കൊച്ചി: തന്റെ സ്കൂൾ കാലഘട്ടത്തിലെ രസകരമായ നിമിഷങ്ങൾ ഓർത്തെടുത്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ. ജീവിതത്തെ അടുത്തറിയാനും സാമൂഹികസാഹചര്യങ്ങൾ തിരിച്ചറിയാനും തന്നെ സഹായിച്ചത് സ്കൂളിൽ നിന്നുള്ള അടിത്തറയാണെന്ന് പറഞ്ഞ അദ്ദേഹത്തിന്റെ കണ്ണുകൾ ആർദ്രമായ ചില ഓർമ്മകളിൽ നനയുകയും ചെയ്തു. പനങ്ങാട് ഗോപിനാഥമേനോൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പൂർവ വിദ്യാർഥിയായ മുഖ്യമന്ത്രിക്ക് പൂർവ വിദ്യാർഥിസംഘടന നൽകിയ സ്വീകരണത്തിലാണ് അദ്ദേഹം ഓർമ്മകളിലേക്ക് സഞ്ചരിച്ചത്.

To advertise here,

അഞ്ച് കിലോമീറ്ററപ്പുറമുള്ള നെട്ടൂരിൽ നിന്നു നടന്നാണ് സ്‌കൂളിലെത്തിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടുകാർക്കൊപ്പമുള്ള യാത്രയിൽ വഴിയരികിൽ കാണുന്ന മാവിലെ മാങ്ങകൾക്ക് കല്ലെറിയുമായിരുന്നു. അന്നും ഉന്നം പിഴക്കാതെ എറിയാൻ താൻ മിടുക്കനാണെന്ന് സഹപാഠികൾ പറയുമായിരുന്നു. തന്റെ കല്ല് എപ്പോഴും മാങ്ങയുടെ ഞെട്ടിൽ കൊണ്ട് മാങ്ങ താഴെ വീഴും. ആ പിഴക്കാത്ത ഉന്നം പിന്നീട് തനിക്ക് രാഷ്ട്രീയത്തിലും ഉപകാരപ്പെട്ടു. ലക്ഷ്യബോധം തന്നെ മുഖ്യമന്ത്രിപദം വരെയെത്തിച്ചു. തന്റെ ഗുരുസ്ഥാനീയർക്കുള്ള ദക്ഷിണയായി മുഖ്യമന്ത്രിസ്ഥാനം സമർപ്പിക്കുന്നുവെന്നു സതീശൻ പറഞ്ഞു.

മുൻനിരയിലിരുന്നിരുന്ന മുൻ സ്‌കൂൾ മാനേജർ ലീല ഗോപിനാഥമേനോൻ, മകൻ ഒ.ജി. സുനിൽ എന്നിവരെയും അധ്യാപകരായിരുന്ന ജി. സുധാംബിക, സാവിത്രി, സോഫിയ, വിക്ടോറിയ, രാമാനുജൻ, കുമാരൻ, ഗോകുലൻ, രാജൻ തുടങ്ങിയവർക്കൊപ്പമുള്ള അനുഭവങ്ങളും അദ്ദേഹം ഓർത്തെടുത്തു. കെ.എം.ഡി. നമ്പ്യാരുമായുള്ള കത്തെഴുത്തിനെക്കുറിച്ചുള്ള പരാമർശം മുഖ്യമന്ത്രിയുടെ കണ്ണുകളെ ഈറനണിയിച്ചു.

ചടങ്ങിനോടനുബന്ധിച്ചു നടന്ന വിദ്യാഭ്യാസ സെമിനാർ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രസിഡന്റ് കെ.എ. ജോസ് അധ്യക്ഷനായി. ഫാ. വർഗീസ് പുതുശേരി, ഡോ. കെ.പി. രജനി, ധന്യ എസ്. പണിക്കർ എന്നിവർ പങ്കെടുത്തു. ഏലൂർ ബിജുവിന്റെ സോപാന സംഗീതമുണ്ടായിരുന്നു. പൂർവ വിദ്യാർഥി സംഘടനാ സെക്രട്ടറി ടി.കെ ശശിധരൻ, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, മന്ത്രിമാരായ റോജി എം. ജോൺ, എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൽ ഗഫൂർ, കണ്ണൂർ രൂപതാ മെത്രാൻ അലക്സ് വടക്കുംതല, ഹൈബി ഈഡൻ എം.പി., ദീപക് ജോയ് എം.എൽ.എ, മുൻമന്ത്രി കെ. ബാബു, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഫ്സൽ നമ്പ്യാരത്ത്, കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് റസീന സലാം, രാഷ്ട്രധർമ പരിഷത്ത് പ്രസിഡന്റ് പി. കുട്ടികൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം സോന ജയരാജ്, കുമ്പളം പഞ്ചായത്ത് അംഗങ്ങളായ എൻ.കെ അരുൺ, എം.ഡി. ബോസ് തുടങ്ങിയവർ പ്രസംഗിച്ചു.

പൂർവ വിദ്യാർഥി സംഘടനയിലെ വിവിധ ബാച്ചുകൾ, കുമ്പളം പഞ്ചായത്ത്, വിവിധ സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവ മുഖ്യമന്ത്രിയെ ആദരിച്ചു.