വിസർജ്യം ഒരു ജലസംഭരണിയുടെ ജീവന്‍ നിലനിര്‍ത്തുമെന്ന് കേള്‍ക്കുമ്പോൾ നെറ്റിചുളിക്കുന്നവര്‍ക്ക് സാവോയിലെ എംസിമ അരുവി ഒരു നേര്‍ക്കാഴ്ച്ചയാണ്. സ്ഥലത്തെ പ്രധാന താമസക്കാരായ ഹിപ്പോകളാണ് ഇവിടെ കഥാപാത്രങ്ങള്‍. പകല്‍ മുഴുവന്‍ എംസിമയില്‍ ഉറക്കവും ആഘോഷവും നീന്തലും നടത്തുന്ന ഇവര്‍  വെള്ളത്തില്‍ നിക്ഷേപിക്കുന്ന വിസര്‍ജ്യമാണ് ഈ അരുവിയുടെ ജീവന്‍. ഇവരുടെ വിസര്‍ജ്യം എംസിമയെ കണ്ണാടിപോലെ കാത്തുസൂക്ഷിക്കുന്നു. ഹിപ്പോകളുടെ വിസര്‍ജ്യത്തിലടങ്ങിയിട്ടുള്ള പോഷകങ്ങള്‍ എംസിമയ്ക്കപ്പുറം ഇതിലെ ജലജീവികള്‍ക്കും സമീപത്തെ വിശാലമായ പഴക്കാടുകള്‍ക്കും പുല്‍മേടുകള്‍ക്കും ഉര്‍ജവും ആരോഗ്യവും നല്‍കുന്നതിനൊപ്പം എംസിമയുടെ നിലനില്‍പ്പിന് തന്നെ അത്യന്താപേക്ഷിതമാവുന്നുവെന്നതാണ് അത്ഭുതം.

To advertise here,

ആറ് മാസത്തോളം നീണ്ടുനില്‍ക്കുന്ന കൊടുംവരള്‍ച്ച. ഒരു തുള്ളി വെള്ളത്തിനായി നാലുപാടും ഓടുന്ന മൃഗങ്ങള്‍. വറ്റി വരണ്ട പുഴയില്‍ സ്വയം കുഴിയെടുത്ത് ശുദ്ധജലം ശേഖരിക്കുന്ന കൊമ്പനാനകള്‍. കുടിവെള്ളത്തിനായി മൈലുകള്‍ താണ്ടുന്ന പക്ഷികള്‍. ഇതിനിടയിലും വിജയകരമായി അതിജീവിക്കുന്നവര്‍. അവര്‍ സാവോയിലുണ്ടാക്കിയ വിപ്ലവകരമായ മാറ്റങ്ങള്‍. കെനിയയിലെ ഏറ്റവും പഴയ ദേശീയോദ്യാനമായ സാവോ ദേശീയോദ്യാനത്തിലെ ജീവികളുടെ അനിതര സാധാരണ ജീവിതമാണ് ഇത്തവണ Beauty and the Beastsൽ.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

placeholder
സാവോയിലെ എംസിമ സ്പ്രിങ്ങും അതിൽ നീന്തിത്തുടിക്കുന്ന ഹിപ്പോകളും | ഫോട്ടോ:https://twitter.com/SheldrickTrust/status/1573669995728470016/photo/1

13747ചതുരശ്ര കിലോ മീറ്ററിൽ വ്യാപിച്ചു കിടക്കുന്ന കെനിയയിലെ ദേശീയോദ്യാനമാണ് സാവോ (TSAVO). ഹിപ്പോപൊട്ടാമസ്, കാട്ടുപോത്തുകള്‍, സിംഹങ്ങള്‍, പുള്ളിപ്പുലികള്‍, ചീറ്റ, സീബ്ര എന്നുവേണ്ട വന്യതയുടെ തീയേറ്റര്‍ എന്ന വിളിപ്പേരുകൂടിയുണ്ട് സാവോ ദേശീയോദ്യാനത്തിന്. അതിലെ വൈവിധ്യമാർന്ന ജീവികളൊന്നടങ്കം ആശ്രയിക്കുന്ന നീരരുവികളിലൊന്നാണ് എംസിമ. ഹിപ്പോകളുടെ വിസർജ്യമാണ് ഈ അരുവിയെ കണ്ണാടി പോലെ ശുദ്ധമാക്കുന്ന പ്രധാന ഘടകം. വിസര്‍ജ്യങ്ങള്‍ ജലത്തില്‍ കലരുന്നത് അരുവിയെ പോഷകസമ്പുഷ്ടമാക്കുന്നു. ഈ പോഷകങ്ങളെ മാത്രം ആശ്രയിച്ച് കഴിയുന്ന നിരവധി സൂക്ഷ്മജീവികളും മത്സ്യങ്ങളുമാണ് എംസിമയിലുള്ളത്. വിസര്‍ജ്യം ഭക്ഷിക്കാനെത്തുന്ന സൂക്ഷ്മജീവികള്‍ ഇവിടെയുള്ള ജലത്തിലെ വിഷാംശം ഇല്ലാതാക്കുന്നു. അങ്ങനെ ഇത്തരം സൂക്ഷ്മജീവികളെ തിന്നുന്ന പ്രത്യേക മത്സ്യങ്ങളും എംസിമയില്‍ വളര്‍ന്നുവന്നു. ഒപ്പം സമീപത്തെ പഴക്കാടുകളുടെ നിലനില്‍പ്പ് പോലും ഈ ജലത്തെ ആശ്രയിച്ചായി മാറി. ഈന്തപ്പനകള്‍, ഫിഗ് മരങ്ങള്‍, ഞാവല്‍ മരങ്ങള്‍ എന്നിവയെല്ലാം എംസിമയ്ക്കരികെ പഴങ്ങളുടെ പറുദീസ തീര്‍ത്തു. ഇത് പഴങ്ങള്‍ തിന്ന് ജീവിക്കുന്ന വെര്‍വെറ്റ് കുരങ്ങുകള്‍ പോലുള്ളവയുടെ ജീവന്‍ പോലും നിലനിര്‍ത്തി. അങ്ങനെ ഒരുകാലത്ത് നാമാവശേഷമായിപ്പോയ ഹിപ്പോകള്‍ സ്ഥലത്തെ മുഴുവന്‍ ഭക്ഷ്യശ്യംഖലകളേയും യോജിപ്പിക്കുന്ന കണ്ണിയായി മാറി. 

placeholder
സാവോ ഈസ്റ്റ് നാഷണല്‍ പാര്‍ക്ക് | ഫോട്ടോ: https://twitter.com/lavidashannon/status/862728878174990337/photo/1

മനോഹരമായ കാഴ്ചയ്ക്കപ്പുറം പ്രകൃതിയൊരുക്കുന്ന ഇത്തരം വിസ്മയങ്ങള്‍ കൂടിയാണ് സാവോയെ വ്യത്യസ്തമാക്കുന്നത്. ച്യൂലു മലനിരകള്‍ക്ക് കീഴിലെ പ്രകൃതിയൊരുക്കിയ ജലസംഭരണ കേന്ദ്രമെന്നാണ് എംസിമ അറിയപ്പെടുന്നത്. കെനിയയിലെ എംറ്റീറ്റോ ആന്റേയില്‍നിന്ന് 48 കിലോ മീറ്റര്‍ അകലെയണ് സാവോ ദേശീയോദ്യാനത്തിന്റെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന എംസിമ അരുവി. കണ്ണാടിപോലെ തിളങ്ങുന്ന അരുവിയിലെ വെള്ളം ലോകത്തിലെ പ്രധാന ശുദ്ധജല സ്രോതസ്സുകളുടെ പട്ടികയിലുമാണ്. അഗ്‌നിപര്‍വത സ്ഫോടനങ്ങളും പാറക്കെട്ടുകളും ച്യുലൂ  മലനിരകളിലെ പാറകളിലെ ദ്വാരങ്ങള്‍ എംസിമയിലേക്ക് വെള്ളമൊഴുകുന്നതിനുള്ള വഴിവെട്ടിയപ്പോള്‍ കടുത്ത വേനലിലും എംസിമ മാത്രം നിറഞ്ഞു തുളുമ്പും. ഓരോ ദിവസവും 50 മില്ല്യണ്‍ ഗാലന്‍ വെള്ളമാണ് മലമുകളില്‍നിന്ന് ഇവിടേക്ക് ഒഴുകിയെത്തുന്നത്. സ്ഥലത്തെ സ്ഥിരംതാമസക്കാരാണ് ഹിപ്പോപൊട്ടാമസുകളും നൈല്‍ മുതലകളും. മറ്റ് ജലാശയങ്ങളിലേക്ക് ഇവിടേനിന്ന് ഏറെ ദൂരമുള്ളതിനാല്‍ ഇവയുടെ പ്രധാന ആശ്രയവും എംസിമ തന്നെയാണ്. അരുവിയുമായി ബന്ധപ്പെട്ട് ഹിപ്പോയുണ്ടാക്കിയ പ്രകൃതിനിയമത്തിന്റേയും ഭക്ഷ്യശൃംഖലയുടേയും കഥ ആരേയും അത്ഭുതപ്പെടുത്തുന്നതാണ്.

13,000-ത്തിലധികം ചതുരശ്ര കിലോ മീറ്റര്‍ ദൂരത്തില്‍ വ്യാപിച്ചുകിടക്കുന്ന സാവോ ദേശീയോദ്യാനം ലോകത്ത് ഏറ്റവും കൂടുതല്‍ ദൂരത്തില്‍ ലാവയൊഴുകുന്ന യാറ്റാ പീഠഭൂമിയുടെ പ്രഭവസ്ഥാനം കൂടിയാണ്. പാറകളെ ചേര്‍ത്ത് നിര്‍ത്തി ഒള്‍ ഡന്യൂ സബൂക്ക് മലനിരകളില്‍ നിന്ന് തുടങ്ങി 290 കിലോ മീറ്റര്‍ ദൂരത്തില്‍ ഒഴുകുന്ന ഈ ലാവയാണ് കഠിനമായ കാലാവസ്ഥയിലും സാവോയില്‍ പ്രകൃത്യായുള്ള ചുരുക്കം ചില ജലസംഭരണികളിലേക്ക് വെള്ളമെത്തിക്കുന്നത്. ആറ് മാസത്തോളം നീണ്ടുനില്‍ക്കുന്ന ഈ ചൂട് കാലാവസ്ഥയിലും സാവോയിലെ പക്ഷി മൃഗാധികളുടെ ദാഹം തീര്‍ക്കുന്നത് ഈ ജലസംഭരണികളാണ്. അതുകൊണ്ടു തന്നെ യാറ്റാ പീഠഭൂമിയെ ഏറെ ജാഗ്രതയോടെയാണ് കെനിയന്‍ സര്‍ക്കാര്‍ സംരക്ഷിച്ച് പോരുന്നതും. ഇത്തരം ജലസംഭരണികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് എംസിമ സ്പ്രിങ്.

placeholder
ലുഗാര്‍ഡ് എന്ന വിളിപ്പേരുള്ള ആന | ഫോട്ടോ കടപ്പാട്‌: https://twitter.com/KWSKenya/status/1595736801947312129/photo/1
  • ചെറുജീവികളുടെ ദാഹമകറ്റുന്ന ചുവന്ന ആനകളും ലുഗാര്‍ഡിന്റെ അന്ത്യവും

