
മധുരങ്ങള്‍ എന്നും നമ്മുടെ ഹൃദയത്തോടെ ചേര്‍ത്ത് വെയ്ക്കുന്നവയാണ്. അതുകൊണ്ട് തന്നെയാണല്ലോ നല്ല ഓര്‍മകളെപോലും മധുരം നിറഞ്ഞ ഓര്‍മ്മകള്‍ എന്ന് വിളിക്കുന്നത്. ആഘോഷങ്ങള്‍ക്ക് നിറം നല്കുന്നതില് മധുരപലഹാരങ്ങള്‍ തന്നെയാണ് പ്രധാനി. സ്നേഹവും സന്തോഷവും പങ്കുവെയ്ക്കാനും നമ്മള് മധുരത്തെ ആശ്രയിക്കുന്നതും ഇതെല്ലാംകൊണ്ടാണ്. ഇനി സദ്യയുടെ കാര്യമെടുത്താലും നമ്മള് കാത്തിരിക്കുന്നത് ഊണിന്റെ അവസാനം വിളമ്പുന്ന പായസത്തിനായാണ്. മധുരമുള്ള പായസം നമ്മള് അത്രമേല്‍ ഇഷ്ടപ്പെടുന്നു.
ഇക്കുറി ഓണസദ്യക്ക് കൊങ്കണി സ്പെഷ്യല്‍ 'കേസര്‍ ബാത്ത് ' ആയാലോ?. കേസര്‍ എന്നാല്‍ കുങ്കുമപ്പൂവ്. ജീരകശാല ചോറില്‍ കുങ്കുമപ്പൂവിന്റെ ആ ഇളം സൗരഭ്യവും ഗ്രാമ്പുവിന്റെ മണവും കൂടെയാകുമ്പോള്‍ ഈ മധുരം അല്പം രാജകീയ പരിവേഷം ഉള്ളത് തന്നെയാണ്.
Also Read
കൊങ്കണികളുടെ വിശേഷ ദിവസങ്ങളിലെ സദ്യകളിലും വിവാഹ സദ്യകളിലും ഒക്കെ ഒരുകാലത്തു അരങ്ങു വാണിരുന്ന വിഭവമാണ് കേസര്‍ ബാത്ത്. പുത്തന്‍ രുചികൂട്ടുകള്‍ വന്നതോടെ കേസര്‍ ബാത്ത് അല്പം പിന്നോട്ട് പോയോ എന്ന് സംശയമുണ്ട്. എന്നാലും ഇന്നും ആ പേര് കേള്‍ക്കുമ്പോള്‍ കൊതി തോന്നുന്ന ഒരുപാട് പേരുണ്ട്.
കേസര്‍ ബാത്ത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
ചേരുവകള്‍ :
1. ജീരകശാല അരി -1 കപ്പ്
2. വെള്ളം - രണ്ടേ മുക്കാല്‍ കപ്പ്
3. പഞ്ചസാര - ഒന്നേ മുക്കാല്‍ കപ്പ്
4. കുങ്കുമപ്പൂവ് - 10-12 എണ്ണം
5. ഇളം ചൂടുള്ള പാല് -1/4 കപ്പ്
6. ഗ്രാമ്പൂ - 5 - 6 എണ്ണം
7. ഏലയ്ക്ക - 8 - 10 എണ്ണം
8. നെയ്യ് - 1/2 കപ്പ്
9. കിസ്മിസ്, കശുവണ്ടിപരിപ്പ് അലങ്കരിക്കാന്‍.
ഉണ്ടാക്കുന്ന വിധം
അരി കഴുകി പത്തു മിനിറ്റ് കുതിര്‍ത്ത് ശേഷം വെള്ളം വാര്‍ത്തു വെയ്ക്കുക. കുങ്കുമപ്പൂവ് പാലില്‍ കുതിര്‍ത്ത് വെയ്ക്കുക. ഒരു ഉരുളിയില്‍ ഒരു ടേബിള്‍സ്പൂണ്‍ നെയ്യ് ചൂടാക്കി അതിലേക്ക് അരിയിട്ട് മൂന്നാലു മിനിറ്റ് വറുക്കുക. ശേഷം ഇതിലേക്ക് വെള്ളം ഒഴിച്ചു ഗ്രാമ്പു കൂടെ ചേര്‍ക്കുക. ചെറുതീയില്‍ വെള്ളം വറ്റി ചോറ് നല്ല വെന്തു പാകമാകുംവരെ വെക്കുക.
ഇനി ഇതിലേക്ക് കുങ്കുമപ്പൂവും പാലും ചേര്‍ത്തിളക്കുക. നന്നായി ഇളക്കിയതിനു ശേഷം ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് ഇളക്കുക. നെയ്യ് ഒറ്റയടിക്ക് ചേര്‍ക്കാതെ, കുറഞ്ഞ ഇടവേളകളിലായി
ഇടയ്ക്കിടെ ചേര്‍ത്ത് കൊണ്ടേയിരിക്കുക.
തുടരെ തുടരെ ഇളക്കി കേസര്‍ ബാത്ത് ഉരുളിയുടെ വശങ്ങളില് നിന്നും ഇളകി വരുന്ന വരേ പാകം ചെയ്യുക. നല്ല ഹല്‍വ പോലാകുമ്പോള്‍ വാങ്ങി വെയ്ക്കാം. ഏലയ്ക്ക പൊടിയും വിതറുക. കിസ്മിസും കശുവണ്ടിയും നെയ്യില്‍ വറുത്ത് കേസര്‍ ബാതിന്റെ മേലെ ഒഴിക്കുക. രുചിയേറും കേസര്‍ ബാത്ത് തയ്യാര്‍.
Content Highlights: kesari bath recipe
Published: 29 Aug 2023, 03:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented