വൈവിധ്യമാര്‍ന്ന കറികളുടെ ഒരു നീണ്ട നിര തന്നെയുണ്ട് കൊങ്കണി പാചകത്തില്‍. പച്ചക്കറിയാവട്ടെ, ധാന്യങ്ങളാവട്ടെ, മീനാവട്ടെ, എന്തിനും അതിന്റെ മാത്രമായ ചില പ്രത്യേക രുചിക്കൂട്ടുണ്ട്.
അത്തരത്തില്‍ ഒരു രുചികൂട്ടാണ്  ' സഗ്ലെ 'യുടേതും. 'സഗ്ലെ' എന്നാല്‍ മുഴുവനോടെ എന്നര്‍ത്ഥം.  പേര് സൂചിപ്പിക്കുന്ന പോലെ ഇതില്‍ ഉപയോഗിക്കുന്ന പച്ചക്കറി ഒന്നുകില്‍ മുഴുവനോടെയോ അല്ലെങ്കില്‍ അല്പം വലിയ കഷ്ണങ്ങള്‍ ആക്കി ഉപയോഗിക്കും.

To advertise here,

വഴുതനങ്ങ അല്ലെങ്കില്‍ കത്തിരിക്ക, വെണ്ടയ്ക്ക, ഉരുളക്കിഴങ്ങ് ഒക്കെയാണ് പൊതുവില്‍ സഗ്ലെയ്ക്കായി എടുക്കുന്നവ . ഇതില്‍ ചെറുകത്തിരിക്ക ആണെങ്കില്‍, ഞെട്ട് കളയാതെ,നാലായി കീറലിട്ട്,അരപ്പ് അകത്തു തിരുകി വെച്ച് മുഴുവനോടെ പാകം ചെയ്യും. അതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്.

വലിയ കത്തിരിക്കയോ വഴുതനയോ ആണെങ്കില്‍ അല്പം വലിയ കഷ്ണങ്ങളായി മുറിച് സഗ്ലെയില്‍ ചേര്‍ക്കും. മല്ലിയും മുളകും വറുത്ത് ശേഷം തേങ്ങാ ചേര്‍ത്തരയ്ക്കുന്നതാണ് സഗ്ലെയുടെ അടിസ്ഥാന രുചിക്കൂട്ട്. അധികം അരയാതെ അല്പം തരുത്തരുപ്പോടെ അരച്ചെടുക്കും. പണ്ടൊക്കെ ആട്ടുക്കല്ലില്‍ ആണ് അരച്ചിരുന്നത്. 

പണ്ടൊക്കെ ഈ അരച്ച തേങ്ങാ കൂട്ട് മാറ്റി എടുത്ത ശേഷം ആട്ടുകല്ലില്‍ ബാക്കിയുള്ള അല്പസ്വല്പം അരപ്പ് കഴുകിയെടുത്ത വെള്ളം തിളപ്പിച്ച് ഒഴിച്ച് കറിയാക്കി മാറ്റിയിരുന്നു. സഗ്ലെ ചോറിനു കൂട്ടായി വിളമ്പുമ്പോള്‍ ഒഴിക്കാനായി ഈ ചാറ് കറിയായിരിക്കും കൂടെ. ചൂട് ചോറിനൊപ്പം ഒരു ഒന്നൊന്നര കോമ്പിനേഷന്‍ തന്നെയാണിത്. കത്തിരിക്കയോ വഴുതനയോ കൊണ്ടുള്ള സഗ്ലെ ആണിന്നു പരിചയപ്പെടുത്തുന്നത്. കത്തിരിക്ക അല്പം വലുപ്പമുള്ളതാണെങ്കില്‍ മുറിച്ചിടാം.

ചേരുവകള്‍ 

1.വഴുതന / കത്തിരിക്ക- 3 വലുത്

2.ഉരുളക്കിഴങ്ങ്- 2 ഇടത്തരം

3.സവാള-  1 വലുത്

4.ഇഞ്ചി- ഒന്നര ടീസ്പൂണ്‍ 

5.തേങ്ങ-   ഒരു കപ്പ്

6.മല്ലി-2 ടീസ്പൂണ്‍

7.വറ്റല്‍ മുളക്- 8- 12 എണ്ണം 

8.വാളന്‍പുളി- ഒരു കുഞ്ഞ് കഷ്ണം

9.കടുക്  - 1 ടീസ്പൂണ്‍ 

10.വെളിച്ചെണ്ണ -3 - 4 ടീസ്പൂണ്‍

11. ഉപ്പ്     ആവശ്യത്തിന്


പാചകരീതിയിലേക്ക്

മല്ലി, മുളക് എന്നിവ അല്പം എണ്ണ ചൂടാക്കി ചുവക്കെ വറുക്കുക.ഇതും തേങ്ങയും പുളിയും അല്പം തരുതരുപ്പായി അധികം വെള്ളം  ചേര്‍ക്കാതെ അരച്ചെടുക്കുക.
സവാളയും ഇഞ്ചിയും പൊടിയായി അരിയുക.വഴുതനയും ഉരുളക്കിഴങ്ങും അല്പം വലിയ കഷ്ണങ്ങള്‍ ആക്കുക.

ഇനി ഒരു വാവട്ടമുള്ള പാനില്‍ എണ്ണ ചൂടാക്കി കടുക് താളിച്ചു ഇഞ്ചി ചേര്‍ത്ത് വഴറ്റാം.ഇനി സവാള ചേര്‍ത്ത് നിറം മാറുന്ന വരെ വഴറ്റുക.
ഇനി വഴുതനയും ഉരുളക്കിഴങ്ങും ഇതിലേക്ക് ചേര്‍ത്ത് ഉപ്പും ചേര്‍ത്ത് വഴറ്റാം. 

ഉടനെ തന്നെ തേങ്ങ അരപ്പും, ഏകദേശം അരക്കപ്പ് വെള്ളവുമൊഴിച്ചു സാവധാനം ഇളക്കി, അടച്ചു വെച്ച് ചെറുതീയില്‍ പാകം ചെയ്യുക.
വെള്ളം  വറ്റി ചാറ് കുറുകി പച്ചക്കറികയോ വെന്ത് വരുമ്പോള്‍ വാങ്ങി വെയ്ക്കാം.