ഭൂമിയിലെ ഏറ്റവും വലിയ സാഹസികത ഏതെന്ന് ചോദിച്ചാൽ 'അതിജീവനം' എന്നുതന്നെയാവും ഉത്തരം. അത് നാം സങ്കൽപിക്കുന്നതിനേക്കാൾ വലിയ വെല്ലുവിളിയാണ്. ഭീമാകാരൻമാരായ മാമത്തുകൾ മുതൽ ദിനോസറുകൾ വരെ ഈ വെല്ലുവിളിക്കു മുന്നിൽ പരാജയപ്പെട്ടതുകൊണ്ടാണ് ഈ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെട്ടത്. ജീവനും ജീവസന്ധാരണത്തിനും ഭീഷണിവരുന്ന സാഹചര്യങ്ങളെ മറികടക്കുന്ന ജീവിവർഗ്ഗങ്ങൾക്കുമാത്രമേ ഭൂമിയിൽ തുടർജീവിതം സാധ്യമാകൂ. അത് മനുഷ്യനും ബാധകമാണ്. അതുകൊണ്ടുതന്നെയാണ് അതിജീവനത്തിനുവേണ്ടിയുള്ള പോരാട്ടം പലപ്പോഴും രക്തരൂഷിതമാവുന്നതും. ഈ അതിജീവനത്തെ കൃത്യമായി വിശദീകരിക്കാൻ കഴിയുന്ന ശാസ്ത്രസിദ്ധാന്തമാണ് പരിണാമം. പ്രകൃതിയിൽ ഓരോ ജീവികളും ഈ അതിജീവനമത്സരത്തിൽ ആവേശത്തോടെ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. ജീവികളുടെ അതിജീവന തന്ത്രങ്ങളെക്കുറിച്ച് കുറേയൊക്കെ നമുക്കറിയാം. എന്നാൽ, നിന്നിടത്തുനിന്ന് അനങ്ങാനാവാത്ത, വലിയ പരിമിതി നേരിടുന്ന സസ്യങ്ങൾ പലതും അതിജീവനത്തിനായി വിചിത്രമായ പലതരം തന്ത്രങ്ങൾ പയറ്റുന്നുണ്ട്. അതിൽ പലതും നമുക്ക് ചിന്തിക്കാൻപോലുമാവാത്തതുമാണ്. നിന്ന നിൽപിൽ ഒരുപാട് ജീവികളെ അവർ നിയന്ത്രിച്ച് വരുതിയിലാക്കി സ്വന്തം കാര്യങ്ങൾ നേടുന്നുണ്ട്. അത്തരം ചില അതിജീവനരീതികളാവട്ടെ ഇനി.

To advertise here,

ഉറുമ്പുകളെ കാവൽക്കാരാക്കുന്ന മരങ്ങൾ

പരസ്പരം സഹായിച്ചുള്ള സഹവർത്തിത്വത്തിന്റെ ഏറ്റവും രസകരമായ ഉദാഹരണമാണ് ഉറുമ്പുകളെ കാവൽക്കാരാക്കുന്ന അക്കേഷ്യാമരങ്ങളുടേത്. മധ്യഅമേരിക്കയിലെ ബുൽഹോൺ അക്കേഷ്യ (Bulhorn) യും സ്യൂഡോമിർമെക്സ് (pseudomyrmex) എന്ന ഉറുമ്പുകളും തമ്മിൽ ഇത്തരത്തിലൊരു കൊള്ളക്കൊടുക്കലുണ്ട്. ഈ മരത്തിന്റെ മുള്ളുകളുടെ ഉള്ള് പൊള്ളയാണ്. ഉറുമ്പുകൾ ഈ മുള്ളുകൾക്കുള്ളിൽ താമസമാക്കും. ഒരു മരത്തിൽ ഇങ്ങനെ ആയിരക്കണക്കിന് ഉറുമ്പുകൾ താമസിക്കും. അക്കേഷ്യയുടെ ഇലകളുടെ തുമ്പത്തുള്ള ചെറു പോഷകഗോളങ്ങൾ ഉറുമ്പുകൾക്ക് ഭക്ഷണമാക്കാം. ഇവ കൊഴുപ്പും പ്രോട്ടീനും അടങ്ങിയതാണ്. ഇലയുടെ അടിഭാഗത്തുള്ള ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന മധുരരസവും ഇവർക്ക് നുകരാം. ഈ പാർപ്പിടവും സുഭിക്ഷമായ ഭക്ഷണവും മധുപാനീയവുമൊക്കെ നൽകുന്ന മരത്തിന് ഉറുമ്പുകൾ തിരിച്ചുനൽകുന്നത് സംരക്ഷണമാണ്. ഒരു പട്ടാളം പോലെ ഇവർ ആ മരത്തിന് സംരക്ഷണം നൽകും. അതിന്റെ ഇലകളിൽ ഏതെങ്കിലും ജീവികൾ തൊട്ടാൽ മതി,പട്ടാളം ഉടൻ വിന്യസിക്കപ്പെടും. പിന്നെ കൂട്ട ആക്രമണമായിരിക്കും. ചെറു കീടങ്ങളെ മുതൽ വലിയ ജിറാഫ് അടക്കമുള്ള ജീവികളെയും ഇവർ ആക്രമിച്ചോടിക്കും.

ഇതുമാത്രമല്ല, അക്കേഷ്യക്ക് ചുറ്റും വളരുന്ന കളകളേയും വള്ളികളേയും ഈ ഉറുമ്പുകൾ നശിപ്പിക്കുന്നുണ്ട്. യജമാനമരത്തിന് സമ്പൂർണ സംരക്ഷണം ഉറപ്പാക്കുകയാണ് ഈ പട്ടാളഉറുമ്പുകൾ ചെയ്യുന്നത്. ഇവർ തമ്മിലുള്ള സഹവർത്തിത്വത്തെക്കുറിച്ചു പഠിച്ച ഗവേഷകർ പരീക്ഷണടിസ്ഥാനത്തിൽ ചില മരങ്ങളിൽ നിന്ന് ഉറുമ്പുകളെ മുഴുവൻ നീക്കി. വിവിധതരത്തിലുള്ള കീടങ്ങളുടേയും കളകളുടേയും ആക്രമണം കൊണ്ട് മരങ്ങൾ നശിക്കുന്നതായിരുന്നു അതിന്റെ ഫലം. കോടിക്കണക്കിന് വർഷങ്ങളായുള്ള സഹപരിണാമത്തിലൂടെയാണ് (co-evolution) ഈ പരസ്പര സഹകരണ സംഘം രൂപപ്പെട്ടതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

ഓർക്കിഡുകളുടെ 'ഹണിട്രാപ്പ്'

പരാഗണത്തിനുവേണ്ടി പ്രാണികളെ ലൈംഗികമായി ആകർഷിച്ച് കുടുക്കുന്ന ചെടികളെക്കുറിച്ച് കേട്ടിട്ടുണ്ടോ? മനുഷ്യർക്കിടയിൽ മാത്രമല്ല ഇത്തരക്കാരുള്ളത്. ഹാമർ, ഡ്രക്കയ (drakaea) തുടങ്ങിയ ഓർക്കിഡ് ഇനങ്ങൾ ഇത്തരം കൗശലക്കാരാണ്. പലതരത്തിലാണ് ഈ കെണിയൊരുക്കുക. ചില ചെടികളുടെ പൂക്കൾ പുറത്തുവിടുന്ന രാസവസ്തുക്കൾ പ്രാണികളുടെ ഗന്ധം പുറപ്പെടുവിക്കും. അതിന് പെൺപ്രാണിയുടെ ലൈംഗിക ഫെറോമോണുകളുടെ മണമുണ്ടാവും. അത് തന്റെ ഇണയാണെന്നുകരുതി പ്രാണികളെത്തും. ചിലത് ജീവികളുടെ രൂപമാണ് അനുകരിക്കുക. പൂവിന്റെ ചില ഭാഗങ്ങളെ പെൺപ്രാണിയെപ്പോലെ രൂപമാറ്റം വരുത്തും. അതിലേക്ക് ആൺപ്രാണി ആസക്തിയോടെയെത്തുകയും ചെയ്യും. ഇങ്ങനെ വഞ്ചിച്ച് വരുത്തുന്ന കാമുകൻമാരുടെ ദേഹത്ത് തന്റെ പൂമ്പൊടി പറ്റിക്കും. അമളി തിരിച്ചറിഞ്ഞ് തിരിച്ച് മറ്റു പൂക്കളിലേക്ക് പോകുമ്പോൾ ഈ പൂമ്പൊടി അവിടെ വെച്ച് പരാഗണം നടക്കുകയും ചെയ്യും. ചില കൊതുകുകളേയും വണ്ടുകളേയുമെല്ലാം ഓർക്കിഡുകൾ ഇങ്ങനെ വഞ്ചിക്കാറുണ്ട്. അതിജീവനത്തിന്റെ കാര്യത്തിൽ സ്വന്തം കാര്യം സിന്ദാബാദ് എന്ന തത്വവും നടപ്പാവുന്നുണ്ടെന്നർത്ഥം.

'ഗുണ്ട'കളെ ഉപയോഗിച്ച് ശത്രുക്കളെ നേരിടുന്നവർ

അത്യന്തം കൗതുകകരവും ഒപ്പം ക്രൂരവുമായ ഒരു കൊട്ടേഷൻ പരിപാടിയാണിത്. നമുക്ക് ഏറെ പരിചയമുള്ള ചോളം, പുകയിലച്ചെടി, പരുത്തിച്ചെടി, ലിമാബിൻ തുടങ്ങിയവയെല്ലാം ഈ 'ഗുണ്ടാപ്പണി' ചെയ്യുന്നവരാണ്. ചോളച്ചെടിയിൽ പലപ്പോഴും പുഴുക്കളുടെ ആക്രമണമുണ്ടാവാറുണ്ട്. ഇലകൾ തിന്ന് നശിപ്പിക്കുകയാണ് ചെയ്യുക. അങ്ങനെ വന്നാൽ ചെടി ഉണങ്ങിപ്പോവും. അപ്പോഴാണ് ചെടി ഗുണ്ടകളെ വിളിക്കുക. പുഴു ഇലതിന്നാൻ തുടങ്ങിയാൽ അതിന്റെ ഉമിനീരിലെ രാസവസ്തുക്കൾ ചെടി തിരിച്ചറിയും. ഉടനെത്തന്നെ പ്രത്യേക ഗന്ധമുള്ള രാസവസ്തുക്കൾ (Volatile Organic Compounds) ചെടി പുറത്തുവിടും. ആ ഗന്ധം തിരിച്ചറിഞ്ഞ് ചില കടന്നലുകളെത്തും. അവരാണ് ഗുണ്ടകൾ. അവർ ഈ പുഴുക്കളുടെ ശരീരത്തിൽ മുട്ടയിടുകയും തിരിച്ചുപോവുകയും ചെയ്യും. ഇനിയാണ് കളി, കുറച്ചു ദിവസത്തിനുള്ളിൽത്തന്നെ ആ മുട്ടകൾ വിരിഞ്ഞ് ലാർവകളാവും. ലാർവകൾ ഈ പുഴുക്കളെ ജീവനോടെ തിന്നാൻ തുടങ്ങും. ഒന്നും ചെയ്യാനാവാത്ത കൂട്ട ആക്രമണത്തിൽ പുഴുക്കൾ നിലംപരിശാവുകയും കൂട്ടമരണം സംഭവിക്കുകയും ചെയ്യും.

പുകയിലച്ചെടിയും ഇതേ തന്ത്രമാണ് പയറ്റുന്നത്. മണ്ടുക സെക്സ്റ്റ (Manduca sexta) എന്ന പുകയിലപ്പുഴുവിന്റെ ആക്രമണമാണ് ഈ ചെടി കൂടുതലും നേരിടുന്നത്. ആക്രമണം തുടങ്ങിയാൽ ചെടി രാസവസ്തുക്കൾ അന്തരീക്ഷത്തിലേക്ക് വമിപ്പിക്കും. അതിന്റെ മണം അറിഞ്ഞ് ചില കീടങ്ങളെത്തുകയും അവ ഈ പുഴുക്കളെ തിന്നുകയും ചെയ്യും. പരുത്തിച്ചെടിയും ചെയ്യുന്നത് ഇതേ അതിജീവന സൂത്രമാണ്. നിശ്ചലരെങ്കിലും ചെടികളെ അങ്ങനെ വിലകുറച്ചുകാണേണ്ടെന്നാണ് ഇത്തരം തന്ത്രങ്ങൾ നമ്മോട് പറയുന്നത്.

അത്തിപ്പഴം, മണിയറയും മരണ അറയും

പ്രകൃതിയിലെ ഏറ്റവും സഹവർത്തിത്വപരമായ പ്രജനനമാണ് അത്തിപ്പഴത്തിൽ നടക്കുന്നത്. അത്തിപ്പഴവും അത്തിക്കടന്നലും (Fig wasp) തമ്മിലുള്ള 'വിശുദ്ധപ്രണയം'. അത്തിപ്പഴം എന്ന് നമ്മൾ പറയുമെങ്കിലും അത് ശരിക്കും പഴമല്ല, മറിച്ച് നൂറുകണക്കിന് പൂക്കൾ ഉള്ളിൽ വഹിക്കുന്ന ഒരു സൈക്കോണിയം (Syconium) ആണ്. ചില പ്രത്യേക അത്തിക്കടന്നലുകൾക്ക് പ്രജനനം നടക്കാൻ ആ പഴത്തിനുള്ളിലേക്ക് കടക്കണം. പെൺകടന്നൽ പഴത്തിന്റെ അടിഭാഗത്തുള്ള ചെറുദ്വാരമായ ഓസ്റ്റിയോൾ വഴി അകത്തുകയറും. ആ ഞെരുങ്ങിയുള്ള തിരുകിക്കയറ്റത്തിൽ അതിന്റെ ചിറകുകളും ചില ശരീരഭാഗങ്ങളുമെല്ലാം കേടാകും. പിന്നെ പുറത്തുവരാൻ കഴിയില്ല.

അതിന്റെ അടുത്ത ധർമം ആ പൂക്കളിൽ തന്റെ ദേഹത്തുള്ള പൂമ്പൊടിയെത്തിക്കുക എന്നതാണ്. ചില പൂക്കളിൽ മുട്ടയുമിടും. അങ്ങനെ ഒരു വെടിക്ക് രണ്ടുപക്ഷി എന്ന നിലയിൽ രണ്ടുകാര്യവും സാധിക്കും. ഒരുഭാഗത്ത് ലാർവകൾ വിരിയുമ്പോൾ മറുഭാഗത്ത് പരാഗണം നടക്കും. മുട്ടകൾ വിരിഞ്ഞ് ആൺ-പെൺ കടന്നലുകൾ ഉണ്ടായാൽ ആൺകടന്നലുകൾക്ക് ചിറകില്ലാത്തതിനാൽ പുറത്തുപോകാനാവില്ല. അത്തിപ്പഴത്തിന്റെ അറകളെ മണിയറകളാക്കി അവർ പെൺകടന്നലുകളുമായി ഇണചേരും. വൈകാതെ നിര്യാതരാവുകയും ചെയ്യും, സുരതാനന്തരമരണം! പെൺകടന്നലുകൾ ദേഹത്തൊട്ടിയ പൂമ്പൊടിയുമായി വീണ്ടും പുറത്തേക്ക് അടുത്ത പഴംതേടി പോകും.

നമ്മൾ കഴിക്കുന്ന അത്തിപ്പഴത്തിനുള്ളിൽ ഈ കടന്നലുകളെ കാണാത്തതിന് കാരണം അത്തിമരം 'ഫിസിൻ' പോലുള്ള എൻസൈമുകൾ ഉപയോഗിച്ച് അതിന്റെ ശരീരം ദ്രവിപ്പിക്കുന്നതിനാലാണ്. മാത്രമല്ല, ഇന്ന് നമുക്കു മാർക്കറ്റിൽ ലഭിക്കുന്ന അത്തിപ്പഴങ്ങളാണെങ്കിൽ ഈ അത്തിക്കടന്നലുകളുടെ സഹായത്തോടെ പരാഗണം നടത്തുന്നവയുമല്ല. എന്നാൽ പ്രകൃതിയിൽ ചില അത്തിമരങ്ങൾ ഈ അത്തിക്കടന്നലില്ലാതെ പ്രജനനം നടത്തില്ല. ഈ അത്തിക്കടന്നലുകൾക്ക് അത്തിമരമില്ലാതെ നിലനിൽപുമില്ല. ഈ ബന്ധത്തിന് കോടിക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. എത്ര മനോഹരമായ സ്നേഹബന്ധം അല്ലേ..?

വവ്വാലുകൾക്ക് വീടൊരുക്കുന്നവർ

വവ്വാലുകൾക്ക് താമസിക്കാൻ വീടുനൽകുകയും അവരുടെ കാഷ്ഠം വാടകയായി സ്വീകരിക്കുകയും ചെയ്യുന്ന ബാർട്ടർ സമ്പ്രദായം നടത്തുന്ന ചെടികളുണ്ട്. അതിൽപെട്ടതാണ് ബോർണിയോയിലെ മഴക്കാടുകളിൽ വളരുന്ന നെപന്തസ് ഹെംസ്ലിയാന (Nepenthes hemsleyaya). ഈ ചെടിയുടെ വലിയ ഇലകൾ ഒരു കുഴിയൻപാത്രത്തിന്റെ രൂപത്തിൽ കൂടുണ്ടാക്കും. അതിനുള്ളിൽ വവ്വാലുകൾക്ക് വിശാലമായി തലകീഴായി തൂങ്ങിക്കിടക്കാം. മുകൾഭാഗം തുറന്നതായതിനാൽ പുറംലോകവുമായുള്ള ഇടപെടലും നടക്കും. രാത്രി ഭക്ഷണം തേടി പുറത്തുപോവുന്ന വവ്വാലുകൾ പകൽ ഇതിനുള്ളിൽ വിശ്രമിക്കും. ഇങ്ങനെ താമസിക്കുന്ന സ്യൂട്ട് മുറിയിൽത്തന്നെ കാഷ്ഠിക്കുകയും ചെയ്യും. നമ്മുടെ ഒരു രാഷ്ട്രീയനേതാവു പറഞ്ഞതുപോലെ, കൂട്ടിൽ കാഷ്ഠിക്കുന്ന പണിതന്നെ. ഈ കാഷ്ഠത്തിന് ആ ഭൗമസാഹചര്യത്തിൽ പ്രാധാന്യമേറേയാണ്. നൈട്രജൻ കുറവുള്ള മഴക്കാടുകളിൽ വവ്വാലിന്റെ കാഷ്ഠം ആവശ്യത്തിന് നൈട്രജൻ നൽകും. ഈ ചെടിയുടെ നൈട്രജൻ സ്രോതസ്സുതന്നെ വവ്വാലുകളുടെ കാഷ്ഠമാണ്.

തീക്കളികളിച്ച് ജീവിക്കുന്നവർ

ഓസ്ട്രേലിയയിലെ ചില യൂക്കാലിപ്റ്റസ് മരങ്ങൾ തീപ്പിടിത്തത്തെ പ്രോത്സാഹിപ്പിക്കുന്നവയാണ്. ചെറിയ കാട്ടുതീയെങ്ങാനുമുണ്ടെങ്കിൽ ഇവയുടെ അരികിലൂടെ പോയാൽ അത് ആളിപ്പടർന്ന് വൻതീയാവും. കാരണം അതിന്റെ ഇലകളിൽ പ്രത്യേകതരം എണ്ണകളുണ്ട്. ഉണങ്ങിയ പുറംതൊലിയും തീപടരാൻ സഹായിക്കും. തീ അണഞ്ഞുകഴിയുന്നതോടെ പ്രധാന മരങ്ങളെല്ലാം നശിച്ചാലും യൂക്കാലികളുടെ കരിഞ്ഞ മരത്തിന്റെ തടിയിൽ നിന്ന് പുതിയ തളിരുണ്ടാവും. ചുറ്റുമുള്ളവയെ നശിപ്പിച്ച് സ്വന്തം ജീവിതം കരുപ്പിടിപ്പിക്കുന്ന സ്വാർത്ഥത. ചില യൂക്കാലിമരങ്ങളുടെ വിത്തുകൾ തീയുടെ ചൂടുതട്ടിയാൽ മാത്രം പിളരുന്നവയാണ്. അത് നിലത്തുവീഴുകയും തീയണഞ്ഞുകഴിഞ്ഞാൽ മുളയ്ക്കുകയും ചെയ്യും. മറ്റുമരങ്ങളുടെ തടസ്സമില്ലാതെ ധാരാളം സൂര്യപ്രകാശവും ചാരത്തിൽ നിന്നുള്ള വളവുമെല്ലാം സ്വന്തം ആവശ്യത്തിനായി പ്രയോജനപ്പെടുത്താനുള്ള പരിണാമപരമായ അനുകൂലനം ലഭിച്ച വൃക്ഷങ്ങളാണിവ. ബാങ്ക്സിയ,ഗ്രാസ് ട്രീ ,ഹകിയ തുടങ്ങിയ മരങ്ങൾക്കും ഇതേ സ്വഭാവമുണ്ട്. തീപ്പിടിത്തത്തിന് ശേഷമുള്ള സാഹചര്യം തങ്ങളുടെ വളർച്ചക്കായി ഉപയോഗിക്കാൻ പഠിച്ചതിനാൽ അതിജീവിക്കുന്ന മരങ്ങളാണിവ.

സമീപമുള്ള ചെടികളുടെ ഇലകളുടെ രൂപം അനുകരിക്കുന്ന ബോക്വില ട്രിഫോളിയോലാറ്റ പോലുള്ളവ, ഒരിക്കൽ മാത്രം പൂത്തുമരിക്കുന്നവ, പൊട്ടിത്തെറിച്ച് വിത്തുവിതരണം നടത്തുന്നവ, ചൂടുത്പാദിപ്പിക്കുന്ന പൂക്കളുള്ളവ, വേരുകളിൽ നിന്ന് പുതിയ ജൻമം നൽകുന്നവ തുടങ്ങി വൈവിധ്യവും വൈചിത്ര്യവുമായ അതിജീവന തന്ത്രങ്ങൾ പ്രകടിപ്പിക്കുന്ന സസ്യങ്ങളുടെ ലോകം നമ്മൾ സങ്കൽപിക്കുന്നതിനേക്കാൾ വലിയതാണ്.