ചിതറ(കൊല്ലം): ആറുപേരെ വകവരുത്തിയ കൊലകൊമ്പനെ തോട്ടിത്തുമ്പിൽ അനുസരണയോടെ നിർത്തിയ 'ആനക്കാരി' ഇനി ഓർമ്മ. കൊല്ലം ചിതറ വേങ്കൊല്ല പാണൻവിളയിൽ സുലൈഖ ബീവി എന്ന 'പെൺപാപ്പാനാ'ണ് കഴിഞ്ഞദിവസം ഓർമ്മയായത്. ആനക്കമ്പക്കാരുടെ തലമുറകളെ കോരിത്തരിപ്പിച്ച ആന പ്രമാണി ദമ്പതിമാരായ ഇസ്മയിലിന്റെയും സുലൈഖയുടെയും ജീവിതം സിനിമാകഥപോലെ സസ്പെൻസും സംഘർഷവും നിറഞ്ഞതാണ്.
ഇടുക്കി ചെറുതോണി സ്വദേശിയായ ഇസ്മയിൽ കുളത്തൂപ്പുഴ ആനക്കുളത്ത് പാപ്പാൻ പണിക്ക് വന്നപ്പോഴാണ് അതേ കൂപ്പിൽ അടിക്കാട് വെട്ടാൻ വന്ന സുലൈഖയെ ജീവിത സഖിയാക്കിയത്. കാലം 1977. പരവൂർ പുതിയിടം ശിവക്ഷേത്രത്തിലെ അശോകൻ എന്ന ആനയെ ആ സമയത്ത്, റോസ് മലമാമൂട് കൂപ്പിൽ തടി പിടിക്കാൻ കൊണ്ടുവന്നിരുന്നു. ആറുപേരെ കൊന്ന കൊമ്പൻ പാപ്പാനോട് പിണങ്ങി കാടുകയറി. അശോകനെ അനുനയിപ്പിക്കാൻ 'തിരുക്കു'വിദ്യയുടെ (കാലുകൊണ്ട് മർമ്മത്ത് ചവിട്ടി ആനയെ അനുസരിപ്പിക്കുന്ന രീതി) ആശാനായ ഇസ്മയിലിനെ എത്തിച്ചു. കാടിനുള്ളിൽനിന്ന് കൊമ്പനെ അനുനയിപ്പിച്ച് നാട്ടിലെത്തിച്ച, ഇസ്മയിലിനോട് ആന ഉടമകളായ ക്ഷേത്ര ഭരണ സമിതി, പാപ്പാൻ സ്ഥാനം ഏറ്റെടുക്കാൻ അഭ്യർഥിച്ചു. 'വർഷത്തിൽ എട്ടുദിവസത്തെ എഴുന്നള്ളിപ്പിന് കൊണ്ടുവന്നാൽ മതി. ബാക്കി ദിവസങ്ങളിൽ ആനയെ നോക്കി ആദായം എടുത്തോളൂ' എന്നൊരു നിർദേശം വെച്ചു. അതു സ്വീകരിച്ച ഇസ്മയിൽ അശോകനെ ഭാര്യയുടെ വീടിനോട് ചേർന്നുള്ള അരിപ്പ കാടുകളിലേക്ക് കൊണ്ടുവന്നു. തീറ്റയ്ക്കും മരുന്നിനും വേണ്ടിയുള്ള വരുമാനം കിട്ടാൻമാത്രം കൂപ്പ് ജോലി ചെയ്യിച്ചു. ബാക്കി ദിവസങ്ങളിൽ വീട്ടുമുറ്റത്ത് തളച്ചു. പതിയെപ്പതിയെ വീട്ടുകാരി സുലൈഖ അശോകനാനയുമായി ചങ്ങാത്തം കൂടി. അവൾ അവനോട് കിന്നാരം പറഞ്ഞു. അശോകൻ തുമ്പി കുലുക്കി സുലൈഖയോട് സല്ലപിച്ചു. ഇസ്മയിലിന്റെ സഹായിയായി നിന്ന്, അവൾ ആനയോട് കൂടുതൽ അടുത്തു. ഒരുദിവസം രാവിലെ
കൊലകൊമ്പനെ അഴിച്ച് തീറ്റയെടുക്കാൻ കൊണ്ടുപോകുന്ന ഭാര്യയെ കണ്ട് ഇസ്മയിൽ പകച്ചു. പിന്നെ 14 കൊല്ലം അരിപ്പ, വേങ്കൊല്ല ചുറ്റുവട്ടങ്ങളിലുമുള്ളവർ ഈ കാഴ്ചകണ്ടു.
കൊല്ലം പരവൂർ പുതിയീടം ശിവക്ഷേത്രത്തിലും തൊട്ടടുത്തുള്ള ചില അമ്പലങ്ങളിൽ അശോകന്റെ കൊമ്പിൽ പിടിച്ച് സുലൈഖ ആനയെ എഴുന്നള്ളിച്ചു. അവളുടെ തോട്ടിത്തുമ്പിൽ അശോകൻ അനുസരണയുള്ള കുട്ടിയായി. സുലൈഖ കേരളത്തിലെ ആദ്യത്തെ വനിതാ പാപ്പാന്മാരിൽ ഒരാളായി.
ആളെക്കൊല്ലി ആനകളുടെ മുമ്പിൽ നെഞ്ചുവിരിച്ചു നിന്ന പെണ്ണൊരുത്തി, പക്ഷേ മറ്റൊരാനക്കലിയുടെ മുന്നിൽ വിറങ്ങലിച്ചുപോയി. 2007-ലാണ്. ഈരാറ്റുപേട്ട തീക്കോയിൽവെച്ച് ഇസ്മയിലിനെ മറ്റൊരാന കൊമ്പിൽ കോർത്ത് കുത്തിമലർത്തി.

To advertise here,

'ഭർത്താവിനെ ആന കുത്തിക്കൊന്നു'വെന്ന് സുലൈഖയോട് ആരോ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിലേക്ക് പാഞ്ഞ സുലൈഖയുടെ സ്വബോധം അന്ന് മാഞ്ഞുപോയതാണ്. ഓടിച്ചെല്ലുമ്പോൾ.. സർജറി കഴിഞ്ഞ്.... 'ജീവനുണ്ടോ മരിച്ചോ' എന്ന് തിരിച്ചറിയാൻ കഴിയാത്തവിധം ഭർത്താവിനെ പൊതിഞ്ഞ കെട്ടി പുറത്തേക്ക് കൊണ്ടുവരുമ്പോൾ.. "ഇസ്മയിലിന്റെ ആരെങ്കിലും വന്നിട്ടുണ്ടോ " എന്ന ചോദ്യം കേട്ട്… "ഞാനുണ്ട് കാക്കച്ചീ" എന്ന് നെഞ്ചത്തടിച്ചുകൊണ്ട് ഓടിയടുത്ത സുലൈഖ, പിന്നെ പഴയ ജീവിതത്തിലേക്ക് മടങ്ങിവന്നില്ല. ഇസ്മയിൽ 15 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം തിരിച്ചെത്തി. പിന്നെയും തോട്ടി കൈയിലെടുത്തു. സുലൈഖ ആജീവനാന്തം തോട്ടിയും വടിയും കൈയിലെടുത്തില്ല. പക്ഷേ, അവസാനശ്വാസംവരെ അവൾ ആനയോർമയിൽ കഴിച്ചുകൂട്ടി.

മാനസികാരോഗാശുപത്രികളും... വീടുമായി സുലൈഖയുടെ ജീവിതം വട്ടംചുറ്റി. രണ്ടുമാസമായി കിടപ്പിലായിരുന്നു. 'എനിക്കൊരു ആനയെ വാങ്ങിത്താ...ഞാൻ നോക്കിക്കൊള്ളാം...'-ആശുപത്രി കിടക്കയിൽ വച്ച് ഉമ്മ ഇങ്ങനെ പറഞ്ഞിരുന്നതായി മക്കളായ ഷാഹിദാ ബീവിയും ഷാനിഫാ മുനീറും പറഞ്ഞു. 'അത്ഭുത ജീവിതമായിരുന്നു അവളുടേത്. സുലൈഖ കൊണ്ടുനടക്കാൻ തുടങ്ങിയതിന് ശേഷമാണ് അശോകൻ ആനയുടെ പേരുദോഷം മാറിയത്'-ഇസ്മയിൽ കണ്ണുതുടച്ചു.
ഇതിനിടെ പരവൂരിൽവെച്ച് അശോകൻ ആന ചരിഞ്ഞു. വിധി തീരുമാനിച്ചുറപ്പിച്ച പോലെ അവന്റെ സംസ്കാരം നടത്തിയത്, സുലൈഖ ബീവിയുടെ വീടിനോട് ചേർന്ന, അരിപ്പ വനത്തിലായിരുന്നു. കഴിഞ്ഞദിവസം അശോകന്റെ 'ആനക്കാരി' ഉറങ്ങാൻ കിടന്നതും അതേ വനത്തോട് ചേർന്ന് കൊച്ചുകലുങ്ക് ജുമാമസ്ജിദ് കബർസ്ഥാനിലാണ്.

പാപ്പാൻ പണിയിലെ ദമ്പതിമാർ

മലപ്പുറം കുറ്റിപ്പുറത്തുനിന്ന് ഇടുക്കി ചെറുതോണിയിലേക്ക് ജീവിതം പറിച്ചുനട്ടവരാണ് മൈതീനും ആമിനയും. ഇടുക്കി അണക്കെട്ടിന്റെ നിർമ്മാണ കാലത്ത് ജീവിതമാർഗം തേടി വന്നവർ. ഈ ദമ്പതികൾ ചെറുതോണി കണ്ടത്തിൻകരയിൽ താമസമാക്കി. കൂപ്പു ജോലിജീവിതം കരുപ്പിടിപ്പിച്ചു. ഇവരുടെ മൂത്തമകൻ ഇസ്മയിലും കൂപ്പിലാണ് ജീവിതമാർഗം കണ്ടെത്തിയത്. പക്ഷേ അവൻ, തടിപ്പണിക്ക് പോയില്ല. ആന പാപ്പാനായി. ആനയിലുള്ള കമ്പം മാത്രമല്ല, ഇസ്മയിലിനെ ആകർഷിച്ചത്. കൂപ്പിൽ കഞ്ഞി വിളമ്പുമ്പോൾ ആന പാപ്പാന്മാർക്കായിരുന്നു ആദ്യ പരിഗണന.

മണിമല രാമകൃഷ്ണൻ ആശാന്റെ കൈക്കാരനായി തോട്ടി കൈയിലെടുക്കുമ്പോൾ ഇസ്മയിലിന് പ്രായം വെറും 16 വയസ്സ്. ഉത്സവപ്പറമ്പുകളിൽ ചെണ്ടമേളക്കാരെ കുത്തിക്കൊന്ന് കുപ്രസിദ്ധനായ 'ചെണ്ടകുത്തി' മുരളി എന്ന കൊലകൊമ്പനെ സ്നേഹംകൊണ്ട് അനുസരിപ്പിച്ച് ഇസ്മയിൽ തെക്കൻ കേരളത്തിലെ എണ്ണംപറഞ്ഞ ആനപ്പാപ്പാനായി.

ആര്യങ്കാവ്, കുളത്തുപ്പുഴ, റോസ് മല ഭാഗങ്ങളിലേക്ക് ആനയുമായി എത്തിയതാണ് ഇസ്മയിലിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. കൂപ്പിൽ അടിക്കാട് വെട്ടാൻ വന്ന സുലൈഖ ഇസ്മയിലിനെ 'അണ്ണാ' എന്ന് വിളിച്ചു. 'പെണ്ണേ' എന്ന മറുവാക്കിൽ ഇസ്മയിൽ തന്റെ സ്നേഹം കൈമാറി. പ്രണയം വിവാഹത്തിൽ എത്തി. അണ്ണനോടുള്ള പ്രണയംമൂത്ത് സുലൈഖയും ആന പാപ്പാനായി. സ്മൃതിനാശം വന്നിട്ടും ആനയെ മറക്കാതെ മരണക്കിടക്ക് വരെ സുലൈഖയിൽ ജീവൻ തുടിച്ചു. സുലൈഖയ്ക്ക് മൂന്നുമക്കളാണ്. സലീന ബീവി, ഷാഹിദാ ബീവി,ഷാനിഫാ മുനീർ. സലീന ചെറുതോണിയിലാണ് താമസം. മറ്റ് രണ്ടു പെൺമക്കളും ഉമ്മ ആനയെ തെളിച്ച അരിപ്പ, ശങ്കിലി വനം മേഖലയുടെ മറുവശത്ത് ജീവിക്കുന്നു. പ്രിയപ്പെട്ടവളുടെ ഓർമ്മയും പേറി ഇസ്മയിൽ രണ്ടാമത്തെ മകൾക്കൊപ്പം അരിപ്പയിൽ ഉണ്ട്.