തൊടുകറികളും അച്ചാറുകളും ചമ്മന്തിപ്പൊടികളുമൊക്കെ നമ്മുടെ ഊണിന്റെ അവിഭാജ്യ ഘടകമാണ്. ആർഭാടമൊന്നുമില്ലാത്ത ഒരൂണ് എന്ന സങ്കല്പത്തിൽ നാം എന്നും കൊതിക്കുന്ന രുചിയാണ് ചോറിനൊപ്പം ഇത്തിരി തൈരും, ഒരച്ചാറും പിന്നൊരല്പം ചമ്മന്തിപ്പൊടിയും. അതുകൊണ്ട് എന്റെയൊക്കെ ഓർമകളിലെ അടുക്കളയിലെ മേശപ്പുറത്ത് ഒരു ഹോർലിക്സ് കുപ്പിയിൽ എന്നും കാണും ചമ്മന്തിപ്പൊടി.

To advertise here,

കൊങ്കണി പാചകത്തിലും ചമ്മന്തിപ്പൊടികൾ നിർബന്ധമാണ്. നല്ല വിളഞ്ഞ തേങ്ങ കിട്ടിയാൽ പിന്നേ അന്നുറപ്പിക്കാം, ഉച്ച തിരിഞ്ഞു നല്ല തേങ്ങാ വറുക്കുന്ന സുഗന്ധം പരന്നിരിക്കും എന്ന്. മിക്കവാറും കറിവേപ്പില ചമ്മന്തിപ്പൊടി ആയിരിക്കും. " കർബേവാ ചട്ട്ണി " എന്നാണ് കൊങ്കണിയിൽ പേര്. കർബേവ് എന്നാൽ കറിവേപ്പില. വെളുത്തുള്ളി ചേർത്തും ചമ്മന്തിപ്പൊടി ഉണ്ടാക്കും. അതിനെ "ലോസ്സുനെ ചട്ട്ണി " എന്നും വിളിക്കും. നിറയെ വെളുത്തുള്ളി തൊലിയുരിച്ചെടുക്കണം എന്ന മിനക്കേട് ഒഴിച്ചാൽ കറിവേപ്പില ചമ്മന്തിപ്പൊടിയേ പോലെത്തന്നെ ഏറെ രുചികരമായ വിഭവം തന്നെയതും.
ഇന്ന് പരിചയപ്പെടുത്തുന്നതു കൊങ്കണി സ്റ്റൈൽ കറിവേപ്പില ചമ്മന്തിപൊടി അഥവാ കർബെവാ ചട്ണിയാണ്.

പാചകരീതിയിലേക്ക് 

ചേരുവകൾ 

  • തേങ്ങ-  5 കപ്പ്
  • വറ്റൽ മുളക് - 15-20
  • കടല പരിപ്പ്   - 1/2 കപ്പ്
  • വാളൻ പുളി  - ഒരു ചെറുനാരങ്ങാ വലുപ്പത്തിൽ 
  • കറിവേപ്പില - രണ്ടു കപ്പ്
  • ഉപ്പ്    - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

തേങ്ങ തിരുമ്മിയതും മുളകും കടലപരിപ്പും കറിവേപ്പിലയും കൂടി ഒരു ഉരുളിയിലോ മറ്റോ ഇട്ട് ചെറുതീയിൽ തുടരെ ഇളക്കി വറുക്കുക.
എണ്ണ ചേർക്കരുത്. നന്നായി വറുത്തു നല്ല ബ്രൗൺ കളർ ആവുമ്പോൾ വാങ്ങി വെയ്ക്കാം. നന്നായി ചൂടാറിയതിനു ശേഷം മാത്രം ഇതിൽ ഉപ്പ് ചേർക്കുക. (ഉപ്പ് ആദ്യമേ ചേർക്കരുത്.) ഇനി ഇവ  മിക്സിയിൽ പൊടിച്ചെടുക്കാം. ചമ്മന്തിപ്പൊടി തയ്യാർ.