ചായകള്‍ വിവിധതരത്തിലുണ്ട്. ആരോഗ്യഗുണങ്ങളാല്‍ വളരെ ശ്രദ്ധ നേടിയ ചായയാണ് നീലച്ചായ എന്നറിയപ്പെടുന്ന ശംഖുപുഷ്പ ചായ. ശംഖുപുഷ്പത്തിന്റെ ഇതളുകള്‍ ഉപയോഗിച്ചാണ് നീലച്ചായ ഉണ്ടാക്കുന്നത്. ചെടിയില്‍ നിന്ന് നേരിട്ട് പറിച്ചെടുക്കുന്ന പൂക്കളോ അല്ലെങ്കില്‍ ഉണക്കിയ ഇതളുകളോ നീലച്ചായ ഉണ്ടാക്കാന്‍ ഉപയോഗിക്കാം. തേയില ഉപയോഗിക്കാതെയാണ് ഈ ചായയുണ്ടാക്കുന്നത്.രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും ഇത് ഗുണം ചെയ്യും.ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ ചായ തികച്ചും കഫീന്‍ രഹിതമാണ് എന്നതാണ്. മാത്രമല്ല, അതില്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. സമ്മര്‍ദ്ദം കുറയ്ക്കാനും മികച്ച ഉറക്കം കിട്ടാനും ഇത് ഉപകരിക്കും.

To advertise here,

ചേരുവകള്‍

  • ശംഖുപുഷ്പം- 6 എണ്ണം
  • വെള്ളം- 2 കപ്പ്
  • തേന്‍- ആവശ്യത്തിന്
  • നാരങ്ങ നീര്- പാകത്തിന്
  • പുതിനയില-2

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ ശംഖുപുഷ്പമിട്ട് നന്നായി തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ പുതിനയില ചേര്‍ത്ത് തീ അണയ്ക്കാം. മധുരത്തിന് തേന്‍ ആവശ്യമായ അളവില്‍ ചേര്‍ത്ത് കൊടുക്കാം. മധുരം വേണ്ടാത്തവര്‍ക്ക് തേന്‍ ഒഴിവാക്കാം. നാരങ്ങ നീരും കൂടി ചേര്‍ത്ത് ചൂടോടെ കുടിയ്ക്കാം. നാരങ്ങ ചേര്‍ക്കുമ്പോള്‍ ചായയ്ക്ക് നിറം വ്യത്യാസം വരും. കടുത്ത നീലനിറം വേണമെന്നുള്ളവര്‍ നാരങ്ങ നീര് ഒഴിവാക്കണം.