതമായി പൂർത്തിയാക്കുന്നതിനപ്പുറം, അത്യാഹിത വിഭാഗങ്ങളിലും തീവ്രപരിചരണ വിഭാഗങ്ങളിലും ജീവൻ രക്ഷാപ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്നവരാണ് അനസ്തെറ്റോളജിസ്റ്റിന്റെ. ഓപ്പറേഷൻ തിയേറ്ററിന്റെ ചുവരുകൾക്ക് പുറത്ത് ഈ വിദഗ്ധ ഡോക്ടർമാരുടെ സേവനം എത്രത്തോളം വലുതാണെന്ന് മനസ്സിലാക്കാം.
ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവുമുള്ള കരുതലുകൾ
രോഗിയെ ശസ്ത്രക്രിയയ്ക്കായി സജ്ജമാക്കുന്നത് മുതൽ തുടങ്ങുന്നു അനസ്തെറ്റിസ്റ്റിന്റെ ഉത്തരവാദിത്തം. ശസ്ത്രക്രിയയ്ക്ക് തൊട്ടുമുമ്പ് രോഗിയുടെ ശാരീരിക അവസ്ഥ വിലയിരുത്തുക, ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം പരിശോധിക്കുക, പ്രമേഹമോ രക്തസമ്മർദ്ദമോ ഉള്ളവരുടെ ആരോഗ്യം ഉറപ്പുവരത്തുക എന്നിവ ഇവരുടെ പ്രധാന ചുമതലയാണ്. ശസ്ത്രക്രിയയ്ക്കിടെ രോഗിക്ക് വേദനയോ മറ്റ് അസ്വസ്ഥതകളോ ഉണ്ടാകാതിരിക്കാനും, ശ്വസനം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഇവർ രക്തസമ്മർദ്ദവും ഹൃദയമിടിപ്പും മിനിറ്റുകൾ തോറും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.
തീവ്രപരിചരണ വിഭാഗത്തിലെ (ICU) കാവൽക്കാർ
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി ആശുപത്രിയിൽ എത്തുന്ന രോഗികളുടെ ജീവൻ നിലനിർത്തുന്നതിൽ തീവ്രപരിചരണ വിഭാഗം (ഐ.സി.യു) അനസ്തെറ്റിസ്റ്റുകളുടെ പങ്ക് വലുതാണ്.
* വെന്റിലേറ്റർ പരിചരണം: സ്വന്തമായി ശ്വാസമെടുക്കാൻ കഴിയാത്ത ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നൽകാനും വെന്റിലേറ്റർ സംവിധാനങ്ങൾ നിയന്ത്രിക്കാനും അനസ്തെറോളജിസ്റ്റുകളുടെ വിദഗ്ധ സേവനം അത്യാവശ്യമാണ്.
* അത്യാഹിത ഘട്ടങ്ങളിലെ പുനരുജ്ജീവനം: ഹൃസ്തംഭനം ഉണ്ടാകുമ്പോഴോ ഗുരുതരമായ അപകടങ്ങളിൽ പരിക്കേൽക്കുമ്പോഴോ രോഗിയുടെ ശ്വാസനാളിയിൽ ട്യൂബ് കടത്തി ശ്വസനം പുനഃസ്ഥാപിക്കുന്നതിൽ ഇവർ വിദഗ്ധരാണ്.
വിട്ടുമാറാത്ത വേദനയ്ക്ക് പരിഹാരം
മാസങ്ങളോ വർഷങ്ങളോ നീണ്ടുനിൽക്കുന്ന കഠിനമായ നടുവേദന, സന്ധിവാതം (Arthritis), പോസ്റ്റ്-ഹെർപെറ്റിക് ന്യൂറാൾജിയ, കാൻസർ സംബന്ധമായ അസഹ്യമായ വേദനകൾ എന്നിവയെല്ലാം ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ തകർത്തെറിയാം. ഈ രംഗത്ത് അനസ്തെറ്റോളജിസ്റ്റുകളുടെ നേതൃത്വത്തിലുള്ള പെയിൻ മെഡിസിൻ മാനേജ്മെന്റ് വിഭാഗം നൽകുന്ന സേവനങ്ങൾ രോഗികൾക്ക് ഏറെ സഹായകരമാണ്.
വേദനസംഹാരത്തിനായി വെറുമൊരു ഗുളിക നൽകി താൽക്കാലിക ആശ്വാസം നൽകുന്നതിന് പകരം വേദനയുടെ യഥാർത്ഥ കാരണം കണ്ടെത്തുകയാണ് ഇവർ ചെയ്യുന്നത്. വേദനയുള്ള ഞരമ്പുകളിലേക്കോ സന്ധികളിലേക്കോ അൾട്രാസൗണ്ട് അല്ലെങ്കിൽ എക്സ്-റേ സഹായത്തോടെ കൃത്യമായി മരുന്ന് കുത്തിവെക്കുന്ന വേദന ലഘൂകരിക്കുന്നതിനുള്ള ചികിത്സകൾ (Interventional Pain Procedures), നാഡികളുടെ പ്രവർത്തനം മരവിപ്പിക്കുന്ന റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ (Frequency Ablation) തുടങ്ങിയ അത്യാധുനിക മാർഗ്ഗങ്ങളിലൂടെ രോഗികൾക്ക് വർഷങ്ങളായി അനുഭവിക്കുന്ന വേദനയിൽ നിന്നും മോചനം നൽകാൻ അനസ്തെറ്റിസ്റ്റുകൾക്ക് സാധിക്കുന്നു.
പ്രസവവേദനയുടെ ഭയം മൂലം പല സ്ത്രീകളും സിസേറിയൻ തിരഞ്ഞെടുക്കുന്ന ഇക്കാലത്ത്, പ്രസവവേദന അനുഭവപ്പെടാതെ കുഞ്ഞിന് ജന്മം നൽകാൻ സഹായിക്കുന്ന വേദനരഹിത ഗർഭധാരണം സാധ്യമാക്കുന്നത് വിദഗ്ദ്ധ അനസ്തെറ്റിസ്റ്റിന്റെ നേതൃത്വത്തിലാണ്. ഇതിനായി നൽകുന്ന എപ്പിഡ്യൂറൽ അനസ്തേഷ്യ (Epidural Analesthesia) സാങ്കേതികവിദ്യയിലൂടെ നട്ടെല്ലിനുള്ളിലെ പ്രത്യേക ഭാഗത്തേക്ക് വളരെ നേരിയൊരു ട്യൂബ് വഴി മരുന്ന് നൽകി, അമ്മയുടെ ബോധം കെടുതാതെ തന്നെ അടിവയറ്റിലെയും ഗർഭാശയത്തിലെയും വേദന പൂർണ്ണമായും മരവിപ്പിക്കാൻ ഇതിലൂടെ സാധിക്കുന്നു. കുഞ്ഞിന്റെ ഹൃദയമിടിപ്പും അമ്മയുടെ ആരോഗ്യസ്ഥിതിയും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് നൽകുന്ന ഈ ചികിത്സ, പ്രസവത്തോടുള്ള ഭയം അകറ്റാനും അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ സുരക്ഷിതമായ സ്വാഭാവിക പ്രസവം ഉറപ്പാക്കാനും സഹായിക്കുന്നു.
ഒരു ശസ്ത്രക്രിയ വിജയകരമായി അവസാനിക്കുമ്പോൾ, കണ്ണിമചിമ്മാതെ രോഗിയുടെ ജീവനും സുരക്ഷയും കാത്തുസൂക്ഷിക്കുന്നതിൽ അനസ്തെറ്റിസ്റ്റ് ഡോക്ടർമാരുടെ പങ്ക് നിർണ്ണായകമാണ്. ഓപ്പറേഷൻ തിയേറ്ററിലെ ജീവൻ രക്ഷാ രംഗത്തെ നിശബ്ദ നായകന്മാരാണ് അനസ്തെറ്റിസ്റ്റുകൾ
അരീക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിൽ അനെസ്തേഷ്യോളജി വിഭാഗം സീനിയർ സ്പെഷ്യലിസ്റ്റ് ആണ് ലേഖകൻ.
Content Highlights: Explore the anaesthesiologist role beyond surgery, highlighting the importance of anaesthesia in critical care and pain management for patient safety.
Published: 16 Oct 2026, 04:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented