ടൽത്തെങ്ങ് എന്ന് പേരുള്ള ഒരു മരമാണ് ലോഡോഅസിയ അഥവാ ഇരട്ടത്തെങ്ങ്. ലോഡോഅസിയ ജനുസിൽ ലോഡോഅസിയ മാൽദീവിക്ക (Lodoicea Maldivica) എന്ന ഒരൊറ്റ സ്പീഷിസ് മാത്രമുള്ള ഈ വലിയ മരം സെയ്‌ഷെൽസ് രാജ്യത്തെ രണ്ടു ദ്വീപിൽ മാത്രമാണ് കാണുന്നത്. വിത്തുകളിൽ ഏറ്റവും വലിയ വിത്ത് ലോഡോഅസിയയുടേതാണ്. പനവർഗത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന കടൽത്തെങ്ങിന് 1000 വർഷമൊക്കെ ആയുസ് ഉണ്ടെന്ന് പറയപ്പെടുന്നു. 25 മുതൽ 34 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരത്തിന്റെ ഇലകൾക്ക് കുടപ്പനയുടെ ഇലകളോട് നല്ല സാമ്യമുണ്ട്. കടൽത്തെങ്ങിന് ആൺമരവും പെൺമരവുമുണ്ട്. ആൺപൂക്കുലകൾ പത്തു വർഷം വരെ പൂമ്പൊടി ഉണ്ടാക്കും, ഇത്രകാലം നിലനിൽക്കുന്ന പൂക്കുലകൾ കുറവാണ്‌.

To advertise here,

ഇതിന്റെ പ്രായപൂർത്തിയായ കായകൾക്ക് അരമീറ്റർ വരെ വ്യാസവും 15 മുതൽ 30 കിലോ ഗ്രാം വരെ ഭാരവും ഉണ്ട്. പൂർണ്ണവളർച്ചയെത്താൻ ആറേഴ് വർഷം എടുക്കുന്ന ഈ കായകൾ മുളയ്ക്കാനാവട്ടെ രണ്ടു വർഷവും എടുക്കും. ഇതിന്റെ ഓല വളർന്നു വലുതാവാൻ ഒൻപതു വർഷം വരെ എടുക്കും, പിന്നെയും ഒരു ഒൻപതു വർഷം വേണം പൂർണ്ണമായ ഒരു ഓലയാവാൻ. വർഷത്തിൽ കേവലം മൂന്നര സെന്റീമീറ്റർ വീതം മാത്രം ഉയരം വർദ്ധിച്ച് പതിയെമാത്രം വളരുന്ന കടൽത്തെങ്ങിൽ 24 വർഷം വരെ നിലനിൽക്കുന്ന ഇരുപതോളം ഓലകൾ ഒരേസമയം ഉണ്ടാവും.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group 

തേങ്ങയൊക്കെ സമുദ്രത്തിന്റെ ഉപരിതലത്തിൽക്കൂടി ഒഴുകി മറ്റു ദ്വീപുകളിൽ എത്തി മുളച്ച് പുതിയ മരം ആവുന്നതുപോലെയാണ് കടൽത്തെങ്ങും വിത്തുവിതരണം നടത്തുന്നതെന്നായിരുന്നു പണ്ടുകരുതിയിരുന്നത്, എന്നാൽ വിത്തിന് നല്ല സാന്ദ്രതയുള്ളതിനാൽ ഇതിന്റെ തേങ്ങയ്ക്ക് വെള്ളത്തിൽ പൊങ്ങിക്കിടക്കാനാവില്ല. കെട്ടുപോയതോ മുളച്ചശേഷം ബാക്കിവന്നതോ ആയ തേങ്ങകൾക്കു മാത്രമേ വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ ആവുകയുള്ളൂ. ഇക്കാരണം കൊണ്ടാവണം ഏതാനും ദ്വീപുകളിൽ മാത്രമായി ഈ മരം ഒതുങ്ങിപ്പോയത്. നേരത്തെ എവിടെയാണ് ഈ തേങ്ങ ഉണ്ടാവുന്നതെന്ന് അറിയാത്ത കാലത്ത് മാലദ്വീപിന്റെ കടൽത്തീരത്തുനിന്ന് ഇതിന്റെ പൊള്ളയായ വിത്തുകൾ ലഭിച്ചിരുന്നു, അങ്ങനെയാണ് ഇതിന് ലോഡോഅസിയ മാൽദീവിക്ക എന്ന പേരുവന്നത്. കടൽത്തീരത്തുനിന്നു ലഭിച്ചിരുന്ന ഈ പൊള്ളയായ തേങ്ങകൾക്ക് നല്ല വിപണനമൂല്യം ഉണ്ടായിരുന്നു. 1768 -ൽ ഈ തെങ്ങ് കണ്ടെത്തുന്നതുവരെ കടലിനടിയിലെ ഏതോ അദ്ഭുതമരത്തിൽ ഉണ്ടാകുന്ന കായയാണ് ഇതെന്നായിരുന്നു കരുതിയിരുന്നത്. പതിനാറാം നൂറ്റാണ്ടിൽ യൂറോപ്പിലുള്ളവർ ഇതിന്റെ കായ രത്നം കൊണ്ടെല്ലാം അലങ്കരിച്ച് സ്വകാര്യശേഖരത്തിൽ സൂക്ഷിച്ചിരുന്നു. 

എവിടെനിന്നാണ് വരുന്നതെന്നറിയാത്ത വലിയ ഈ കായയെച്ചുറ്റി അതിനാൽത്തന്നെ നിരവധിയായ വിചിത്രങ്ങളായ കഥകൾ പ്രചരിച്ചിരുന്നു. ചകിരിയോടൊപ്പം ഒരിക്കലും കിട്ടിയിട്ടില്ലാത്ത ഈ തേങ്ങയ്ക്കാവട്ടേ ഒരു മനുഷ്യസ്ത്രീയുടെ നഗ്നമായ അരക്കെട്ടിനോടും പിൻഭാഗത്തിനോടും നല്ല സാമ്യവും ഉണ്ട്. ഈ മരത്തിന്  ലോഡോഅസിയ കലിപൈജെ എന്നൊരു പേരും ഉണ്ടായിരുന്നു. മനോഹരമായ പിൻഭാഗം എന്നാണ് ഇതിന്റെ അർത്ഥം. അതിനാലാവണം അറേബിയയിലും യൂറോപ്പിലും ഈ കായകൾക്ക് വലിയ പ്രിയവും ആയിരുന്നു. വെള്ളത്തിൽ വീണ് ഭാരത്താൽ താഴ്ന്നുപോകുന്ന തേങ്ങ കുറെക്കഴിഞ്ഞ് ചകിരി ദ്രവിച്ച് ഉള്ളിലുള്ള കാമ്പ് അഴുകി ഉണ്ടാകുന്ന വാതകങ്ങൾ അകത്തു കുടുങ്ങി കടൽപ്പരപ്പിലേക്ക് എത്തുന്നു. മുളയ്ക്കൽ ശേഷിയില്ലെങ്കിലും ഒഴുകാൻ കഴിയുന്ന ഈ തേങ്ങയാണ് വിദൂരങ്ങളായ ദ്വീപുകളിൽ എത്തിയിരുന്നത്. ഫ്രഞ്ചിൽ ഇതിനെ കൊക്കോ ഡി മെർ എന്നു വിളിക്കും. അതായത് കടൽത്തേങ്ങ.

അറിയാത്ത അദ്ഭുതവസ്തുക്കളെക്കുറിച്ച് കഥകൾ ഓരോരുത്തരും വാമൊഴികളായി പകർന്നുകൊടുക്കുമ്പോൾ ഉണ്ടാവുന്ന എല്ലാ കാര്യങ്ങളും കടൽത്തേങ്ങയുടെ കഥകളിലും സംഭവിച്ചു. മലയായിലുള്ള മുക്കുവർ ഈ കായ സമുദ്രനിരപ്പിൽനിന്നു മുകളിലേക്ക് ചാടുന്നത് കണ്ടിട്ടുണ്ടത്രേ, അതുകൊണ്ട് ഇതുണ്ടാകുന്ന മരം കടലിനടിയിൽ ആയിരിക്കും എന്നവർ വിശ്വസിച്ചു. ഗരുഡൻ താമസിച്ചിരുന്നത് ആ മരത്തിൽ ആവണം എന്നും അവർ കരുതി. ഗരുഡന് ആനകളെയും കടുവകളെയും വേട്ടയാടാനാവുമെന്നായിരുന്നു ആഫ്രിക്കയിലെ പുരോഹിതർ ധരിച്ചിരുന്നത്. ചിലപ്പോൾ ഈ കായ ഉണ്ടാകുന്ന മരം കടൽനിരപ്പിനു മുകളിലേക്ക് വരുമത്രേ, ആ സമയത്ത് ഉണ്ടാകുന്ന തിരയിൽ അടുത്തെങ്ങാനും കപ്പലുകൾ ഉണ്ടെങ്കിൽ അതിലെ ആൾക്കാരെ ഗരുഡൻ ഭക്ഷിക്കുമെന്നും ആഫ്രിക്കയിലെ പുരോഹിതർ വിശ്വസിച്ചു. ഇതിന്റെ ചിരട്ട കൊണ്ടുണ്ടാക്കുന്ന പാത്രത്തിൽ വെള്ളം കുടിച്ചാൽ വിഷബാധ ഉണ്ടാവില്ലെന്ന വിശ്വാസവുമുണ്ട്, സന്യാസിമാർ ഇതിനെ കമണ്ഡലു ആയി ഉപയോഗിച്ചിരുന്നു.

placeholder
ആൺപൂവ് | Photo: Wiki/By The original uploader was ViloWiki at English Wikipedia. - Transferred from en.wikipedia to Commons by Katilda using CommonsHelper., CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=18443624

മാലദ്വീപിലാവട്ടെ കടൽത്തീരത്തുനിന്നെങ്ങാൻ തേങ്ങ കിട്ടിയാൽ അത് രാജാവിനു കൈമാറേണ്ടതുണ്ടായിരുന്നു, അങ്ങനെ ചെയ്തില്ലെങ്കിൽ മരണശിക്ഷവരെ കിട്ടാവുന്ന കാര്യമായിരുന്നു. എന്നിട്ടും 4000 ഗോൾഡ് ഫ്ലോറിൻ കൊടുത്ത് റോമൻ ചക്രവർത്തിയായ റുഡോൾഫ് രണ്ടാമൻ അത്തരമൊരെണ്ണം വാങ്ങി. പോർച്ചുഗീസുകാരിൽ നിന്നും രക്ഷിച്ചതിനു പ്രതിഫലമായി ഡച്ച് അഡ്മിറലിനു ബന്താം സുൽത്താൻ സമ്മാനമായി നൽകിയത് ഇത്തരമൊരു തേങ്ങയായിരുന്നു. എല്ലാ വിഷങ്ങൾക്കുമുള്ള പ്രതിവിധിയായിരുന്നു ഈ കടൽത്തേങ്ങയെന്ന് ശാസ്ത്രകാരന്മാരും കവികളും വിശ്വസിച്ചിരുന്നു. 1769 -ൽ സെയ്‌ഷെൽസിലെ ദ്വീപുകളിൽ ചെന്ന് ജീൻ ഡുകെമിൻ കപ്പൽ നിറയെ ഈ കായകളുമായി വന്ന് ഇന്ത്യൻ മാർക്കറ്റിൽ വിറ്റഴിച്ചു, അതോടെ ഇത്രമാത്രം സുലഭമായ ഒരു വസ്തുവാണെന്നു മനസ്സിലായതിനു ശേഷം ഒരിക്കലും കടൽത്തേങ്ങയ്ക്ക് മോഹവില ലഭിച്ചിട്ടില്ല.

1743 -ൽ കടൽത്തേങ്ങ ഉണ്ടാകുന്ന മരം സെയ്‌ഷെൽസ് ദ്വീപുകളിൽ കണ്ടെത്തിയെങ്കിലും ഇതേപ്പറ്റി പൊടിപ്പും തൊങ്ങലും പിടിപ്പിച്ച കഥകൾ കൂടിക്കൂടി വരികയാണ് ചെയ്തത്. പെൺമരങ്ങളിൽ മാത്രമാണ് കായകൾ ഉണ്ടാവുന്നത്. ആൺമരങ്ങളിൽ ഉണ്ടാകുന്ന ക്യാറ്റ്‌കിൻ എന്നുവിളിക്കുന്ന പൂങ്കുലകൾക്കാവട്ടെ ലിംഗാകൃതിയാണ്‌. ചകിരി പോയ തേങ്ങകൾ സ്ത്രീകളെയും ഓർമ്മിപ്പിക്കും. പുത്തൻ ഐതിഹ്യങ്ങൾ രൂപപ്പെടാൻ വേണ്ടുന്ന ചേരുവകളെല്ലാം തയ്യാർ. കലുഷിതമായ കാലാവസ്ഥയുള്ള രാത്രികളിൽ ഈ മരങ്ങൾ ഇണചേരുമെന്ന് ആൾക്കാർ വിശ്വസിച്ചു. ആൺമരങ്ങൾ സ്വയം പറിച്ചെടുത്ത് പെൺമരങ്ങളുടെ അടുത്തെത്തും. ആരെങ്കിലും ഈ കാഴ്ച കണ്ടാൽ ഒന്നുകിൽ മരിക്കും അല്ലെങ്കിൽ അന്ധനാവും. ഈ മരങ്ങളുടെ പരാഗണം ഇന്നും വേണ്ടത്ര മനസ്സിലായിട്ടില്ലെന്നത് ഈ ഐതിഹ്യങ്ങൾ വേരുറയ്ക്കാൻ കഴിഞ്ഞതിൽ അദ്ഭുതം ഇല്ലാതാക്കുന്നു. 1881-ൽ സെയ്‌ഷെൽസിൽ എത്തിയ ബ്രിട്ടീഷ് ജനറൽ വിശ്വസിച്ചത് ബൈബിളിൽ പറയുന്ന ഏദൻ തോട്ടം ഈ മരങ്ങൾ വളർന്നുനിൽക്കുന്ന പ്രസ്ലിൻ ദ്വീപ് ആണെന്നാണ്, കടൽത്തെങ്ങ് ആവട്ടെ വിലക്കപ്പെട്ട കനിയും.

ഇന്ന് പലനാടുകളിലെയും ഉദ്യാനങ്ങളിൽ ഒരു അലങ്കാരവൃക്ഷമായി കടൽത്തെങ്ങിനെ വളർത്തുന്നുണ്ട്. വലിയരീതിയിൽ വംശനാശഭീഷണി നേരിടുന്നതിനാൽ സെയ്‌ഷെൽസ്സിലെ പല ദ്വീപുകളിലും ഇതിനെ സംരക്ഷിച്ചുവളർത്തുന്നുണ്ട്. കടൽത്തെങ്ങിന്റെ തേങ്ങകൾക്ക് എല്ലാക്കാലത്തും നിറയെ ആവശ്യക്കാരും വലിയ വിലയും ഉണ്ടായിരുന്നു. 2019 കാലത്ത് ആകെ എണ്ണായിരം കടൽത്തെങ്ങുകളേ അതിന്റെ സ്വാഭാവിക ഇടങ്ങളിൽ വളരുന്നുള്ളൂ. മനുഷ്യർ വിത്തുകൾ ശേഖരിച്ചു കൊണ്ടുപോകുന്നതിനാൽ ഇപ്പോഴും അവ തനിയെ വളർന്നുവരാനുള്ള സാധ്യതകൾ കുറഞ്ഞുതന്നെയിരിക്കുന്നു. ഇന്ത്യയിൽ ഒരേയൊരു കടൽത്തെങ്ങ് അണ് ഉള്ളത്. ഭാഗ്യത്തിന് അതൊരു പെണ്ണാണ്. കൊൽക്കത്തയിലെ സസ്യോദ്യാനത്തിൽ 1894 മുതൽ വളരുന്ന ഈ മരത്തിനെ ശ്രീലങ്കയിൽ നിന്നുകൊണ്ടുവന്ന പൂമ്പൊടി ഉപയോഗിച്ച് കൃത്രിമമായി പരാഗണാം നടത്താൻ ശ്രമിച്ചത് പരാജയപ്പെട്ടതിനു ശേഷം 2015 -ൽ തായ്‌ലാന്റിൽനിന്നു കൊണ്ടുവന്ന പൂമ്പൊടി ഉപയോഗിച്ച് വിജയകരമായി പരാഗണം നടത്തുകയുണ്ടായി.