സാവോയില്‍ സംരക്ഷിച്ചുപോരുന്ന ചുവന്ന ആഫ്രിക്കന്‍ ആനകള്‍ക്കും ഇവിടത്തെ ആവാസ വ്യവസ്ഥയെ സംരക്ഷിച്ച് നിര്‍ത്തുന്നതില്‍ പ്രധാന പങ്കുണ്ട്. ആറ് മാസത്തോളം നീണ്ടുനില്‍ക്കുന്ന കൊടുംവേനലില്‍ ദാഹിച്ച് വലയുന്ന മൃഗങ്ങളുടെ ദാഹമകറ്റുന്ന ചുമതല കൂടിയുണ്ട്  ഈ ചുവന്ന ആനകള്‍ക്ക്. വറ്റിവരണ്ടുപോയ പുഴയില്‍ കുഴി കുഴിച്ച് വെള്ളമെത്തിക്കുന്ന ജോലിയാണ് ആനകള്‍ ചെയ്യുന്നത്. മറ്റ് ആനകളില്‍ നിന്നും വ്യത്യസ്തമായി ഇവയുടെ അസാധാരണമായുള്ള നീണ്ട കൊമ്പും തുമ്പിക്കൈയുമാണ് ഇതിനായുള്ള പ്രധാന ആയുധം. പുഴയുടെ പലഭാഗത്തും കുഴിയുണ്ടാക്കി ആനകള്‍ ജലസ്രോതസ്സ് കണ്ടെത്തുമ്പോള്‍ ഇത് തേടിയെത്തുന്നത് സാവോയിലെ എണ്ണിമില്ലാത്ത മറ്റ് ചെറു മൃഗങ്ങളും പക്ഷികളുമാണ്. ആനകള്‍ക്ക് ജല സ്രോതസ്സ് എവിടെയാണെന്നറിയാന്‍ പ്രത്യേക കഴിവുണ്ടെന്നതാണ് ഇതിന്റെ പിന്നിലെ ശാസ്ത്രീയവശം. ഇരുമ്പിന്റെ അംശം കൂടുതലുളള സാവോയിലെ മണ്ണും പൊടിയുമാണ് ഇവിടേയുള്ള ആനകള്‍ക്ക് ചുവന്ന നിറം നല്‍കുന്നത്. ചുടിനേയും കീടങ്ങളേയും പ്രതിരോധിക്കാന്‍ പൊടിക്കുളി ശീലമാക്കിയ ഇവയുടെ നിറം തന്നെ ചുവപ്പായിപ്പോയെന്ന് ചൂണ്ടിക്കാട്ടുന്നു വിദഗ്ധര്‍.

13000 ആനകളെ സാവോയില്‍ സംരക്ഷിച്ചുപോരുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ ഏറ്റവും വലിയ അത്ഭുതമാണ് സൂപ്പര്‍ ടസ്‌ക്കര്‍ എന്ന വിളിപ്പേരുള്ള ഭീമന്‍ ആഫ്രിക്കന്‍ ആനകള്‍. പത്ത് മുതല്‍ 13 അടി വരെ ഉയരമുണ്ടാകുന്ന ഇത്തരം ആനകളുടെ പ്രധാന സംരക്ഷണ കേന്ദ്രങ്ങളിലൊന്നായിരുന്നു സാവോ. 45 കിലോയോളം തൂക്കമുള്ള നിലത്ത് കുത്തുന്ന കൊമ്പുള്ളതുകൊണ്ടാണ് ഇവയെ സൂപ്പര്‍ ടസ്‌ക്കര്‍ എന്ന് വിളിച്ച് പോരുന്നത്. ലോകത്ത് അവശേഷിക്കുന്ന 30 സൂപ്പര്‍ ടസ്‌ക്കറുകളില്‍ ചിലതിനെയാണ് സാവോയില്‍ സംരക്ഷിച്ച് പോരുന്നത്.

ബ്യൂട്ടി ആന്‍ഡ് ദ ബീസ്റ്റ്‌സ് 1- ചെന്നായയോടൊപ്പം തിരിച്ചെത്തിയ പച്ചപ്പ്, ജലം ശുദ്ധീകരിച്ച് ബീവറുകള്‍; യെല്ലോ സ്റ്റോണെന്ന അത്ഭുത ലോകം.

ജനതികപരമായ പ്രത്യേകതകളാല്‍ രൂപമാറ്റം വരുന്നവയാണ് ആഫ്രിക്കന്‍  ആനകളിലെ സുപ്പര്‍ ടസ്‌ക്കറുകള്‍. കാലാവസ്ഥാ മാറ്റം, വേട്ടയാടല്‍, മനുഷ്യ-വന്യമൃഗ സംഘര്‍ഷങ്ങള്‍ ഇതെല്ലാം ആഫ്രിക്കയിലെ കൊമ്പനാനകളുടെ ജീവിതം വലിയ ഭീഷണിയിലാണെങ്കിലും വലിയ പ്രധാന്യത്തോടെയാണ് സാവോയില്‍ ഇവയെ സംരക്ഷിച്ച് പോന്നത്. സിംബാബ്​വെ, ബോട്‌സ്വാന പോലുള്ള രാജ്യങ്ങള്‍ കൊമ്പനാനകളെ ചില സമയങ്ങളില്‍ വേട്ടയാടാന്‍ അനുവദിക്കുന്നുണ്ടെങ്കിലും കെനിയ ഇത് അനുവദിക്കുന്നില്ല. കഴിഞ്ഞവര്‍ഷം നവംബര്‍ 21 ന് ആയിരുന്നു സാവോയില്‍ അവേശേഷിക്കുന്ന സൂപ്പര്‍ ടസ്‌ക്കറുകളിലൊന്നായ ലുഗാര്‍ഡ് ചരിഞ്ഞത്. മരണസമയത്ത് 53 വയസ്സായിരുന്നു. കാലാവസ്ഥാ മാറ്റമാണ് ഇതിന്റെ പ്രധാന മരണകാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടിയത്. 

ലുഗാര്‍ഡ് ചരിഞ്ഞ അതേ മാസമായിരുന്നു ദിദ എന്ന മറ്റൊരു സൂപ്പര്‍ ടസ്‌ക്കറും ചരിഞ്ഞത് ഇതോടെ ബന്ധപ്പെട്ടവര്‍ അന്വേഷണവും ആരംഭിച്ചിരുന്നു. സാവോയിലെ അതികഠിനമായ വരള്‍ച്ചയാണ് ടസ്‌ക്കറുകളുടെ മരണത്തിന് കാരണമാക്കിയതെന്ന് പറയുന്നു സാവോ ട്രസ്റ്റ്. ശരീരത്തില്‍ പ്രത്യേകിച്ചൊരു പരിക്കോ മറ്റോ ഇല്ലാതെയായിരുന്നു ഇവയുടെ മേച്ചിൽപുറങ്ങളില്‍ ലുഗാര്‍ഡിനെ അന്ന് ചരിഞ്ഞ നിലയില്‍ കാണപ്പെട്ടത്. കണ്ടെത്തുമ്പോള്‍ ശവ ശരീരത്തിന് മൂന്ന് ദിവസത്തെ പഴക്കവുമുണ്ടായിരുന്നു. നിലത്തോളമെത്തുന്ന കൊമ്പും മസ്തകത്തിലെ വലിയ അരിമ്പാറയുമായിരുന്നു ലുഗാര്‍ഡിന്റെ പ്രത്യേകത. മാത്രമല്ല സന്ദര്‍ശകരോടും  റെയിഞ്ചര്‍മാരോടുമെല്ലാം ഏറെ സൗഹൃദം കാണിച്ചിരുന്ന ലുഗാര്‍ഡ് പോയതോടെ അത് സാവോയ്ക്ക് വന്‍ നഷ്ടവുമായി.

placeholder
സാവോയിലെ ആന| ഫോട്ടോ: ഗെറ്റി ഇമേജസ്‌
  • മനുഷ്യനെ കൊന്നുതിന്ന ഇരട്ട സിംഹങ്ങൾ

സിംഹങ്ങള്‍ സാധാരണയായി മനുഷ്യരെ വേട്ടയാടില്ലെങ്കിലും അങ്ങനെയൊരു ചരിത്രത്തിന് കൂടി സാക്ഷിയായ കഥയുണ്ട് സാവോ നാഷണല്‍ പാര്‍ക്കിന് പറയാന്‍. 1898 ല്‍ ഒമ്പത് മാസത്തിനിടെ 135 പേരെയാണ് ഇവിടെയുണ്ടായിരുന്ന ഇരട്ട ആണ്‍ സിംഹങ്ങള്‍ വേട്ടയാടിയത്. സടയില്ലാത്ത ഈ ഭീകരന്‍ സിംഹങ്ങളെ പിന്നീട് വെടിവെച്ച് കൊന്നുവെങ്കലും എന്തുകൊണ്ട് ഇവര്‍ മനുഷ്യരെ വേട്ടയാടിയെന്നതിന് ഒരുപാട് പഠനങ്ങള്‍ നടന്നു. 1898-ല്‍ കെനിയ-ഉഗാണ്ട റെയില്‍വേയുടെ  ജോലിക്കെത്തിയ ഏഷ്യക്കാരെയായിരുന്നു 1889 മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരേയുള്ള കാലയളവില്‍ സാവോയിലെ ഈ ഇരട്ട സിംഹങ്ങള്‍ കൊന്ന് തിന്നത്. ഇവരെ പിന്നീട് വെടിവെച്ച് കൊന്നുവെങ്കിലും സാവോയുടെ ചരിത്രത്തിലെ തന്നെ ഭീതിജനകമായ കാലമാണ് കഴിഞ്ഞുപോയത്.

1889 മാര്‍ച്ചിലാണ് സാവോ നദിക്ക് കുറുകെ കെനിയ പാലം പണി ആരംഭിച്ചത്. 13 കി.മി വ്യാപിച്ച് കിടുക്കുന്നതായിരുന്നു നിര്‍മാണവുമായി ബന്ധപ്പെട്ട ക്യാമ്പുകള്‍. ഇന്ത്യക്കാരടക്കം ആയിരക്കണക്കിന് ജോലിക്കാരാണ് പാലം പണിക്കായി ഇവിടെയെത്തിയത്. ജോലി ആരംഭിച്ചതോടെ സിംഹങ്ങളുടെ ആക്രമണവും തുടങ്ങി. പലരേയും ക്യാമ്പില്‍ നിന്ന് രാത്രികാലങ്ങളില്‍ വലിച്ചുകൊണ്ടുപോയാണ് ഭക്ഷിച്ചിരുന്നത്. ആഴ്ചയില്‍ നാലുപേരെയെങ്കിലും ചുരുങ്ങിയത് ഇവര്‍ കൊന്നു തിന്നിരുന്നു.

placeholder
 നരഭോജി സിംഹങ്ങളുടെ തലയോട്ടി ഷിക്കാഗോ ഫീല്‍ഡ് മ്യൂസിയത്തില്‍|ഫോട്ടോ:https://www.facebook.com/dawidanewsnetwork/photos

ക്യാമ്പിന് നേതൃത്വം നല്‍കിയിരുന്ന ലഫ്റ്റനന്റ് കേണല്‍ ജോണ്‍ ഹെന്‍ട്രി പാറ്റേഴ്സണിന്റെ നേതൃത്വത്തില്‍ നിരവധി തവണ ഇവയെ കുടുക്കാനായുള്ള ശ്രമം ആരംഭിച്ചിരുന്നുവെങ്കിലം പരാജയമായിരുന്നു ഫലം. ഇരുപത് പേരടങ്ങുന്ന സംഘത്തെയാണ് കേണല്‍ ജോണ്‍ ഹെന്‍ട്രി പാറ്റേഴ്സണ്‍ ഇതിനായി നിയോഗിച്ചത്. നിരവധി ശ്രമങ്ങള്‍ക്ക് ശേഷം തുടര്‍ന്ന് ഡിസംബര്‍ ഒമ്പതാം തീയതി രണ്ടെണ്ണത്തില്‍ ഒന്നിനെ വെടിവെച്ച് വീഴ്ത്തുകയും ചെയ്തു. ഇരുപത് ദിവസത്തിന് ശേഷം രണ്ടാമത്തേതിനും പിടികൂടി. പിന്നീട് ഇവയുടെ തോല് 1924 ല്‍ 5000 ഡോളറിന് ഷിക്കാഗോയിലെ ഫീല്‍ഡ് മ്യൂസിയത്തിന് വില്‍പ്പന നടത്തുകയും ചെയ്തു. ചരിത്രത്തില്‍ തന്നെ ഏറ്റവും അധികം മനുഷ്യരെ കൊന്നു തിന്നത് ഈ സിംഹങ്ങളായിരുന്നു. ഇവയുടെ തലയോട്ടി പിന്നീട് പഠന വിധേയമാക്കുകയും ചെയ്തു. പരിശോധനയില്‍ ഇവയുടെ പല്ലുകള്‍ക്ക് സാരമായ കേട് പാട് കണ്ടെത്തിയിരുന്നു.പല്ലിനുള്ള ഈ പ്രശ്‌നമാകാം താരതമ്യേന മാര്‍ദവമുള്ള തൊലിയും ഇറച്ചിയുമുള്ള മനുഷ്യനെ വേട്ടയാടാനും ഇരയാക്കാനും പ്രേരിപ്പിച്ചതെന്നാണ് കണ്ടെത്തിയത്.


വിസ്മയങ്ങളുടേയും അത്ഭുതങ്ങളുടേയും തീരാക്കഥകളുണ്ട്  ഓരോ ദേശീയോദ്യാനങ്ങള്‍ക്കും പറയാന്‍. മനുഷ്യനപ്പുറം കാടും മലയും സമുദ്രവും ഈ പ്രകൃതിയുടെ പങ്കുകാരാണെന്ന് ഉറപ്പിച്ച് പറയുന്നുണ്ട് ഇത്തരം സംരക്ഷണ കേന്ദ്രങ്ങള്‍. ഇവയുടെ അതിജീവനകഥകള്‍ പ്രകൃതി സംരക്ഷണത്തിലേക്ക് വെളിച്ചമേകുന്നവയും അതിന്റെ പ്രാധാന്യത്തെ ഓര്‍മപ്പെടുത്തുന്നതുമാണ്. എക്കാലത്തേയും ഉയര്‍ന്ന ചൂടുള്ള വര്‍ഷമാക്കി ലോകത്തെ അടയാളപ്പെടുത്തിയാണ് 2023 കടന്നുപോവാനിരിക്കുന്നത്. കാലാവസ്ഥാമാറ്റമുണ്ടാക്കുന്ന എല്‍നിനോ പോലുള്ള പ്രതിഭാസങ്ങളും ആഗോളതാപനവുമെല്ലാം എണ്ണമില്ലാത്ത ദുരിതത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. ഇവിടെയാണ് ഇത്തരം ദേശീയോദ്യാനങ്ങളുടെ പ്രധാന്യം. ലോകത്തെ വിസ്മയിപ്പിച്ച ദേശീയോദ്യാനങ്ങളേയും അത് അവിടെയുണ്ടാക്കിയ മാറ്റത്തേയും ഓര്‍മിക്കുകയാണ് ബ്യൂട്ടി ആന്‍ഡ് ബീസ്റ്റ് എന്ന പക്തി.