'ചുവപ്പുകണ്ട കാളയെപ്പോലെ' എന്ന പ്രയോഗം കേൾക്കാത്തവരുണ്ടാവില്ല. പെട്ടെന്ന് എന്തെങ്കിലും പ്രകോപനമുണ്ടായി പ്രതികരിക്കുന്നവരെ ഉപമിക്കാനാണ് ഈ പ്രയോഗം ഉപയോഗിക്കാറ്. എന്നാൽ ഈ പറയുന്നത് വലിയൊരു മണ്ടത്തരമാണെന്ന് അവർ ചിന്തിക്കാറില്ല. ചുവപ്പുകാണാനുള്ള കഴിവ് പാവം കാളക്ക് ഇല്ല എന്നതാണ് സത്യം. അപ്പോൾ കാളപ്പോരിലും മറ്റും ചുവപ്പുതുണി വീശുന്നതെന്തിനാവും. അതൊരു ചോരക്കളിയായതുകൊണ്ടും ചോരയായാൽ പെട്ടെന്ന് തിരിച്ചറിയില്ലെന്നതുകൊണ്ടും തന്നെ. ചുവപ്പു കണ്ടിട്ടല്ല, തുണിയുടെ ചലനം കണ്ടിട്ടാണ് കാളകൾ പ്രകോപിതരാവുന്നത്.

To advertise here,

കാളകളും പശുക്കളുമെല്ലാം ദ്വിവർണ ദൃഷ്ടി (dichromats)യുള്ളവരാണ്. നിറങ്ങൾ തിരിച്ചറിയുന്ന കോൺ കോശങ്ങൾ രണ്ടെണ്ണമേ അവക്കുള്ളൂ. മനുഷ്യന് ഇത് മൂന്നെണ്ണമുണ്ട്. അതുകൊണ്ട് ചുവപ്പും പച്ചയും തമ്മിലുള്ള വ്യത്യാസമൊന്നും അവയ്ക്ക്‌ തിരിച്ചറിയില്ല. ചുവപ്പിനെ ഒരു ചാരനിറമായി മാത്രമേ കാണാൻ കഴിയൂ.
ഇങ്ങനെ ഏറെ വൈചിത്ര്യങ്ങൾ ഉള്ളതാണ് കാഴ്ചയുടെ ലോകം. ഓരോ ജീവികളും ഈലോകത്തെ കാണുന്നത് ഓരോ വർണത്തിലാണെന്നതുതന്നെ ഒരു കൗതുകകരമായ അറിവാണ്. അത്തരത്തിലുള്ള ചില വേറിട്ട കാഴ്ചകളുടെ കഥകൾ പറയാം.

അഞ്ചുകണ്ണൻമാർ, തേനീച്ചകൾ

ശിവന്റെ മൂന്നാംകണ്ണ് വിശ്വാസികളെ സംബന്ധിച്ചിടത്തോളം വലിയ സംഭവമാണ്. അതൊരു ദിവ്യദൃഷ്ടിയാണത്രെ, അങ്ങനെയാണെങ്കിൽ അഞ്ചുകണ്ണുള്ളവർ എത്രവലിയ സംഭവമായിരിക്കും. തേനീച്ചകളുടെ കാര്യമാണ്, രണ്ടോ മൂന്നോ അല്ല അഞ്ചുകണ്ണുകളുണ്ട് ഇവക്ക്.
രണ്ട് പ്രധാന കണ്ണുകൾ (Compound eyes) രണ്ടുവശങ്ങളിലും ഉള്ളതിന് പുറമേ മൂന്ന് ലളിത നേത്രങ്ങൾ (Ocellie) തലയുടെ മുകളിൽ ത്രികോണാകൃതിയിൽ ഉണ്ട്. പ്രധാന കണ്ണുകളിൽ വലിയ രണ്ടു ലെൻസുകളുള്ളപ്പോൾ ലളിതനേത്രങ്ങളിൽ ആയിരക്കണക്കിന് കുഞ്ഞുലെൻസുകൾ (Ommatidia) ഉണ്ട്. ആൺ തേനീച്ചയിൽ പതിനായിരം ഒമാറ്റിഡിയകൾ വരെകാണാം. ഓരോന്നും കാഴ്ചയുടെ ചെറുദൃശ്യം നൽകും. ഇവയെയെല്ലാം സംയോജിപ്പിച്ചാണ് തേനീച്ച കാണുന്നത്.

ഇങ്ങനെയൊക്കെയാണെങ്കിലും ചുവപ്പുനിറം തിരിച്ചറിയാനുള്ള കോൺ കോശങ്ങൾ തേനീച്ചക്കില്ല. അതിനു പകരം അൾട്രാവയലറ്റ് പ്രകാശം കാണാൻ കഴിയും, പിന്നെ നീലയും പച്ചയും. 300 ഡിഗ്രിയോളം കാഴ്ചാപരിധിയുണ്ട്. സൂര്യന്റെ സ്ഥാനം കണ്ടെത്താനുള്ള കഴിവുള്ളതിനാൽ എത്ര ദൂരെ പോയാലും സ്വന്തം കൂട്ടിലേക്ക് തിരിച്ചെത്താനാവും. മനുഷ്യന് പൂവിന്റെ സൗന്ദര്യമാണ് കാണേണ്ടതെങ്കിൽ തേനീച്ചക്കറിയേണ്ടത് അതിനുള്ളിലെ തേനിന്റെ സാന്നിധ്യമാണ്. അപ്പോൾ അതിനനുസരിച്ച് പരിണമിച്ചതാണ് തേനീച്ചയുടെ കണ്ണ്.

മാന്റിസ് ഷ്രിംപിന്റെ മായാലോകം

കടലിൽ മറ്റൊരു ജീവികൾക്കും കാണാനാവാത്ത വർണപ്രപഞ്ചത്തിലാണ് മാന്റിസ് ഷ്രിംപ് (Mantis Shrimp)ന്റെ ജീവിതം. കാഴ്ചക്ക് ഒരു ചെമ്മീനിനെപ്പോലെയിരിക്കുമെങ്കിലും ചെമ്മീനുമായി ഒരു ബന്ധവുമില്ല. ജീവിലോകത്ത് അത്ഭുതകരമായ കാഴ്ചാശേഷിയുള്ളവരാണിവർ. മനുഷ്യന്റെ കണ്ണുകളിലെ കോൺകോശങ്ങളിൽ നിറങ്ങൾ തിരിച്ചറിയാൻ മൂന്ന് വർണസ്വീകരിണികളാണ് (Photoreceptors) ഉള്ളത്. അതുവെച്ചാണ് നമ്മൾ ഈ ലോകത്ത് ഇത്രയധികം നിറങ്ങൾ കണ്ട് ആസ്വദിക്കുന്നത്. എന്നാൽ, ഈ മാന്റിസ് ഷ്രിംപുകളുടെ കണ്ണുകൾക്ക് 12 മുതൽ 16 വരെ വർണസ്വീകരിണികളുണ്ട്. അപ്പോൾ അവരുടെ വർണലോകം എന്തായിരിക്കും എന്ന് ചിന്തിച്ചുനോക്കൂ. മറ്റൊരു ജീവിക്കും കാണാനാവാത്ത നിറങ്ങൾ അവർ കാണുന്നു.

അൾട്രാവയലറ്റ് രശ്മികൾ ഇവക്ക് വ്യക്തമായി കാണാം. ചിലതിന് ഇൻഫ്രാറെഡ് രശ്മികളും തിരിച്ചറിയാം. പ്രകാശ തരംഗങ്ങളുടെ പ്രത്യേക അവസ്ഥയായ, വൃത്താകൃതിയിൽ ധ്രുവീകരിക്കപ്പെടൽ (Circular polarized light) തിരിച്ചറിയാൻ കഴിയുന്ന ഭൂമിയിലെത്തന്നെ ഏക ജീവി മാന്റിസ് ഷ്രിംപാണ്. ഈ ശേഷികളൊക്കെ ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനും ഇണയെ ആകർഷിക്കാനും ഇരതേടാനുമെല്ലാം അവയെ സഹായിക്കും. മാത്രമല്ല, അവയുടെ ശരീരത്തിൽ നിന്ന് പുറപ്പെടുന്ന പോളറൈസ്ഡ് ലൈറ്റ് മറ്റുജീവികൾക്ക് കാണാൻ കഴിയില്ല. അത് പരസ്പര ആശയവിനിമയം എളുപ്പമാക്കും.

ആകെ രണ്ടുകണ്ണുകളേ ഉള്ളൂ എങ്കിലും ഓരോ കണ്ണും മൂന്നു ഭാഗങ്ങളായി വേർതിരിച്ചിട്ടുണ്ട്. ഒരേസമയം മൂന്നു വ്യത്യസ്ത ദിശകളിലേക്ക് കാണാം. ഒരു കണ്ണുതന്നെ മൂന്നു കണ്ണുകളുടെ ഗുണം ചെയ്യുമെന്ന് സാരം. തലക്കു മുകളിലായി സ്ഥിതിചെയ്യുന്ന രണ്ടുകണ്ണുകൾക്കും എല്ലാ ദിശയിലേക്കും സ്വതന്ത്രമായി തിരിയാനും കഴിയും. ഒരു റഡാറിനുപോലുമില്ലാത്ത ദൃശ്യഗ്രാഹക ശേഷിയാണ് ഇവയ്ക്കുള്ളതെന്ന്‌  മനസ്സിലാക്കണം. ഇവയുടെ കണ്ണിന്റെ ഘടനയെക്കുറിച്ച് ഇന്ന് പഠിക്കുന്നത് കാൻസർ കോശങ്ങളെ നേരത്തേ കണ്ടെത്താൻ കഴിയുന്ന അത്യാധുനിക കാമറകൾ വികസിപ്പിക്കാൻകൂടി ലക്ഷ്യമിട്ടാണ്.

കഴുകൻ കണ്ണുകൾ

ഭാഷയിൽ പലപ്പോഴും ദുരർത്ഥത്തോടെയുള്ള നോട്ടത്തേയും കാഴ്ചയേയും സൂചിപ്പിക്കാനുപയോഗിക്കുന്ന പ്രയോഗമാണ് കഴുകൻ കണ്ണുകൾ എന്നത്. എന്നാൽ കഴുകൻകണ്ണുകളെക്കുറിച്ചു പഠിച്ചാൽ അതൊട്ടും മോശമായതിനെ സൂചിപ്പിക്കാൻ ഉപയോഗിക്കേണ്ടതല്ല എന്നു മനസ്സിലാവും. മാത്രമല്ല, ഏറ്റവും സൂക്ഷ്മമായ നിരീക്ഷണത്തെ സൂചിപ്പിക്കാൻ ഉചിതമാണ് താനും. എന്താണ് കഴുകന്റെ കണ്ണുകളുടെ പ്രത്യേകതയെന്ന് നോക്കാം.

ഏറ്റവും ഉയരത്തിൽ കൂടുവെക്കുകയും ഏറ്റവും ഉയരത്തിൽ പറക്കുകയും ചെയ്യുന്ന പക്ഷിയാണ് കഴുകൻ. അപ്പോൾ എങ്ങനെയാണ് അത് താഴെയുള്ള ജീവികളെ വേട്ടയാടുന്നത്. അവിടെയാണ് കഴുകന്റെ കാഴ്ച വേറിട്ടതാവുന്നത്. കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് താഴെ പുൽമേടുകളിലുള്ള ജീവികളേയും അവയുടെ ചലനങ്ങളേയും അതിന് വ്യക്തമായി കാണാം. കണ്ണിൽ പ്രകാശത്തോട് പ്രതികരിക്കുന്ന കോൺ കോശങ്ങൾ അത്രയധികമുണ്ട് കഴുകന്റെ കണ്ണുകളിൽ. മനുഷ്യക്കണ്ണിന്റെ റെറ്റിനയിൽ ഒരു മില്ലീമീറ്റർ ചതുരശ്രസ്ഥലത്ത് രണ്ടുലക്ഷം കോൺകോശങ്ങളുണ്ടെങ്കിൽ കഴുകന്റെ കണ്ണിൽ അത് പത്തുലക്ഷം വരെയാണ്. മനുഷ്യനേക്കാൾ എട്ടിരട്ടിയെങ്കിലും കാഴ്ചശക്തി ഇവക്കുണ്ടെന്നർത്ഥം.

അതുമാത്രമല്ല, വസ്തുക്കളെ കൃത്യമായി ഫോക്കസ് ചെയ്യാനുള്ള കേന്ദ്രഭാഗമായ ഫോവിയ (Fovea) മനുഷ്യന് ഒന്നേയുള്ളൂ എങ്കിൽ കഴുകന്റെ കണ്ണുകളിൽ അത് രണ്ടെണ്ണം വീതമാണ്. ഒന്ന് ദൂരെയുള്ളതിനെ സൂം ചെയ്ത് കാണാൻ സഹായിക്കുമ്പോൾ മറ്റേത് വശങ്ങളിലുള്ളവയെ നിരീക്ഷിക്കാൻ സഹായിക്കും. കണ്ണുകൾ രണ്ടും വശങ്ങളിലായതുകൊണ്ട് ഒരു 340 ഡിഗ്രി വരെ വിശാലമായ കാഴ്ചയുണ്ടാവും. ശരീരത്തെ അപേക്ഷിച്ച് വലിപ്പം കൂടിയ കണ്ണുകളായതിനാൽ കൂടുതൽ വെളിച്ചത്തെ അകത്തേക്ക് കടത്താൻ കഴിയും. ഇതും വ്യക്തമായ കാഴ്ച നൽകും. അതിനും പുറമേ അൾട്രാവയലറ്റ് രശ്മികളെ കാണാനുള്ള ശേഷിയും കഴുകന്റെ കണ്ണുകൾക്കുണ്ട്. ഇതുപയോഗിച്ചാണ് പ്രധാനമായും ഇരകളുടെ സാന്നിധ്യമറിയുന്നത്. അതിന് ഇരകളുടെ മൂത്രവും കാഷ്ഠവുമാണ് സഹായിക്കുക. അൾട്രാവയലറ്റ് വെളിച്ചത്തിൽ ചെറുജീവികളുടെ കാഷ്ഠവും മൂത്രവുമൊക്കെ ചെറുതായി തിളങ്ങും. അതുനോക്കി മൂപ്പർ സ്ഥാനം കണ്ടെത്തുകയും ചെയ്യും.

കണ്ണില്ലെങ്കിലും കാണും കുഴിമണ്ഡലികൾ

സത്യത്തിൽസാധാരണ പാമ്പുകളുടെ കാഴ്ചശേഷി സത്യത്തിൽ പരിതാപകരമാണ്. തൊട്ടടുത്തുള്ള വസ്തുക്കളെ മാത്രമേ അവയ്ക്ക്‌  വ്യക്തമായി കാണാൻ കഴിയൂ. ബാക്കിയൊക്കെ ചലനങ്ങൾകൊണ്ടറിയണം. എന്നാൽ കുഴിമണ്ഡലി(Pit viper) എന്ന അണലിവർഗ്ഗത്തിൽ പെട്ട വിദ്വാൻ ഇതിൽ വ്യത്യസ്തനാണ്. രണ്ടുകണ്ണുകൾക്ക് പുറമേ മറ്റൊരു കാഴ്ചസ്വീകരിണികൂടി ഇവക്കുണ്ട്. കണ്ണിനും മൂക്കിനുമിടയിൽ ഓരോ ദ്വാരങ്ങൾ (pit) . ഈ പിറ്റ് ഓർഗൻസ് യഥാർത്ഥത്തിൽ ഒരു തെർമൽ ക്യാമറപോലെയാണ്.

അന്തരീക്ഷത്തിലെ വളരെ ചെറിയ താപവ്യത്യാസങ്ങൾ പോലും ഇതുപയോഗിച്ച് തിരിച്ചറിയാൻ ഇവക്ക് കഴിയും. ഇരകളുടെ ശരീരത്തിൽ നിന്ന് പുറപ്പെടുന്ന ഇൻഫ്രാറെഡ് കിരണങ്ങൾ ഈ കുഴികളിലെ നേർത്ത സ്തരങ്ങളിൽ പതിക്കുമ്പോൾ അവിടെനിന്ന് സന്ദേശം ഉടൻ തലച്ചോറിലെത്തും. അങ്ങനെ കണ്ണുവഴിയുള്ള കാഴ്ചയും പിറ്റ് ഓർഗൻവഴിയുള്ള താപസന്ദേശവും തലച്ചോറിലെ ഒപ്റ്റിക് ടെക്ടം (Optic Tectum) എന്ന സ്ഥലത്ത് സന്ധിക്കും. അങ്ങനെ വളരെ വ്യത്യസ്തമായ ഒരു കാഴ്ചാനുഭവം കുഴിമണ്ഡലിക്കുണ്ടാവും. രാത്രി ഒരു തരിമ്പും വെളിച്ചമില്ലെങ്കിലും കണ്ണടച്ചുപിടിച്ചാൽ പോലും ജീവികളുടെ ശരീരത്തിലെ ഊഷ്മാവ് ഉപയോഗിച്ച് ഒരു തെർമൽ മാപ്പുണ്ടാക്കാൻ കുഴിമണ്ഡലിയുടെ തലച്ചോറിന് കഴിയും. മണ്ണിനടിയിലോ മരപ്പൊത്തിലോ ഒളിച്ചിരുന്നാൽപോലും ഇത് സാധ്യമാണ്. അവയുടെ താപഗ്രാഹികളിൽ ഉള്ള ടി.ആർ.പി.എ. ഒന്ന് (TRPA1) പ്രോട്ടീനുകളാണ് അവയെ ഇൻഫ്രാറെഡ് ര്ശ്മികളെ തിരിച്ചറിയാൻ സഹായിക്കുന്നത്.

തുമ്പികൾക്കുണ്ട് മൾട്ടിപ്ലക്‌സ് കണ്ണ്

ഒരു തുമ്പിയെ ശ്രദ്ധിച്ചുനോക്കൂ, അതിന്റെ തലയിലെ ഉയർന്നുനിൽക്കുന്ന രണ്ടു കണ്ണു കാണുന്നില്ലേ? എന്നാൽ അത് രണ്ടു കണ്ണുകളല്ല, മറിച്ച് മുപ്പതിനായിരം കണ്ണുകളാണ്. അന്തംവിടേണ്ട, ഒമാറ്റിഡിയകൾ എന്ന ലെൻസുകൾ ഓരോ കണ്ണിലും മുപ്പതിനായിരം എണ്ണം കാണും. അതുകൊണ്ടാണ് പ്രാണിലോകത്തെ ഏറ്റവും വലിയ 'കണ്ണൻ' മാരായി തുമ്പികൾ മാറിയത്. ഓരോ ലെൻസുകളും പിടിച്ചെടുക്കുന്ന ചിത്രങ്ങൾ തലച്ചോറിലെത്തി സമാഹരിച്ചാണ് തുമ്പി കാണുന്നത്. തലതിരിക്കാതെത്തന്നെ മുന്നിലും പിന്നിലും വശങ്ങളിലും കാണാൻ ഈ കണ്ണുകൾകൊണ്ട് കഴിയും. എന്നാൽ സ്വന്തം ശരീരത്തിന്റെ നേരേപിന്നിൽ അവക്ക് ഒരു ചെറിയ ബ്ലൈൻഡ് സ്‌പോട്ടുണ്ട്. അവിടെ അവക്ക് കാഴ്ചയെത്തില്ല.

ഇനി തുമ്പികളുടെ വർണലോകത്തെക്കുറിച്ച് പറഞ്ഞാലോ. മനുഷ്യന് മൂന്ന് വർണസ്വീകരിണികളാണുള്ളതെന്ന് നേരത്തേ പറഞ്ഞു. എന്നാൽ, തുമ്പികൾക്ക് 15 മുതൽ 30 വരെ വർണസ്വീകരിണികളുണ്ട്. നമ്മളേക്കാൾ കളർഫുൾ ലോകത്താണ് തുമ്പികളുള്ളതെന്നർത്ഥം. അതുമാത്രമല്ല മനുഷ്യരുമായു താരതമ്യം ചെയ്താൽ കാഴ്ചയുടെ വേഗത്തിലും വ്യത്യാസമുണ്ട്. നമ്മൾ ഒരു സെക്കൻഡിൽ 60 ഫ്രെയിമുകൾ കാണുന്നുണ്ടെങ്കിൽ തുമ്പികൾക്ക് 200 ൽ അധികം കാണാം. അതുകൊണ്ടുതന്നെ നമ്മുടെ ചലനങ്ങൾ അവക്ക് സ്ലോമോഷനായാണ് അനുഭവപ്പെടുക. അൾട്രാവയലറ്റ്, പോളറൈസ്ഡ് രശ്മികളെല്ലാം തിരിച്ചറിയാൻ ഇവക്ക് കഴിവുണ്ട്.

ഇതൊക്കെ ചെറിയ ഉദാഹരണങ്ങൾ മാത്രം. ഇനിയും വ്യത്യസ്ത കാഴ്ചശേഷിയുള്ള ജീവികൾ അനേകമുണ്ട്. ഇങ്ങനെയൊക്കെ നോക്കുമ്പോൾ മനുഷ്യന്റെ കാഴ്ചയും കാഴ്ചപ്പാടുമൊക്കെ എത്ര നിസ്സാരം എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. പരിമിതികളുടെ രണ്ട് ഗോളങ്ങളാണ് യഥാർത്ഥത്തിൽ നമ്മുടെ കണ്ണുകൾ. എന്നാൽ പരിണാമപരമായി നമുക്ക് ഇത്രയും കാഴ്ചയേ ആവശ്യമുള്ളൂ. അതിലപ്പുറമുണ്ടായാൽ ജീവിതം ദുരിതമയമാവും. സൂക്ഷ്മജീവികളേയും ബാക്ടീരിയ പോലുള്ളവയേയുമൊക്കെ കാണാൻ നമുക്ക് കഴിഞ്ഞാൽ ഭക്ഷണം കഴിക്കൽ പോലും എത്ര ദുസ്സഹമായിരിക്കും എന്ന് ചിന്തിച്ചു നോക്കൂ. കൈകളിൽപോലും കൃമികളെപ്പോലുള്ള ജീവികൾ നുരയുന്നത് കണ്ടുകൊണ്ട് എങ്ങനെ ഭക്ഷണം കഴിക്കും. അതുകൊണ്ട്, മനുഷ്യൻ എന്ന നിലയിൽ അതിജീവിക്കാൻ സഹായിക്കുന്ന മികച്ച കാഴ്ചാശേഷിയാണ് നമുക്കുലഭിച്ചതെന്ന സത്യം തിരിച്ചറിയുകയാണ് നമ്മൾ ചെയ്യേണ്ടത്.