റ്റുള്ളവരുടെ പ്രയത്നത്തെയും സമ്പത്തിനെയും ഊറ്റി ജീവിക്കുന്നവരെ വിളിക്കുന്ന പേരാണല്ലോ ഇത്തിൾക്കണ്ണി എന്നത്. സസ്യങ്ങളിലെ ഇത്തിൾക്കണ്ണി എന്നറിയപ്പെടുന്ന വിഭാഗത്തിൽ നിന്നാണ് ഈ പ്രയോഗം വരുന്നത്. പൊതുവേ ചന്ദനം ഉൾപ്പെടുന്ന സന്റാലേസ് എന്ന സസ്യനിരയിൽ കാണുന്ന, മറ്റു സസ്യങ്ങളുടെ സഹായത്താൽ ജീവിക്കുന്ന ഒരു കൂട്ടം ചെടികളെയാണ് ഇത്തിൾക്കണ്ണികൾ അഥവാ മിസിൽട്ടോ എന്നു വിളിക്കുന്നത്.

To advertise here,

മറ്റു ചെടികളിൽ പറ്റിപ്പിടിച്ച് അവയിൽനിന്നു ലവണങ്ങളും ജലവും പോഷകങ്ങളും ഇവ വലിച്ചെടുക്കുന്നു. പലപ്പോഴും ആതിഥേയസസ്യം മുരടിച്ചുപോകാനും വളർച്ച നിലച്ചുപോകാനും ഇവ വളരുന്ന കമ്പുകൾ ഉണങ്ങിപ്പോകാനുമെല്ലാം ഇത്തിൾക്കണ്ണികൾ കാരണമാവാറുണ്ട്. പല ഇത്തിൾക്കണ്ണികളും നല്ല നിലയിൽത്തന്നെ പ്രകാശസംശ്ലേഷണം നടത്താറുള്ളപ്പോൾ ചിലതാവട്ടെ പൂർണമായും തങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്ന സസ്യങ്ങളെ ഉപജീവിച്ച് കഴിയുന്നവരാണ്. ആദ്യമാദ്യം ഭക്ഷണം ഉണ്ടാക്കുന്ന ചിലയിനങ്ങൾ ഒരിക്കൽ തങ്ങൾ വളരുന്ന മരത്തിൽ വേരുറപ്പിച്ചുകഴിഞ്ഞാൽപ്പിന്നെ പ്രകാശസംശ്ലേഷണം നടത്താൻപോലും മെനക്കെടാറില്ല. അങ്ങനെയുള്ള ചിലർ അവരുടെ ഹരിതകം വേണ്ടന്നു വച്ച് മഞ്ഞനിറത്തിലേക്കു പോവാറുണ്ട്. പൂർണമായും മറ്റു മരത്തിന്റെ ഉള്ളിൽ വളരുന്ന ചില മിസിൽട്ടോകൾ ഉണ്ട്, ഇവയെ കാണാൻ പോലും പറ്റില്ല. പൂവും കായയും മാത്രമാവും പുറത്തേക്ക് തലന്നീട്ടുന്നത്. ഒരിക്കൽ വളർന്നുകഴിഞ്ഞാൽ മരത്തലപ്പു മുഴുവൻ വ്യാപിച്ച് തങ്ങൾക്ക് നിലനിൽക്കാനും പോഷകമെത്തിക്കാനും മാത്രമായി ആതിഥേയസസ്യങ്ങളെ ഒതുക്കുന്നവർ വരെ ഇക്കൂട്ടത്തിലുണ്ട്.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

placeholder
ഇത്തിൾക്കണ്ണിയുടെ കായ് | Photo: Wiki/By Alexbrn - https://en.wikipedia.org/wiki/File:Mistletoe_Berries_Uk.jpg, Public Domain, https://commons.wikimedia.org/w/index.php?curid=31030362

പല മിസിൽട്ടോകളുടെയും വിത്തുകൾ വിതരണം നടത്തുന്നതു പക്ഷികളാണ്. ഇവയുടെ പശ നിറഞ്ഞ പഴം അകത്താക്കുന്ന പക്ഷികൾക്ക് അവ എളുപ്പത്തിൽ കാഷ്ഠിക്കാൻ പറ്റാറില്ല. അങ്ങനെ വരുമ്പോൾ ഏതെങ്കിലും മരത്തിന്റെ തടിയിൽ പോയി പിൻഭാഗം ഉരസിയാൽ മാത്രമേ കായയുടെ പശപശപ്പ് കാരണം വിത്തിനെ വെളിയിൽ കളയാൻ സാധിക്കുകയുള്ളൂ. അപ്പോൾ ഈ വിത്തുകൾ മരത്തടികളിൽ പറ്റിപ്പിടിക്കുകയും അവിടെ മുളച്ചുവരാനുള്ള സാധ്യത ഏറുകയും ചെയ്യുന്നു. ചിലപ്പോൾ പശ കാരണം കൊക്കിൽ ഒട്ടിപ്പിടിക്കുന്ന വിത്തുകളും ഇതുപോലെ മരങ്ങളിൽ ഉരസിവേണം കളയാൻ. വിസിൻ എന്നറിയപ്പെടുന്ന ഈ പശയാവട്ടെ മരത്തിൽ വിട്ടുപോകാതെ ഒട്ടിപ്പിടിക്കാൻ വിത്തിനെ സഹായിക്കുകയും ചെയ്യുന്നു.

പല വിളകൾക്കും മരങ്ങൾക്കും ഇത്തിൾക്കണ്ണികൾ മാരകമായ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഇവ ബാധിച്ച കമ്പുകൾ വെട്ടിക്കളഞ്ഞാൽപ്പോലും ഹൊസ്റ്റോടിയ എന്നറിയപ്പെടുന്ന വേരിന്റെ അംശമെങ്കിലും ബാക്കിയുണ്ടെങ്കിൽ വീണ്ടും വളർന്നുവരാൻ ശേഷിയുള്ളവയാണ് പല ഇനങ്ങളും. മിസിൽട്ടോകളിൽ പലതും മനുഷ്യർക്ക് വിഷബാധയ്ക്ക് കാരണമാകാറുണ്ട്. വിഷമടങ്ങിയ പല ചെടികളെയും പോലെ ഇവയും പലവിധ ഔഷധങ്ങളായി പുരാതനകാലം മുതൽക്കേ ഉപയോഗിക്കാറുണ്ട്. നേപ്പാളിൽ എല്ലു പൊട്ടലിന്റെ ചികിത്സയ്ക്ക് ഇവ ഉപയോഗിച്ചിരുന്നു. 

പരാദസസ്യങ്ങൾ ആയി വിലകുറച്ചു കാണാനുള്ളതല്ല ഇത്തിൾക്കണ്ണികൾ. ഇവയുടെ പാരിസ്ഥിതിക പ്രാധാന്യം വളരെയേറെയാണ്. പലതും അവയുടെ സ്വാഭാവിക പരിസ്ഥിതിയിൽനിന്നു നീക്കം ചെയ്താൽ പ്രതീക്ഷിക്കാത്തത്ര ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശേഷിയുള്ള കീസ്റ്റോൺ സ്പീഷിസുകൾ പോലുമാണ്. പല ചെടികളെയും പരാഗണങ്ങൾക്കു സഹായിക്കുന്ന നിരവധി ജീവികൾ ഇവയുടെ ഇലകളും തളിരും തിന്നു ജീവിക്കുന്നുണ്ട്. വളരെ ഘനത്തിൽ വളർന്നുനിൽക്കുന്ന ചില ഇത്തിൾക്കണ്ണികളുടെ കൂട്ടങ്ങളിൽ കൂടുണ്ടാക്കി ജീവിക്കുന്ന പക്ഷികൾ ഉണ്ട്. നിരവധിയായ പൂമ്പാറ്റകൾ ഇത്തിൾക്കണ്ണികളുടെ ഇലയിൽ മുട്ടയിടുന്നവയാണ്, വിരിഞ്ഞു വരുന്ന ലാർവകൾ ഇവയുടെ ഇലകളും പൂക്കളും ആഹരിച്ചു വളർന്ന് മനോഹരമായ ശലഭങ്ങൾ ആയി മാറുന്നു. ഇത്തിൾക്കണ്ണിയുള്ളതുകൊണ്ടു മാത്രമാണ് ഈ ശലഭങ്ങൾ നിലനിൽക്കുന്നത്. കാഴ്ചയ്ക്ക് അതീവഭംഗിയുള്ള റോയൽ ശലഭങ്ങൾ മിക്കവാറും ഇത്തിൾക്കണ്ണികളിലാണ് മുട്ടയിടുന്നത്. ഇത്തിൾക്കണ്ണികളുടെ ഇലയിൽ ഉള്ള വിഷം ആഹരിക്കുന്നതിനാൽ ഇത്തരത്തിലുള്ള പല ശലഭപ്പുഴുക്കളിലും ഈ വിഷാംശം കാണപ്പെടുകയും പക്ഷികൾ അവയെ തിന്നാതെ മാറിപ്പോകുകയും ചെയ്യാറുണ്ട്.

placeholder
വിലാസിനി ശലഭം | Photo: Wiki/By Vinayaraj - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=54736214

ഇത്തിൾക്കണ്ണികളുമായി മനുഷ്യന് ഉള്ള ബന്ധങ്ങൾക്ക് മനുഷ്യനോളംതന്നെ പ്രായമുണ്ട്. ആസ്റ്ററിക്സ് കോമിക്സുകളിൽ അമാനുഷികശക്തി നൽകാൻ ശേഷിയുള്ള അദ്ഭുതമരുന്ന് ഉണ്ടാക്കാൻ ഗെറ്റ്എ‌ഫിക്സിന് നിർബന്ധമായും വേണ്ട ചേരുവകളിൽ ഒന്ന് മിസിൽട്ടോയാണ്, അതാവട്ടെ സ്വർണ അരിവാളുകൊണ്ടു വേണം മുറിച്ചെടുക്കാൻ. പല മാനവസംസ്കാരങ്ങളിലും പലവിധ ഇത്തിൾക്കണ്ണികൾക്ക് നിറയെ പ്രാധാന്യം കൽപ്പിച്ചിരുന്നു. ഇത്തിൾക്കണ്ണിയുടെ കായകൾക്ക് പുംബീജങ്ങളുടെ രൂപവുമായി സാമ്യമുള്ളതിനാൽ പുരുഷ ഫെർട്ടിലിറ്റിയുടെ പ്രതീകമായി മിസിൽട്ടോകൾ അറിയപ്പെട്ടിരുന്നു. റോമക്കാർക്കാവട്ടെ മിസിൽട്ടോ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ചിഹ്നമായിരുന്നു, വീടുകളെ സംരക്ഷിക്കാനായി അവർ അത് വാതിൽപ്പടികളിൽ തൂക്കിയിട്ടിരുന്നു. ലോകമെങ്ങും ക്രിസ്മസ് ആഘോഷങ്ങളിൽ മിസിൽട്ടോയ്ക്ക് സ്ഥാനമുണ്ട്.

വിക്ടോറിയൻ കാലത്ത് ഇത്തിൾക്കണ്ണിയുടെ കീഴെ നിൽക്കുന്ന സ്ത്രീയെ ചുംബിക്കാൻ ആർക്കും അനുമതിയുണ്ടായിരുന്നു, ഏതെങ്കിലും സ്ത്രീ അതു നിരസിച്ചാൽ അവൾക്ക് നിർഭാഗ്യം വരുമായിരുന്നത്രേ.

അമേരിക്കൻ സംസ്ഥാനമായ ഒക്​ലഹോമയുടെയും ബ്രിട്ടനിലെ ഹിയർഫോർഡ്ഷെയറിന്റെയും ഔദ്യോഗിക പുഷ്പമായി ഇത്തിൾക്കണ്ണിയെ കാണാം. എല്ലാ വർഷവും ബ്രിട്ടീഷ് നഗരമായ ടെൻബറി വെൽസ ഒരു മിസിൽട്ടോ ഉൽസവം തന്നെ നടത്താറുണ്ട്, ആ അവസരത്തിൽ ഒരു മിസിൽട്ടോ രാജ്ഞിയെ വാഴിക്കുകയും ചെയ്യും അവർ. 

വെറും ഇത്തിൾക്കണ്ണിയെന്നുപറഞ്ഞ് തള്ളിക്കളയേണ്ട ഒരു കൂട്ടം ചെടികൾ അല്ല, പരാദങ്ങൾ എന്നുവിളിച്ച് നമ്മൾ നശിപ്പിക്കാൻ തുനിയുന്ന ഇത്തിൾക്കണ്ണികൾ. ഇനിയൊരിക്കൽ ആരെയെങ്കിലും ഇത്തിൾക്കണ്ണി എന്നു വിളിക്കുമ്പോൾ നമ്മൾ അയാളെ കളിയാക്കുകയല്ല, അഭിനന്ദിക്കുകയാണെന്നു ഓർക്കണം.