
സ്ത്രീകളെ 14 സെക്കൻഡിൽ കൂടുതൽ തുറിച്ചുനോക്കുന്നതുപോലും കുറ്റകരമാണെന്ന മുൻ ഡി.ജി.പി. ഋഷിരാജ് സിങിന്റെ അഭിപ്രായം വലിയ ചർച്ചയായത് ഓർമയുണ്ടാവും. പുതിയ ബി.എൻ.എസ്. പ്രകാരവും ഇത് സ്ത്രീകളുടെ അന്തസ്സിന് കളങ്കംവരുത്തുന്ന പ്രവൃത്തിയാണ്, അതുകൊണ്ടുതന്നെ കുറ്റകരവും. അങ്ങനെയൊക്കെയാണെങ്കിലും അത്യാവശ്യം ആകാരവടിവുള്ളവരെ പുരുഷൻമാർ നോക്കിപ്പോവും. കാരണം, അത് പരിണാമപരമായ ഒരു ചോദനയാണ്. സിനിമകളിലും പരസ്യങ്ങളിലുമൊക്കെ സ്ത്രീകളുടെ ആകാരവടിവ് ഉപയോഗിക്കുന്നത് പുരുഷൻമാരുടെ ഈ ദൗർബല്യത്തെ ചൂഷണം ചെയ്യാനാണ്. സ്ത്രീകളുടെ ജഘനവും നിതംബവും തുടകളുമെല്ലാമാണ് ഈ തുറിച്ചുനോട്ടത്തിന് കൂടുതൽ ഇരയാവുന്നത്. പുരുഷനെ അപേക്ഷിച്ച് സ്ത്രീകൾക്ക് ഇതു രണ്ടും കൂടുതൽ കൊഴുപ്പുനിറഞ്ഞതും ഉരുണ്ടതുമായിരിക്കും. എന്നാൽ ലൈംഗികതയ്ക്കപ്പുറം ഈ ശാരീരികാവസ്ഥ ഒരു വലിയ ത്യാഗത്തിനുള്ള സ്ത്രീകളുടെ മുന്നൊരുക്കമാണെന്ന് അവർക്കുപോലും അറിയാനിടയില്ല. ആ ത്യാഗത്തിന്റെ കഥയറിഞ്ഞാൽ നമ്മുടെയുള്ളിലെ അശ്ലീലഭാവം ആരാധനാ ഭാവമാവാനും സാധ്യതയുണ്ട്.
കുഞ്ഞിന്റെ തലച്ചോറിന് അമ്മയുടെ കൊഴുപ്പ്...
മനുഷ്യന്റെ തലച്ചോറിൽ 15 ശതമാനത്തോളം കൊഴുപ്പാണ് എന്നറിയാമല്ലോ. വെള്ളംകൂടി ചേർത്താൽ അത് അമ്പത് ശതമാനത്തിലേറെ വരും. നാഡീകോശങ്ങളുടെ ഭിത്തിനിർമിക്കാനും മൈലിൻഷീറ്റുണ്ടാക്കി വൈദ്യുതിസിഗ്‌നലുകളുടെ പ്രവാഹം വേഗത്തിലാക്കാനും, ഓർമ,ചിന്ത,കാഴ്ച എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും നാഡീകോശങ്ങൾതമ്മിലുള്ള ആശയവിനിമയം വേഗത്തിലാക്കാനുമെല്ലാം തലച്ചോറിന് കൊഴുപ്പുവേണം. ഈ കൊഴുപ്പ് തലച്ചോർ ഉണ്ടാക്കുന്നത് മൂന്നു രീതിയിലാണ്. ഒന്ന് സ്വയം നിർമാണം. രക്തത്തിൽ കൊഴുപ്പുണ്ടെങ്കിലും അതിന് തലച്ചോറിലേക്ക് പ്രവേശനമില്ല. അതിനാൽ തലച്ചോർ സ്വയംതന്നെ പണിയെടുത്ത് കൊഴുപ്പുണ്ടാക്കണം. അടുത്ത പങ്കുലഭിക്കുന്നത് രണ്ടുഘട്ടമായി അമ്മയിൽ നിന്നാണ്. ഗർഭകാലത്ത് പ്ലാസന്റവഴിയും പ്രസവത്തിന് ശേഷം മുലപ്പാൽ വഴിയും.
ഇവിടെയാണ് സ്ത്രീകളുടെ നിതംബവും ജഘനവും തുടകളുമെല്ലാം തുടുത്തിരിക്കുന്നതിന്റെ രഹസ്യംകിടക്കുന്നത്. ഇവിടെയെല്ലാം അടിഞ്ഞുകൂടിയിരിക്കുന്ന ഗ്ലൂട്ടോഫെമോറൽ ഫാറ്റ് കാരണമാണ് ഈ രൂപം കൈവരുന്നത്. ഡോകോഹെക്സായിനോയിക് ആസിഡ്(ഡി.എച്ച്.എ) അടക്കമുള്ള ഒമേഗ 3 പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ ഒരു ശേഖരമാണ് ഈ കൊഴുപ്പ്. ശരീരത്തിന്റെ മറ്റിടങ്ങളിൽ സംഭരിക്കപ്പെടുന്ന കൊഴുപ്പുപോലെയല്ല ഇത്. മറ്റുകൊഴുപ്പുകളിൽ ഡി.എച്ച്.എ.യുടെ അളവ് വളരെ കുറവായിരിക്കും. എന്നാൽ ഈ ശരീരഭാഗങ്ങളിലെ കൊഴുപ്പ് ഡി.എച്ച്.എയുടെ അനർഘശേഖരമാണ്. ഗർഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വളർച്ചക്കുള്ള പ്രധാന ഇന്ധനമാണ് ഡി.എച്ച്.എ. കണ്ണിന്റെ റെറ്റിന ശരിക്കും രൂപപ്പെട്ടുവരാനും വികസിക്കാനും ഇത് അത്യന്താപേക്ഷിതമാണ്. ഗർഭകാലത്തും മുലയൂട്ടൽകാലത്തുമെല്ലാം സ്ത്രീയുടെ ശരീരം ഈ കൊഴുപ്പുശേഖരത്തിൽ നിന്ന് ഫാറ്റിആസിഡുകൾ പുറത്തുവിടും. അത് പ്ലാസന്റ വഴി കുഞ്ഞിന് കിട്ടും. ഇതുപയോഗിച്ചാണ് കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ച ത്വരിതമാകുന്നത്. കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയ്ക്കാവശ്യമായ ഡി.എച്ച്.എയുടെ 80 ശതമാനവും ലഭിക്കുന്നത് ഈ കൊഴുപ്പിൽ നിന്നാണ്.
എന്തുകൊണ്ട് മനുഷ്യസ്ത്രീകളിൽ മാത്രം...
അങ്ങനെയെങ്കിൽ മനുഷ്യരിൽ മാത്രം എന്തുകൊണ്ടാണിങ്ങനെ എന്ന ചോദ്യം വരാം. ഈ ഊർജ്ജസംഭരണ സംവിധാനം എന്തുകൊണ്ട് മനുഷ്യസ്ത്രീകൾക്ക് മാത്രം. അതിനും ശാസ്ത്രജ്ഞർക്ക് ഉത്തരമുണ്ട്. ഇത്രയും വലിയ തലച്ചോറുള്ള മറ്റൊരു ജീവി ഇല്ല എന്നതുകൊണ്ടുതന്നെ. എന്നിട്ടും മുതിർന്നയാളുടെ തലച്ചോറിന്റെ 10 മുതൽ 20 ശതമാനത്തോളം മാത്രമേ മനുഷ്യക്കുഞ്ഞിന്റെ തലച്ചോറിന് വലിപ്പമുള്ളൂ. എന്നാൽ കുഞ്ഞിന്റെ ഊർജ്ജത്തിന്റെ അമ്പത് ശതമാനത്തിലേറേ ആ തലച്ചോറാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് കുഞ്ഞുങ്ങൾക്ക് വലിയ അളവിലുള്ള കൊഴുപ്പും ഊർജ്ജവും ആവശ്യംവരുന്നത്. മാത്രമല്ല, പൂർണവളർച്ചയെത്താത്ത തലച്ചോറുമായാണ് മനുഷ്യക്കുഞ്ഞ് ജനിക്കുന്നത്. ചിമ്പാൻസിയുടെ കുഞ്ഞിന്റെ തലച്ചോറ് ജനിക്കുമ്പോൾ 40 ശതമാനം വരെ വളർച്ചയെത്തിയതാണ്. പശുവിന്റേത് 70 ശതമാനം വരെ കുഞ്ഞിലേ വളർന്നിട്ടുണ്ടാവും. എന്നാൽ മനുഷ്യക്കുഞ്ഞിന് ജനിച്ചശേഷവും വലിയൊരളവുവരെ തലച്ചോർ വളരേണ്ടതുണ്ട്. അതിനും അമ്മയുടെ മുലപ്പാലിലൂടെ ലഭിക്കുന്ന ഡി.എച്ച്.എ. തന്നെ വേണം. അമ്മയുടെ നിരന്തരപരിചരണവും വേണം. ഓരോ പ്രസവത്തിനും ശേഷം ഈ കൊഴുപ്പിന്റെ ശേഖരം കുറഞ്ഞുവരുമെന്നാണ് ഗവേഷകർപറയുന്നത്.
അമേരിക്കയിലെ പിറ്റ്സ്ബർഗ് സർവകലാശാലയിലെ എപ്പിഡെമിയോളജി പ്രൊഫസറായ ഡോ.വില്യം ലാസെക്, കാലിഫോർണിയ സർവകലാശാലയിലെ നരവംശശാസ്ത്രജ്ഞൻ ഡോ.സ്റ്റീവൻ ഗോലിൻ എന്നിവരാണ് സ്ത്രീകളുടെ ജഘനത്തിലേയും തുടകളിലേയും കൊഴുപ്പിന് കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയുമായി ബന്ധമുണ്ടെന്ന പഠനം നടത്തിയത്. കുഞ്ഞിനുവേണ്ടിയുള്ള 'കൊഴുപ്പുബാങ്ക്' ആണ് ഈ അവയവങ്ങൾ എന്നാണ് അവരുടെ അഭിപ്രായം. അമ്മമാർ മുലയൂട്ടുമ്പോൾ പോലും ഈ കൊഴുപ്പ് ഉരുകി ഡി.എച്ച്.എ മുലപ്പാൽ വഴി കുഞ്ഞിലേക്കെത്തുന്നുണ്ടെന്നാണ് അവരുടെ കണ്ടെത്തൽ. എന്നാൽ ഇതുകൊണ്ട്, ശരീരാവയവങ്ങൾ കൂടുതൽ വലിപ്പമുള്ളവരുടെ കുഞ്ഞുങ്ങൾക്ക് കൂടുതൽ ബുദ്ധിയും ഊർജ്ജവുമുണ്ടാവുമെന്ന് കരുതാൻ കഴിയില്ല. അത്തരത്തിലൊരു സൂചനയും പഠനങ്ങളിൽ നിന്ന് ലഭിച്ചിട്ടില്ല.
ആകർഷണം പരിണാമപരമോ...?
സ്ത്രീശരീരത്തിന്റെ ഈ ആകാരവടിവിനോടുള്ള പുരുഷന്റെ ആകർഷണത്തിന് പിന്നിൽ പരിണാമപരമായ എന്തെങ്കിലും ഉദ്ദേശ്യമുണ്ടോ? ചില പരിണാമശാസ്ത്രജ്ഞർ പറയുന്നത് ഉണ്ടെന്നാണ്. ബുദ്ധിശേഷിയും ഊർജ്ജവുമുള്ള അടുത്ത തലമുറയെ ഉത്പാദിപ്പിക്കാനുള്ള ശേഷിയെ സൂചിപ്പിക്കുന്നതാണ് ഈ ശരീരഘടന. അത്തരം ഇണകൾക്ക് മുൻഗണനനൽകുന്നതിന്റെ ഭാഗമായാണ് ഈ ശരീരഘടനയോടുള്ള പുരുഷന്റെ ആസക്തി എന്നാണ് അവരുടെ നിഗമനം. മനുഷ്യന്റെ മാനസിക-ശാരീരിക വ്യാപാരങ്ങളെ കൃത്യമായി നിർവചിക്കാൻ പരിണാമത്തോളം പ്രാപ്തമായ മറ്റൊരു ശാസ്ത്രോപാധിയുമില്ല. യോഹന്നാന്റെ സുവിശേഷത്തിൽ കാനായിലെ കല്യാണവിരുന്നിൽ യേശു മാതാവായ മറിയത്തോട് ചോദിച്ച ഒരു ചോദ്യമുണ്ട്, സ്ത്രീയേ എനിക്കും നിനക്കും തമ്മിലെന്ത്.... ഇത്രയൊക്കെ അറിഞ്ഞസ്ഥിതിക്ക് ഇനി അങ്ങനെയൊരു ചോദ്യത്തിനേ പ്രസക്തിയില്ല. നമുക്കും അമ്മക്കും തമ്മിൽ ഉള്ളത് തീർത്താൽ തീരാത്ത കടപ്പാടാണ്. അതുകൊണ്ട് കവിപറഞ്ഞതുതന്നെ ആവർത്തിക്കാം, ''വന്ദിപ്പിൻ മാതാവിനെ''.
Content Highlights: Gluteofemoral fat acts as a specialized storage for DHA (Omega-3 fatty acids)., DHA is crucial for the rapid development of an infant's brain and retina., Human infants are born with underdeveloped brains, requiring maternal fat reserves via breastfeeding., Male attraction to specific female body shapes may have evolutionary roots linked to reproductive fitness., Research by University of Pittsburgh and UC researchers confirms the 'fat bank' theory for child development.
Published: 26 Jul 2026, 03:17 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented