താരനിബിഢമായിരുന്നു കൊച്ചിയിലേക്കുള്ള വിമാനം. യാത്രക്കാരായി ധർമേന്ദ്ര, ഹേമമാലിനി, ശത്രുഘൻ സിൻഹ, രേഖ തുടങ്ങി ബോളിവുഡിലെ സൂപ്പർ താരങ്ങളുടെ ഒരു നീണ്ട നിര.

To advertise here,

"വിമാനം ലാൻഡ് ചെയ്തപ്പോൾ കയ്യിൽ പുഷ്പഹാരങ്ങളുമായി വലിയൊരു ജനക്കൂട്ടം എയർപോർട്ടിൽ കാത്തുനിൽക്കുന്നു." -- മുഹമ്മദ് റഫിക്കൊപ്പം അതേ ഫ്ലൈറ്റിൽ ഗാനമേളക്കായി കൊച്ചിയിലേക്ക് യാത്ര ചെയ്ത ഗായിക ഉഷ തിമോത്തിയുടെ ഓർമ്മ. "വിമാനമിറങ്ങി പുറത്തേക്ക് നടക്കവേ റഫി സാഹിബ് എന്റെ കാതിൽ മന്ത്രിച്ചു: "ഭാഗ്യം. ഇത്തവണ രക്ഷപ്പെട്ടു. ആരും നമ്മളെ ഗൗനിക്കില്ല. വിവിഐപികളല്ലേ പിറകെ വരുന്നത്."

എന്നാൽ സംഭവിച്ചത് മറിച്ചാണെന്ന് ഉഷ തിമോത്തി. "കൊച്ചിയിലെ ആൾക്കൂട്ടം കാത്തുനിന്നതും കാണാനാഗ്രഹിച്ചതും ചലച്ചിത്ര താരങ്ങളെയല്ല, റഫി സാഹിബിനെയാണ്. അദ്ദേഹത്തിന് വേണ്ടിയുള്ളതായിരുന്നു ആ പുഷ്പഹാരങ്ങൾ. നടീനടന്മാരെ അവഗണിച്ച് ആളുകൾ ഞങ്ങളെ പൊതിഞ്ഞപ്പോൾ എല്ലാവർക്കും അത്ഭുതം. മലയാളികൾ റഫി സാഹിബിനെ എത്ര തീവ്രമായി സ്നേഹിക്കുന്നു എന്ന് തിരിച്ചറിഞ്ഞത് അന്നാണ്. ആ ശബ്ദം എത്ര അഗാധമായി അവരെ സ്വാധീനിച്ചിരിക്കുന്നു എന്നും... ''

മറക്കാനാവാത്ത അനുഭവങ്ങൾ അങ്ങനെ നിരവധി. "കേരളത്തിലേക്കുള്ള യാത്രകളൊന്നും മറക്കാനാവില്ല. ബോംബെയിലുള്ളതിനേക്കാൾ ആരാധകർ എനിക്ക് കേരളത്തിലാണല്ലോ എന്ന് തമാശയായി. പറയും റഫി സാഹിബ്.''-- മഹാഗായകനൊപ്പം ലോകമെങ്ങും ഗാനമേളകളിൽ പങ്കാളിയാകാൻ ഭാഗ്യമുണ്ടായ ഗായികയുടെ വാക്കുകൾ. റഫിയെ ഏറ്റവുമധികം പൊട്ടിച്ചിരിപ്പിച്ച ആരാധകരിലൊരാൾ ഒരു മലയാളിയാണെന്ന് പറയും ഉഷ തിമോത്തി. ഗന്ധർവഗായകനുമൊത്തുള്ള അനേകമനേകം സംഗീതയാത്രകളിൽ നിന്ന് അര നൂറ്റാണ്ടിനിപ്പുറവും ഓർമ്മയിൽ ഒളിമങ്ങാതെ നിൽക്കുന്ന അനുഭവം.

വടക്കൻ കേരളത്തിലെ ഒരു ഗാനമേളയിൽ പങ്കെടുക്കാൻ റഫിയ്‌ക്കൊപ്പം കാറിൽ യാത്ര ചെയ്യുകയാണ് ഗായികയായ ഉഷ. "തലശ്ശേരിയിലാണെന്നാണ് ഓർമ്മ. ഇടക്ക് വിജനമായ ഒരു സ്ഥലമെത്തിയപ്പോൾ അൽപ്പം ശുദ്ധവായു ശ്വസിക്കാൻ വേണ്ടി കാർ നിർത്തി പുറത്തിറങ്ങി ഞങ്ങൾ. നാട്ടിൻപുറമാണ്. ചുറ്റും പ്രകൃതിയുടെ നിശബ്ദസംഗീതം മാത്രം. ആ നിശ്ശബ്ദതയിലേക്ക് പൊടുന്നനെ മുകളിൽ നിന്നൊരു പരുക്കൻ ശബ്ദം ഒഴുകിയെത്തുന്നു: റഫി സാർ, റഫി സാർ എന്ന് തൊണ്ടകീറി വിളിച്ചുകൂവുകയാണ് ആരോ. ഞെട്ടി തലയുയർത്തിനോക്കുമ്പോൾ അടുത്തുള്ള തെങ്ങിന്റെ മുകളിൽ ചിരിച്ചുകൊണ്ടിരിക്കുന്നു അർദ്ധനഗ്നനായ ഒരാൾ. ഇഷ്ടഗായകനെ അപ്രതീക്ഷിതമായി താഴെ കണ്ടതിലുള്ള ആവേശത്തിൽ വിളിച്ചുപോയതാണ് ആ പാവം തൊഴിലാളി. ഉയരങ്ങളിലെ ആരാധകന്റെ ഇരിപ്പ് കണ്ട് പൊട്ടിച്ചിരിച്ചുപോയി റഫി സാഹിബ്. അയാളെ തെങ്ങിൽ നിന്ന് താഴെ വിളിച്ചിറക്കി വിശേഷങ്ങൾ ചോദിച്ചറിയുക മാത്രമല്ല, ഒപ്പം നിന്ന് ഒരു പടമെടുക്കുക കൂടി ചെയ്ത ശേഷമേ അന്ന് ഞങ്ങൾ യാത്രയായുള്ളൂ.''

ഒൻപതാം വയസ്സിൽ റഫിയോടൊപ്പം പാടിത്തുടങ്ങിയ ഉഷ തിമോത്തിക്ക് ഇപ്പോൾ പ്രായം എഴുപത്തഞ്ച്. "റഫി സാഹിബിനെ കുറിച്ചോർക്കാത്ത, അദ്ദേഹത്തിന്റെ പാട്ടുകൾ മനസ്സുകൊണ്ടെങ്കിലും മൂളാത്ത ഒരു ദിവസവുമില്ല ഇന്നും എന്റെ ജീവിതത്തിൽ.''- ഉഷ പറയും. "വെറുമൊരു ഗായകൻ മാത്രമായിരുന്നില്ല എനിക്ക് അദ്ദേഹം. ഗുരു കൂടിയായിരുന്നു. റഫി സാഹിബ് വാത്സല്യപൂർവ്വം അടുത്തിരുത്തി പഠിപ്പിച്ചു തന്ന പാട്ടുകളിലൂടെയാണ് ഞാനെൻെറ സംഗീതജീവിതം കെട്ടിപ്പടുത്തത്.'' ഗാനമേളകളിൽ മാത്രമല്ല സിനിമയിലും റഫിയോടൊപ്പം യുഗ്മഗാനങ്ങൾ പാടാൻ ഭാഗ്യമുണ്ടായി ഉഷയ്ക്ക്. ആദ്യം പാടിയത് കല്യാൺജി ആനന്ദ്ജിക്ക് വേണ്ടി "ഹിമാലയ് കെ ഗോദ് മേ'' (1965) എന്ന ചിത്രത്തിൽ-തു രാത് ഖഡി ഥി ഛാത്ത് പേ. തുടർന്ന് വിദ്യാർത്ഥി (നൈൻ സേ നൈൻ മിലാ ചൈൻ ചുരായാ), സോറോ (ദിൽവാലോ സേ പ്യാർ കർ ലോ), മേരാ സലാം (മേരി ജാൻ തുംസെ മൊഹബ്ബത് ഹേ) തുടങ്ങി നിരവധി ചിത്രങ്ങൾ. തക്ദീർ (1967) എന്ന ചിത്രത്തിലെ "ജബ് ജബ് ബഹാർ ആയേ'' എന്ന സൂപ്പർ ഹിറ്റ് ഗാനത്തിൽ റഫി, ലത മങ്കേഷ്‌കർ, ഉഷ മങ്കേഷ്‌കർ എന്നിവർക്കൊപ്പം പങ്കാളിയാകാൻ കഴിഞ്ഞതാണ് മറ്റൊരു സൗഭാഗ്യം. പഞ്ചാബി, ഭോജ്‌പുരി ചിത്രങ്ങളിലും റഫിയുമൊത്ത് യുഗ്മഗാനങ്ങൾ പാടി ഉഷ.

കേരളത്തിൽ റഫി സാഹിബിനൊപ്പം ആദ്യം പാടിയത് മട്ടാഞ്ചേരിയിലാണ് എന്നാണോർമ്മ-1965 ൽ. പിന്നീട് തിരുവനന്തപുരം, കോഴിക്കോട്, തലശ്ശേരി തുടങ്ങി പലയിടങ്ങളിൽ. "ഓരോ നാട്ടിലും പരിപാടി നടത്തുമ്പോൾ അവിടത്തെ പ്രാദേശിക ഭാഷകളിലെ ഹിറ്റ് ഗാനങ്ങൾ അവതരിപ്പിക്കണം എന്ന് നിർബന്ധമുണ്ടായിരുന്നു റഫി സാഹിബിന്. അങ്ങനെയാണ് ഞാൻ മുംബൈയിലെ മലയാളിയായ കുടുംബസുഹൃത്തിന്റെ സഹായത്തോടെ മലയാളം പാട്ടുകൾ പഠിച്ചെടുത്തത്. സൂര്യകാന്തി, ഒരു കൊച്ചു സ്വപ്നത്തിൻ, ആകാശപ്പൊയ്കയിൽ ഉണ്ടൊരു പൊന്നും തോണി.. അങ്ങനെ പല പാട്ടുകളും വേദിയിൽ പാടിയിരുന്നു ഞാൻ.'' ഓർമയിൽ നിന്ന് സൂര്യകാന്തിയുടെ വരികൾ മൂളുന്നു ഉഷ. "കണ്ടില്ലേ, ഇത്ര വർഷം കഴിഞ്ഞിട്ടും ആ പാട്ട് ഞാൻ മറന്നിട്ടില്ല. അതാണ്‌ സംഗീതത്തിന്റെ മാജിക്. റഫി സാഹിബിനും ഇഷ്ടമായിരുന്നു ഈ പാട്ടുകളെല്ലാം.'' 1966 ലോ 67 ലോ സുനിൽ ദത്തിനും ഗായകൻ മുകേഷിനുമൊപ്പം കൊച്ചിയിൽ വന്നപ്പോഴാണ് ഏറ്റവുമധികം മലയാളം പാട്ടുകൾ പഠിച്ചു പാടിയത്. അന്ന് എസ്. ജാനകിയും ഉണ്ടായിരുന്നു ഗായികയായി. ജാനകി പാടിയത് ഹിന്ദി പാട്ടുകൾ; ഉഷ മലയാളം പാട്ടുകളും.

മുകേഷിനൊപ്പം മാത്രമല്ല മഹേന്ദ്ര കപൂർ, സി രാമചന്ദ്ര, ശങ്കർ ജയ്കിഷൻ തുടങ്ങിയവർക്കൊപ്പമെല്ലാം ഗാനമേളകളിൽ പങ്കാളിയായി ഉഷ. സി രാമചന്ദ്രക്കൊപ്പം ഒരു വേദിയിൽ വിഖ്യാതമായ "ഏ മേരേ വതൻ കേ ലോഗോം'' എന്ന ദേശഭക്തി ഗാനം പാടിയത് മറക്കാനാവാത്ത അനുഭവം. എങ്കിലും മനസറിഞ്ഞ് ആസ്വദിച്ചത് റഫിയ്‌ക്കൊപ്പമുള്ള സംഗീതയാത്രകൾ തന്നെ. "അസാധ്യമായ മനോധർമ്മ പ്രകടനത്തോടെ നമ്മൾ പ്രതീക്ഷിക്കുക പോലും ചെയ്യാത്ത തലങ്ങളിലേക്ക് ഏതു പാട്ടിനെയും ഉയർത്തിക്കൊണ്ടുപോകും റഫി സാഹിബ്. അഛാ ജി മേ ഹാരി പിയാ എന്ന പാട്ടിന്റെ ചരണത്തിൽ ചോഡോ ഹാഥ് ചോഡോ എന്ന ഭാഗമെത്തുമ്പോൾ ചിരിച്ചുകൊണ്ട് എന്റെ കൈപിടിക്കും അദ്ദേഹം. സർപർ ടോപ്പി ലാൽ ഹാഥ് മേ രേഷം കാ റൂമാൽ എന്ന പാട്ട്, കീശയിൽ നിന്നൊരു പട്ടുതൂവാലയെടുത്തു വീശിക്കൊണ്ടാണ് അദ്ദേഹം പാടുക. സൗ സാൽ പെഹലെ എന്ന ഗാനത്തിന്റെ പല്ലവിയിലെ മുജേ തുംസേ പ്യാർ ഥാ എന്ന വരി ഒരു പ്രത്യേക ഈണത്തിൽ അവതരിപ്പിക്കും അദ്ദേഹം-കുസൃതിച്ചിരിയോടെ ഇടംകണ്ണിട്ട് എന്നെ നോക്കിക്കൊണ്ട്. ഏത് പെൺകുട്ടിയും ലജ്ജ കൊണ്ട് ചൂളിപ്പോകുന്ന ഒരു നോട്ടം. അപ്രതീക്ഷിതമായ ആ നോട്ടവും എന്റെ പ്രതികരണവും കണ്ട് സദസ്സ് ഒന്നടങ്കം ചിരിച്ചുമറിയും. ജനങ്ങൾ വളരെയേറെ ആസ്വദിച്ചിരുന്നു ഗാനമേളകളിലെ ഇത്തരം കൊച്ചുകൊച്ചു തമാശകൾ..''-- ഉഷ ഓർക്കുന്നു.

https://www.youtube.com/watch?v=sx6FTutCNaI&list=RDsx6FTutCNaI&start_radio=1

"വേദിക്ക് പുറത്ത് എന്റെ ബഹു (പുത്രവധു) ആണ് നീ. -റഫി സാഹിബ് എപ്പോഴും പറയാറുണ്ട്. പക്ഷേ വേദിയിൽ ചിലപ്പോൾ നമുക്ക് കാമുകീകാമുകന്മാരായി അഭിനയിക്കേണ്ടി വരും. ഞാൻ ദേവാനന്ദും നീ മധുബാലയും ആകും അപ്പോൾ. അതൊക്കെ ജോലിയുടെ ഭാഗമായി കണ്ടാൽ മതി..'' മൈക്കിന് മുന്നിൽ നിൽക്കുമ്പോൾ എന്തൊക്കെ തയ്യാറെടുപ്പുകൾ വേണമെന്ന് എന്നെ പറഞ്ഞുമനസ്സിലാക്കിയത് റഫി സാഹിബാണ്. ചില വാക്കുകളുടെ, അക്ഷരങ്ങളുടെ ഉച്ചാരണം മൈക്കിലൂടെ പുറത്തുവരുമ്പോൾ അരോചകമായി തോന്നും. അത്തരം അക്ഷരങ്ങൾ ഉച്ചരിക്കുമ്പോൾ മൈക്കിൽ നിന്ന് എത്ര അകലം പാലിക്കണമെന്ന് ക്ഷമയോടെ അദ്ദേഹം എന്നെ പഠിപ്പിച്ചു തന്നിട്ടുണ്ട്. ഇന്ന് പുതിയ തലമുറയിലെ കുട്ടികൾക്ക് വോയിസ് ട്രെയിനിംഗ് നൽകുമ്പോൾ എന്നെ നയിക്കുന്നത് ആ അമൂല്യ ഉപദേശങ്ങൾ തന്നെ. ''-ഉഷ.

പതിറ്റാണ്ടുകളോളം ഇന്ത്യൻ സിനിമയുടെ ബോക്‌സാഫീസ് സമവാക്യങ്ങളുടെ ഭാഗമായിരുന്നെങ്കിലും, ഒരിക്കലും സിനിമ റഫിക്ക് വലിയൊരു പ്രലോഭനമായിരുന്നില്ല എന്ന് സാക്ഷ്യപ്പെടുത്തുന്നു ഉഷ തിമോത്തി. "1960 - 70 കാലഘട്ടത്തിൽ അദ്ദേഹം തിയേറ്ററിൽ പോയി സിനിമ കാണുന്ന പതിവേ ഉണ്ടായിരുന്നില്ല. റെക്കോർഡിംഗ് തിരക്കാണ് പ്രധാന കാരണം. പല പുതിയ താരങ്ങളെയും കുറിച്ച് സ്വാഭാവികമായും അദ്ദേഹത്തിന് വലിയ ധാരണയും ഉണ്ടായിരുന്നില്ല. അത്തരം ഘട്ടങ്ങളിൽ എന്റെ സഹായം തേടും അദ്ദേഹം.''

ബംഗളൂരു വിമാനത്താവളത്തിൽ വെച്ച് ഉണ്ടായ രസകരമായ ഒരനുഭവം ഉഷയുടെ ഓർമ്മയിലുണ്ട്. "എയർപോർട്ടിന് പുറത്തുപോകും വഴി ദൂരെ നിന്ന് നടന്നുവരുന്ന ഒരാളെ ചൂണ്ടി റഫി സാഹിബ് നിഷ്കളങ്കമായി പറഞ്ഞു: ഉഷ, അയാളെ കണ്ടോ എന്തൊരു സുന്ദരൻ. സിനിമാനടനെ പോലെ ഉണ്ട്. ഞാൻ നോക്കുമ്പോൾ നവീൻ നിശ്ചൽ ആണ് കഥാപാത്രം. അക്കാലത്തെ യുവാക്കളുടെ പ്രിയതാരം. സത്യത്തിൽ റഫി സാഹിബിന്റെ പാട്ടുകളിലൂടെയാണ് അദ്ദേഹം ഏറെ പ്രശസ്തൻ."സാവൻ ബാദോ''മിലെ കാൻ മേ ജൂംകാ ചാൽ മേ തുംകാ, "ഹസ്തേ സഖ്‌മി''ലെ തും ജോ മിൽ ഗയേ ഹോ... ഇതു കേട്ടപ്പോൾ റഫി സാഹിബിന് അത്ഭുതം. നേരെ ഞങ്ങളുടെ അടുത്തേക്കാണ് നവീൻ നിശ്ചൽ വന്നത്. വന്നയുടൻ റഫി സാഹിബിന്റെ കാൽ തൊട്ടു വന്ദിച്ചു അദ്ദേഹം. എന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു അപ്പോഴൊക്കെ റഫി സാഹിബ്..''

ഓർമ്മകൾ നിലയ്ക്കുന്നില്ല. ഇന്നും റഫിയുടെ പാട്ടുകളാണ് സ്വകാര്യനിമിഷങ്ങളിൽ തനിക്ക് കൂട്ടെന്നു പറയും ഉഷ തിമോത്തി; പുഞ്ചിരിക്കുന്ന സ്നേഹഗീതങ്ങൾ. അവസാനമായി അദ്ദേഹത്തോടൊപ്പം ഗാനമേളയിൽ പങ്കെടുത്തത് മരിക്കുന്നതിന് രണ്ടു മാസം മുൻപാണ്. 1980 മെയ് 15 ന് മുംബൈ ഷണ്മുഖാനന്ദ ഹാളിൽ നടന്ന ആ പരിപാടിയിൽ അധികം പാട്ടുകൾ പാടിയില്ല റഫി. ആ വർഷം ജനുവരിയിൽ ദുർഗാപൂരിൽ നടന്ന മിഥുൻ ചക്രവർത്തി ഷോയിൽ പാടുന്നതിനിടെ ഉണ്ടായ ഹൃദയാഘാതം അദ്ദേഹത്തെ കാര്യമായി തളർത്തിയിരുന്നു. "ജൂലൈ 22 നാണ് ഞങ്ങൾ അവസാനം സംസാരിച്ചത്; ടെലിഫോണിൽ. വരാനിരിക്കുന്ന ഗൾഫ് പര്യടനത്തിൽ പാടേണ്ട പാട്ടുകളുടെ പട്ടിക തയാറാക്കാൻ വിളിച്ചതായിരുന്നു അദ്ദേഹം. പക്ഷേ ഈശ്വരൻ മറ്റൊരു യാത്രയ്ക്കായി അതിനകം അദ്ദേഹത്തെ തിരഞ്ഞെടുത്തുകഴിഞ്ഞിരുന്നു എന്ന് ആരോർത്തു..'' ഓർമ്മകളിൽ മുഴുകി ഒരു നിമിഷം നിശ്ശബ്ദയാകുന്നു ഉഷ.

1980 ജൂലൈ 31 നായിരുന്നു റഫിയുടെ വിയോഗം. റഫി വില്ലയുടെ കവാടങ്ങൾ അന്നാണ് ആരാധകർക്ക് വേണ്ടി മുഴുവൻ സമയവും തുറന്നുകിടന്നത്. അവിടെ ആ പരിസരത്തു നിന്നുകൊണ്ട് വാവിട്ടുകരഞ്ഞ റഫി സാഹിബിന്റെ ആരാധകരിൽ പണക്കാരെന്നോ പാവപ്പെട്ടവരെന്നോ കുട്ടികളെന്നോ മുതിർന്നവരെന്നോ ഉള്ള വ്യത്യാസങ്ങൾ ഉണ്ടായിരുന്നില്ല. ഹൃദയഭേദകമായ ദൃശ്യങ്ങളായിരുന്നു ചുറ്റും. "കരഞ്ഞുകൊണ്ടാണ് വിലാപയാത്രയെ ഞാൻ അനുഗമിച്ചത്. സാന്താക്രൂസിലെ ശ്‌മശാനത്തിനടുത്തെത്തിയപ്പോൾ ആരോ എന്നെ തടഞ്ഞു; ഇനിയങ്ങോട്ട് സ്ത്രീകൾക്ക് പ്രവേശനമില്ല എന്ന് പറഞ്ഞുകൊണ്ട്. ഒപ്പമുള്ളവരെല്ലാം മുന്നോട്ട് നടന്നുപോയിട്ടും അവിടെ ആ റോഡരികിൽ ഏകയായി നിന്നു ഞാൻ. എത്രയെത്ര ഓർമ്മകളാണെന്നോ ആ നിമിഷങ്ങളിൽ മനസ്സിനെ വന്നു മൂടിയത്... വിങ്ങുന്ന ഹൃദയവുമായി കുറെ നേരം നിശ്ചലയായി നിന്ന ശേഷം ഞാൻ തിരിച്ചുപോന്നു. മുഹമ്മദ് റഫി ഇല്ലാത്ത ലോകത്തെ കുറിച്ച് സങ്കൽപ്പിക്കാൻ പോലും ആവില്ലായിരുന്നു. ജീവിതം ശൂന്യമായ പോലെ.'' ആ ശൂന്യത ഇന്നും ഉഷ തിമോത്തി അനുഭവിക്കുന്നു; റഫി വിടവാങ്ങി നാലര പതിറ്റാണ്ടിനിപ്പുറവും.