
മരുന്നുകമ്പനികളെ സംബന്ധിച്ച് ഏറ്റവും വലിയ അത്താണിയും ആശ്രയവുമാണ് ഡോക്ടർമാരുടെ കുറിപ്പടി. രോഗികൾക്കാകട്ടെ ഇത് വേദവാക്യം. കുറിപ്പടികളിൽ കയറിപ്പറ്റാൻ ഡോക്ടർമാരെ കുറുക്കുവഴികളിലൂടെ പാട്ടിലാക്കാൻ കമ്പനികൾ ശ്രമിക്കുന്നത് പുതിയ കാര്യമല്ല. ഇത്തരം സ്വാധീനം പൊതുജനാരോഗ്യത്തിനുപോലും ഭീഷണിയായിത്തീരുന്നെന്നതും വസ്തുതയാണ്. ഡോക്ടർമാരും കമ്പനികളും തമ്മിലുള്ള അവിശുദ്ധബന്ധം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ പിന്നിലെ ആത്മാർഥത എത്രത്തോളം? ഒരു വിലയിരുത്തൽ..
കള്ളനെത്തന്നെ കാവലേൽപ്പിച്ചാലെങ്ങെനാ
പഴഞ്ചൊല്ലിൽ പതിരില്ലെന്ന ന്യായത്തിന് പതിരില്ലാതായാൽ സംഗതി ജോറാകും. വിഷയമെന്താണെന്നല്ലേ... കേന്ദ്രസർക്കാർ വലിയ നേട്ടമെന്നോണം പുറത്തിറക്കിയതാണ് 'യൂണിഫോം കോഡ് ഫോർ ഫാർമസ്യൂട്ടിക്കൽ മാർക്കറ്റിംഗ് പ്രാക്ടീസസ്'. വിപണിയിൽ മുൻതൂക്കം നേടുവാനായി ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ വഴിവിട്ട് സ്വാധീനിക്കുന്നതൊഴിവാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ഈ സ്വാധീനം സംബന്ധിച്ച് വാർത്തകളും വസ്തുതകളും ഒട്ടും പുതമയുള്ളതല്ല. ആരോപണങ്ങളൊന്നും ഗൗരവമായ പരിഗണന ഇതുവരെ നേടിയിട്ടുമില്ല. ഡോക്ടർമാരുടെ പെരുമാറ്റം സംബന്ധിച്ച നിയമങ്ങളുണ്ട്. എന്നാൽ, ഔഷധ വിപണിയിൽ ഇതൊന്നും അത്രകണ്ട് ഫലവത്താകുന്നുമില്ല. ഈ സാഹചര്യത്തിലാണ് ഏകദേശം പത്തു വർഷം മുൻപ് ഔഷധ വിപണന പെരുമാറ്റച്ചട്ടത്തിനുള്ള നീക്കമാരംഭിച്ചത്.
2014 ഡിസംബറിൽ 'യൂണിഫോം കോഡ് ഫോർ ഫാർമസ്യൂട്ടിക്കൽ മാർക്കറ്റിംഗ് പ്രാക്ടീസസ്' എന്ന പേരിൽ പെരുമാച്ചട്ടം പ്രസിദ്ധീകരിച്ചു. നയം കമ്പനികൾ സ്വമേധയാ നടപ്പാക്കേണ്ടതാണെന്നും വ്യക്തമാക്കിയിരുന്നു. ഇത് തീരെ ഫലമുണ്ടാക്കിയില്ല. ഗൗരവമുള്ള ഒരു പരാതി മാത്രമാണ് ലഭിച്ചത്. ഇതിൽ പരിശോധന നടക്കുകയും കമ്പനിക്ക് അനുകൂല വിധി വരികയും ചെയ്തോടെ കാര്യങ്ങൾ ശുഭം. നടപടി വലിയ നേട്ടമാണെന്നായിരുന്നു അധികൃതരുടെ വ്യാഖ്യാനം. എന്നാൽ, പെരുമാറ്റച്ചട്ടം കൊണ്ട് പ്രയോജനമുണ്ടായില്ലെന്ന വാദത്തോടെ പൊതുജനാരോഗ്യ പ്രവർത്തകർ സുപ്രീം കോടതിയെ സമീപിച്ചു. അനാരോഗ്യകരമായ മത്സരം ഒഴിവാക്കുന്ന വിധത്തിൽ നിയമങ്ങൾ വേണ്ടേയെന്ന് കോടതി ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മാസങ്ങൾക്കുമുൻപ് പുതിയ പെരുമാറ്റച്ചട്ടം പുറത്തിറക്കിയത്.
പുതിയ മാർഗ്ഗനിർദേശം നടപ്പാക്കാനുള്ള ഉത്തരവാദിത്വം നിർമാതാക്കളുടെ സംഘടനകളെയാണ് ഏൽപ്പിച്ചത്. ഔഷധ നിർമ്മാതാക്കളുടെ സംഘടനകൾ അവരുടെ വെബ്സൈറ്റിൽ ഇതിനായി പ്രത്യേക പേജ് ആരംഭിക്കണമെന്നും പരാതികളും മറ്റും കൈകാര്യം ചെയ്യുവാനുള്ള എത്തിക്സ് കമ്മിറ്റി വേണമെന്നും ചട്ടത്തിൽ നിർദ്ദേശിക്കുന്നുണ്ട്. എത്തിക്സ് കമ്മിറ്റിയുടെ തലവൻ സ്ഥാപനത്തിന്റെ സി.ഇ.ഒ. തന്നെയായിരിക്കണമെന്നതാണ് വ്യവസ്ഥ. സ്വന്തം സ്ഥാപനത്തിന്റെ കുറ്റം വിലയിരുത്താനും ശിക്ഷ വിധിക്കാനുമുള്ള അധികാരം കുറ്റം ചെയ്യുന്നവർക്ക് തന്നെ വിട്ടുകൊടുക്കുന്ന രീതി.
പുതിയ നയത്തിലെ പുരോഗമനപരമായ മാറ്റം പരാതി സംബന്ധിച്ച വസ്തുതയും വിവരങ്ങളും പരസ്യപ്പെടുത്തണമെന്നുള്ളതാണ്. ഗവേഷണ പദ്ധതികളിലും തുടർ വിദ്യാഭ്യാസ പരിപാടികളിലും ഡോക്ടർമാർക്കും സംഘടനകൾക്കും നൽകുന്ന സഹായം സംബന്ധിച്ച് വിവരങ്ങൾ ഇരുകക്ഷികളും പരസ്യപ്പെടുത്തണമെന്നും പറയുന്നുണ്ട്. ഇതു വലിയ കാര്യമാണെങ്കിലും ലംഘിക്കപ്പെട്ടാൽ ശിക്ഷയെന്തെന്ന് വ്യക്തമാക്കാത്തത് പോരായ്മയാണ്. പരാതികൾ സ്വീകരിക്കുന്നതും തുടർനടപടികളെടുക്കുന്നതും എല്ലാം ഔഷധ നിർമ്മാതാക്കളുടെ സംഘടനകൾ തന്നെയാണ്. പരാതിക്കാരൻ പേര് വ്യക്തമാക്കണമെന്ന നിബന്ധന തികച്ചും അനൗചിത്യമാണ്.
പെരുമാറ്റച്ചട്ടം സ്വാഗതാർഹമാണെന്നതിൽ തർക്കമില്ല. എന്നാലത് നിശ്ചിത അധികാരങ്ങളുള്ള സർക്കാർ സംവിധാനം സ്ഥാപിച്ചാണ് നടപ്പാക്കേണ്ടത്. നയമുണ്ടാക്കിയ കൂടിയാലോചനകളിൽ ഔഷധ കമ്പനികളുടെ പ്രതിനിധികളെ മാത്രമാണ് ക്ഷണിച്ചത്. കള്ളനെ കാവലേൽപ്പിക്കുന്ന ഈ രീതി കളളൻ കപ്പലിൽത്തന്നെ എന്ന യാഥാർഥ്യവും വിളിച്ചോതുന്നു. ഇതൊക്കെ ആരെ പറ്റിക്കുവാനാണ്...!
ആരോഗ്യ സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
ആരോഗ്യസർവകലാശാലകൾ ഏറ്റെടുക്കണം
മാർഗരേഖയിൽ പറയുന്നതെല്ലാം നല്ല കാര്യങ്ങളാണ്, പക്ഷേ, നടപടി ആരാണെടുക്കുകയെന്നതാണ് പ്രധാന പ്രശ്നം. മൂടിവെയ്ക്കപ്പെട്ട ലക്ഷ്യങ്ങളോടെയുള്ള മരുന്നുപ്രചാരണം വലിയ വിഷയമാണ്. അശാസ്ത്രീയ മരുന്നുസംയുക്തങ്ങളുടെ പ്രചാരത്തിനായി കമ്പനികൾ ഡോക്ടർമാരുടെ തുടർവിദ്യാഭ്യാസ പരിപാടി നടത്തുന്നത് പതിവായിട്ടുണ്ട്. മെഡിക്കൽ കോളേജുകളിലും മറ്റുമാണ് ഇത്തരം പരിപാടികൾ നടക്കുന്നത്. ഇവയുടെ സാധുത പരിശോധിക്കാൻ ആരോഗ്യ സർവകലാശാല കേന്ദ്രമാക്കി സംവിധാനം വരുന്നത് നല്ലതാണ്. മരുന്നു കമ്പനികളുടെ സ്വയം നിരീക്ഷണവും നടപ്പാക്കലും ഫലവത്താകില്ല. പ്രത്യേക സംവിധാനം സംസ്ഥാന-കേന്ദ്രതലത്തിൽ ഏർപ്പെടുത്തുകയാണ് പോംവഴി.
ഡോ. ബി. ഇക്ബാൽ, പൊതുജനാരോഗ്യപ്രവർത്തകൻ
പക്ഷപാതപരം, ഗുണകരമല്ല
കമ്പനികളുടെ താത്പര്യം മാത്രം സംരക്ഷിക്കാൻ തയ്യാറാക്കിയ പെരുമാറ്റച്ചട്ടത്തിൽ പോരായ്മകൾ ഏറെയാണ്. പ്രത്യേകനിയമവും നടപ്പാക്കൽ സംവിധാനവും സ്ഥാപിക്കുകയാണ് വേണ്ടത്. പരാതിക്കാരന്റെ വിവരം പരസ്യപ്പെടുത്തണമെന്ന നിബന്ധന തീരെ നന്നല്ല. ഓരോ പരാതിക്കും ആയിരം രൂപ ഫീസ് അടയ്ക്കണമെന്നതും എതിർക്കപ്പെടേണ്ടതാണ്. പരാതികൾ കൈകാര്യം ചെയ്യുന്നതും സമൂഹത്തിന് ഗുണമുണ്ടാകാവുന്ന വിധത്തിലല്ല. മുൻ പെരുമാറ്റച്ചട്ടം തീരെ അപര്യാപ്തമെന്ന് തെളിയിക്കപ്പെട്ടതാണ്. ഒരു പരാതിയുണ്ടായിട്ട് ബാലിശമായ കാരണം പറഞ്ഞ് തള്ളുന്ന നിലയായിരുന്നു, അതുതന്നെയാണ് ഇവിടെയും സംഭവിക്കാൻ പോകുന്നത്.
മാലിനി ഐസോള, കോ-കൺവീനർ, ഓൾ ഇന്ത്യ ഡ്രഗ്സ് ആക്ഷൻ നെറ്റ് വർക്ക്
തീപ്പൊള്ളൽ മുതൽ വളംകടിക്കുവരെ പരിഹാരമായിരുന്ന നീലമരുന്ന് ; എവിടെപ്പോയി ജെൻഷൻ വയലറ്റ് ?
Content Highlights: uniform code for pharmaceutical marketing practices
Published: 10 Jul 2024, 01:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented