പറന്ന് ഇണചേരും, മക്കള്‍ക്ക് ഇരയാക്കാന്‍ ഫംഗസുകളെ തീറ്റിപ്പോറ്റും; ഇലമുറിയര്‍ വേറെ ലെവൽ | Eco Story


Ecostory

By വിനയ് രാജ്

4 min read
Read later
Print
Share

ഒരു കോളനി ഉണ്ടാക്കാന്‍ ആവശ്യമായ 30 കോടിയോളം ബീജം സംഭരിക്കാന്‍ പെണ്‍ഉറുമ്പുകള്‍ പല ആണ്‍ ഉറുമ്പുകളുമായും ഇണചേരും.

ഇലമുറിയൻ ഉറുമ്പുകൾ ഇല ശേഖരിക്കുന്നു | By Pjt56 - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=66912074

പുല്ലു പറിച്ച് പശുവിന് കൊടുത്ത് അവരില്‍നിന്നു പാല്‍ കറന്നെടുത്ത് കുടിക്കാന്‍ മനുഷ്യന്‍ തുടങ്ങിയിട്ട് വെറും 11,000 വര്‍ഷങ്ങളേ ആയിട്ടുള്ളൂ. എന്നാല്‍, ഈ രീതിയില്‍ തീറ്റ കൊടുത്ത് ഫംഗസുകളെ വളര്‍ത്തി വളര്‍ന്നുവരുന്ന തങ്ങളുടെ ലാര്‍വകള്‍ക്ക് ഭക്ഷണമായി നല്‍കാന്‍ ചിലയിനം ഉറുമ്പുകള്‍ തുടങ്ങിയിട്ട് കോടിക്കണക്കിനു വര്‍ഷങ്ങളായി.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

മനുഷ്യരെ മാറ്റിനിര്‍ത്തിയാല്‍ ഏറ്റവും സങ്കീര്‍ണമായതും വലിപ്പമേറിയതുമായ സാമൂഹ്യജീവിതം നയിക്കുന്ന ജീവിവര്‍ഗമാണ് ഇലമുറിയന്‍ ഉറുമ്പുകള്‍. ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് 6500 ചതുരശ്ര അടി വരെ വിസ്താരമെത്തുന്ന ഇവയുടെ കൂട്ടില്‍ 80 ലക്ഷം വരെ ഉറുമ്പുകള്‍ ഉണ്ടാവും. തെക്കേ അമേരിക്കന്‍ തദ്ദേശവാസികളായ ഇലമുറിയന്‍ ഉറുമ്പുകള്‍ എന്ന് അറിയപ്പെടുന്ന ഇവ രണ്ടു ജനുസുകളിലായി ഏതാണ്ട് 47 സ്പീഷിസ് ആണ് ഉള്ളത്. ഇലകളും പൂക്കളും പുല്ലുകളും ഒക്കെ മുറിച്ചെടുത്ത് തങ്ങളുടെ ശരീരഭാരത്തിന്റെ അന്‍പതിരട്ടി വരെ ഭാരം ചുമന്നുകൊണ്ടുപോകാന്‍ ശേഷിയുള്ള ഇവര്‍ ഈ ഇലയും പുല്ലുമൊക്കെ ഫംഗസുകള്‍ക്ക് നല്‍കി വളര്‍ത്തുന്നു.

ഉറുമ്പുകൾ വളർത്തിയെടുത്ത ഫംഗസ്സുകൾ | By Alex Wild - Own work, CC0, https://commons.wikimedia.org/w/index.php?curid=30429700

മനുഷ്യന് ഈ ശേഷിയുണ്ടായിരുന്നേല്‍ ഒരാള്‍ക്ക് നാലായിരം കിലോഗ്രാം ഭാരം ചുമന്നുകൊണ്ടുപോകാന്‍ കഴിയുമായിരുന്നു.

ഇണ ചേരാനാവുമ്പോള്‍ ചിറകുകള്‍ ഉള്ള ഈ ഉറുമ്പുകള്‍ എല്ലാവരുംകൂടി പറന്നുകൊണ്ടുതന്നെ ഇണചേരുന്നു. ഒരു കോളനി ഉണ്ടാക്കാന്‍ ആവശ്യമായ 30 കോടിയോളം ബീജം സംഭരിക്കാന്‍ പെണ്‍ ഉറുമ്പുകള്‍ പല ആണ്‍ ഉറുമ്പുകളുമായും ഇണചേരും. തറയില്‍ എത്തുമ്പോഴേക്കും ചിറകുകള്‍ നഷ്ടമാവുന്ന പെണ്ണുറുമ്പ് കോളനി സ്ഥാപിക്കാന്‍ അനുകൂലമായ ഇടം തിരയുന്നു. നൂറ് പെണ്ണുറുമ്പുകള്‍ ഉണ്ടെങ്കില്‍ അവയില്‍ റാണിയായി മാറി ഇങ്ങനെ കോളനി ഉണ്ടാക്കാന്‍ രണ്ടോ മൂന്നോ പേര്‍ക്കേ കഴിയാറുള്ളൂ. ഓരോ റാണിയുടെയും തലയില്‍ ഉള്ള ഒരു ചെറിയ പോക്കറ്റില്‍ (infrabuccal pocket) ഫംഗസുകളുടെ മൈസീലിയം അടങ്ങിയിട്ടുണ്ടാവും. ഇതുപയോഗിച്ച് അവര്‍ ഫംഗസുകളുടെ ഉദ്യാനം ഉണ്ടാക്കുന്നു. മിക്കവാറും ഒരു റാണി ഉറുമ്പേ കോളനികളില്‍ ഉണ്ടാവാറുള്ളൂ എങ്കിലും ഒന്നിലധികം റാണികളെ പലപ്പോഴും നിരീക്ഷിച്ചിട്ടുണ്ട്.

ഇലമുറിയൻ ഉറുമ്പിന്റെ തലഭാഗം | April Nobile / © AntWeb.org | wikipidea common

ഇങ്ങനെ സൃഷ്ടിക്കപ്പെട്ട് പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന കോളനികളില്‍ ഉറുമ്പുകളെ വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ നാലു ജാതികളായി തിരിച്ചിട്ടുണ്ടാവും, അവര്‍ വ്യത്യസ്തമായ ജോലികളുമാവും ചെയ്യുന്നത്. ഇവ മിനിം, മൈനര്‍, മീഡിയ, മേജര്‍ എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. ഇലമുറിയന്‍ ഉറുമ്പുകളില്‍ത്തന്നെ വിവിധ സ്പീഷിസുകളില്‍ ഈ വ്യത്യാസങ്ങള്‍ തമ്മിലും മാറ്റങ്ങള്‍ കാണാവുന്നതാണ്. ഏറ്റവും ചെറിയവ മിനിം ഫംഗസ്-ഉദ്യാനങ്ങള്‍ പരിപാലിക്കുന്നവരാണ്. ഇത്തിരികൂടി വലിപ്പമുള്ള എണ്ണത്തില്‍ കൂടുതലുള്ള മൈനര്‍മാരാവട്ടെ വരിവരിയായിപ്പോകുന്ന ഉറുമ്പുനിരകളുടെ സംരക്ഷണവും ആക്രമിക്കാന്‍ വരുന്നവരെ തുരത്തുന്നതിലും ശ്രദ്ധിക്കുന്നവരാണ്. മീഡിയ എന്നറിയപ്പെടുന്നവരാണ് ഇലകള്‍ മുറിച്ചുകൊണ്ട് കോളനികളില്‍ എത്തിക്കുന്നത്. പലപ്പോഴും പടയാളികളായ മേജര്‍മാരാണ് ശ്രത്രുക്കളില്‍നിന്നു കോളനികളെ പ്രതിരോധിക്കുന്നത്. അതോടൊപ്പം ഉറുമ്പുകള്‍ പോകുന്ന വരികളിലെ തടസ്സങ്ങള്‍ നീക്കുകയും വലിയ പദാര്‍ത്ഥങ്ങള്‍ കോളനികളില്‍ എത്തിക്കുകയും ചെയ്യും.

ഇലമുറിയൻ ഉറുമ്പിന്റെ തലഭാഗം | April Nobile / © AntWeb.org | wikipidea common

ഫംഗസുകളുമായുള്ള പാരസ്പര്യജീവിതത്തില്‍ ഇനങ്ങള്‍ അനുസരിച്ച് ഉറുമ്പുകള്‍ വ്യത്യസ്തങ്ങളായ ഫംഗസുകളെയാണ് വളര്‍ത്തുന്നത്. ഇത്തരത്തിലുള്ള എല്ലാ ഫംഗസുകളും ലെപിയോടേസീ എന്ന കുടുംബത്തില്‍പ്പെട്ടവരാണ്. അതീവശ്രദ്ധയോടെയാണ് ഉറുമ്പുകള്‍ ഫംഗസുകളെ വളര്‍ത്തുന്നത്. പുതുതായി മുറിച്ചുകൊണ്ടുവന്ന ഇലകള്‍ വൃത്തിയാക്കി ചതച്ച് നല്‍കി വളര്‍ത്തുന്നതോടൊപ്പം മറ്റു കീടങ്ങളില്‍നിന്നും അവയെ സംരക്ഷിക്കുകയും ചെയ്യും. ഫംഗസുകളില്‍നിന്നു ലഭിക്കുന്ന രാസസൂചകങ്ങള്‍ അനുസരിച്ച് കൊണ്ടുവരുന്ന ഇലകള്‍ ഫംഗസുകള്‍ക്ക് ഇഷ്ടമാകുന്നവ തന്നെയാണോ എന്ന് ഉറുമ്പുകള്‍ക്ക് കൃത്യമായി തിരിച്ചറിയാനാവും, ഇഷ്ടമില്ലാത്തവയാണെങ്കില്‍ പിന്നീട് അത്തരം ഇലകള്‍ കൊണ്ടുവരാറില്ല. ഇങ്ങനെ വളര്‍ത്തുന്ന പോഷകസമൃദ്ധമായ ഫംഗസുകളെ മുതിര്‍ന്ന ഉറുമ്പുകള്‍ ശേഖരിച്ച് ലാര്‍വകള്‍ക്ക് ഭക്ഷണമായി നല്‍കും. സജീവമായി ഇരിക്കാന്‍ ഈ ലാര്‍വകള്‍ക്ക് ഉറുമ്പുകളുടെ സാന്നിധ്യം ആവശ്യമാണ്, അതുപോലെ ലാര്‍വകള്‍ക്ക് ഭക്ഷണം ലഭിക്കണമെങ്കില്‍ ഈ ഫംഗസുകളും അത്യാവശ്യമാണ്.

Also Read
Premium

മരുഭൂമിയിലെ വസ്ത്രമല; അറ്റകാമയിൽ അടിയുന്നത് ...

Premium

കരി, മൃഗക്കൊഴുപ്പ്, പെർഫ്യൂം; 1000 വർഷം ...

Premium

ലുക്കിൽ തെറ്റിദ്ധരിക്കേണ്ട,ഇതാണ് കടൽത്തേങ്ങ;1000 ...

Premium

തലയും തൊലിയും കയറ്റുമതി, എല്ലു വാറ്റി കഷായം; ...

Premium

മണ്ണിനടിയിൽ ഒളിഞ്ഞിരിക്കും ഫംഗസ്,10 ലക്ഷം ...

Premium

എല്ലാ ഇത്തിൾക്കണ്ണിയും ഓസുകാരല്ല; പൊന്നരിവാൾ ...

Premium

ഭൂമിയിലെ വിലയേറിയ വൃക്ഷങ്ങളിലൊന്ന്; മുന്തിയ ...

ഇലമുറിയന്‍ ഉറുമ്പുകളുമായി സഹവസിച്ച് ജീവിക്കുന്ന ഇത്തരം ഫംഗസുകള്‍ പുനരുത്പാദനത്തിനാവശ്യമായ സ്‌പോറുകള്‍ ഉണ്ടാക്കുന്ന പരിപാടി കാലങ്ങള്‍കൊണ്ട് നിര്‍ത്തിക്കഴിഞ്ഞു. ഉറുമ്പുകള്‍ ഈ ഫംഗസുകളെ വളര്‍ത്താന്‍ തുടങ്ങിയിട്ട് ഒന്നരക്കോടി വര്‍ഷങ്ങളായി, ഇത് സമ്പൂര്‍ണമാകാന്‍ മൂന്നു കോടി വര്‍ഷങ്ങള്‍ വേണം, അതായത് ഈ പ്രക്രിയ പകുതിയേ ആയിട്ടുള്ളൂ. ഈ ഫംഗസുകള്‍ ഉറുമ്പുകള്‍ക്ക് തീറ്റ നല്‍കാനായിത്തന്നെ പോഷകമേറിയ ഭാഗങ്ങള്‍ ഉണ്ടാക്കാറുണ്ട്. ജീവനുള്ള ഫംഗസുകളെ വളര്‍ത്തുന്നതിനാല്‍ അവയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമായതിനാല്‍ കൂടുകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ഉറുമ്പുകള്‍ വളരെ ശ്രദ്ധവയ്ക്കാറുണ്ട്. കോളനികളുടെ വിജയകരമായ ദൈര്‍ഘ്യത്തിന് മാലിന്യനിര്‍മ്മാര്‍ജനം മുഖ്യപങ്ക് വഹിക്കുന്നു. ഉറുമ്പുകളുടെ ഫംഗസുകളെ കൊന്ന് ശരീരം ഭക്ഷിക്കുന്ന ചില ശത്രുഫംഗസുകള്‍ കോളനികളുടെ നിലനില്‍പ്പിന് ഭീഷണിയുണ്ടാക്കാറുണ്ട്. ഉറുമ്പുകളുടെ ദേഹത്തുവസിക്കുന്ന ഒരുതരം ബാക്ടീരിയകള്‍ ഉണ്ടാക്കുന്ന സ്രവം ഉറുമ്പുകളുടെ ഫംഗസുകളെ ശത്രുഫംഗസുകളില്‍നിന്നു രക്ഷപ്പെടാനും സഹായിക്കും.

റാണി ഉറുമ്പ് ലാർവെക്കൊപ്പം | By Christian R. Linder - own photo, Barro Colorado Island, Panama (1999), CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=58298

ആക്ടിനോമൈസെറ്റോറ്റ എന്നറിയപ്പെടുന്ന ഈ ബാക്ടീരിയയില്‍ നിന്നാണ് ലോകത്ത് നിര്‍മിക്കുന്ന ആന്റിബയോട്ടിക്കുകളുടെ ഭൂരിഭാഗവും ഉണ്ടാക്കുന്നത്.

മാലിന്യങ്ങള്‍ കോളനിക്ക് പുറത്തെത്തിക്കുന്ന ജോലികള്‍ ചെയ്യുന്നത് പ്രായമായ ഉറുമ്പുകളാണ്, ഇല മുറിച്ചുകൊണ്ടുവരുന്നതും ഫംഗസുകളുടെ ഉദ്യാനം പരിപാലിക്കുന്നതുമായ ഭാരിച്ച പണികള്‍ ചെറുപ്പക്കാര്‍ ചെയ്തുകൊള്ളും. അറ്റ കൊളമ്പിക്ക (Atta colombica) എന്ന ഒരിനം ഇലമുറിയന്‍ ഉറുമ്പുകള്‍ മാലിന്യങ്ങള്‍ കോളനിക്കു പുറത്ത് കൂന്നുപോലെ കൂട്ടിയിടാറുണ്ട്, ഉപയോഗശൂന്യമായ വസ്തുക്കളും ബാക്കിവന്ന ഫംഗസുകളും ഒക്കെ ഇതിലുണ്ടാവും. എളുപ്പം ദ്രവിക്കാനാവണം ഈ മാലിന്യമലകള്‍ ഇവര്‍ ഇടയ്ക്കിടെ ഇളക്കി ഇടുന്നതുകാണാം. ഇതിനു ചുറ്റും ചത്ത ഉറുമ്പുകളെയും അവര്‍ കൂട്ടിയിടും.

ഫംഗസ്സിനെ പരിപാലിക്കുന്ന ചിറകുള്ള ഉറുമ്പ് | By xpda - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=67714337

ഇലമുറിച്ച് ശേഖരിച്ച് വരിവരിയായി നടന്നുവരുന്ന വഴിക്ക് മറ്റു ചില ശത്രു ഈച്ചകള്‍ ഇവരെ ആക്രമിച്ച് ഇവയുടെ തല തുളച്ച് മുട്ടയിടാറുണ്ട്, പലപ്പോഴും തൊഴിലാളി ഉറുമ്പിന്റെ മുകളില്‍ ഒരു മിനിം ഉറുമ്പ് കയറിയിരുന്ന് ഈ ആക്രമണത്തെ തടയാറുമുണ്ട്. പല വഴിക്കും കോളനികളില്‍ ശത്രുഫംഗസ് എത്തിച്ചേരും, ഇത് കോളനികളുടെ സമ്പൂര്‍ണ്ണനാശത്തിനുവരെ കാരണമാകും. ഇക്കാര്യം മനസ്സിലായാല്‍ കേടുവന്ന ഫംഗസുകളെ എടുത്തു ദൂരേക്ക് ഉറുമ്പുകള്‍ കൊണ്ടുപോയി കളയാറുണ്ട്. മനുഷ്യര്‍ക്കും വിളകള്‍ക്കും ഇലമുറിയന്‍ ഉറുമ്പുകള്‍ ശല്യമാവാറുണ്ട്. കാര്‍ഷികവിളകളുടെ ഇലകള്‍ മുഴുവന്‍ മുറിച്ച് നശിപ്പിക്കുന്നതോടൊപ്പം കോളനിയുണ്ടാക്കുന്നത് റോഡുകളുടെയും കൃഷിയിടങ്ങളുടെയും നാശത്തിനും കാരണമാവാറുണ്ട്. ഒറ്റ ദിവസം കൊണ്ട് ഒരു നാരകമരത്തിന്റെ ഇലകള്‍ മുഴുവന്‍ നശിപ്പിക്കാന്‍ ഇവയ്ക്ക് ആവും. ഇവയുടെ കൂടിനു വെളിയില്‍നിന്നു ശേഖരിക്കുന്ന മാലിന്യം വളര്‍ന്നുവരുന്ന തൈകളുടെ മുകളില്‍ വിതറിയാല്‍ ഒരു മാസത്തോളം അവ ആ ഭാഗത്തേക്ക് എത്താറില്ലെന്നും നിരീക്ഷിച്ചിട്ടുണ്ട്.

Content Highlights: social life of leaf cutter ants and their feed on fungus,Ecostory column by Vinayraj,environment

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Cruise ship
Premium

3 min

ഒരു വർഷം പൊളിക്കുന്നത് എഴുന്നൂറോളം കപ്പലുകൾ; എന്തുകൊണ്ട് ഏഷ്യ മാത്രം? | Eco Story

May 29, 2023


atacama
Premium

4 min

മരുഭൂമിയിലെ വസ്ത്രമല; അറ്റകാമയിൽ അടിയുന്നത് ലോകത്തിന്റെ 'ഫാഷൻ വെയ്സ്റ്റ്' | Eco Story

May 18, 2023


Urtica parviflora (1)
Premium

4 min

ചൊറിയന്‍ ചെടി, വാത മരുന്ന്, വസ്ത്രനിര്‍മാണത്തിലും കേമന്‍; നെറ്റിലുകള്‍ വെറും ചൊറിയണമല്ല | Eco Story

May 15, 2023

Most Commented