ഫ്രോഡ് ലുക്കുള്ള ആ രഹസ്യവിവരദായകൻ പത്തനംതിട്ടയിലെ ബാറിന്റെ പരിസരത്ത് ചുറ്റിത്തിരിഞ്ഞു നിൽക്കുകയായിരുന്നു. കൂടെ ഫ്രോഡ് ലുക്കിൽ അവന്റെ അച്ഛനാണെന്ന് തോന്നിക്കുന്ന മറ്റൊരു ഗജഫ്രോഡും

പിൽക്കാലത്ത് ഇന്റലിജൻസ് വിങ്ങിൽ ജോലി ചെയ്തിരുന്നപ്പോൾ അനിൽകുമാർ എന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശേഖരിച്ച വിശ്വസനീയമായ രഹസ്യവിവരം വച്ച് നടത്തിയ 'അണ്ടർ കവർ' (Undercover) ഓപ്പറേഷന്റെ കാര്യം ഓർമ വരുന്നു. രഹസ്യവിവരം കിട്ടിയതനുസരിച്ച് റാന്നിക്കടുത്തെ വടശ്ശേരിക്കര ടൗണിൽത്തന്നെ വിൽപ്പനയ്ക്ക് എത്തിച്ച ഒരു ജോഡി ആനക്കൊമ്പുകൾ ഫ്ൈളയിംഗ് സ്‌ക്വാഡിന്റെ സഹായത്തോടെ ഇന്റലിജൻസ് വിങ് പിടിച്ചെടുത്തിരുന്നു. വന്യജീവി കള്ളക്കടത്തിൽ ഏർപ്പെട്ടിരിക്കുന്ന കുറ്റവാളികളുടെ ലിങ്കിൽ കയറി അവരുടെ വിശ്വാസം ആർജിച്ച് നടത്തുന്ന റെയ്ഡുകളാണ് അറസ്റ്റുകളിലും തൊണ്ടിമുതൽ കണ്ടെത്തലിലും എത്തുന്നത് . എന്നാൽ അതിസാഹസികരും നിർഭയരുമായ ചിലർ പണത്തിനോ അല്ലെങ്കിൽ വ്യക്തിവൈരാഗ്യം തീർക്കുന്നതിനോ സ്വമേധയാ ഒറ്റുകാരായി നേരിട്ട് വരാറുമുണ്ട്. എന്തായാലും അന്ന് പിടിച്ചെടുത്ത രണ്ട് ആനക്കൊമ്പുകളുടെ ഉറവിടം അന്വേഷിച്ചു പോയപ്പോൾ വളരെ രസകരമായ കാര്യമാണ് അറിഞ്ഞത്. അത് ശരിക്കും ആനവേട്ടയേ ആയിരുന്നില്ല. എപ്പോഴോ കക്കിഡാമിന് അടുത്തായി കാട്ടിൽ ഉയർന്ന കട്ടിംഗിൽ നിന്നിരുന്ന കാട്ടുകൊമ്പൻ അധികം ഉയരത്തിലല്ലാതെ പോകുന്ന ഹൈടെൻഷൻ വൈദ്യുത കമ്പിയിൽ തുമ്പിക്കൈ കൊണ്ട് എത്തിത്തൊട്ടു. തത്ക്ഷണം വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു. വീണിടത്തു തന്നെ കിടന്നഴുകിയ ആ ജഡത്തിൽ നിന്ന് അതിസാമർത്ഥ്യം കാണിച്ച് വഴിപോക്കരായ ആരോ ഊരിയെടുത്ത കൊമ്പുകളായിരുന്നു പല കൈകൾ മറിഞ്ഞ് വിൽപ്പനയ്ക്കായി എത്തിയത്. കള്ളക്കടത്ത് റാക്കറ്റുകളിൽ കച്ചവടക്കാരനെന്ന വ്യാജേന കടന്നുകയറിയിരുന്ന അനിലിന് അതിനെക്കുറിച്ച് വിവരം കിട്ടി. പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ചറുമൊത്ത് റാന്നി ഫ്ൈളയിംഗ് സ്‌ക്വാഡ് സ്റ്റാഫുകൾ സംഭവസ്ഥലത്തെത്തി കൂടിക്കിടന്ന അവശിഷ്ടങ്ങൾ നേരിട്ട് കണ്ട് ബോധ്യപ്പെട്ടു. കൊമ്പ് , തലയോട്ടിയിൽ ശേഷിച്ച കുഴികളിൽ (Socket) കടത്തി നോക്കി നിജസ്ഥിതി ബോധ്യപ്പെട്ട്, മഹസ്സർ തയ്യാറാക്കി. അത്ഭുതപ്പെടുത്തിയ കാര്യം ഗവിക്ക് പോകുന്ന മെയിൻ റോഡിൽ നിന്ന് ഏറെയകലെയല്ലായിരുന്നു ആ 'കൃത്യസ്ഥലം' (Scene of occurrence) എന്നതാണ്.
റോഡിന് മറുവശത്തായി കഷ്ടി നൂറ്റമ്പത് മീറ്റർ മാത്രം അകലെയുണ്ടായിരുന്ന ആന്റി പോച്ചിംഗ് ക്യാമ്പിലെ (Anti Poaching Camp) ജീവനക്കാർ ഫീൽഡ് പരിശോധനയ്ക്കിടയിൽ ആന ചത്തുകിടക്കുന്ന വിവരം എങ്ങനെ അറിയാതെ പോയി എന്നതും കുഴയ്ക്കുന്ന ചോദ്യമായിത്തന്നെ അവശേഷിച്ചു!കാരണം പ്രായപൂർത്തിയായ ഒരു ആനയുടെ ജഡം അത്രമേൽ പെട്ടെന്ന് അഴുകിത്തീരില്ല. അപ്പോഴുണ്ടാകുന്ന ദുർഗന്ധം കാറ്റിൽ പടർന്ന് ഏറെ ദൂരത്തെത്തും. പുലിയും കടുവയും കാട്ടുപട്ടികളും ഒന്നും എത്തിയില്ലെങ്കിലും കാട്ടുപന്നി, കുറുക്കൻ, മുള്ളൻപന്നികൾ തുടങ്ങിയ ജീവികൾ ഏതെങ്കിലുമൊക്കെ ശവശരീരം ആഹരിക്കാനായി എത്തുമെന്നുറപ്പ്. അഴുകിയതും ദുർഗന്ധം പരത്തുന്നതുമായ ശരീരാവശിഷ്ടങ്ങൾ കടിച്ചുവലിച്ച് അവ പലയിടത്തും കൊണ്ടിടാനുള്ള സാധ്യതകളും ഏറെയാണ്. അഴുകിയ ശരീരത്തിൽ മുട്ടയിടാനായി വന്നിരിക്കുന്ന ആയിരക്കണക്കായ മണിയനീച്ചകൾ (Bluebottle flies) ആർക്കുന്ന ശബ്ദവും വഴിനടക്കാർ കേൾക്കാനുള്ള സാധ്യതയുമുണ്ട്. വന്യജീവികളെ നായാടുന്നത് മാതിരിയുള്ള വലിയ കുറ്റകൃത്യങ്ങളൊന്നും അവിടെ നടക്കാത്തതിനാൽ അത് വിഷയമാകാതെ പോയി. അവിടെയുണ്ടായിരുന്ന നാമമാത്രമായ സ്റ്റാഫുകൾ ഫയർലൈൻ നിർമാണ മേൽനോട്ടത്തിലോ മറ്റ് ഡ്യൂട്ടിയിലോ ആയിരുന്നുവെന്നതും സത്യമാണ്. എന്തായാലും അതങ്ങനെ അവസാനിച്ചു എന്ന് പറയുന്നതാകും ശരി!
അതിന് മുന്നത്തെ വർഷം, ഇടവപ്പാതി സമയത്ത് പഴയ പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനടുത്തായി പുൽപ്പരപ്പിൽ മേഞ്ഞുകൊണ്ടിരുന്ന നാല് കാട്ടാനകൾ മിന്നലേറ്റ് ചരിഞ്ഞു. പിടിയാനകളും കുട്ടികളും അടങ്ങുന്ന കൂട്ടമാണ് അപകടത്തിൽ പെട്ടത്. 2011 ആഗസ്റ്റ് എന്നാണ് രേഖകൾ പരിശോധിച്ചപ്പോൾ കണ്ടത്. ഏതോ പൊതുഅവധിക്ക് വീട്ടിലായിരുന്നു ഞാൻ. ചീഫ് വൈൽഡ് ലൈഫ് വാർഡൻ സ്ഥലം പരിശോധിക്കാൻ എത്തുമെന്ന വാർത്ത ലഭിച്ചതനുസരിച്ച് തിരുവനന്തപുരത്ത് വീട്ടിലെത്തിയ പാടെ ധൃതിപ്പെട്ട് അവിടേക്ക് അന്നുതന്നെ തിരിച്ചു പോയി. എന്നാൽ മറ്റെന്തോ മീറ്റിംഗ് കാരണം പുള്ളിയൊട്ട് വന്നതുമില്ല. അവസാനം തണുപ്പ് കൂടിയപ്പോൾ മൂന്നാല് പെഗ്ഗ് വലിച്ച് കേറ്റി കിടന്നുറങ്ങി, പിറ്റേന്ന് വീട്ടിലേക്ക് തിരിച്ചു വന്നു. എന്തൊക്കെ ആണെങ്കിലും ആ പുൽമേട്ടിൽ അന്ന് അടുത്തടുത്തായി ചിതറിക്കിടക്കുന്ന ആനകളുടെ ചേതനയറ്റ ശവശരീരങ്ങൾ മനസ്സിൽ നിന്ന് പോകുന്നില്ല. രണ്ടെണ്ണം നിലത്ത് മുന്നോട്ട് മുട്ടുകുത്തി ഇരിക്കുന്ന നിലയിലായിരുന്നു. നാലുടണ്ണോളം വരുന്ന ആനകൾ അങ്ങനെ മുൻകാലുകൾ കുത്തി ഇരുന്നാൽത്തന്നെ ഭാരം കാരണം വാരിയെല്ലുകൾ ഒടിഞ്ഞു നുറുങ്ങി ശ്വാസകോശത്തിൽ കയറി തത്ക്ഷണം ജീവനൊടുങ്ങും. സാധാരണയായി ഇടിമിന്നലേൽക്കുമ്പോഴോ വനാന്തരത്തിൽ താഴ്ന്നു കിടക്കുന്ന ഹൈടെൻഷൻ വൈദ്യുത കമ്പികളിൽ അപകടമറിയാതെ തുമ്പിക്കൈ എത്തിത്തൊടുമ്പോഴോ ഒക്കെയാണ് കാട്ടാനകൾ അത്തരത്തിൽ ചരിയുക പതിവ്.
ആസാമിലും മറ്റും അകാലത്തിൽ ചരിഞ്ഞ നിരവധി ആനകളുടെ വിവരം ഇന്റർനെറ്റിലും ലഭ്യമാണ്. കഴിഞ്ഞ അധ്യായത്തിൽ നമ്മുടെ ഫോറസ്റ്ററായ മനോജിനെക്കുറിച്ച് പറഞ്ഞത് ഓർക്കുമല്ലോ. 'അണ്ടർകവർ' ഓപ്പറേഷന് ഒരുങ്ങുന്നതിനിടയിൽ അയാൾക്ക് ഉണ്ടായ ചെറിയ മാനഹാനിയെക്കുറിച്ച് ഓർമ വരുന്നു. രസകരമായ ആ സംഭവം കൂടി പറഞ്ഞ് അവസാനിപ്പിക്കാം. ഒരിക്കൽ രഹസ്യവിവരവുമായി എന്തിനും പോന്ന ഒറ്റുകാരൻ നേരെ അങ്ങ് തിരുവനന്തപുരത്തേക്ക് വിളിച്ചിട്ട് ഞങ്ങളെ കാണാൻ പത്തനംതിട്ട ടൗണിൽ വന്നുനിൽക്കുന്ന സന്ദർഭമാണ്. അയാൾ വനംവകുപ്പിനും എക്‌സൈസ്, പോലീസ് തുടങ്ങിയ മറ്റ് എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾക്കും സ്ഥിരം രഹസ്യവിവരം കൊടുക്കുന്ന ആളുമാണ്. അദ്ദേഹത്തിന്റെ താതനും അത്തരത്തിൽ വലിയ ഒറ്റുകാരനായിരുന്നു. അച്ഛന്റെ മരണശേഷം മകൻ കുലത്തൊഴിൽ ചെയ്ത് ജീവിക്കുന്നു! കാശ് തന്നെയാണ് അവരുടെ പ്രേരകശക്തി അഥവാ 'മോട്ടിവേഷൻ' (Motivation). ഒരു കാര്യം കൂടി . ഇന്റലിജൻസ് സെല്ലിൽ ജോലി ചെയ്യുമ്പോൾ അതിൽ കഴിവ് തെളിയിച്ച ഉദ്യോഗസ്ഥരിൽ ഒരാളായ അനിൽകുമാർ പിന്നീട് എന്നോട് പറഞ്ഞ വലിയ സത്യമാണത്.'സാറേ... നമ്മളെന്നല്ല ഏത് എൻഫോഴ്‌സ്‌മെന്റ് ഏജൻസിക്കും സമൂഹത്തിലെ ദുർന്നടപ്പുകാരിൽ നിന്ന് മാത്രമേ രഹസ്യവിവരം ലഭിക്കുകയുള്ളൂ. അല്ലാതെ മാനം മര്യാദയായി ജോലിയും ചെയ്ത് കുടുംബവും നോക്കിക്കഴിയുന്ന ആൾക്കാർക്ക് അതിനൊക്കെ എവിടെ നേരം! അല്ലെങ്കിലും അവരൊട്ട് കൂട്ടിയാൽ കൂടുമോ...?''അതുകൊണ്ട് ഈ വിങ്ങിൽ ജോലി നോക്കുമ്പോൾ ക്രിമിനലുകളും കള്ളന്മാരും ആയിട്ടുള്ളവരുടെ സഹവാസം നമുക്ക് ഒഴിവാക്കാനാകില്ല.'അത് ഏറെ ശരിയാണെന്ന് തോന്നുന്നു.
കാരണം ഡോക്ടർക്കോ അധ്യാപകനോ ശാസ്ത്രജ്ഞനോ ക്രിമിനൽ പശ്ചാത്തലമില്ലാത്ത മറ്റൊരു സാധു മനുഷ്യനോ അത്തരം രഹസ്യവിവരം കളക്ട് ചെയ്യുന്നത് തീർത്തും ദുഷ്‌കരമാണല്ലോ!'ഒരിടത്ത് പത്ത് കിലോ കഞ്ചാവ് വിൽപ്പനയ്ക്കായി ഇരിക്കുന്നു' എന്നതാണ് ശാസ്ത്രഭാഷയിൽ പറഞ്ഞാൽ അദ്ദേഹത്തിന്റെ കൈവശമുള്ള 'ഇന്റലിജൻസ്!' (Intelligence Input). ശരിക്കും അത് കർണാടകയിൽ നിന്നോ മറ്റോ കൊണ്ടുവന്നതാണെന്ന് പിന്നീട് അറിഞ്ഞു. എന്നാലും 'എൻ ഡി പി എസ്' ആക്ടിന്റെ (NDPS: Narcotic Drugs and Psychotropic Substances Act, 1985) പരിധിയിൽ വരുന്ന കേസായതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കും അതെടുത്ത് പെരുമാറാമല്ലോ. പക്ഷെ സത്യം പറയട്ടെ, എന്നെപ്പോലുള്ളവർക്ക് വ്യക്തിപരമായി അത്തരത്തിലെ കുഴയ്ക്കുന്ന കേസിന്റെ നൂലാമാലകൾ പിടിച്ച് തലയിൽ വയ്ക്കുന്നതിൽ വലിയ താല്പര്യമില്ലായിരുന്നു. കാരണം മറ്റൊന്നുമല്ല, നിയമത്തിൽ കർശനമായ നിഷ്‌കർഷകളുള്ള അത്തരം കേസുകൾ എഴുതുമ്പോൾ വലിയ സൂക്ഷ്മതയും ഏറെ കൃത്യതയും പല കാര്യങ്ങളിലും പാലിക്കേണ്ടതുണ്ട്. അത് നമ്മുടെ കാടുകളിൽ തോട്ടമെടുത്ത് കൃഷി ചെയ്തതുമല്ല. എന്നെപ്പോലെ ജന്മനാ ഉഴപ്പന്മാരായവരുടെ കാര്യമാണ് ഇവിടെ പറഞ്ഞത്; അല്ലാതെ ബഹുശതം വരുന്ന കർമധീരരായ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കാര്യമല്ലായേ. അതുകൊണ്ട് ആരും ചന്ദ്രഹാസമിളക്കരുതെന്ന് അപേക്ഷ.എന്തായാലും തിരുവനന്തപുരത്ത് ആസ്ഥാനത്ത് നിന്ന് വിളി വന്ന സ്ഥിതിക്ക് കഞ്ചാവ് പിടിക്കാനായി ശ്രമിക്കാതെ 'നൈസായി ഞാനൊന്നും അറിഞ്ഞില്ലേ.... രാമനാരായണാ...!' എന്ന മട്ടിൽ ഒഴിവാക്കാനാകുമായിരുന്നില്ല. ഇതേക്കുറിച്ച് വിശദമായി ഞാൻ എന്റെ 'നാഗമാണിക്യം, ഗജമുത്ത്, വെള്ളിമൂങ്ങ: വനംകള്ളക്കടത്തിന്റെ കാണാപ്പുറങ്ങൾ' എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.
അങ്ങനെ അന്ന് വൈകിട്ട് ഞങ്ങളെത്തുമ്പോൾ ഫ്രോഡ് ലുക്കുള്ള ആ രഹസ്യവിവരദായകൻ പത്തനംതിട്ടയിലെ ബാറിന്റെ പരിസരത്ത് ചുറ്റിത്തിരിഞ്ഞു നിൽക്കുകയായിരുന്നു. കൂടെ ഫ്രോഡ് ലുക്കിൽ അവന്റെ അച്ഛനാണെന്ന് തോന്നിക്കുന്ന മറ്റൊരു ഗജഫ്രോഡും. മദ്യത്തിന്റെയും പുകയിലയുടെയും മണം അന്തരീക്ഷത്തിൽ നിറഞ്ഞുനിന്നിരുന്നു. അന്ന് മനോജ് ഉൾപ്പെടെ ഞങ്ങൾ അഞ്ചു പേരുണ്ടായിരുന്നു. അവനായിരുന്നു ഞങ്ങളിൽ ചെറുപ്പവും 'ചെത്തുപയ്യൻ' ലുക്ക് ഉണ്ടായിരുന്നതും. ഞങ്ങൾ അന്ന് ശരിക്കും പുനലൂരിൽ നിന്ന് വനംവകുപ്പ് ജീപ്പിൽ റാന്നിക്ക് പോകുകയായിരുന്നു. പത്തനംതിട്ട ബസ് സ്റ്റാൻഡ് പരിസരത്ത് ജീപ്പ് ഒതുക്കിയതിനു ശേഷം കാൽനടയായി ആ ബാറിന് അടുത്തേക്ക് നടന്നു. ഞാനും മനോജും മുന്നിലും ബാക്കിയുള്ളവർ (പ്രകാശും അനിലും രാജീവും മോഹൻദാസും) കുറച്ച് അകലം വിട്ട് പിന്നിലുമായാണ് നടന്നിരുന്നത്.സിവിൽ വേഷത്തിൽ എത്തിയ ഞങ്ങളെ കണ്ടപാടെ പാറിപ്പറന്നുകിടക്കുന്ന തന്റെ ചെമ്പൻ തലമുടി മാടിയൊതുക്കി കക്ഷി എന്റെ സമീപത്തെത്തി. അതിനകം തന്നെ ഞാൻ ഓഫീസർ ആണെന്ന് അവൻ മനസ്സിലാക്കിക്കളഞ്ഞല്ലോ എന്നാലോചിച്ചപ്പോൾ എനിക്ക് അസ്സാരം മതിപ്പൊക്കെ തോന്നാതിരുന്നില്ല.
എന്നാലും ചെമ്പൻ നിറത്തിലെ പാറിപ്പറന്നുകിടക്കുന്ന അവന്റെ കേശഭാരവും മുഖത്ത് വളർന്നുമുറ്റിയ ശ്മശ്രുക്കളും കാണുമ്പോൾ വെള്ളം തൊട്ടിട്ട് ദിവസങ്ങളാകും എന്നാണ് തോന്നിയത്. അതുകൊണ്ടുതന്നെ കരുതലോടെ അല്പം മാറി നിന്നാണ് സംസാരിച്ചതും!കൂടെയുണ്ടായിരുന്ന ചെറുപ്പക്കാരനായ മനോജിനെ അയാൾക്ക് പരിചയപ്പെടുത്തിയ ഉടനെ തന്നെ 'മോഡസിനെപ്പറ്റി' (Modus Operandi) ഞങ്ങളോട് അദ്ദേഹം വളരെ പെട്ടെന്ന് ചുരുക്കി പറഞ്ഞു. അങ്ങോട്ട് ചോദ്യങ്ങൾ ചോദിക്കാനൊന്നും അവസരമില്ല. കക്ഷിയുടെ കൂടെനിന്നിരുന്ന ആൾ അപ്പോൾ ലേശം അകലത്തിലാണെങ്കിലും തെല്ല് സംശയത്തിലാണ് നിൽക്കുന്നത്. ഇടയ്ക്കിടയ്ക്ക് അങ്ങോട്ട് നോക്കുന്നുമുണ്ട്. കാരണം ഇടപെടുന്ന മേഖല ഒറ്റിന്റെയും ചതിയുടെയും കൂടിയാണല്ലോ. കൂടെയുള്ളവനെപ്പോലും അവർ സംശയത്തോടെയേ നോക്കൂ. തനിക്ക് കിട്ടാനുള്ള കാശ് അടിച്ച് മാറ്റിക്കളയുമെന്നും പേടിയുണ്ടാകും. അതുകൊണ്ട് ധൃതിയിൽ കാര്യങ്ങൾ പറഞ്ഞിട്ട് ബാക്കി ബാറിൽ ഇരുന്ന് സംസാരിക്കാമെന്ന് പറഞ്ഞ് കക്ഷി സുഹൃത്തിനരികിലേക്ക് നടന്നു.കാര്യം ഇതൊക്കെ ആണെങ്കിലും ബാറിൽ കയറിയാൽ പ്രോട്ടോക്കോൾ വച്ച് അന്ന് റേഞ്ച് ഓഫീസറായ എന്റെ കയ്യിൽ നിന്നും തന്നെയായിരിക്കും 'ചെമ്പ്' ഇറക്കേണ്ടി വരിക എന്ന് മനസ്സിലാക്കാനുള്ള പ്രായോഗിക ബുദ്ധി എനിക്കുണ്ടായിരുന്നു. കാരണം അന്നൊക്കെ വനംവകുപ്പിലെ ബലിമൃഗമായിരുന്നല്ലോ റേഞ്ച് ഓഫീസർ തസ്തിക! മുകളിലെ ഉദ്യോഗസ്ഥർ വന്നാലും താഴെയുള്ളവർക്ക് ഒപ്പമായാലും ചെലവ് റേഞ്ചറുടെ വക തന്നെയാകണം എന്നാണ് നിലനിന്നിരുന്ന കീഴ്വഴക്കം. എന്നെപ്പോലുള്ള അറുപിശുക്കന്മാർക്കുപോലും അതിൽനിന്ന് മോചനം ഉണ്ടായിരുന്നില്ല.
ഇവിടത്തെ തമാശ, രഹസ്യവിവര ശേഖരണമെന്ന ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമായി സത്യസന്ധതയോടെ ബാറിലെ ബില്ല് കൊണ്ട് കൊടുത്താൽ അത് മേലാവിലും അതിലുപരി ഓഡിറ്റിങ്ങിനായി എത്തുന്ന സിംഹങ്ങൾക്കും ദഹിക്കണമെന്നില്ല. മദ്യത്തിന്റെ ബില്ല് പാസ്സാക്കിക്കണ്ടാൽ അവരുടെ നെറ്റി ചുളിയും എന്നുറപ്പ്! ഏത് വകുപ്പിലായാലും അതങ്ങനെയാണല്ലോ.(ഒരു പക്ഷെ ഞാനാണെങ്കിൽ ഇലയ്ക്കും മുള്ളിനും ദോഷമില്ലാത്ത രീതിയിൽ നിർദ്ദോഷമായ മറ്റേതെങ്കിലും സാധനത്തിന്റെ ബില്ല് പകരം വാങ്ങി വരുവാൻ പറയുമായിരുന്നു എന്ന് തോന്നുന്നു. സ്റ്റാഫുകളുടെ കയ്യിൽ നിന്ന് കാശ് കളയണ്ടല്ലോ എന്ന സദുദ്ദേശത്തോടെ മാത്രം! വായനക്കാർ നിലനിന്നിരുന്ന സാഹചര്യം മനസ്സിലാക്കും എന്നാണ് പ്രതീക്ഷ.)എന്തായാലും അന്നുകാണാൻ വന്നത് 'യക്ഷി' എന്ന് വനം ഇന്റലിജൻസ് സർക്കിളിൽ പരക്കെ അറിയപ്പെടുന്ന ഒരാളായിരുന്നു. അദ്ദേഹത്തെപ്പറ്റി വിശദമായി കേൾക്കുന്നത് പിന്നീട് ഇന്റലിജൻസ് സെല്ലിൽ ജോലി ചെയ്യുമ്പോഴാണ്. കക്ഷിയുടെ മോഡസിൽ പെടുന്നതാണ് 'ഉന്നതങ്ങളിൽ ആദ്യം വിവരം അറിയിച്ച് അവിടെനിന്ന് താഴോട്ട് നിർദ്ദേശം കൊടുപ്പിച്ചതിന് ശേഷം മാത്രം ഫീൽഡിൽ ജോലി ചെയ്യുന്നവരെ ബന്ധപ്പെടുക' എന്നത്. ഇച്ചിരി മുന്തിയ ഐറ്റമാണ് എന്ന് സാരം!
ബാറിലെ അരണ്ട വെളിച്ചത്തിൽ മൂലയിലായി ഇരിപ്പുറപ്പിച്ച ശേഷം അദ്ദേഹം തന്നെ ബെയററോട് ഏതോ കുറഞ്ഞ ബ്രാൻഡിലെ അരലിറ്റർ മദ്യം ഓർഡർ ചെയ്തു. എത്തിയപാടെ ആ മദ്യകുപ്പിയെ അരുമയോടെ എടുത്ത് ആകമാനം ഒന്ന് നോക്കിയിട്ട് അതിന്റെ ചുവട് മടക്കിപ്പിടിച്ച് ഇടത് കൈമുട്ടിൽ അധികം ശക്തിയിലല്ലാതെ രണ്ട് തട്ട്! അനന്തരം അനല്പമായ ഔദ്ധത്യത്തോടെ മേശയ്ക്ക് ചുറ്റിനുമിരുന്ന എന്നെയും മനോജിനെയും പിന്നെ സ്വന്തം തുണക്കാരനെയും ഒന്നുനോക്കി. പിന്നെ വലത്തേ കൈകൊണ്ട് അതിന്റെ കഴുത്തിൽപ്പിടിച്ച് ഒറ്റത്തിരിപ്പ്! പക്ഷേ പണി പാളി! നമ്മുടെ ബെവറേജല്ലേ കക്ഷി. അവന്റെ പണി കയ്യിൽ ഇരിക്കത്തേയുള്ളൂ എന്ന മാതിരി കുപ്പിയുടെ അടപ്പ് പമ്പരം പോലെ കറങ്ങാൻ തുടങ്ങി. (സോഷ്യൽ മീഡിയയിൽ 'ട്രോളി' മറിക്കുന്ന '360 ഡിഗ്രി' കറങ്ങിത്തിരിഞ്ഞ് കൊത്തുന്ന 'അതിഭീകരനായ' അണലിയെപ്പോലെ!)ആ സംഭവം അദ്ദേഹത്തിന് വലിയ ഗ്ലാനി പോലെയാണ് തോന്നിയത്. എന്തായാലും അടുത്തതായി പുകയിലയുടെയോ പാൻപരാഗിന്റെയോ ഹാൻസിന്റെയോ ഒക്കെ മടുപ്പിക്കുന്ന സമ്മിശ്ര ഗന്ധം വമിക്കുന്ന വായ തുറന്ന് പുകയിലക്കറ മൂടിയ തന്റെ കോമ്പല്ലുകൾക്കിടയിലേക്ക് കുപ്പി തിരുകി വച്ച് എലിയോ അണ്ണാനോ ഒക്കെ കരളുന്ന മാതിരി ഒരുതരം ഒച്ചയുണ്ടാക്കി. അനന്തരം അത് പുറത്തെടുത്ത് തുറന്ന് ആ ഉളുമ്പ് മണം 'സ്‌പോഞ്ച് പോലത്തെ' തന്റെ ശ്വാസകോശം നിറയുവോളം വലിച്ചു കയറ്റി. പിന്നെ മൂന്ന് ഗ്ലാസ്സുകളിലായി ഒഴിച്ചു.തലവൻ ഞാനാണെന്ന് മനസ്സിലായിട്ടോ അതോ ഞാനാണ് കാശ് കൊടുക്കാൻ പോകുന്നതെന്ന് ഉറപ്പായതിനാലോ മനോജിനെ അവഗണിച്ച് എന്റെ മുന്നിലെ ഗ്ലാസ്സിലാണ് അതൊഴിച്ചത്.
ഒരു വേള മനോജിനും കൂടി ഒഴിച്ചാൽ കുപ്പി താമസിയാതെ കാലിയാകുമെന്ന് ആ 'തൃകാലജ്ഞാനി' മുൻകൂട്ടി കണ്ടിട്ടുണ്ടാകാം. 'കുറഞ്ഞ' സാധനം ആയതിനാൽ സാധാരണ ചെയ്യാറുള്ള മാതിരി എടുത്ത് 'മോന്താതെ' ഞാൻ 'ചവിട്ടി' മാറി നിന്നു! തുടർന്ന് കലാപരിപാടികൾക്കിടെ അയാളും കൂടെ വന്നവനും കൂടി കഞ്ചാവിന് കിട്ടാവുന്ന വിലയെക്കുറിച്ചാണ് സംസാരിച്ചുകൊണ്ടിരുന്നത്. ഞങ്ങൾക്ക് പ്രത്യേകിച്ച് ഒന്നും പറയാനുണ്ടായിരുന്നില്ല. എന്നാലും ചരക്ക് നീലച്ചടയനാണോ ഇലമാത്രമാണോ പൂവുണ്ടോ കായുണ്ടോ എന്നൊക്കെ വെറുതെ ഞാനും ചോദിച്ചു. പണ്ട് പഠിച്ചിരുന്ന കാലത്ത് ഓൾ ഇന്ത്യ ടൂറിന് പോയപ്പോൾ മുംബൈയിലെ തട്ടുകടയിൽ നിന്നും കുടിച്ച 'ഭാംഗിൽ' (കഞ്ചാവും പാലും തൈരും നെയ്യും പഞ്ചസാരയും ഒക്കെ ചേർത്ത് ഉണ്ടാക്കുന്ന ലഹരിപാനീയം) കഞ്ചാവ് ചേർക്കുന്നത് കണ്ടത് ഓർമയുള്ളതിനാൽ വലിയ അറിവുള്ളവനെപ്പോലെ ഭാവിച്ചു. എന്നെപ്പറ്റി അവർക്ക് അസ്സാരം മതിപ്പ് ഉണ്ടാകണമല്ലോ.'അണ്ണാ... ഈ മനു അളിയനെയും കൂടി ഞങ്ങൾ കൊണ്ട് പോകുകയാണ്. ഓട്ടോ സ്റ്റാൻഡിൽ സാധനം എത്തിയിട്ടുണ്ടെന്നാണ് ഇവൻ പറയുന്നത്. മനുവളിയാ 'മൈ...@#@#@' എണീക്ക് പോകാം!'മനോജിനെ നോക്കിയാണ് അവൻ അത് പറഞ്ഞത്. അണ്ണനെന്ന് വിളിച്ചത് എന്നെത്തന്നെയാണ്. ബാറിൽ ഞങ്ങളെ ആരെയും 'സാറേ' എന്ന് വിളിക്കില്ലെന്നും വളരെ സ്വാഭാവികവും സഹജവും ആയിരിക്കണം കഞ്ചാവ് കച്ചവട ശൃംഖലയിലുള്ളവൻ നമ്മളോടൊത്ത് ഇരിക്കുമ്പോഴത്തെ വർത്തമാനവും പെരുമാറ്റവുമെന്നും തമ്മിൽക്കണ്ട കുറഞ്ഞ സമയത്തിനുള്ളിൽ ഞങ്ങളെ ശട്ടം കെട്ടിയിരുന്നു എന്നത് പറയാൻ മറന്നു. പക്ഷെ മനോജിനെ മനുവെന്ന് വിളിക്കുമ്പോൾ കൂടെ നാമവിശേഷണമായി തെറി ചേർത്തത് എന്തിനെന്ന് എനിക്ക് മനസ്സിലായതുമില്ല.'വാടാ.... മൈ@#@#@...' എണീറ്റ് പുറത്തേക്ക് നടക്കാനായി ഭാവിച്ച് അയാൾ മനോജിന് നേരെ തിരിഞ്ഞു. ദാ... വീണ്ടും തെറി!
ഗതികേടിലായ മനോജ് കസേരയിൽ നിന്ന് എഴുന്നേറ്റ് അനുസരണയുള്ള കുഞ്ഞാടിനെപ്പോലെ അവരോടൊപ്പം പുറത്തേക്ക് നടന്നു. അപ്പോൾ വീണ്ടും ഒന്നുനിന്ന് കുപ്പിയിൽ ശേഷിച്ചിരുന്നത് രണ്ട് ഗ്ലാസ്സുകളിലേക്ക് പകർന്ന് പെട്ടെന്ന് അകത്താക്കാനും നമ്മുടെ ഇൻഫോർമർമാർ മറന്നില്ല. അവരിരുവരും പുറത്തേക്ക് പോയപ്പോൾ ഞാൻ പതിയെ എണീറ്റ് ലേശം മാറി മറ്റൊരു മേശയിൽ ഇതൊക്കെ വീക്ഷിച്ചുകൊണ്ടിരുന്ന പ്രകാശിന്റെയും രാജീവിന്റെയും അനിലിന്റെയും മോഹൻദാസിന്റെയും അടുത്തെത്തി. പിന്നെ ഒഴിവ് വേളകൾ ഉല്ലാസപ്രദമാക്കുക എന്ന ആപ്തവാക്യം അനുസരിച്ചും പ്രലോഭനങ്ങൾക്ക് അടിപ്പെട്ടും പട്ടാപ്പകലാണെന്ന സത്യം സൗകര്യത്തിൽ മറന്നും നമ്മളും ഈരണ്ടെണ്ണം കഴിച്ചുവെന്നത് സത്യമാണ്. നനഞ്ഞാൽ കുളിച്ച് കയറണം എന്നാണല്ലോ പ്രമാണം. തന്നെയുമല്ല അവന്മാരോടൊത്ത് അടിച്ച ആ കൂതറ സാധനത്തിന്റെ ടേസ്റ്റ് മറക്കാൻ എനിക്കത് അത്യാവശ്യവുമായിരുന്നുതാനും!വീണ്ടും ഞാൻ ഒറ്റയ്ക്ക് എന്റെ മേശയിൽ പോയിരുന്നു.
അരമണിക്കൂറെങ്കിലും കഴിഞ്ഞിരിക്കണം. മനോജും യക്ഷിയദ്ദേഹവും മാത്രമാണ് പിന്നെ കയറിവന്നത്. കൂടെയുണ്ടായിരുന്ന തുണക്കാരനെ കാണാനില്ല. മനോജിന്റെ മുഖമാകട്ടെ കാട്ടുകടന്നലുകൾ കുത്തിയത് മാതിരി ചുവന്ന് തുടുത്തിരിക്കുന്നു!'അണ്ണാ... എല്ലാം പറഞ്ഞുറപ്പിച്ചിട്ടുണ്ട്. ഇന്ന് രാത്രിതന്നെ സാധനം എത്തും. പത്ത് കിലോയുണ്ട്. നാളെ വെളുപ്പിന് ഓപ്പറേഷൻ...!'അവനൊന്ന് നിർത്തി.'പിന്നെ ഒരു കാര്യം. എനിക്കിവിടെ മുറിയെടുത്തു തരണം. ഭക്ഷണത്തിനുള്ള കാശും. ബാക്കിയൊക്കെ പിന്നെ... ഓക്കേ! 'അത് കേട്ടിട്ടും എന്റെ തണുത്ത പ്രതികരണം കണ്ടിട്ടാകാം അവൻ സിനിമയിലെ ഭീഷണി മാതിരി ഒന്നുകൂടി പറഞ്ഞു:'അതോ... ഞാൻ ഇനിയും തിരുവനന്തപുരത്തേക്ക് വിളിക്കണോ...?''തിരുവനന്തപുരത്ത് നിന്റെ അച്ഛൻ ഇരിക്കുന്നോടാ...?' എന്നാണ് എനിക്ക് ചോദിക്കാൻ തോന്നിയത്. പക്ഷെ അത് വിഴുങ്ങാനേ തൽക്കാലം നിവൃത്തി ഉണ്ടായിരുന്നുള്ളൂ. ശരിക്കും ആ രഹസ്യവിവരദായകനും നമ്മളുമായുള്ള അങ്കം തുടങ്ങാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. തുടർന്നുണ്ടായ സംഭവവികാസങ്ങൾ മേൽപ്പറഞ്ഞ പുസ്തകത്തിൽ വിശദമായി എഴുതിയിട്ടുള്ളതിനാൽ വിവരിക്കുന്നില്ല. ചിരിച്ചുകൊണ്ട് പുറത്തേക്ക് പോയ മനോജിന്റെ മുഖകമലം 'ഠപ്പേന്ന്' വാടാനിടയാക്കിയ സംഭവത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
അന്ന് രാത്രി വൈകി തിരികെ റാന്നിയിലേക്കുള്ള വഴിയിൽ ജീപ്പിന്റെ പിന്നിലിരിക്കുന്ന മനോജ് എന്തൊക്കെയോ പിറുപിറുക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു. ഞാൻ പതിയെ കാതോർത്തു.'സാറ് പറഞ്ഞിട്ടാണ് ഞാൻ ഒന്നും മിണ്ടാത്തത്. അവന്മാരുടെ മുന്നിൽ വച്ച് ആ '@#$##$@#..ൻ' ഒരാവശ്യവുമില്ലാതെ പച്ചത്തെറിയാണ് എന്നെ വിളിച്ചോണ്ടിരുന്നത്. അവന്റെ ഒടുക്കത്തെ ഒരു മനു അളിയൻ...! പന്ന '$#@%^$'..ൻ!'മനോജിന്റെ ശബ്ദത്തിൽ കഠിനമായ ആത്മനിന്ദ നിഴലിച്ചിരുന്നു. ഒന്ന് നിർത്തിയാണ് അവൻ ബാക്കി പറഞ്ഞത്.'സാറേ അവിടെച്ചെന്നപ്പോൾ ആ '%$#@..ൻ' വിളിക്കുന്നത് കേട്ട് ബാക്കി തന്തയ്ക്ക് പിറക്കാത്ത '$%#@&#$#'..കളും പച്ചത്തെറിയാണ് എന്നെ വിളിച്ചത്...!'അപ്പോൾ അതാണ് പ്രശ്‌നം. പാവം കഠിനമായ മാനഹാനിക്ക് ഇരയായിരിക്കുന്നു!'എന്തായാലും നാളെ ഓപ്പറേഷൻ കഴിഞ്ഞ് ആ '@#$##$@#..യെ' ഒറ്റയ്ക്ക് കിട്ടുമല്ലോ. അപ്പോൾ ഞാൻ അവനെ എടുത്തോളാം...!'മുറിവേറ്റ വ്യാഘ്രത്തെപ്പോലെ നിർലോഭം 'തെറി' ചീറ്റുന്ന മനോജിനെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കണം എന്ന് സത്യത്തിൽ എനിക്ക് അറിയില്ലായിരുന്നു. പിറ്റേന്ന് അവസരം കിട്ടുന്നെങ്കിൽ ആ യക്ഷിക്കിട്ട് അവനും രണ്ട് കൊടുത്തോട്ടെ എന്ന് ഞാൻ മനസ്സിൽ കരുതിയിരിക്കണം. കാരണം എനിക്ക് ചേതമൊന്നുമില്ലാത്ത ഏർപ്പാടാണല്ലോ അത്!
എല്ലാം പറഞ്ഞു ഏല്പിച്ചും ആവർത്തിച്ചു ഉറപ്പിച്ചും നമ്മളെ രണ്ട് ദിവസം കാത്തിരുത്തിയ ശേഷം തേനിയിൽ നിന്ന് വന്ന പത്തു കിലോ കഞ്ചാവ് കൂടുതൽ പൈസ വാങ്ങി യക്ഷി എക്‌സൈസിന് മറിച്ചടിച്ചത് പിന്നത്തെ കഥ. ചില്വാനം കുറച്ച് ഇറങ്ങിയെങ്കിലും എന്തായാലും തടി കഴിച്ചിലായത് എനിക്ക് അനുഗ്രഹം ആയിട്ടാണ് തോന്നിയത്
(അവസാനിക്കുന്നില്ല)
Content Highlights: Investigation into wild elephants dying from high-tension power lines and lightning strikes near Kakki Dam., Insights into forest intelligence operations and handling secret informants., Anecdotes from undercover missions regarding wildlife and contraband smuggling in Ranni.
Published: 07 Sept 2026, 03:54 pm IST
ABOUT THE AUTHOR
കേരള വനം വകുപ്പില് നിന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്സര്വ്വേറ്ററായി വിരമിച്ചു. ചിന്ത പബ്ലിഷേഴ്സ് വഴി കാട് പറഞ്ഞ കഥകള്, ആരണ്യകാണ്ഡം എന്നീ കഥാ സമാഹാരങ്ങളും ലോഗോസ് ബുക്ക്സ് വഴി കാട്ടിലേയ്ക്ക് പോകാം എന്നൊരു യാത്രാവിവരണവും മാതൃഭൂമി ബുക്ക്സ് വഴി നാഗമാണിക്യം, ഗജമുത്ത്, വെള്ളിമൂങ്ങ- വനം കള്ളക്കടത്തിന്റെ കാണാപ്പുറങ്ങള് എന്നൊരു അനുഭവകഥയും കേരള
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented