പരിപ്പുവടയും ഉഴുന്നുവടയും ഉള്ളിവടയും നമ്മുടെ നാലു‌മണി പലഹാരങ്ങളായി വാഴുന്ന അടുക്കളകളിൽ ഉച്ചയൂണിനൊപ്പം കഴിക്കുന്ന വടകളും ഉണ്ടാക്കാറുണ്ട്. പല തരം പച്ചക്കറികൾ ആയിരിക്കും ഇത്തരം വറപലഹാരങ്ങളിലെ പ്രധാനി.  ഊണിനൊപ്പം ഇത്തരം വടകൾ വിളമ്പുന്നത് അതീവ രുചികരമാണ്.

To advertise here,

കൊങ്കണി രുചിക്കൂട്ടിൽ ബജ്ജികളും വടകളും അതാത് പച്ചക്കറികൾക്കനുസരിച്ചു ചേരുവകളിൽ മാറ്റം വരുത്തി ഉണ്ടാക്കാറുണ്ട്. കിളുന്ത് ഉലുവയിലയും തകരയും മുരിങ്ങയിലകളുമൊക്കെ വടകളായി മാറുകയാണെങ്കിൽ അതിൽ പച്ചരിയും തുവരപരിപ്പും വറ്റൽ മുളകുമൊക്കെയായിരിക്കും ചേർക്കുക.  അത്തരം വടകളെ, " ഡങ്കർ " എന്നാണ് കൊങ്കണിയിൽ വിളിക്കുക. വാഴക്കൂമ്പും ക്യാബേജ് ഒക്കെയാണ് എടുക്കുന്നതെങ്കിൽ കടലമാവായിരിക്കും താരം. ഇനി മത്തനില ആണെങ്കിൽ ഉഴുന്നുവറുത്ത് കുതിർത്ത് മുളകുകൂട്ടി അരച്ചെടുത്ത അരപ്പായിരിക്കും പുരട്ടി എടുക്കുക. ഇതിനെ " ഫോഡി " എന്നും വിളിക്കും. 

ഇന്ന് പരിചയപ്പെടുത്തുന്നത് ഇവയിൽ ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതും ഏവരും ഇഷ്ടപ്പെടുന്നതുമായ വടയായ ക്യാബേജ് വടയാണ്. ഇതിനെ കൊങ്കണിയിലെ പേരെന്താണെന്നോ, കാബേജ്  "അമ്പാടോ " ! കഴിച്ച് കഴിഞ്ഞാൽ ഉറപ്പായും ഹമ്പട വീരാന്ന് വിളിച്ച് പോവും. കൊങ്കണികൾ ഊണിനൊപ്പമാണ് ഇത് വിളമ്പുന്നതെങ്കിലും ചായക്കൊപ്പം പലഹാരമായും കഴിക്കാം.

ചേരുവകൾ

  • കാബേജ്  ചെറുതായി അരിഞ്ഞത് - 1 കപ്പ്
  • സവാള ചെറുതായി അരിഞ്ഞത് - 1 എണ്ണം 
  • പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് - 4 എണ്ണം 
  • കറിവേപ്പില  ചെറുതായി അരിഞ്ഞത് -3 തണ്ട്
  • ഇഞ്ചി പൊടിയായി അരിഞ്ഞത് - 1 ടീസ്പൂൺ 
  • കടലമാവ്  -  3 - 4 ടേബിൾസ്പൂൺ 
  • മുളക് പൊടി  - 2 ടീസ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 
  • അരിപ്പൊടി - 1 ടേബിൾ സ്പൂൺ 

പാചകരീതിയിലേക്ക് 

കാബേജ് മുതൽ ഇഞ്ചി വരെയുള്ള ചേരുവകൾ ഉപ്പ് ചേർത്തതിനുശേഷം കൈകൊണ്ട് നന്നായി തിരുമ്മിയോജിപ്പിക്കുക. ഒട്ടും വെള്ളം തളിക്കരുത്.അൽപ സമയത്തിനുള്ളിൽ തന്നെ പച്ചക്കറികളിൽ നിന്നും വെള്ളം ഊറി വരുന്നതായിരിക്കും. ഈ നനവിലായിരിക്കണം കടലമാവും അരിപ്പൊടിയും മുളകുപൊടിയും ഇട്ടു മിക്സ് ചെയ്യേണ്ടത്. ശ്രദ്ധിക്കുക അല്പം പോലും വെള്ളം തളിക്കരുത്. ഇനി പരിപ്പുവടയുടെ ആകൃതിയിൽ ചെറിയ വടകളാക്കി ചൂടായ എണ്ണയിൽ വറുത്തു കോരുക. കാബേജ് അമ്പാടോ തയ്യാർ.