മലത്തില് നിങ്ങളുടെ ജാതകം ഒളിഞ്ഞിരിപ്പുണ്ടെന്ന് കോപ്രോളജി പറയുന്നു. സൂക്ഷ്മജീവികള്ക്ക് നശിപ്പിക്കാനാവാതെ, ചില പ്രത്യേക സാഹചര്യത്തില് സംരക്ഷിക്കപ്പെട്ട മലാവശിഷ്ടങ്ങളേ ഫോസില് രൂപത്തില് ലഭ്യമാകൂ.

ഒ.വി.വിജയൻ 'ധർമപുരാണം' എന്ന നോവലിൽ 'പ്രജാപതിക്ക് തൂറാൻ മുട്ടി' എന്നെഴുതിയപ്പോൾ അതുവായിച്ച് മുഖം ചുളിച്ചവരുണ്ട്. സമകാലിക രാഷ്ട്രീയ-സാമൂഹികാവസ്ഥകളോടുള്ള കനത്ത ആക്ഷേപഹാസ്യമാണ് വിജയന്റെ ആ നോവൽ. അതിന് പറ്റിയ പശ്ചാത്തലമൊരുക്കാനായിരുന്നു അത്തരമൊരു പ്രയോഗം. അതുപോലും സഹിക്കാനാവാത്തവർ ഈ തലക്കെട്ടുകാണുമ്പോൾത്തന്നെ മുഖം ചുളിച്ച് മൂക്കുപൊത്തുമെന്ന് ഉറപ്പ്. മനുഷ്യന് പരിണാമപരമായിത്തന്നെ കിട്ടിയതാണ് മലത്തോടുള്ള അവജ്ഞയും വെറുപ്പും. അത് ആരോഗ്യകരമായ ജീവിതത്തിന് അത്യാവശ്യമാണ് താനും. എന്നാൽ, മലം ഇങ്ങനെ അറപ്പുണ്ടാക്കുന്ന വസ്തു മാത്രമല്ല. വിശാലമായ പഠനങ്ങൾതന്നെ അതിനെക്കുറിച്ച് നടക്കുന്നുണ്ടെന്നു പറഞ്ഞാൽ പലരും ചിരിക്കും. അങ്ങനെ ചിരിക്കാൻ വരട്ടെ, കോപ്രോളജി(Coprology) എന്നാൽ മലത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ പഠനശാഖയാണ്.
മലത്തിൽ നിങ്ങളുടെ ജാതകം ഒളിഞ്ഞിരിപ്പുണ്ടെന്ന് കോപ്രോളജി പറയുന്നു. സൂക്ഷ്മജീവികൾക്ക് നശിപ്പിക്കാനാവാതെ, ചില പ്രത്യേക സാഹചര്യത്തിൽ സംരക്ഷിക്കപ്പെട്ട മലാവശിഷ്ടങ്ങളേ ഫോസിൽ രൂപത്തിൽ ലഭ്യമാകൂ. അവയിലാണ് പഠനം നടത്തുക. ഗ്രീക്ക് ഭാഷയിൽ Kopros എന്നാൽ മലമാണ്. Logia എന്നാൽ പഠനവും. വൈദ്യശാസ്ത്രം, ജീവശാസ്ത്രം, പുരാവസ്തുപഠനം എന്നീ മേഖലകളിലെല്ലാം കോപ്രോളജിക്ക് വലിയ പ്രാധാന്യമുണ്ട്. കോപ്പിലുവാക് (Kopi Luwak) എന്ന വിലയേറിയ കോഫി നുണഞ്ഞിരിക്കുന്നവർ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ നിങ്ങൾ നുണയുന്നത് ഒരു ജീവിയുടെ വിസർജ്ജ്യമാണെന്ന്? മരപ്പട്ടി തിന്ന കാപ്പിക്കുരു പൂർണമായി ദഹിക്കാതെ അതിന്റെ മലത്തിലൂടെ പുറത്തുവരുമ്പോൾ അതെടുത്താണ് ഈ കാപ്പിപ്പൊടി ഉണ്ടാക്കുന്നത്. തിമിംഗിലത്തിന്റെ മലത്തോടൊപ്പം പുറത്തുവരുന്ന മെഴുകുപോലുള്ള വസ്തുവായ ആംബർഗ്രീസാണ് ലോകത്തിലെ ഏറ്റവും വലിയ പണക്കാർ ഉപയോഗിക്കുന്ന, ഏറ്റവും വിലയേറിയ സുഗന്ധദ്രവ്യങ്ങളിലെ പ്രധാന അസംസ്‌കൃത വസ്തു. അങ്ങനെ 'മലംപുരാണം' പറയാൻ തുടങ്ങിയാൽ തീരില്ല.
തുറക്കാം രഹസ്യങ്ങളുടെ താഴുകൾ
ഒളിച്ചുവെക്കപ്പെട്ട പല ചരിത്ര-പുരാവസ്തു രഹസ്യങ്ങളും തുറക്കാൻ നമ്മെ സഹായിച്ചിട്ടുള്ള ഒന്നാണ് ഈ മലം ഗവേഷണം. മനുഷ്യനെ സംബന്ധിച്ചിടത്തോളം ഉദരസംബന്ധമായ അസുഖങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമെന്നതാണ് മലം പരിശോധനയുടെ ഗുണമെങ്കിൽ ചരിത്രത്തിലും പുരാവസ്തു ഗവേഷണത്തിലും അതിന് മറ്റു ചില ദൗത്യങ്ങൾ കൂടിയുണ്ട്. മനുഷ്യരുടെയായാലും മൃഗങ്ങളുടെയായാലും ഫോസിൽ പഠനത്തിൽ നിന്ന് അവയുടെ ശരീരഘടനയെക്കുറിച്ചുള്ള അറിവു മാത്രമേ ലഭിക്കൂ.
എന്നാൽ, മലം പഠിച്ചാൽ അവയുടെ ജീവിതരീതിയെക്കുറിച്ചുള്ള വിശദമായ ചിത്രം ലഭിക്കും. അത്തരം പഠനശാഖയാണ് പാലിയോ കോപ്രോളജി (Paleocoprology). ലക്ഷക്കണക്കിന് വർഷം മുൻപ് ജീവിച്ച മനുഷ്യരുടേയും മൃഗങ്ങളുടേയും ദിനോസറുകളുടേയുമൊക്കെ മലത്തിൽ ഇത്തരം പഠനം നടന്നിട്ടുണ്ട്. അവയുടെ മലം ചിലപ്പോൾ ഫോസിലീകരിക്കപ്പെട്ട് കല്ലുപോലെയായിട്ടുണ്ടാവും. അത്തരം മലത്തെയാണ് കോപ്രോലൈറ്റുകൾ എന്നു വിളിക്കുന്നത്. പുരാതന മലത്തെക്കുറിച്ചു പഠിക്കുന്നവരെ പാലിയോസ്‌കറ്റോളജിസ്റ്റ് എന്നാണ് വിളിക്കുക.
ദിനോസറുകൾ പുല്ലും തിന്നും എല്ലും തിന്നും
കോടിക്കണക്കിന് വർഷം മുൻപ് ജീവിച്ചിരുന്ന ദിനോസറുകൾ എന്തെല്ലാമായിരിക്കും തിന്നിരിക്കുക. അതറിയാൻ ഒരൊറ്റ വഴിയേയുള്ളൂ, അവയുടെ മലം (കോപ്രോലൈറ്റ്) പരിശോധിക്കുക. അങ്ങനെ പരിശോധിച്ചതിൽനിന്ന് ലഭിച്ച വിവരങ്ങൾ കൗതുകകരമാണ്. ദിനോസറുകളിൽ പുല്ലു തിന്നുന്നവയുണ്ടായിരുന്നു. ജീവികളെ എല്ലോടെ ചവച്ചരച്ച് തിന്നുന്നവയും. അതായത്, സസ്യഭുക്കുകളും മാംസഭുക്കുകളും മിശ്രഭുക്കുകളും അവക്കിടയിൽ ഉണ്ടായിരുന്നുവെന്നർത്ഥം.
അതുമാത്രമല്ല, നമ്മുടെ വലിയൊരു തെറ്റിദ്ധാരണയെയും ഈ ദിനോസർകാഷ്ഠം തിരുത്തിയിട്ടുണ്ട്. ദിനോസറുകളുടെ കാലത്ത് ഭൂമിയിൽ പുല്ലുവർഗ്ഗങ്ങൾ ഉണ്ടായിരുന്നില്ല എന്നായിരുന്നു നമ്മുടെ നിഗമനം. എന്നാൽ, ഇന്ത്യയിൽനിന്ന് ലഭിച്ച ചില ദിനോസറുകളുടെ മലത്തിൽനിന്നാണ് ഈ ധാരണ പൊളിക്കാനായത്. അവയുടെ മലത്തിൽ പുല്ലുകളിൽ കാണുന്ന സിലിക്കൻ ഘടനകൾ കണ്ടെത്തുകയായിരുന്നു. സസ്യങ്ങൾ മാത്രം കഴിക്കുന്നവയുടെ മലത്തിൽനിന്ന് ഇലകൾ, മരത്തോലുകൾ, വിത്തുകൾ, കൂണുകൾ എന്നിവയുടെയെല്ലാം അവശിഷ്ടങ്ങൾ ലഭിച്ചു. അവയുടെ ഭക്ഷണരീതി അങ്ങനെയാണ് നമ്മൾ മനസ്സിലാക്കിയത്.
മാംസഭുക്കുകളായ ചില ദിനോസറുകളുടെ മലത്തിൽനിന്ന് എല്ല്, പല്ല്, നഖങ്ങൾ, തൂവലുകൾ എന്നിവയുടെയെല്ലാം അവശിഷ്ടങ്ങൾ കണ്ടെത്തി. ഇരകളെ അപ്പാടെ വിഴുങ്ങുന്നവയായിരുന്നു അവർ എന്നാണ് അതിനർത്ഥം. ചില ദിനോസറുകൾ ജീവികളെ അപ്പാടെ ചവച്ചരച്ചു തിന്നുന്നവയായിരുന്നു. അതിന്റെ അവശിഷ്ടങ്ങളും വിസർജ്യത്തിലുണ്ടായിരുന്നു. അത്രത്തോളം ശക്തമായ താടിയെല്ലുകൾ അവക്കുണ്ടായിരുന്നു എന്നാണ് നമുക്കു മനസ്സിലായത്. ചിലവയുടെ വിസർജ്യത്തിൽ വിരകൾ, പരാദങ്ങൾ, പുഴുക്കളുടെ മുട്ടകൾ എന്നിവയുമുണ്ടായിരുന്നു. വിരശല്യമടക്കമുള്ള ഉദരരോഗങ്ങൾകൊണ്ട് ദുരിതമനുഭവിച്ചവരായിരുന്നു ആ ദിനോസറുകൾ എന്നാണ് അതിനർത്ഥം.
ആ മഞ്ഞുമനുഷ്യൻ എന്താണ് തിന്നത്?
1991-ൽ ആൽപ്‌സ് പർവതനിരകളിൽനിന്ന് ഒരു മഞ്ഞുമനുഷ്യന്റെ മഞ്ഞിലുറഞ്ഞ മൃതദേഹം കണ്ടെത്തി. ആ മനുഷ്യന് ശാസ്ത്രലോകം നൽകിയ പേരാണ് ഓട്‌സി(Otzi). ഓട്‌സിയുടെ പഴക്കം 5,300 വർഷമായിരുന്നു, അതായത്, ഇന്നത്തെ മതങ്ങളും ദൈവങ്ങളുമൊന്നും ഇല്ലാത്ത കാലം. വിശദമായ പുരാവസ്തു-ഡി.എൻ.എ പരിശോധനയിലൂടെ അയാളെപ്പറ്റി ഒരുപാട് വിവരങ്ങൾ ലഭിച്ചു. ഓട്‌സിക്ക് അന്ന് പ്രായം ഏകദേശം 45 വയസ്സ്. ഒരു ചെമ്പുകോടാലി കൈയിലുണ്ടായിരുന്നു. ആടുമാടുകളുടെ തോലുകൊണ്ടുള്ള വസ്ത്രവും തുകലുകൊണ്ടുള്ള പാദരക്ഷയും ധരിച്ചിരുന്നു. ശരീരത്തിൽ പച്ചകുത്തിയിരുന്നു. ലോകത്ത് ഏറ്റവും പഴക്കമേറിയ പച്ചകുത്ത് ഓട്‌സിയുടെ ദേഹത്താണ് കണ്ടത്. ഇടതുതോളിൽ അമ്പേറ്റ് രക്തധമനി പൊട്ടിയാണ് ഓട്‌സി മരിച്ചത്. ചുരുക്കത്തിൽ ഓട്‌സിയുടേത് ഒരു കൊലപാതകമായിരുന്നു !
ഇത്രയും കാര്യങ്ങൾ ഓട്‌സിയുടെ ശരീര പരിശോധനയിൽനിന്ന് കിട്ടിയതാണെങ്കിൽ മല പരിശോധനയിൽനിന്ന് കിട്ടിയ വിവരങ്ങൾ അതിലും വ്യത്യസ്തമാണ്. മരിക്കുന്നതിന് മണിക്കൂറുകൾക്കു മുമ്പ് ഓട്‌സി നല്ല കൊഴുപ്പുള്ള കാട്ടാടിന്റെയും ചുവന്ന മാനിന്റെയും ഇറച്ചി കഴിച്ചിരുന്നു. കൂടെ ഗോതമ്പ്, ചില സസ്യാവശിഷ്ടങ്ങൾ എന്നിവയും തിന്നു. മാത്രമല്ല, അദ്ദേഹത്തിന്റെ മലത്തിൽ ഹെലികോബാക്ടർ പൈലോറി എന്ന ബാക്ടീരിയയുടെ സാന്നിധ്യമുണ്ടായിരുന്നു, വയറ്റിൽ അൾസറുണ്ടായിരുന്നു എന്നർത്ഥം. ഗ്യാസിന്റെ അസുഖവും ഉണ്ടായിരുന്നിരിക്കണം.
വിപ്പ് വേം ഇനത്തിൽപെട്ട വിരകളുടെ ശല്യം കാരണം കടുത്ത ഉദരപ്രശ്‌നങ്ങൾ ഉണ്ടായിരിക്കാനിടയുണ്ടെന്ന് കുടൽ പരിശോധിച്ചപ്പോൾ മനസ്സിലായി. കൂടെ 'Prevptella copri ' എന്ന ബാക്ടീരിയയുടെ സാന്നിധ്യം അദ്ദേഹത്തിന്റെ മികച്ച പ്രതിരോധശേഷിയെക്കൂടി വെളിപ്പെടുത്തുന്നതായിരുന്നു. അങ്ങനെ മലം കൂടി പരിശോധിച്ചാണ് ഓട്‌സിയുടെ വ്യക്തമായ ജീവിതചിത്രം ഗവേഷകർ വരച്ചെടുത്തത്. 5,300 വർഷം മുൻപ് മരിച്ചു മഞ്ഞടിഞ്ഞ മനുഷ്യന്റെ ജാതകമാണ് മലത്തിൽനിന്ന് ശാസ്ത്രജ്ഞർ വായിച്ചെടുത്തതെന്ന് ഓർക്കണം. ഇന്നും കുറ്റാന്വേഷണരംഗത്ത് മലം പരിശോധിച്ച് പല കാര്യങ്ങളും മനസ്സിലാക്കുന്നുണ്ട്.
കോടികൾ വിലയുള്ള 'അമൂല്യനിധി'
ലോയ്ഡ് ബാങ്ക് കോപ്രോലൈറ്റ് (Lloyds Bank Coprplite) എന്നൊക്കെ കേട്ടാൽ എന്തോ വലിയ ബാങ്കിങ് ഇടപാടാണെന്നു തോന്നും. എന്നാൽ, ഏറ്റവും 'അമൂല്യം' ആയി കരുതപ്പെടുന്ന മനുഷ്യമലം ആണ് ഇത്. 1,100 കൊല്ലത്തോളം പഴക്കമുള്ള ഈ മലം എ.ഡി. 866-ലേതാണെന്നാണ് മനസ്സിലായത്. 1972-ൽ ഇംഗ്ലണ്ടിലെ യോർക്ക് നഗരത്തിൽ ലോയ്ഡ് ബാങ്കിന്റെ ശാഖക്കായി മണ്ണു നീക്കിയപ്പോഴാണ് ഇതുകിട്ടിയത്. പ്രത്യേകതരം കളിമണ്ണായതുകൊണ്ട് വായുസമ്പർക്കമില്ലാതെ ഇത് സംരക്ഷിക്കപ്പെടുകയായിരുന്നു. ഇതിന്റെ വലിപ്പമറിഞ്ഞാൽ ഞെട്ടും, 20 സെന്റി മീറ്റർ നീളവും അഞ്ചു സെന്റി മീറ്റർ വണ്ണവും! അമ്പമ്പോ... അപ്പോൾ ആ മനുഷ്യൻ ആരായിരിക്കും..? എന്തായിരിക്കും അയാൾ കഴിച്ചിരിക്കുക..?
ഇനിയാണ് പുരാവസ്തു ഗവേഷകരുടെ രംഗപ്രവേശം. അവർ ആ 'അമൂല്യനിധി' യിൽ കാര്യമായിത്തന്നെ പണിയെടുത്തു. ഇന്നുവരെ കണ്ടെത്തിയതിൽവെച്ച് ഏറ്റവും വലിയ മനുഷ്യമലമായിരുന്നു അത്. ലബോറട്ടറിയിലെത്തിച്ച് പഠനം തുടങ്ങിയപ്പോൾ പല കാര്യങ്ങളും പുറത്തുവന്നു. വലിയ അളവിൽ മാംസവും തവിടുള്ള ഗോതമ്പും കഴിച്ചാണ് ആ മനുഷ്യൻ ഇത് കഷ്ടപ്പെട്ട് ഉത്പാദിപ്പിച്ചത്. എന്നാൽ, ആ മലത്തിൽ ലക്ഷക്കണക്കിന് പരാദങ്ങളുടെ മുട്ടകളുണ്ടായിരുന്നു. വൃത്തിയൊന്നും നോക്കാതെ കിട്ടിയതെല്ലാം വാരിവലിച്ചു തിന്നു കാണണം. അതു കാരണം കടുത്ത വയറുവേദനയും വിരശല്യവും അതിന്റെ ഉടമക്കുണ്ടായിരിക്കാമെന്ന് ശാസ്ത്രജ്ഞർക്ക് മനസ്സിലായി.
വിപ്പ് വേം, മൗവിങ് വേം തുടങ്ങിയ വിരകളാണ് കൂടുതലും ഉണ്ടായിരുന്നത്. ഒട്ടും ശുചിയായ ഭക്ഷണസംസ്‌കാരമല്ല അക്കാലത്തുണ്ടായിരുന്നതെന്ന് ബോധ്യപ്പെട്ടു. 1991-ൽ പാലിയോസ്‌കറ്റോളജിസ്റ്റായ ഡോ. ആൻഡ്രൂ ജോൺസ് ഇതിന് വില കണക്കാക്കി, 32 ലക്ഷത്തിലധികം ഇന്ത്യൻ രൂപ. ഇന്ന് അതിലുമെത്രയോ ഇരട്ടിയായിക്കാണും.! ഇപ്പോഴും ഇംഗ്ലണ്ടിൽ യോർക്കിലെ ജോർവിക് വൈക്കിങ് സെന്ററിൽ ഈ മലം പ്രത്യേക സ്റ്റാൻഡിൽ പ്രദർശിപ്പിക്കുന്നുണ്ട്.
മരുന്നാണ് മനുഷ്യമലം!!
പറഞ്ഞു പറഞ്ഞ് അതിരുവിടുന്നു എന്ന് കരുതുന്നുണ്ടാവും. ഇതിൽ ഇത്തിരിപോലും അതിശയോക്തിയില്ല. മനുഷ്യമലം രോഗചികിത്സക്കായി ഉപയോഗിക്കുന്നുണ്ട്. അതിന്റെ പേരാണ് എഫ്.എം.ടി (Fecal Microbiota Transplantation). ദഹനപ്രക്രിയയിൽ തകരാറു കാരണം ഗുരുതരമായ പ്രശ്‌നമുള്ള രോഗികളുടെ കുടലിൽ ആരോഗ്യവാൻമാരുടെ മലത്തിലെ നല്ല ബാക്ടീരിയകളെ നിക്ഷേപിച്ച് രോഗശാന്തി സാധ്യമാക്കുന്ന ചികിത്സയാണിത്. കോടാനുകോടി സൂക്ഷ്മാണുക്കളായ ബാക്ടീരിയകളും ഫംഗസുകളും( Gut Microbs) കോളനിയുണ്ടാക്കി കുടുംബസമേതം പാർക്കുന്ന ഇടമാണ് മനുഷ്യന്റെ കുടൽ. ഇതു കാരണമാണ് നാം കഴിക്കുന്ന ഭക്ഷണമെല്ലാം ക്ഷണനേരംകൊണ്ട് ദഹിക്കുന്നത്. പ്രത്യേക അണുബാധ, അമിതമായ ആന്റിബയോട്ടിക് ഉപയോഗം തുടങ്ങിയവ കാരണം ഈ ബാക്ടീരിയാ കോളനി കൂട്ടത്തോടെ നശിച്ചുപോകും. ഒപ്പം അപകടകാരികളായ ബാക്ടീരിയകൾ പെരുകുകയും ചെയ്യും. അതോടെ കടുത്ത ദഹനപ്രശ്‌നവും മറ്റു ബുദ്ധിമുട്ടുകളുമുണ്ടാവും.
ആന്റി ബയോട്ടിക്കുകൾപോലും വേണ്ടത്ര ഗുണം ചെയ്യില്ല. ആ സാഹചര്യത്തിലാണ് എഫ്.എം.ടി ചികിത്സ ഫലപ്രദമാവുന്നത്. ആരോഗ്യമുള്ള വ്യക്തിയുടെ മലത്തിൽ നിന്നെടുക്കുന്ന ഉപകാരികളായ ബാക്ടീരിയകളുടെ കൂട്ടത്തെ ദ്രാവകത്തോടൊപ്പം രോഗിയുടെ കുടലിൽ നിക്ഷേപിക്കുകയാണ് ചെയ്യുക. കൊളോണോസ്‌കോപി, എനിമ, കാപ്‌സ്യൂൾ എന്നിവ വഴിയാണിത് ചെയ്യുക. കേൾക്കുമ്പോൾ അറപ്പും വെറുപ്പും തോന്നുമെങ്കിലും നിലവിൽ ഏറ്റവും ഫലപ്രദമായ ചികിത്സയാണിത്. ഇന്ന് കടുത്ത വയറിളക്കമടക്കമുള്ള പ്രശ്‌നങ്ങൾക്ക് ഈ ചികിത്സ ഉപയോഗിക്കുന്നുണ്ട്. അൾസറേറ്റീവ് കൊളൈറ്റിസ്, ഇറിറ്റബിൾ ബവൽ സിൻഡ്രോം,മെറ്റബോളിക് സിൻഡ്രോം തുടങ്ങിയ രോഗങ്ങൾക്കും ഈ ചികിത്സ ഫലപ്രദമാണോ എന്ന ഗവേഷണങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്.
നാം അറപ്പോടെയും വെറുപ്പോടെയും കാണുന്ന മലം അത്ര മോശക്കാരനല്ലെന്ന് മനസ്സിലായില്ലേ. കൂടുതൽ പഠിക്കുമ്പോഴാണ് നമ്മൾ പലതും കൂടുതൽ മനസ്സിലാക്കുക. അറിവുകളെല്ലാം നമുക്ക് പ്രിയതരമാവണമെന്നില്ല. എന്നുകരുതി അത് അറിവുകളല്ലാതാവുന്നുമില്ല. ലോകത്ത് എന്തെങ്കിലും പ്രയോജനമില്ലാത്ത ഒരു വസ്തുവുമില്ലെന്ന് ഇത്തരംപഠനങ്ങൾ നമുക്ക് മനസ്സിലാക്കിത്തരുന്നു.
''കൊള്ളാൻ, വല്ലതുമൊന്നുകൊടുക്കാ-
നില്ലാതില്ലൊരു മുൾച്ചെടിയും''- എന്ന് കവി പറഞ്ഞത് എത്ര സത്യം.
Published: 06 Jul 2026, 12:30 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented