വിശേഷദിവസങ്ങളിലും വിവാഹ സദ്യകളിലും കൊങ്കണികള് ബജ്ജോ വിളമ്പാറുണ്ട്

നമ്മുടെ തീന്മേശകളിൽ ക്യാപ്സിക്കത്തിന്റെ സാന്നിധ്യം വന്ന് തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. വർഷങ്ങൾക്ക് മുൻപ് തന്നെ രാജകീയ പരിവേഷത്തോടെ ഞങ്ങളൊക്കെ കണ്ടിരുന്ന പച്ചക്കറിയായിരുന്നു. അന്നതിന്റെ വിലക്കൂടുതലും ലഭ്യതകുറവുമൊക്കെ കാരണങ്ങളാണെങ്കിലും, ക്യാപ്സിക്കം കൊണ്ടുള്ള കൊങ്കണികളുടെ വിശേഷ വിഭവം തന്നെ ആയിരുന്നു ഇതിന്റെ താര പരിവേഷം കൂട്ടിയത്.
എന്നാൽ ഇന്നത്തെ വിശേഷം ക്യാപ്സിക്കം ബജ്ജിയുടെതാവട്ടെ. കൊങ്കണിയിൽ ഇതിനെ 'ബജ്ജോ' എന്ന് പറയും. സാധാരണ ബജ്ജികൾ ചായയുടെ കൂടെയൊക്കെ ആണ് കഴിക്കാറുള്ളതെങ്കിൽ ഇവയിൽ നിന്നും വ്യത്യസ്തമായി ക്യാപ്സിക്കം ബജ്ജോ ഊണിനൊപ്പമാണ് കഴിക്കുക. വിശേഷദിവസങ്ങളിലും വിവാഹ സദ്യകളിലും മറ്റും കൊങ്കണികൾ ഈ ബജ്ജോ വിളമ്പാറുണ്ട്.
പച്ച, ചുവപ്പ്, മഞ്ഞ നിറങ്ങളിൽ ക്യാപ്സിക്കം ലഭ്യമാണെങ്കിലും, ബജ്ജോയ്ക്ക് വേണ്ടി എടുക്കുന്നത് പച്ച ക്യാപ്സിക്കം തന്നെയാണ്. പുറം ഭാഗത്തെ ബജ്ജിക്കൂട്ട് നല്ല പോലെ വറുത്തു മൊരിഞ്ഞും അകത്തേ ക്യാപ്സികം നല്ലപോലെ വെന്തു സോഫ്റ്റ് ആയും വരണം. അതാണതിന്റെ പാകവും രുചിയും. ബജ്ജോ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ചേരുവകൾ
- ക്യാപ്സികം - 3 വലുത്
- മുളകുപൊടി - 2 ടീസ്പൂൺ
- കായപ്പൊടി - 1 ടീസ്പൂൺ
- കടലമാവ് - മുക്കാൽ കപ്പ്
- എണ്ണ - വറുക്കാൻ വേണ്ടത്ര
- ഉപ്പ് - ആവശ്യത്തിന്
പാചകരീതി
ക്യാപ്സിക്കം അഞ്ചോ ആറോ കഷ്ണങ്ങളായി നെടുകെ മുറിക്കുക. ഇതിലേക്ക് മുളകുപൊടി, ഉപ്പ്, കായപ്പൊടി എന്നിവ ചേർത്ത് യോജിപ്പിച്ച് അരമണിക്കൂർ എങ്കിലും വെയ്ക്കുക. ശേഷം ഇതിലേക്ക് കടലമാവ് അൽപ്പാൽപ്പമായി ചേർക്കുക.
ഉപ്പ് ചേർത്ത് അൽപ്പം നേരം വെച്ചത് കൊണ്ട് തന്നെ അതിനകം ക്യാപ്സിക്കത്തിൽ നിന്നും ജലാംശം ഊറി വന്നിട്ടുണ്ടാകും. ആ നനവിൽ തന്നെ കടലമാവ് ചേർത്തത് നന്നായി കുഴച്ചു യോജിപ്പിക്കുക. വെള്ളം ആവശ്യമെങ്കിൽ മാത്രം തളിച്ച് ചേർക്കുക. ക്യാപ്സികം കഷ്ണങ്ങളിൽ കടലമാവ് കൂട്ട് നന്നായി പുരണ്ട് കിടക്കേണ്ടതാണ്.
ഇനി എണ്ണ ചൂടാകുമ്പോൾ ക്യാപ്സികം ഓരോന്നായി എണ്ണയിലേക്കിട്ട് വറുക്കുക. പുറം നന്നായി വറുത്തു അല്പം മൊരിഞ്ഞു വരേണ്ടതാണ്. ഊണിനൊപ്പം അതീവ രുചികരമാണ് ഈ കൊങ്കണി സ്‌പെഷ്യൽ ക്യാപ്‌സികം ബജ്ജോ.
Content Highlights: Unlike traditional bajjis that are served as tea-time snacks, the Konkani special Capsicum 'Bajjo' is a unique delicacy served alongside rice during feasts and special occasions. This authentic recipe uses green capsicum, which is sliced vertically, marinated with chili powder, asafoetida, and salt, and then coated with gram flour (besan) utilizing the natural moisture of the vegetable. The pieces are then deep-fried until the exterior becomes perfectly crispy while the inside remains soft and tender.
Published: 10 Jun 2026, 06:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented