
സ്വർണത്തിന് സുഗന്ധംപോലെ എന്ന ഒരു ചൊല്ലുണ്ടല്ലോ... ഇരട്ടിമൂല്യത്തെ സൂചിപ്പിക്കുന്ന ഒരു ഉപമയാണത്. ലോകത്തിലെ ഏറ്റവും സുന്ദരമെന്ന് പറയാവുന്ന, തുരുമ്പുപിടിക്കാത്ത ലോഹം. ഏറ്റവുമധികം മനുഷ്യനെ കൊതിപ്പിച്ച ലോഹം. നമ്മുടെ ഭാഷയിലും സാഹിത്യത്തിലും സംസ്‌കാരത്തിലുമെല്ലാം സ്വർണം സൗന്ദര്യത്തിന്റേയും കാന്തിയുടേയും പ്രൗഢിയുടേയും അധികാരത്തിന്റേയുമൊക്കെ അടയാളമായി. സ്വർണവർണവും സ്വർണമുഖിയും സുവർണഹാസവും സുവർണസിംഹാസനവും സ്വർണലിപിയുമെല്ലാം സൗന്ദര്യത്തിന്റേയും ഔന്നത്യത്തിന്റേയുമെല്ലാം പര്യായമായി. അതുമാത്രമോ, ലോകത്തിന്റെ സാമ്പത്തികക്രമം നിർണയിക്കുന്ന രണ്ട് വസ്തുക്കളിലൊന്നാണ് ഇപ്പോൾ സ്വർണം, മറ്റേത് പെട്രോളാണ്. രണ്ടും പ്രകൃതിയുടെ ഉത്പന്നങ്ങളാണെങ്കിലും രണ്ടും തമ്മിൽ ഒരു പ്രധാന വ്യത്യാസമുണ്ട്, പെട്രോൾ ഭൂമിയിൽ ഉണ്ടായതാണെങ്കിൽ നമ്മൾ കുഴിച്ചെടുക്കുന്ന സ്വർണം അങ്ങനെയല്ല..!
അപ്പോൾ സ്വർണം എവിടത്തുകാരനാണ്..? സംശയിക്കണ്ടാ, 'വിദേശി' യാണ്. ഏതോ ന്യൂട്രോൺ നക്ഷത്രങ്ങളുടെ കൂട്ടിയിടിയിൽ നിന്നോ സൂപ്പർനോവാ സ്ഫോടനങ്ങളിൽ നിന്നോ ഉണ്ടായതാണ് ഇന്ന് ഭൂമിയുടെ ഉപരിതലത്തിലുള്ള സ്വർണമെന്നാണ് ശാസ്ത്രം കണ്ടെത്തിയിട്ടുള്ളത്.
നമുക്ക് കിട്ടില്ല, ഭൂമിയുടെ സ്വർണം?
450 കോടി വർഷം മുൻപ്, ഭൂമിയുടെ ഉത്ഭവസമയത്ത് ചുട്ടുപഴുത്ത ഈ ഗോളത്തിലും സ്വർണമടക്കമുള്ള എല്ലാ ലോഹങ്ങളുമുണ്ടായിരുന്നു. എന്നാൽ തിളച്ചുമറിയുന്ന ഈ ലാവാസമുദ്രത്തിൽ സ്വർണമടക്കമുള്ള ഭാരമേറിയ ലോഹങ്ങളെല്ലാം താഴേക്ക് ഊർന്നുപോയി. ഇപ്പോൾ ഭൂമിയുടെ അകക്കാമ്പിൽ ഉരുകിയിളകുന്ന ലോഹങ്ങളിൽ വലിയപങ്കും സ്വർണമായിരിക്കും. എന്തുരസമായിരിക്കും ആ കാഴ്ച. അതിന്റെ ആയിരത്തിൽ ഒരംശം മതി, ഭൂമിയിലുള്ളവരുടെ മുഴുവൻ സ്വർണദാഹം തീരാൻ. പക്ഷേ അങ്ങനെ കൊതിക്കാനേ കഴിയൂ, ഒരുതരത്തിലും പ്രായോഗികമല്ല. ഭൂമിക്കാണെങ്കിൽ ഇനി സ്വർണം നിർമിക്കാനും കഴിയില്ല. അതിന് അതിഭീമമായ ഊർജ്ജം വേണം. പുറംകാമ്പ് തണുത്തുപോയ ഭൂമിക്ക് ഇനി അതിനുള്ള ശേഷിയില്ല. ഇന്നത്തെ സാങ്കേതികവിദ്യ ഉപയോഗിച്ചുപോലും ലാബിൽ കൃത്രിമമായി സ്വർണമുണ്ടാക്കാൻ കഴിയാത്തത് ഈ ഊർജ്ജപ്രതിസന്ധികൊണ്ടാണ്.
സ്വർണം ഭൂമിയിലെത്തിയ വഴി...
ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് നാം കുഴിച്ചെടുക്കുന്ന സ്വർണം എങ്ങനെ വന്നു എന്ന് നോക്കാം. ഭീമൻനക്ഷത്രങ്ങൾക്ക് പ്രായമായിക്കഴിഞ്ഞാൽ അവയുടെ അന്ത്യം അതിശക്തമായ പൊട്ടിത്തെറിയോടെയാണ്. അതാണ് സൂപ്പർനോവ സ്ഫോടനങ്ങൾ (Supernova Explosions). ആ പൊട്ടിത്തെറിയിൽ അതിഭീമമായ ചൂടും ഊർജ്ജവുമാണ് പുറത്തേക്ക് വമിക്കുക. ആ താപത്തിൽ നക്ഷത്രങ്ങളിലെ ലഘുമൂലകങ്ങൾ കൂടിച്ചേർന്ന് സ്വർണം,യുറേനിയം,ഇരുമ്പ്, വെള്ളി, പ്ലാറ്റിനം,മെർക്കുറി,ചെമ്പ് തുടങ്ങി ഒട്ടേറേ ഘനലോഹങ്ങളാവുകയും(ന്യൂക്ലിയോസിന്തെസിസ്) അത് പുറത്തേക്ക് തെറിക്കുകയും ചെയ്യും. സൂര്യനേക്കാൾ പതിൻമടങ്ങ് വലിപ്പമുള്ള ന്യൂട്രോൺ നക്ഷത്രങ്ങളുടെ കൂട്ടിയിടിയിലും ഇതേ അവസ്ഥയുണ്ടാവും. ഇങ്ങനെയൊക്കെയുണ്ടാവുന്ന സ്വർണ, വെള്ളി പൊടിപടലങ്ങൾ ബഹിരാകാശത്ത് കറങ്ങിനടക്കും. പ്രപഞ്ചത്തിലെ പൊടിപടലങ്ങൾ എന്നാൽ കൂറ്റൻ മലകളുടേയും മറ്റും വലിപ്പമുള്ള പാറകളാണ്. ഇതിൽ പലതും ഉൽക്കകളായി പലകാലങ്ങളിലായി ഭൂമിയിൽ വന്നിടിക്കുകയും ഭൂമിയിലേക്ക് വീഴുകയും ചെയ്തിട്ടുണ്ട്. 400 കോടിവർഷം മുൻപ് ഇത്തരം ഉൽക്കകളുടെ മഴതന്നെയുണ്ടായിരുന്നു ഭൂമിയിൽ എന്ന് പറയുന്നു. ഈ ഉൽക്കകളിൽ നിന്നാണ് ഭൂമിയുടെ പുറംതോടിൽ ഇത്രയധികം സ്വർണം വന്നത്. ചുരുക്കിപ്പറഞ്ഞാൽ, ഇന്ന് നമ്മളണിയുന്ന ഓരോ തരി സ്വർണവും ഏതൊക്കെയോ നക്ഷത്രങ്ങളിൽ നിന്ന് പുറത്തേക്ക് തെറിച്ചതാണ്. അങ്ങനെയെങ്കിൽ അൽപം അഭിമാനത്തോടെത്തന്നെ ഇനി സ്വർണമണിയാം, കാരണം നമ്മളണിയുന്നത് നക്ഷത്രക്കഷ്ണങ്ങളാണ്. കുറച്ചുകൂടി ശാസ്ത്രീയമായി പറഞ്ഞാൽ നമ്മൾ തന്നെ നക്ഷത്രങ്ങളുടെ ബാക്കിയാണ്.
സ്വർണത്തെക്കുറിച്ചുള്ള ഈ അത്ഭുതകരമായ അറിവുകൾ നമുക്കു തന്നത് ഫ്രെഡ് ഹോയിൽ, മാർഗരറ്റ് ബർബിഡ്ജ്, ജഫ്രി ബർബിഡ്ജ്, വില്യം ഹൗളർ എന്നീ ശാസ്ത്രജ്ഞരാണ്. 1957 ഇവർ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് സ്വർണം പോലുള്ള മൂലകങ്ങൾ സൂപ്പർനോവ സ്ഫോടനങ്ങളിലൂടെയാണ് ഉണ്ടാവുന്നത് എന്നു വിശദീകരിച്ചത്. 2013 ൽ ഹാർവാർഡ് സ്മിത്സോണിയൻ സെന്ററിലെ പ്രൊഫസറായ എഡോ ബെർഗറും സംഘവും ന്യൂട്രോൺ നക്ഷത്രങ്ങളുടെ കൂട്ടിയിടിയിൽ നിന്നും സ്വർണം പോലുള്ള മൂലകങ്ങളുണ്ടാവും എന്ന് തെളിയിച്ചു. 2013 ൽ നടന്ന ഒരു ഗാമാ റേ വിസ്ഫോടനം നിരീക്ഷിച്ച അവർ കണ്ടെത്തിയത് ആ സ്ഫോടനത്തിൽ നിന്ന് മാത്രം നമ്മുടെ ചന്ദ്രന്റെ അത്രയും ഭാരമുള്ള സ്വർണം രൂപപ്പെട്ടിട്ടുണ്ടെന്നാണ്. പിന്നീടും ലോകത്തെമ്പാടുമുള്ള ശാസ്ത്രജ്ഞർ ന്യൂട്രോൺനക്ഷത്രങ്ങളുടെ കൂട്ടിയിടി നിരീക്ഷിച്ച് ഈ കണ്ടെത്തൽ ശരിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ബഹിരാകാശത്തുണ്ട് ഇനിയും സ്വർണം...
ഇങ്ങനെയൊക്കെയാണെങ്കിൽ, അന്തരീക്ഷത്തിൽ പറന്നുനടക്കുന്ന ഉൽക്കകളിൽ ഇനിയും സ്വർണമുണ്ടാവില്ലേ ? തീർച്ചയായും ഉണ്ടാവും. ഉൽക്കകളിൽ മാത്രമല്ല, മറ്റു ഗ്രഹങ്ങളിലും കാണും ഭൂമിയിലേതുപോലെ സ്വർണവും വെള്ളിയും പ്ലാറ്റിനവുമെല്ലാം. എന്നാൽ വലിയ ഗ്രഹങ്ങളിൽ നിന്ന് ഇതെല്ലാം ഖനനം ചെയ്തെടുക്കുക പ്രായോഗികമല്ല. അവിടുത്തെ ഉയർന്ന ഗുരുത്വാകർഷണം മറികടന്ന് അത് ഭൂമിയിലേക്ക് എത്തിക്കുക നിലവിൽ അസാധ്യമാണ്. അതേസമയം ഗുരുത്വാകർഷണം കുറഞ്ഞ ഉൽക്കകളിൽ നിന്ന് ഇത്തരംലോഹങ്ങൾ ശേഖരിക്കാനുള്ള ഗവേഷണങ്ങൾ ഇന്ന് നടക്കുന്നുണ്ട്. ചൊവ്വക്കും വ്യാഴത്തിനും ഇടയിലുള്ള ''സൈക്കി 16'' എന്ന ഛിന്നഗ്രഹത്തിൽ വൻതോതിൽ ഇത്തരം അമൂല്യ ലോഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നാസ ഇതിനെക്കുറിച്ചുപഠിക്കാൻ ' സൈക്കി' എന്ന പേരിലുള്ള ഒരു പേടകത്തെ 2023 ൽ അയക്കുകയും ചെയ്തു. 2029 ൽ അത് ആ ഛിന്നഗ്രഹത്തിന് സമീപത്തെത്തുമെന്നാണ് കരുതുന്നത്. അതുകഴിഞ്ഞാൽ സൈക്കി 16 നമുക്ക് കൈയും കഴുത്തും നിറയെ സ്വർണം തരുമോ എന്നറിയാം. പക്ഷേ ഇതിലൊരു പ്രശ്നവുമുണ്ട്, സ്വർണംപോലുള്ള ലോഹങ്ങൾക്ക് മൂല്യമുണ്ടാവുന്നത് അത് അപൂർവമാവുന്നതുകൊണ്ടുകൂടിയാണ്. എല്ലാവർക്കും ഇഷ്ടംപോലെ സ്വർണം കിട്ടിയാൽ പിന്നെ സ്വർണത്തിനെന്താണ് വില..?
മനുഷ്യന്റെ സ്വർണപ്രേമം
സ്വർണത്തിന്റെ ഏറ്റവും വലിയ ഒരു ഗുണം, അത് കണ്ടെത്താൻ എളുപ്പമാണെന്നതാണ്. മറ്റു ലോഹങ്ങളെപ്പോലെ കൂടിക്കലർന്ന് അയിര്(Ore) രൂപത്തിലല്ല സ്വർണം ഉണ്ടാവുക. പലയിടത്തും സ്വർണപ്പാറയായിട്ടും മൺതരിയായിട്ടുമൊക്കെയാണ്. ഇങ്ങനെയുള്ള സ്വർണം നദികളിലൂടെയും പുഴകളിലൂടെയും തരികളായി ഒലിച്ചുവന്ന് തീരത്തടിയുമ്പോൾ അത് എളുപ്പത്തിൽ കണ്ടെത്താനാവും. അങ്ങനെയാണ് മനുഷ്യർ ആദ്യമായി സ്വർണം ശേഖരിച്ചത്. ഈ രീതി ഇപ്പോഴും നിലവിലുണ്ട്.
മനുഷ്യന്റെ സ്വർണത്തോടുള്ള അഭിനിവേശത്തിന് ഏഴായിരം വർഷമെങ്കിലും പഴക്കമുണ്ടെന്നാണ് ചരിത്രം. നാം ഏറ്റവുമാദ്യം ഉപയോഗിച്ച ലോഹങ്ങളിലൊന്നാണത്. മനുഷ്യൻ സ്വർണാഭരണമുപയോഗിച്ചതിന്റെ ഏറ്റവും പഴക്കമേറിയ തെളിവ് നമുക്കുലഭിച്ചത് ബൾഗേറിയയിലെ 'വർണനെക്രോപോളിസ്' എന്ന പുരാതന ശ്മശാനത്തിൽ നിന്നാണ്. അവിടെനിന്ന് കണ്ടെത്തിയ അയ്യായിരത്തിൽപരം സ്വർണവസ്തുക്കൾ റേഡിയോ കാർബൺ റേറ്റിങ് വഴി പരിശോധിച്ചപ്പോൾ മനസ്സിലായത് ബി.സി.ഇ. 4600 ലേതാണെന്നാണ്. അതായത് 6500 ഓളം വർഷം പഴക്കം. ബി.സി.ഇ. മൂവായിരം കാലഘട്ടങ്ങളിലെ ഈജിപ്ഷ്യൻ ഫറവോമാരുടെ ശവകുടീരങ്ങളിൽ നിന്നും ടൺകണക്കിന് സ്വർണാഭരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 2500 ബി.സി.ഇ.യിലെ സിന്ധൂനദീതട സംസ്‌കാര കേന്ദ്രങ്ങളായ ഹാരപ്പ,മൊഹൻജൊദാരോ എന്നിവിടങ്ങളിൽ നിന്നും ഇതുപോലെ സ്വർണാഭരണങ്ങൾ കണ്ടെത്തി. ഇതെല്ലാം നമ്മോടുപറയുന്നത്, ഈ മഞ്ഞലോഹത്തോടുള്ള മനുഷ്യന്റെ കൊതി ആദിമമായ ഒരു കൊതിതന്നെയാണ് എന്നാണ്. അപ്പോൾപ്പിന്നെ സ്വർണമോഹത്തിന്റെ പേരിൽ സ്ത്രീകളെ കുറ്റംപറഞ്ഞിട്ട് എന്തുകാര്യം, ഇതൊക്കെ ആയിരക്കണക്കിന് വർഷമായി നമ്മുടെ കൂടെയുള്ള മോഹങ്ങളല്ലേ...?
Content Highlights: Gold originated from cosmic events like supernova explosions and neutron star collisions., Earth's initial gold sank to the core during its formation; surface gold arrived via ancient meteorite bombardments., Scientific consensus established by Fred Hoyle and confirmed by 2013 neutron star observations., NASA's Psyche mission is currently exploring asteroids for potential future resource extraction., Humanity has prized gold for over 7,000 years, dating back to the Varna Necropolis.
Published: 15 Jul 2026, 12:49 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented