
1990-കളില്‍ ജനിച്ച കുട്ടികള്‍ക്ക് ഗൃഹാതുരമായ ഓര്‍മ സമ്മാനിക്കുന്ന ഹ്രസ്വചിത്രമാണ് ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത കുറിഞ്ഞിപ്പൂമൊഴി. വനസംരക്ഷണവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിനായി സി-ഡിറ്റ് നിര്‍മിച്ച ചിത്രം. അതിലെ കാടിനെ ജീവനക്കാളേറെ സ്‌നേഹിക്കുന്ന വെള്ള പെറ്റിക്കോട്ടിട്ട പെണ്‍കുട്ടിയും കാലികളെ മേയ്ച്ചു ജീവിക്കുന്ന ക്രൂരനായ അച്ഛനും നമ്മുടെ മനസില്‍നിന്ന് മാഞ്ഞുപോയിട്ടുണ്ടാകില്ല. അതുപോലൊരു പെണ്‍കുട്ടി ആമസോണ്‍ മഴക്കാടുകളിലുമുണ്ട്. എണ്ണ നിക്ഷേപത്താല്‍ സമ്പന്നമായ ഇക്വഡോറിലെ ആമസോണ്‍ പ്രദേശത്ത് നടക്കുന്ന അനധികൃതമായ ഖനനങ്ങള്‍ക്കെതിരേ ലോകവേദികളില്‍ സംവദിക്കുന്ന, താന്‍ ജനിച്ച സരയാകൂ എന്ന ആദിമഗോത്രം വനനശീകരണത്തെ തുടര്‍ന്ന് തുടച്ചുനീക്കപ്പെടാതിരിക്കാന്‍ ശബ്ദമുയര്‍ത്തുന്ന ഇരുപത്തൊന്നുകാരി. ഒട്ടേറെ സമരങ്ങളിലും പ്രക്ഷോഭങ്ങളിലും പങ്കെടുത്ത് രാജ്യാന്തര കാലാവസ്ഥ ഉച്ചകോടിയിലെ പ്രതിനിധിയായി എത്തിയ അവളുടെ പേര് ഹെലെന ഗ്വലിങ്ങ എന്നാണ്. ആമസോണിന്റെ സംരക്ഷണത്തിനായി പോരാടുന്ന ഗ്വലിങ്ങ കുടുംബത്തിലെ ഏറ്റവും ഇളയ കണ്ണി.
തെക്കനമേരിക്കന്‍ രാജ്യമായ ഇക്വഡോറിലെ പസ്റ്റാസയില്‍ 2002-ലാണ് ഹെലെന ജനിച്ചത്. കാട്ടിനുള്ളില്‍ എണ്ണക്കമ്പനികള്‍ നടത്തിയ സ്ഫോടനത്തിന്റെ ശബ്ദത്തിലേക്കാണ് അവള്‍ ജനിച്ചുവീണത്. എവിടെ നോക്കിയാലും പച്ചപ്പ് മാത്രം കാണുന്ന, കിളികളുടേയും കാറ്റിന്റേയും ശബ്ദം മാത്രം കേള്‍ക്കുന്ന, വള്ളിക്കെട്ടുകളും നീര്‍ച്ചോലകളുമുള്ള, വന്യമൃഗങ്ങള്‍ സ്വതന്ത്രരായി വിരാജിക്കുന്ന മനോഹരമായ ഒരിടം നാശത്തിലേക്കുള്ള പാതയിലായിരുന്നു അപ്പോള്‍.
കുട്ടിക്കാലത്ത് തന്നെ വനനശീകരണത്തിന്റേയും അനധികൃത ഖനനത്തിന്റേയും ദൃശ്യങ്ങള്‍ കണ്‍മുന്നില്‍ കണ്ട അവള്‍ അമ്മ നവോമി ഗ്വലിങ്ങയ്ക്കും മുത്തച്ഛന്‍ സബിനൊ ഗ്വലിങ്ങയ്ക്കും മുത്തശ്ശി കൊരിന മൊന്റാല്‍വയ്ക്കുമൊപ്പം സമരത്തിന്റെ പാതയില്‍ ചേര്‍ന്നു. അന്നു തുടങ്ങിയ ആ പോരാട്ടം നീണ്ട 20 വർഷം പിന്നിട്ടിട്ടും അവസാനിച്ചിട്ടില്ല. അതിനിടയില്‍ ഫിന്‍ലന്‍ഡില്‍ പ്രൊഫസറായ അച്ഛന്‍ ആന്ദ്രസ് സിറെനിന്റെ അടുത്തേക്ക് അവള്‍ പോയി. അവിടെനിന്ന് വിദ്യാഭ്യാസം നേടിയ ഹെലെന ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാന്‍ പഠിക്കുകയും ലോകവേദികളില്‍ ഗോത്രസമൂഹത്തിന്റെ ശബ്ദമായി മാറുകയുമായിരുന്നു.
സരയാകു ഗോത്രത്തിന്റെ തലവനായ മുത്തച്ഛന്‍
അടിച്ചമര്‍ത്തലുകള്‍ക്കും ചൂഷണത്തിനുമെതിരേ പോരാടാനുള്ള മനക്കരുത്ത് ഹെലെന നേടിയെടുത്തത് മുത്തച്ഛന്‍ സബിനൊ ഗ്വലിങ്ങയില്‍ നിന്നാണ്. ഇക്വഡോറില്‍നിന്ന് വള്ളത്തില്‍ മാത്രം എത്തിച്ചേരാന്‍ കഴിയുന്ന പസ്റ്റാസയിലെ സരയാകു ഗോത്രത്തിന്റെ തലവനും ഷാമാനുമെല്ലാം സബിനൊ ആയിരുന്നു. ഗോത്രമനുഷ്യരുടെ മന്ത്രവാദങ്ങള്‍ക്കും ആത്മാവുമായുള്ള ആശയവിനിമയത്തിനുമെല്ലാം നേതൃത്വം നല്‍കിയിരുന്നത് ഷാമാനായ സബിനൊ ആയിരുന്നു. 2022 ഫെബ്രുവരി എട്ടിന് അദ്ദേഹം ലോകത്തോട് വിട പറഞ്ഞു.

തന്റെ 103 വര്‍ഷക്കാലവും ആമസോണ്‍ കാടിനുള്ളില്‍ ജീവിച്ച സബിനൊ പുറത്തുള്ള ലോകം പരിചയപ്പെടാന്‍ ഒട്ടും ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍, ആമസോണിന്റെ നാശത്തിലേക്കുള്ള യാത്ര കണ്ട് കോസ്റ്ററിക്കയിലെ ഇന്റര്‍-അമേരിക്കന്‍ കോര്‍ട്ട് ഓഫ് ഹ്യൂമാന്‍ റൈറ്റ്സിനെ സമീപിച്ച അദ്ദേഹം തന്റെ സമൂഹത്തിന് അനുകൂലമായ ഒരു വിധി സമ്പാദിച്ചു. 'ലിവിങ് ഫോറസ്റ്റ്' എന്ന തന്റെ ആശയമാണ് അന്ന് മനുഷ്യാവകാശ കോടതിയില്‍ അവതരിപ്പിച്ചത്. ഇതിന് പിന്നാലെ സബിനൊ വാര്‍ത്താ തലക്കെട്ടുകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.
കിച്ച്വ എന്ന ഗോത്രഭാഷ മാത്രം അറിയാവുന്ന സബിനൊയ്ക്കായി അന്ന് കോടതിയില്‍ സ്പാനിഷില്‍ സംസാരിച്ചത് മകള്‍ പട്രിസിയയാണ്. 2011-ലാണ് സരയാകു ഗോത്രവും എതിര്‍ കക്ഷിയായ ഇക്വഡോറും കോടതിയില്‍ വാദപ്രതിവാദത്തില്‍ ഏര്‍പ്പെട്ടത്. അന്ന് സബിനൊയുട വാദവും ലിവിങ് ഫോറസ്റ്റ് (കാവ്സക് സച്ച) എന്ന ആശയവും സ്പാനിഷിനില്‍ പട്രിസിയ കോടതിയില്‍ അവതരിപ്പിച്ചു. എണ്ണയുടെ സാന്നിധ്യം കണ്ടെത്താനുള്ള സെയ്സ്മിക് ടെസ്റ്റിങ് സ്ഫോടനങ്ങള്‍ക്ക് കാരണമായെന്നും അത് സരയാകു ഗോത്രത്തെ പിഴുതെടുക്കുന്നതിലേക്ക് നയിക്കുമെന്നും അദ്ദേഹം വാദിച്ചു. തങ്ങളുടെ പരിപാവന സ്ഥലങ്ങളും ആരാധനാകേന്ദ്രങ്ങളും നാശത്തിന്റെ പാതയിലാണെന്നും ആവാസ്ഥ വ്യവസ്ഥയെ സംരക്ഷിച്ച പകുതി ജീവിജാലങ്ങളും ഇല്ലാതായെന്നും സബിനൊ മകള്‍ വഴി കോടതിയെ അറിയിച്ചു. വൈകാതെ കോടതി ഗോത്രസമൂഹത്തിന് അനുകൂലമായ വിധിയും പറഞ്ഞു. തലമുറകളിലേക്ക് കൈമാറിയ ഒരു പോരാട്ടത്തിന്റെ തുടക്കം അവിടെ നിന്നായിരുന്നു.
അച്ഛനില്‍നിന്ന് പെണ്‍മക്കളിലേക്ക്
ഈ വിധി വന്ന് ഏഴ് വര്‍ഷത്തിന് ശേഷം, അതായത് 2018-ല്‍, ലിവിങ് ഫോറസ്റ്റ് എന്ന ആശയം എന്താണെന്ന് വ്യക്തമാക്കുന്ന വെബ്സൈറ്റ് സരയാകു ഗോത്രം പുറത്തിറക്കി. അപ്പോഴേക്കും പോരാട്ടം സബിനൊയില്‍നിന്ന് പെണ്‍മക്കളായ നവോമിയിലേക്കും പട്രിസിയയിലേക്കും എത്തിയിരുന്നു. വെബ്സൈറ്റ് പുറത്തുവന്നതിന് ശേഷമാണ് ലിവിങ് ഫോറസ്റ്റ് എന്ന ആശയത്തിന് അക്ഷരങ്ങളിലൂടെ ജീവന്‍ കൈവന്നതെന്നും അതുവരെ അത് വിശദീകരിക്കാന്‍ പ്രയാസമായിരുന്നെന്നും പട്രിസിയ പറയുന്നു.
കാടിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന്റെ പ്രാധാന്യം അച്ഛന്‍ കുട്ടിക്കാലത്ത് പറഞ്ഞു തന്നിട്ടുണ്ടെന്നും പട്രിസിയ വ്യക്തമാക്കുന്നു. കുട്ടിക്കാലത്ത് നടന്ന ഒരു സംഭവവും അവര്‍ അതിനോടൊപ്പം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. 'പുഴയില്‍ പോയി വസ്ത്രം അലക്കുമ്പോള്‍ വൃത്തിയാക്കാനായി ഞാന്‍ ഡിറ്റര്‍ജന്റ് ഉപയോഗിച്ചു. ശരിക്കും പുറത്തുനിന്നുള്ള ഇത്തരം വസ്തുക്കള്‍ അവിടെ നിരോധിച്ചതാണ്. ഞാന്‍ അത് അന്ന് ഗൗരവമായി എടുത്തിരുന്നില്ല. അന്ന് ഞാന്‍ പുഴയില്‍ അലക്കുന്നതിനിടയില്‍ പെട്ടെന്ന് മിന്നല്‍ അടിക്കുകയും വെള്ളം പെട്ടെന്ന് ഉയരുകയും ചെയ്തു. ഞാന്‍ ആകെ പേടിച്ചുപോയി. അന്ന് അച്ഛന്‍ എന്നോട് പറഞ്ഞു, അവിടെ പ്രകൃതിയിലുള്ള ഗന്ധമല്ലാതെ പുറത്തുനിന്നുള്ള ഒരു ഗന്ധം വ്യാപിച്ചതിനാലാണ് അങ്ങനെ സംഭവിച്ചതെന്നും പ്രകൃതിയിലെ ജീവികള്‍ക്ക് ശീലമില്ലാത്തത് ഉപയോഗിക്കരുതെന്നും.' അത് അച്ഛന്റെ ഒരു വിശ്വാസമായിരുന്നെന്നും അതിനുശേഷം അത്തരം കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്നും പട്രിസിയ പറയുന്നു.
അമ്മയാണ് കരുത്ത്
ഹെലെന ഗ്വലിങ്ങയ്ക്കും മുത്തച്ഛനായ സബിനൊ ഗ്വലിങ്ങയ്ക്കും ഇടയിലുള്ള കണ്ണി നവോമി ഗ്വലിങ്ങയാണ്. പെണ്‍പോരാട്ടത്തിന്റെ വീര്യം ഹെലെനയ്ക്ക് പകര്‍ന്നുകിട്ടയതും അമ്മയായ നവോമിയില്‍ നിന്നാണ്. സരയാകു ഗോത്രത്തെ മുന്നോട്ടുനയിക്കുന്നതിന്‍ നവോമി ഒരു ലീഡറെപ്പോലെ പ്രവര്‍ത്തിച്ചു.

ജോലിയില്ലാത്ത, അതിക്രമങ്ങള്‍ക്ക് ഇരയായ അമ്മമാര്‍ക്കായി നവോമി വീടിന്റെ വരാന്തയില്‍ കാത്തുനില്‍ക്കും. അവര്‍ക്കായുള്ള അരി, മുട്ട തുടങ്ങിയ സാധനങ്ങളെല്ലാം അരികില്‍ വെച്ചിട്ടുണ്ടാകും. മരുന്ന് അന്വേഷിച്ചുവരുന്ന രോഗികളും അക്കൂട്ടത്തിലുണ്ടാകും. വെള്ളപ്പൊക്കവും കോവിഡ് വ്യാപനവുമെല്ലാം സരയാകു ഗോത്രം അതിജീവിച്ചപ്പോള്‍ അതിലൊരു പങ്ക് നവോമിക്കുമുണ്ടായിരുന്നു.
100 വര്‍ഷത്തിന് ശേഷം ആദ്യമായാണ് സരയാകു ഗോത്രം ഒരു വെള്ളപ്പൊക്കത്തെ നേരിടുന്നത്. അങ്ങനെയൊരു ദുരന്തം പ്രതീക്ഷിക്കാത്തതിനാല്‍ ആരും തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നില്ല. 30 കുടുംബങ്ങള്‍ക്ക് അവരുടെ കുടില്‍ നഷ്ടമായി. സ്‌കൂളും കമ്യൂണിറ്റി കോളേജുമെല്ലാം തകര്‍ന്നു.
അതിന് പിന്നാലെ കോവിഡ് പിടിമുറുക്കി. ആ സമയത്ത് പുയോ നഗരത്തിലായിരുന്നു നവോമി. 2020 മാര്‍ച്ച് 17 മുതല്‍ ജൂലൈ അവസാനം വരെ പുയോയില്‍നിന്ന് സരയാകുവിലേക്ക് എന്നും നവോമി എത്തും. പുയോയില്‍നിന്ന് ടാക്സി പിടിച്ച് കാനെലോസില്‍ വരും. അവിടെനിന്ന് മോട്ടോര്‍ ഘടിപ്പിച്ച ചെറിയ തോണിയില്‍ സരയാകുവിലെത്തും. എന്നാല്‍, ആ യാത്ര വളരെ ദുഷ്‌കരമായിരുന്നു. വെള്ളത്തിന്റെ ഒഴുക്ക് കൂടുതലാണെങ്കില്‍ തീരം തൊടാന്‍ മൂന്ന് മണിക്കൂര്‍ എടുക്കും. വരുമ്പോള്‍ ഒരു ചാക്ക് നിറയെ അരിയും നൂഡില്‍സും ധാന്യങ്ങളും പാത്രങ്ങളും മണ്‍കലങ്ങളുമെല്ലാം നവോമിയുടെ കൈയിലുണ്ടാകും. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വിളയും വളര്‍ത്തു കോഴികളേയും മത്സ്യങ്ങളേയുമെല്ലാം നഷ്ടപ്പെട്ട ഗ്രാമത്തിലെ ആളുകള്‍ ആ ചാക്കും പ്രതീക്ഷിച്ച് സരയാകുവില്‍ കാത്തിരിപ്പുണ്ടാകും.
അമ്മയെ കുറിച്ചുള്ള ഓര്‍മകള്‍ ഹെലെന പങ്കുവെയ്ക്കുന്നത് ഇങ്ങനെയാണ്. 'രാവില ഏഴു മണിക്ക് അമ്മ വീട്ടില്‍നിന്ന് ഇറങ്ങും. തിരിച്ചെത്തുമ്പോഴേക്ക് രാത്രിയാകും. ഞങ്ങളുടെ ഗോത്രത്തിലെ ആളുകളെ സഹായിക്കുക എന്നത് മാത്രമാണ് അമ്മയുടെ ജീവിതലക്ഷ്യം. ഞങ്ങള്‍ നാല് മക്കളേക്കാളും അമ്മയ്ക്ക് പ്രാധാന്യം അതായിരുന്നു. ഇതിനെ കുറിച്ച് പരിഭവം പറഞ്ഞാല്‍ എല്ലാവരുടേയും അമ്മയാണ് താന്‍ എന്നായിരിക്കും മറുപടി. ഒരിക്കല്‍ പ്രസവവേദനയാല്‍ പുളഞ്ഞ ഒരു സ്ത്രീയെ രക്ഷിക്കാന്‍ അമ്മ 40 മിനിറ്റോളം ഓടിത്തളര്‍ന്ന കാഴ്ച്ച ഇപ്പോഴും എന്റെ കണ്‍മുന്നിലുണ്ട്. അതിരാവിലെ ഒരു മഴയത്തായിരുന്നു ആ സംഭവം നടന്നത്. അന്ന് അമ്മയുടെ ധൈര്യം ഞാന്‍ കണ്ടറിഞ്ഞു.' ഹെലെന പറയുന്നു.
30 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു നവോമിയുടെ വിവാഹം. സ്വീഡിഷ് ബയോളജിസ്റ്റായ ആന്ദ്രസ് ഹെന്‍ റിക് സിറെനാണ് ഭര്‍ത്താവ്. നാല് മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം 2017 മുതല്‍ പുയോയിലാണ് നവോമി താമസിക്കുന്നത്.ഹെലനയുടെ ചേച്ചി നിനയും പരിസ്ഥിതി പ്രവര്‍ത്തകയാണ്. എമില്‍, ഇനായു എന്നിങ്ങനെയാണ് ആണ്‍കുട്ടികളുടെ പേര്. പെണ്‍മക്കള്‍ രണ്ടു പേരും അമ്മയുടെ കുടുംബപ്പേര് പേരിനൊപ്പം ചേര്‍ത്തപ്പോള്‍ അച്ഛന്റെ തറവാട്ടുപേരാണ് ആണ്‍മക്കള്‍ തിരഞ്ഞെടുത്തത്.
2017 മുതല്‍ സരയാകു വുമണ്‍ അസോസിയേഷനായ 'kurinampi' (സുവര്‍ണ പാതകള്‍)-യുടെ പ്രസിഡന്റാണ് നവോമി. ഇതിന് കീഴില്‍ സ്ത്രീകള്‍ ഉണങ്ങിയ വിത്തുകളും മറ്റും ഉപയോഗിച്ച് മാലയും കമ്മലും നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്നു. ഇങ്ങനെ കിട്ടുന്ന ചെറിയ പൈസ കൊണ്ട് മക്കള്‍ക്ക് സ്‌കൂളിലേക്കുള്ള നോട്ടുപുസ്തകം പോലെയുള്ള സാധനങ്ങള്‍ അവര്‍ വാങ്ങുന്നു.
ഗോത്രത്തിലെ ആളുകള്‍ കാലങ്ങളായി തുടര്‍ന്നുവരുന്ന നൃത്തച്ചുവടുകളും കരകൗശല വസ്തുക്കളുടെ നിര്‍മാണവും ഒരിക്കലും മറന്നുപോകരുതെന്നും ഗോത്രത്തിലെ പുതുതലമുറ അത് തുടരണമെന്നും എപ്പോഴും നവോമി ഓര്‍മിപ്പിക്കാറുണ്ട്. കുഞ്ഞുങ്ങള്‍ക്ക് പനിയോ വയറിളക്കമോ വന്നാല്‍ എന്തെല്ലാം ചെയ്യണമെന്നും വരാതിരിക്കാന്‍ എന്തെല്ലാം മുന്‍കരുതലുകള്‍ എടുക്കണമെന്നും നവോമി പുയോയിലെ റേഡിയോയിലൂടെ ആളുകളിലേക്ക് എത്തിക്കുന്നു.

2018 മാര്‍ച്ച് 16-ന് ഇക്വഡോര്‍ സര്‍ക്കാരിന്റെ ആസ്ഥാനമായ ക്വിറ്റോയിലെ കരോന്റലീറ്റ് പാലസിലേക്ക് 60 സ്ത്രീകള്‍ ഒരു മാര്‍ച്ച് നടത്തി. ആമസോണിലെ 11 തദ്ദേശീയ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു ആ സ്ത്രീകള്‍. എണ്ണഖനനത്തിനായി തങ്ങളെ ചൂഷണം ചെയ്യുന്നത് തടയണമെന്നും പ്രസിഡന്റ് ലെനിന്‍ മൊറിനോ തങ്ങളെ നേരിട്ട് കണ്ട് സംസാരിക്കണമെന്നു ആയിരുന്നു അവരുടെ ആവശ്യം. ആ പോരാട്ടത്തിലെ ഒരു പെണ്‍പോരാളി നവോമിയായിരുന്നു. അഞ്ച് ദിവസം കഴിഞ്ഞിട്ടും സമരക്കാര്‍ പിരിഞ്ഞു പോകാതിരുന്നതോടെ അവരോട് സംസാരിക്കാന്‍ മൊറീനോ തയ്യാറായി. അവരുടെ നാട്ടില്‍ വന്ന് പ്രത്യേകം സംസാരിക്കാമെന്നും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാമെന്നും മൊറിനോ ഉറപ്പുനല്‍കി.
നവോമിയുടെ അച്ഛന്‍ തുടങ്ങിവെച്ച ലിവിങ് ഫോറസ്റ്റ് എന്ന ആശയത്തിന്റെ തുടര്‍ച്ചയായിരുന്നു ആ സമരം. 2012-ല്‍ ഇക്വഡോറിനെതിരേ ഹ്യൂമന്‍ റൈറ്റ്സ് കോര്‍ട്ടില്‍ പോയി സരയാകു ഗോത്രത്തിന് അനുകൂലമായി അവര്‍ വിധി നേടിയിരുന്നു. എണ്ണഖനനത്തിനായി സരയാകൂവില്‍ കുഴിച്ചിട്ട സ്ഫോടകവസ്തുക്കള്‍ നീക്കം ചെയ്യാന്‍ ഇക്വഡോര്‍ സര്‍ക്കാരിനോട് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
എന്നാല്‍, ആ വിധി പൂര്‍ണമായും നടപ്പായില്ല. ഇതോടെയാണ് നവോമിയും സംഘവും വീണ്ടും തെരുവിലിറങ്ങിയത്. 2019-ല്‍ അവര്‍ വീണ്ടും കോടതിയിലെത്തി. ഇത്തവണ ഇക്വഡോറിലെ കോണ്‍സ്റ്റിറ്റിയൂഷ്ണല്‍ കോര്‍ട്ടിലാണ് കേസുള്ളത്. വാദപ്രതിവാദങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
സഹോദരി നിന
ഹെലെനയ്ക്കും മുമ്പ് കുടുംബത്തിന്റെ പോരാട്ടവീര്യം മക്കളില്‍ ആദ്യം പിന്തുടര്‍ന്നത് ഇരുപത്തേഴുകാരിയായ നിന ഗ്വലിങ്ങയാണ്. പുയോയിലെ ഒരു മരവീട്ടില്‍ നവോമി അതിസങ്കീര്‍ണമായാണ് നിനയ്ക്ക് ജന്മം നല്‍കിയത്. ഭാഗ്യം കൊണ്ട് മാത്രം ജീവന്‍ നഷ്ടപ്പെടാതിരുന്ന ഒരു കുഞ്ഞ്. ജീവിതത്തില്‍ ഒരിക്കലും ഇതുപോലെ പ്രതിരോധത്തിന്റേയും പ്രതിഷേധങ്ങളുടേയും ഭാഗമാകുമെന്ന് നിന കരുതിയിരുന്നില്ല. എല്ലാം സ്വാഭാവികമായി സംഭവിച്ചതാണെന്നും അവര്‍ പറയുന്നു.
2013-ല്‍ ഒരു കൂട്ടം വനിതകള്‍ ചേര്‍ന്ന് രൂപം നല്‍കിയ കളക്ടീവായ 'ആമസോണിയന്‍ വുമണി'ന്റെ മുന്‍പന്തിയില്‍ നിനയുണ്ട്. സരയാകു ഗോത്രത്തിലേയും മറ്റ് ഗോത്രങ്ങളിലേയും നൂറോളം സ്ത്രീകള്‍ ഇതില്‍ അംഗമാണ്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകള്‍ അംഗീകരിച്ച പെണ്‍കൂട്ടമാണ് ആമസോണിയന്‍ വുമണ്‍. ഡബ്ല്യു.ഡബ്ല്യു.എഫിന്റെ യൂത്ത് കണ്‍സര്‍വേഷന്‍ പുരസ്‌കാരം നിന നേടിയിട്ടുണ്ട്.

വോഗ് മാഗസിന്റെ ഫോട്ടോഷൂട്ടില്‍ ഹെലെനയ്‌ക്കൊപ്പം നിനയും ഭാഗമായി. പ്രതിരോധത്തിന്റെ ആശയം പറയുന്ന വിറ്റുക് എന്ന ഫെയ്‌സ് പെയ്ന്റിങ്ങുമായി ബന്ധപ്പെട്ടുള്ളതായിരുന്നു വോഗിന്റെ ഫോട്ടോഷൂട്ട്. സരയാകു ഗോത്രത്തിലെ സ്ത്രീകള്‍ അവരുടെ പരമ്പാരഗത രീതിയിലുള്ള ഫെയ്‌സ് പെയ്ന്റുങ്ങുമായി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഈ ചിത്രങ്ങള്‍ നിനയും ഹെലെനയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
കാടിന്റെ ആത്മാവ്
'മനുഷ്യനെ നമ്മള്‍ എത്രത്തോളം വിലമതിക്കുന്നുവോ അത്രതന്നെ വനത്തേയും ഞങ്ങള്‍ വിലമതിക്കുന്നു. കാരണം വനത്തിനും ഒരു ആത്മാവുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.' 2019-ല്‍ ന്യൂയോര്‍ക്കില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ സംസാരിച്ച ഹെലെനയുടെ വാക്കുകളാണിത്. 18 വയസ് മാത്രമുള്ള അവള്‍ കാടിനെ എത്രത്തോളം തൊട്ടറിഞ്ഞിരിക്കുന്നു എന്നത് ഈ വാക്കുകളില്‍നിന്ന് വായിച്ചെടുക്കാം.
എണ്ണഖനനവുമായി ബന്ധപ്പെട്ടുള്ള ഇക്വഡോര്‍ സര്‍ക്കാരിനെതിരായ സരയാകു ഗോത്രത്തിന്റെ പോരാട്ടം കണ്ടു വളര്‍ന്നവളാണ് ഹെലെന. പെട്രോ ഇക്വഡോര്‍, സിജിസി തുടങ്ങിയ വമ്പന്‍ കമ്പനികള്‍ക്ക് എണ്ണഖനനം ചെയ്യാന്‍ കരാര്‍ നല്‍കിയ സര്‍ക്കാരിനെതിരായ പോരാട്ടം. 2002-ല്‍ ഹെലെന ജനിക്കുന്ന സമയത്ത് ഇക്വഡോര്‍ പട്ടാളം പരിശോധനയെന്ന പേരില്‍ സരയാകൂ ഗോത്രത്തിനുള്ളില്‍ നിലയുറപ്പിച്ചിരുന്നു. സ്വകാര്യ കമ്പനികള്‍ അവരുടെ ചൂഷണം ശക്തമായി തുടരുകയും ചെയ്തു.
ഫിന്‍ലന്‍ഡിലുള്ള അച്ഛന്റെ അടുത്തുപോയി വിദ്യാഭ്യാസം നേടിയ ശേഷം തിരിച്ചെത്തിയ ഹെലെന മുത്തച്ഛനും അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പം സമരത്തില്‍ അണിചേര്‍ന്നു. ഇക്വഡോറിനെതിരേ മുത്തച്ഛന്‍ കോടതി കയറിയപ്പോള്‍ 16 വയസ്സായിരുന്നു ഹെലെനയുടെ പ്രായം. ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാന്‍ അറിയുന്ന ഹലെനയുടെ ശബ്ദം കാലാവസ്ഥ ഉച്ചകോടിയിലും കാലാവസ്ഥാ സമ്മേളനത്തിലും വേള്‍ഡ് ഇക്കണോമിക് ഫോറത്തിലുമെല്ലാം എത്തി. മുത്തച്ഛന്റെ 'ദ ലിവിങ് ഫോറസ്റ്റ്' എന്ന ആശയം ലോകവേദികളില്‍ എത്തിച്ചു. ആമസോണ്‍ വനങ്ങളിലെ ചൂഷണത്തെ കുറിച്ചും എണ്ണ ഖനനത്തെ തുടര്‍ന്ന് അപ്രത്യക്ഷമാകുന്ന സരയാകു ഗോത്രത്തെ കുറിച്ചും അവള്‍ നിരന്തരം സംസാരിച്ചു. ഗ്രേറ്റ തുണ്‍ബെര്‍ഗിന്റെ ലാറ്റിനമേരിക്കന്‍ പതിപ്പ് എന്ന് വരെ അവള്‍ക്ക് വിശേഷണങ്ങള്‍ വന്നു.

2019-ലെ കാലാവസ്ഥാ ഉച്ചകോടിക്കിടെ ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭയുടെ ഹെഡ്ക്വാര്‍ട്ടേഴ്സിന് മുന്നില്‍ ഹെലെന ഒരു കാര്‍ഡും പിടിച്ചുനിന്നു. 'സരയാകു ഗോത്രത്തിലെ ഒരു തുള്ളി രക്തം കൂടി ഇനി ചിന്തില്ല' എന്നായിരുന്നു ആ ബോര്‍ഡില്‍ എഴുതിയിരുന്നത്.
സ്‌പെയ്‌നിലെ മാഡ്രിഡില്‍ നടന്ന കാലാവസ്ഥാ സമ്മേളനത്തില്‍ (COP25 ) എണ്ണ ഖനനത്തിന് അനുമതി നല്‍കുന്ന ഇക്വഡോര്‍ ഗവണ്‍മെന്റിനെക്കുറിച്ചുള്ള തന്റെ ആശങ്ക ഹെലെന പങ്കുവെച്ചു. 'നമ്മുടെ രാജ്യത്തെ സര്‍ക്കാര്‍ ഇപ്പോഴും കാലാവസ്ഥാ വ്യതിയാനത്തിന് ഉത്തരവാദികളായ കമ്പനികള്‍ക്ക് നമ്മുടെ പ്രദേശങ്ങള്‍ നല്‍കുന്നുണ്ട്. ഇത് കുറ്റകരമാണ്. സമ്മേളനങ്ങളിലും ഉച്ചകോടികളിലും ആമസോണിനെ സംരക്ഷിക്കാനുള്ള നടപടികള്‍ കൈകൊള്ളുമെന്ന് ഗവണ്‍മെന്റ് പറയുന്നു. എന്നാല്‍ ഞങ്ങളെപ്പോലുള്ളവരുടെ പ്രതിഷേധങ്ങളെ കുറിച്ച് അന്വേഷിക്കാനോ വാക്കുകള്‍ കേള്‍ക്കാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇത്തരം പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യാന്‍ ലോകനേതാക്കള്‍ മടിക്കുന്നതും നിരാശാജനകമാണ്.'-സമ്മേളനത്തിനിടെ നടന്ന തന്റെ പ്രസംഗത്തില്‍ ഹെലെന പറയുന്നു.
References
https://news.mongabay.com/2022/02/sabino-gualinga-amazon-shaman-and-defender-of-the-living-forest-passes-away/
https://news.mongabay.com/2020/12/she-goes-and-helps-noemi-gualinga-ecuadors-mother-of-the-jungle/
https://www.oneearth.org/climate-hero-helena-gualinga/
https://en.wikipedia.org/wiki/Helena_Gualinga
https://edition.cnn.com/2022/11/10/opinions/amazon-climate-change-cop27-helena-gualinga/index.html
Content Highlights: lifestory of helena gualinga indigenous youth climate advocate from sarayuku community in the amazon
Published: 19 Jun 2023, 03:40 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented