പ്രാതലിനുള്ള ഭക്ഷണം എന്നും ആരോഗ്യപരമാക്കാന്‍ നാം ശ്രദ്ധിക്കും.. അത്താഴം വര്‍ജ്ജിച്ചാലും പ്രാതല്‍ നിര്‍ബന്ധമായും കഴിക്കണമെന്ന് പറയുന്നതും ഇതൊക്കെ കൊണ്ട് തന്നെയാണല്ലോ. ഇഡ്‌ലി, ദോശ, അപ്പം, പുട്ട്  ഒക്കെയാണല്ലോ നമ്മള്‍ സാധാരണ ഉണ്ടാക്കുക. ഇടയ്ക്ക് വാഴുന്ന കൊഴുക്കട്ടകളും ഒറൊട്ടിയുമൊക്കെയാണ് മറ്റു വിഭവങ്ങള്‍. ഇത്തരത്തില്‍ അതീവ രുചികരം ആയ ഒറോട്ടി വിഭാഗത്തില്‍ പെടുത്താവുന്ന കൊങ്കണി വിഭവമാണ് 'ഭക്‌രി '.

To advertise here,

ചുട്ട വാഴയിലയുടെ മണം പേറുന്ന അരി ദോശ എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം ഭക്‌രിയെ. മാവ് പരത്തിയ വാഴയിലകള്‍ ഇരുമ്പ് ദോശക്കല്ലില്‍ നിരത്തി ചുട്ടെടുക്കുമ്പോള്‍ പടരുന്നത് കൊതിപ്പിക്കുന്ന മണമാണ്. ഇലകളില്‍ നിന്നും പതുപതുത്ത നേര്‍ത്ത ഭക്‌രികള്‍ ഇളക്കി എടുക്കുമ്പോള്‍ അവയ്ക്ക് മീതെ വാഴയിലകള്‍ തന്റെതായ ചിത്രപ്പണികളും പതിപ്പിച്ചിരിക്കും. ഒരുതുള്ളി പോലും എണ്ണ വേണ്ടയെന്നത് മറ്റൊരു മേന്മയാണ്.

ഭക്‌രിക്ക് കൂട്ടായി സാധാരണ നല്ല കട്ടിയായി ഉണ്ടാക്കിയ പരിപ്പ് കറിയാണ് വിളമ്പുക. പരിപ്പ് കറിയില്‍ കുതിര്‍ന്ന ഭക്‌രി കഷ്ണങ്ങള്‍ അതീവ രുചികരം തന്നെയാണ്. പരിപ്പിനോളം തന്നെ ആരാധകര്‍ ഉള്ള മറ്റൊരു കൂട്ടാളിയാണ് വെണ്ണ. ചൂട് ഭക്‌രിക്ക് മീതെ ഭരണിയില്‍ നിന്നും ഓരോ കുഞ്ഞുരുള വെണ്ണ വിളമ്പും. ആ ചൂടില്‍ ശകലം അലിയുന്ന വെണ്ണ. അതും ഒരു സ്വര്‍ഗീയ രുചി തന്നെ. ഇനി ഇതൊന്നുമല്ലെങ്കിലും ഇത്തിരി പഞ്ചസാര കൂട്ടി കഴിക്കുന്ന വിദ്വാന്‍മാരുമുണ്ട് കേട്ടോ.

ചേരുവകള്‍ 

1.പച്ചരി      - 2 കപ്പ് 
2. തേങ്ങ -  രണ്ടര കപ്പ് 
3. ഉപ്പ്       ആവശ്യത്തിന്.

ഇനി പാചകരീതിയിലേക്ക്;


പച്ചരി കഴുകി മൂന്നു - നാല് മണിക്കൂര്‍ കുതിര്‍ത്തു വെയ്ക്കുക .ശേഷം തേങ്ങാ ചേര്‍ത്ത് വളരെ നന്നായി മഷി പോലെ അരച്ചെടുക്കുക. ഒട്ടും തരുതരുപ്പുണ്ടാവാന്‍ പാടില്ല.

മാവിന്റെ അയവ് കൂടുതല്‍ കട്ടിയും തീരെ നേര്‍ത്തു പോവാനും പാടില്ല. അതായതു വാഴയിലയില്‍ പുരട്ടുമ്പോള്‍ പുറത്തേക്ക് ഒഴുകി വരാന്‍ പാടില്ല . കൂടുതല്‍ കട്ടിയായാല്‍ ദോശ കല്ലിച്ചും പോവും. അത് കൊണ്ട് മാവിന്റെ അയവ് ശ്രദ്ധിക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. ഇനി ഉടനെ തന്നെ നമുക്ക് ഭക്‌രി ചുട്ടെടുക്കാം.

ചൂടായ ദോശക്കല്ലില്‍ ഒരു വാഴയിലക്കീറ് വെച്ച് അതിന് മീതെ മാവ് തവി കൊണ്ട് പരത്തുക. ഉടനെ തന്നേ മറ്റൊരു വാഴയിലക്കീറു കൊണ്ട് ഇത് മൂടി വെയ്ക്കുക. മറുഭാഗം തിരിച്ചും മറിച്ചും ഭക്‌രി ചുട്ടെടുക്കുക. അതോടെ ഭക്‌രി തയ്യാര്‍. ഇനി ഇലകളില്‍ നിന്നും ഓരോന്നായി ഇളക്കി എടുത്ത് ഇഷ്ടമുള്ള കറി കൂട്ടി വിളമ്പാവുന്നതാണ്.

(ശ്രദ്ധിക്കുക :വാഴയില കരിഞ്ഞു പോയിട്ടില്ലെങ്കില്‍ നമുക്ക് ഒരു തവണ കൂടെ ദോശ അതെ വാഴയിലയില്‍ തന്നെ ഉണ്ടാക്കാവുന്നതാണ്.)