ചില രുചികൾ നമുക്ക് അത്രയേറെ പ്രിയപ്പെട്ടതാവാൻ കാരണം, അവ വിരളമായി കിട്ടുന്നു എന്നതുകൊണ്ടാണ്. അവയ്ക്ക് വേണ്ടി ആ പ്രത്യേക " സീസൺ " വരാൻ നമ്മൾ കാത്തിരിക്കും. അതിപ്പോൾ ചക്കയോ മാങ്ങയോ എന്തുമാവട്ടെ. അത്തരത്തിൽ നമ്മുടെ ഏറെ പ്രിയപ്പെട്ട സംഭവമാണ് കടച്ചക്ക. ശീമച്ചക്കയെന്നും ബ്ലാത്തിചക്കയെന്നുമൊക്കെ ഓരോ നാട്ടിലും അറിയപ്പെടുന്ന ഇവൻ ഒരു വിരുതൻ തന്നെ.
കൊങ്കണി പാചകത്തിൽ കടച്ചക്കയിൽ നിന്നും അതീവ രുചികരമായ പല വിഭവങ്ങൾ ഉണ്ടാക്കാറുണ്ട് . അതിലെ പ്രധാനി ബജ്ജി തന്നെ. ബജ്ജികളിലെ രാജാവ് എന്ന് തന്നെ നിസ്സംശയം പറയാം. കടലമാവും മുളകുപൊടിയും കായവും ഉപ്പും ചേർന്ന ബജ്ജിക്കൂട്ടിൽ ഇവ മുക്കി പൊരിച്ചെടുത്തലുള്ള രുചി, ഹാ ! പറഞ്ഞറിയിക്കാൻ പറ്റില്ല.
Also Read
കടുകും വറ്റൽ മുളകും മൂപ്പിച്ചതിലോട്ട് ചെറുതായി അരിഞ്ഞ കടച്ചക്ക ഉലർത്തി എടുക്കുന്ന " ഉപ്കരി " യും അതീവ രുചികരം. ഒപ്പം കടലയും ചേനയുമൊക്കെ ചേർത്ത് കടച്ചക്ക കഷ്ണങ്ങൾ ചേർത്തുണ്ടാക്കുന്ന തീയൽ അല്ലെങ്കിൽ " സോയി ഭജ്ജിലെ ഘശി " എന്ന് വിളിക്കുന്ന ഈ കറി കടച്ചക്കക്കാലത്ത് വിവാഹ സദ്യകളിൽ പോലും വിളമ്പാറുണ്ട്.
ഇന്ന് പരിചയപ്പെടുത്തുന്നത് കടച്ചക്ക കൊണ്ടുള്ള " സുക്കെ" എന്ന വിഭവമാണ്. കൂട്ടുകറി പോലെ ചാറില്ലാതെ തേങ്ങാക്കൂട്ടിൽ പൊതിഞ്ഞു കിടക്കുന്ന കഷ്ണങ്ങൾ. പരിപ്പ് കറിയുടെ കൂടെ ചോറിനൊപ്പം അരികിൽ വിളമ്പാവുന്ന കറിയാണ് കടച്ചക്ക "സുക്കെ".
പാചകരീതിയിലേക്ക്
ചേരുവകൾ
1. കടച്ചക്ക കഷ്ണങ്ങൾ - 2 കപ്പ്
2. സവാള - 1 വലുത്
3. തേങ്ങ - ഒന്നര കപ്പ്
4. മല്ലി - 2 ടീസ്പൂൺ
5. ഉഴുന്ന് - ഒന്നര ടീസ്പൂൺ
6. വറ്റൽ മുളക് - 10-12 എണ്ണം
7. വാളൻപുളി - ഒരു കുഞ്ഞ് കഷ്ണം.
8.കടുക് - 1 ടീസ്പൂൺ
9. ഉലുവ - 1/2 ടീസ്പൂൺ
10. കറിവേപ്പില - അല്പം
11. വെളിച്ചെണ്ണ - 3 ടീസ്പൂൺ
12. ഉപ്പ് ആവശ്യത്തിനു
തയ്യാറാക്കുന്നവിധം
കടച്ചക്ക കഷ്ണങ്ങൾ ഉപ്പും ഒരുകപ്പ് വെള്ളവും ചേർത്ത് പ്രഷർ കുക്കറിൽ ഒരൊറ്റ വിസിൽ വരേ വേവിയ്ക്കുക.
മല്ലിയും ഉഴുന്നും മുളകും അര ടീസ്പൂൺ എണ്ണ ചൂടാക്കി ചെറുതീയിൽ ചുവക്കെ വറുത്തെടുക്കുക. ഇവ തേങ്ങയ്ക്കും വാളൻപുളിക്കുമൊപ്പം ചേർത്ത് തരുതരുപ്പായി അധികം വെള്ളം ചേർക്കാതെ അരച്ചെടുക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി കടുകും ഉലുവയും കറിവേപ്പിലയും മൂപ്പിക്കുക. ഇതിലേക്ക് സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് ചുവക്കെ വറുക്കുക .ഇനി കടച്ചക്ക കഷ്ണങ്ങൾ വേവിച്ച വെള്ളത്തോടു കൂടി ഇതിലേക്ക് ചേർക്കുക.
തിള വന്നു തുടങ്ങുമ്പോൾ അരപ്പ് ചേർത്ത് നന്നായി ഇളക്കുക. ചാറ് വറ്റി കഷ്ണങ്ങൾ തേങ്ങാ കൂട്ടിൽ പൊതിഞ്ഞു വരും വരേ ചെറുതീയിൽ പാകം ചെയ്യുക. കടച്ചക്ക സുക്കെ തയ്യാർ.
Content Highlights: breadfruit recipes konkani sukke recipe
Published: 24 Jul 2023, 12:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented