ത്ര എളുപ്പത്തില്‍ ഒരു പ്രാതല്‍ ഒപ്പിക്കാം എന്ന ഘട്ടത്തില്‍ നമ്മളില്‍ മിക്കവരും ചെന്നെത്തിപ്പെടുക നമ്മുടെ ഉപ്പുമാവില്‍ തന്നെയാണ്. വേഗത്തിലുണ്ടാക്കാം എന്നുമാത്രല്ല നല്ല നെയ്യ് മണവും പൊടിയായി അരിഞ്ഞ ഇഞ്ചിയും സവാളയുമൊക്കെ ചേര്‍ത്തുണ്ടാക്കുമ്പോള്‍ ഉപ്പുമാവ് രുചികരവുമാകുന്നു. ഉപ്പുമാവിന്റെ വകഭേദങ്ങളായി ക്യാരറ്റ്, ബീന്‍സ്, പച്ച പട്ടാണിയൊക്കെ ചേര്‍ത്ത് ഉപ്പുമാവുണ്ടാക്കുന്നവരുമുണ്ട്. പോഷകവും ഇതിനാല്‍ കൂടും.

To advertise here,

കൊങ്കണി രുചിക്കൂട്ടിലും ഉപ്പുമാവിന്റെ സ്ഥാനം മുന്‍പന്തിയില്‍ തന്നെയാണ്. വിവാഹം, ഉപനയനം പോലുള്ള വിശേഷ ദിവസങ്ങളിലെ പ്രാതലിനു ഉപ്പുമാവ് മിക്കവാറും കാണാറുണ്ട്. നല്ല കുഴഞ്ഞ പരുവത്തിലെ ഉപ്പുമാവും പരിവാരങ്ങളായി മിക്‌സ്ച്ചറോ, തുക്ടി എന്നാ പലഹാരമോ മറ്റൊ കാണും. മധുര പലഹാരമായി ഏത്തപ്പഴം ഹല്‍വയും കാണും.

കൊങ്കണി രീതിയിലെ ഉപ്പുമാവിന് ഒരു പ്രത്യേകത ഉണ്ട്. ഇതില്‍ സവാള ഇഞ്ചിയൊന്നും ചേര്‍ക്കാറില്ല. ഇവയില്ലാതെ  ഉപ്പുമാവിന്റെ രുചി ഒന്ന് കഴിച്ചു നോക്കേണ്ടത് തന്നെയാണ്. ബോംബെ റവ എന്ന പേരില്‍ വിളിക്കുന്ന ചെറു റവ ആണെങ്കില്‍ നല്ല കുഴഞ്ഞ പരുവത്തില്‍ ആയിരിക്കും ഉപ്പുമാവ്.  ബന്‍സി ഗോതമ്പില്‍ നിന്നും ഉണ്ടാക്കുന്ന ബന്‍സി റവ ആണെങ്കില്‍ ഉലര്‍ന്നു കിടക്കും. ബന്‍സി റവ അല്പം കൂടെ തവിട്ട് നിറത്തില്‍ ആയിരിക്കും. വലുപ്പവും കാണും. രുചിയിലും പോഷകത്തിലും ഒരു പടി മുന്നിലും നില്‍ക്കും.

നേരത്തേ പറഞ്ഞ പരിവാരങ്ങള്‍ വിശേഷ ദിവസങ്ങളിലെ 'സ്‌പെഷ്യല്‍ കൂട്ട് ' എന്ന പദവി അലങ്കരിക്കുമ്പോള്‍ സാധാരണ രീതിയില്‍ കൊങ്കണി വീടുകളില്‍ ഉപ്പുമാവിനോപ്പം വിളമ്പുന്ന കറിയാണ് ' ബട്ടാട്ട സോങ്ക് , ബട്ടാട്ട എന്നാല്‍ ഉരുളക്കിഴങ്ങ്. സോങ്ക് എന്നാല്‍ നല്ല എരിവുള്ള കറി. സോങ്കും ഉപ്പുമാവും മികച്ച ജോടി തന്നെയാണ്. കൊങ്കണി സ്‌റ്റൈല്‍ ഉപ്മയും ബട്ടാട്ട സോങ്കും ഉണ്ടാക്കേണ്ട വിധം താഴെ കൊടുത്തിരിക്കുന്നു.

ഉപ്മ ചേരുവകള്‍

1. ബന്‍സി റവ- 1 കപ്പ്
2. വെള്ളം- 3 കപ്പ്
3. കടുക്- 1 ടീസ്പൂണ്‍
4. ഉഴുന്ന്-  1 ടീസ്പൂണ്‍
5. പച്ചമുളക് -3 - 4 എണ്ണം
6. കറിവേപ്പില-2 കതിര്‍പ്പ്
7. പഞ്ചസാര- 1 ടീസ്പൂണ്‍
8. നെയ്യ്- 2 ടീസ്പൂണ്‍
9.വെളിച്ചെണ്ണ- 2 ടീസ്പൂണ്‍
10. ഉപ്പ്- ആവശ്യത്തിന്
11. തേങ്ങ- അര കപ്പ്

ചീനച്ചട്ടിയില്‍ നെയ്യും വെളിച്ചെണ്ണയും ചേര്‍ത്ത് ചൂടാക്കുക.ഇതിലേക്ക് കടുകും ഉഴുന്നും താളിക്കുക. ശേഷം പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക.
ഇതിലേക്ക് വെള്ളം ഒഴിക്കുക.ഉപ്പും പഞ്ചസാരയും കൂടെ ചേര്‍ക്കാം.

വെള്ളം വെട്ടി തിളക്കുമ്പോള്‍ തീ കുറച്ച്, ബന്‍സി റവ ചേര്‍ക്കുക. റവ ചേര്‍ക്കുമ്പോള്‍ തവി കൊണ്ട് വെള്ളം ഇളക്കിക്കൊണ്ടേയിരിക്കുക. ഇനി ഒരു അടപ്പ് വെച്ച് ഉപ്മ മൂടി വെയ്ക്കുക. ഇടയ്ക്ക് ഒന്ന് രണ്ട് തവണ നന്നായി ഇളക്കി യോജിപ്പിക്കുക. അടുപ്പിലെ തീ നന്നേ കുറച്ച് തന്നേ വെയ്ക്കുക.വെള്ളം വറ്റി ബന്‍സി റവ ഉലര്‍ന്ന് വരുമ്പോള്‍ ചീനച്ചട്ടി അടുപ്പില്‍ നിന്നും മാറ്റാം.

ഇതിലേക്ക് തിരുമ്മി വെച്ച തേങ്ങാ മീതെ വിടര്‍ത്തി ഇടുക. അഞ്ചു മിനിറ്റുകള്‍ക്ക് ശേഷം ചൂടോടെ വിളമ്പാവുന്നതാണ്.

(ശ്രദ്ധിക്കുക : സാദാ റവ ആണെങ്കില്‍ വെള്ളം രണ്ടര കപ്പ് മതിയാവും. ഈ ഉപമയില്‍ തേങ്ങ ചേര്‍ക്കാറില്ല)


ബട്ടാട്ട സോങ്ക്

ചേരുവകള്‍


1. ഉരുളക്കിഴങ്ങ്   - 1 വലുത്
2. തക്കാളി          -2 ചെറുത്
3. കാശ്മീരി മുളക് പൊടി- 2 ടീസ്പൂണ്‍
4. കായപ്പൊടി  - 1/2 ടീസ്പൂണ്‍
5. ഉപ്പ്      ആവശ്യത്തിന്
6. വെള്ളം    - ഒന്നര കപ്പ്
7. വെളിച്ചെണ്ണ - 2 ടീസ്പൂണ്‍
8. കടുക്      1 ടീസ്പൂണ്‍

ഉരുളക്കിഴങ്ങ് ചെറിയ ചതുര കഷ്ണങ്ങള്‍ ആക്കിയെടുക്കുക. തക്കാളിയും ചെറിയ കഷ്ണങ്ങള്‍ ആയി മുറിക്കണം.ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് താളിക്കുക.ഇതിലേക്ക് തക്കാളി കഷ്ണങ്ങള്‍ ചേര്‍ത്തു ചെറുതീയില്‍ വഴറ്റുക. കഷ്ണങ്ങള്‍ ഉടഞ്ഞു എണ്ണ തെളിഞ്ഞു വരുമ്പോള്‍ മുളകുപൊടിയും കായപ്പൊടിയും ചേര്‍ത്ത് വഴറ്റുക.

ഇതിലേക്ക് ഉരുളക്കിഴങ്ങ് ചേര്‍ത്ത് വഴറ്റി ഉപ്പും ചേര്‍ത്ത് വെള്ളമൊഴിച്ച് അടച്ചു വെച്ച് ചെറുതീയില്‍ പാകം ചെയ്യുക.കഷ്ണങ്ങള്‍ വെന്തു ചാറ് അല്പം കുറുകി വരുമ്പോള്‍ സോങ്ക് വാങ്ങി വെയ്ക്കാം.
അല്പം മല്ലിയില വേണമെങ്കില്‍ ചേര്‍ക്കാം.ബട്ടാട്ട സോങ്ക് ചപ്പാത്തിക്കൊപ്പവും കഴിക്കാന്‍ രുചികരമാണ്.