പൂത്ത കാശുള്ള പിതാക്കന്മാരുടെയും അവരുടെ പരമ ദരിദ്രരരായ ആണ്‍മക്കളെയും കൊണ്ട് നിറഞ്ഞ നാടായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്. ആയകാലത്ത് അധ്വാനിച്ച് സമ്പത്ത് കാലത്ത് തൈവെച്ചാണ് അപ്പന്മാര്‍ ഇപ്പോഴും പൂത്തകാശുകാരായി ജീവിക്കന്നതെന്നത് സത്യം. ആണ്‍മക്കള്‍ ദരിദ്രരായി മാറിയത് അവരുടെ കയ്യിലിരിപ്പുകൊണ്ടാണ് എന്നതും സത്യം. അപ്പനും മക്കള്‍ക്കുമിടയിലെ ഈ സാമ്പത്തിക അന്തരം സമൂഹത്തില്‍ വലിയ പ്രത്യാഘാതമുണ്ടാകുന്ന നിലയിലേക്ക് വളരുകയാണ്. ആണ്‍മക്കള്‍ക്കുമുണ്ടാകും കുടുംബം. ചിലപ്പോള്‍ ആ കുടുംബം ഒന്നാകെ പൂത്തകാശുള്ള അപ്പന്റെ ചെലവിലായിരിക്കും കഴിയുന്നത്. ആശ്രമത്തിലെന്നപോലെ എന്നും ഉപ്പുമാവ് ബ്രേക്ക് ഫാസ്റ്റ്. ഉച്ചയ്ക്കും രാത്രിയും കഞ്ഞിയും ചമ്മന്തിയുമായിരിക്കും ആണ്‍മക്കളുടെയും കുടുംബത്തിന്റെയും ആഹാരം. വല്ലപ്പോഴു രണ്ട് പെഗ് റം. അപ്പന്റേതോ. അറമുറിയില്‍ അടുക്കിവെച്ചിരിക്കുന്ന മുന്തിയ മദ്യക്കുപ്പികള്‍. വൈകുന്നേരമായാല്‍ ദര്‍ബാര്‍. വിഭവസമൃദ്ധമായ ഭക്ഷണം. പകല്‍ പൊതു കാര്യം. അമ്പല-പള്ളിക്കമ്മറ്റികള്‍. കൂടെത്താമസിക്കുന്ന മകനെക്കുറിച്ച് സദാ പുച്ഛം. മകന്റെ പ്രൊഫൈല്‍ വളരെ ടിപ്പിക്കലായിരിക്കും. തികച്ചും സ്വാഭാവികം.

To advertise here,

ഒന്നുകില്‍ ഏന്തെങ്കിലുമൊക്കെ ബിസിനസ് നടത്തി പൊട്ടിയവര്‍. കയ്യിലുള്ളതും അപ്പന്റേന്നുവാങ്ങിയതും ഏതെങ്കിലും ഒരു അളിയന്റേന്ന് പലിശയ്ക്ക് വാങ്ങിയതുമൊക്കെ കൊണ്ടുപോയി തുലച്ചവര്‍. അല്ലെങ്കില്‍ ഏതെങ്കിലുമൊരു നല്ല സ്ഥാപനത്തില്‍ ഉയര്‍ന്ന മാനേജീരിയല്‍ പോസ്റ്റില്‍ ജോലി ചെയ്യവേ പെട്ടെന്ന് പണക്കാരനാകാന്‍ എന്തെങ്കിലും തരിമറി നടത്തി അന്തവും കുന്തവുമില്ലാതായിപ്പോയവര്‍. കേസും കൂട്ടവുമായി വീട്ടിലൊതുങ്ങിപ്പോയവര്‍. ഓഹരിയിലോ ബിറ്റ്‌കോയിനിലോ ഒക്കെ നിക്ഷേപിച്ച് പെട്ടന്ന് വലിയ ലാഭം നല്‍കാമെന്ന പ്രതീക്ഷയില്‍ എല്ലാവരുടെ അടുത്തുനിന്നും ചെറുതും വലുതുമായ നിക്ഷേപം വാങ്ങി പൊളിഞ്ഞുപോയവര്‍. അല്ലെങ്കില്‍ സിനിമ, അഭിനയം, വെബ് സീരീസ്, സോഷ്യല്‍ മീഡിയ എന്നിവയില്‍ എന്തെങ്കിലുമൊക്കെ ആകാന്‍ ആഗ്രഹിച്ച് തന്റെ സമയം എപ്പോഴെങ്കിലും വരും എന്ന് പ്രതീക്ഷിച്ച് കഴിയുന്നവര്‍.

ഒരിക്കലും നന്നാകില്ലെന്ന പൂത്തകാശുകാരയ അപ്പന്മാരുടെ ശാപവചസുകളാല്‍ വലയം ചെയ്യപ്പെട്ട് മൃതപ്രാതരായി കഴിയുന്ന ഇത്തരം ആണ്‍മക്കള്‍. ഇവരൊട് ഒരു അനുതാപവും അവരുടെ അപ്പന്മാര്‍ക്ക് ഉണ്ടാകില്ല. അപ്പന്മാര്‍ക്കില്ലെന്ന് മാത്രമല്ല ബന്ധുക്കള്‍, അയല്‍ക്കാര്‍ തുടങ്ങിയവരിലൊന്നും ഒരു അനുതാപവും ഇവരോട് തോന്നാതിരിക്കാന്‍ വേണ്ടതെല്ലാം അവര്‍ വളരെ സിസ്റ്റമാറ്റിക്കായി ചെയ്തുകൊണ്ടുമിരിക്കുന്നുണ്ടാകും. നീയൊന്നും ഇനി ഒരിക്കലും നന്നാകില്ല. നന്നാകുമെന്ന് എനിക്കൊരു പ്രതീക്ഷയുമില്ല. അങ്ങനെ ഒരു ആഗ്രഹവുമില്ല എന്ന് എന്നും മക്കളുടെ മുഖത്ത് നോക്കി പറയുന്ന തന്തമാര്‍. ദണ്ണം കൊണ്ടായിരിക്കാം അവര്‍ അങ്ങനെ പറയുന്നത്. നന്നാകാന്‍ വേണ്ടിയാകാം ഈ ചവിട്ടിത്തേയ്ക്കല്‍. വിജയിക്കാനുള്ള വാശി ഉണ്ടാക്കാനാകും ഈ പുശ്ചിക്കല്‍. പക്ഷേ തകര്‍ന്ന് തരിപ്പണമായവര്‍ക്ക് എന്ത് വാശി.

എനിക്ക് ജീവനുള്ളപ്പോള്‍ എന്റെ സ്വത്തില്‍ നിന്ന് ഒരു തരി കിട്ടുമെന്ന് മോനേ നീ വ്യാമോഹിക്കേണ്ട എന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയുന്ന പൂത്ത കാശുകാരായ തന്തമാര്‍. എന്റെ കാലശേഷം സ്വത്തുക്കളെല്ലാം വല്ല അനാഥാലയത്തിനും കൊടുക്കുമെന്ന് ഭീഷണി മുഴക്കുന്നവര്‍.

ഈ സ്വത്തും കെട്ടിപ്പിടിച്ച് ഈ കിഴവനിതെന്തു ചെയ്യാനാ. തെക്കേട്ടേക്കെടുക്കുമ്പോള്‍ കൂടെ കൊണ്ടുപോകുമോ എന്ന് നാട്ടുകാരെക്കൊണ്ട് മുഴുവന്‍ പറയിപ്പിക്കുന്നവര്‍. അപ്പന്റെ ഔദാര്യമൊന്നും വേണ്ട ഞാനെന്റെ അവകാശമാണ് ചോദിക്കുന്നത് എന്ന് പറഞ്ഞ് വിലപിക്കുന്ന മക്കളുടെ ദീനരോദനം കേരളത്തില്‍ ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ ഉയരുകയാണ്.

അതേ അപ്പനമ്മമാരെ കൊല്ലുന്ന മക്കളുടെ നാടായി കേരളം മാറുകയാണ്. സ്വത്ത് ലഭിക്കാന്‍ അപ്പനമ്മമാരുടെ മരണത്തിനായി ഉറ്റുനോക്കുന്ന മക്കളുടെ നാടായി കേരളം മാറുകയാണ്. സമ്പത്തുണ്ടായതുകൊണ്ട് മാത്രം അശാന്ത ജീവിതം നയിക്കേണ്ടിവരുന്നവരുടെ കാര്യമാണ് പറഞ്ഞുവരുന്നത്. മക്കള്‍ക്ക് കൊടുത്താല്‍ അതെല്ലാം അവര്‍ കൊണ്ടുപോയി തുലയ്ക്കും എന്ന് പേടിച്ച് എല്ലാം കെട്ടിപ്പിടിച്ചിരിക്കുന്നവര്‍. ജീവിതത്തിലെ ഒരു ഘട്ടം കഴിഞ്ഞാല്‍ സ്വത്ത് ഭാഗിച്ച് നല്‍കുന്നത് തന്നെയാണ് ഉചിതം. ചിലപ്പോള്‍ മക്കളത് നശിപ്പിക്കുമായിരിക്കാം. അതവരുടെ വിധി. അത് പേടിച്ച് സ്വത്ത് കെട്ടിപ്പിടിച്ചിരിക്കുന്നത് അതിനേക്കാള്‍ വലിയ അപകടമാണ്. കേരളത്തില്‍ എസ്റ്റേറ്റ് പ്ലാനിഗ് എന്ന് സ്വത്ത് വീതം വയ്ക്കല്‍, ഭാഗം വയ്ക്കല്‍, വില്‍പ്പത്രം തയ്യാറക്കല്‍ തുടങ്ങിയ കലാപരിപാടികള്‍ക്ക് വലിയ പ്രചാരമില്ല. ഇനി അഥവ അങ്ങനെയൊക്കെ ചെയ്യുമെങ്കില്‍ തന്നെ അത് നീതിപൂര്‍വ്വകമായൊന്നും ചെയ്യുകയുമില്ല. മിക്ക മലയാളി മാതാപിതാക്കള്‍ക്കും മക്കളൊട് തുല്യനീതിയൊന്നുമായിരിക്കില്ല. മക്കളെ ശരിയായി മനസിലാക്കാന്‍ അവര്‍ക്ക് കഴിയാറുണ്ടോ എന്നതും സംശയം. ദമ്പതികള്‍ തമ്മിലും സ്വത്തിൻ്റെ കാര്യത്തില്‍ കാര്യമായ നീതിപുലര്‍ത്തലും കാണാറില്ല. സ്വത്ത് വീതം വയ്ക്കുന്നതിലെ നീതികേട് കാരണം തമ്മില്‍ വെട്ടിയും കുത്തിയും കാലം കഴിക്കുന്ന ജ്യേഷഠാനുജന്മാരുടെ നാടുകൂടിയായി കേരളം മാറുകയാണ്. മകന്‍ കുഴപ്പമില്ല. പക്ഷേ അവന്റെ ഭാര്യ. നാശം. അല്ലെങ്കില്‍ മകനും ഭാര്യയും കുഴപ്പമില്ല അവരുടെ മക്കള്‍. മഹാ പിഴകള്‍. ഇത്തരം മുന്‍വിധികള്‍ സ്വത്ത് ഭാഗം വയ്ക്കുന്നതില്‍ നിര്‍ണായക സ്വാധീനം ചെലത്തുമ്പോള്‍ കുടുംബങ്ങളില്‍ അസംതൃപ്തിയുടെ തളം കെട്ടുകയാണ്.

പൂത്തകാശുകാരായ അപ്പന്മാര്‍ ഇനി പറയുന്നത് ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്. നിങ്ങള്‍ ഒരിക്കല്‍ ഇല്ലാതാകും. അത് അനിവാര്യമാണ്. അത് എന്നു സംഭവിക്കും എന്നുമാത്രം അറിയില്ല. എങ്കില്‍ നിങ്ങളില്ലാതായ ശേഷം സ്വത്ത് സംഭവിച്ച് ഉണ്ടാകാനിടയുള്ള ആശയക്കുഴപ്പങ്ങള്‍ ജിവിച്ചിരിക്കുമ്പോള്‍ തന്നെ തീര്‍ക്കാന്‍ ശ്രമിക്കണം

നിങ്ങള്‍ ഇല്ലാതായിക്കഴിഞ്ഞാല്‍ നിങ്ങളുടെ പങ്കാളിയുടെ തുടര്‍ന്നുള്ള ജീവിതത്തിന് വേണ്ടതെല്ലാം ചെയ്തിരിക്കണം. അവരെ മക്കളുടെ തീരുമാനത്തിനും ദയാദാക്ഷിണ്യത്തിനും വിട്ടുകൊടുക്കരുത്. സ്വത്തെല്ലാം നേരത്തെ തന്നെ മക്കള്‍ക്ക് നല്‍കിക്കഴിഞ്ഞുവെങ്കില്‍ നിങ്ങളുടെ പേരില്‍ അവശേഷിക്കുന്നതെല്ലാം പങ്കാളിക്ക് അവകാശപ്പെട്ടത് ആക്കി മാറ്റണം

നിങ്ങളില്ലാതാകുന്നതിനുമുമ്പ് തന്നെ വില്‍പ്പത്രം തയ്യാറാക്കയിരിക്കണം. നിക്ഷേപങ്ങളില്‍ നോമിനിയായി ഒരാളുടെ പേര് നല്‍കിയതുകൊണ്ട് ഒരിക്കലും അയാള്‍ക്ക് അത് അവകാശമായി കിട്ടില്ല. നോമിനിക്ക് നിയമപരമായ ഒരവകാശവും അതില്‍ കിട്ടില്ല. നിയമപരമായ അവകാശം നിങ്ങളുടെ പിന്തുടര്‍ച്ചാ അവകാശികള്‍ക്ക് ആയിരിക്കും. നിങ്ങളുടെ സ്വത്തോ നിക്ഷേപമോ യഥാര്‍ഥ അവകാശിക്ക് നല്‍കാനുള്ള ഒരു ഇടനിലക്കാരെന്റെ പങ്ക് മാത്രമേ നോമിനിക്ക് നിയമപരമായി ഉള്ളു. അതുകൊണ്ട് വില്‍പ്പത്രം തയ്യാറാക്കുകയും ഓരോരുത്തര്‍ക്കും ലഭിക്കേണ്‍ സ്വത്ത് കൃത്യമായി വ്യവസ്ഥ ചെയ്തിരിക്കുകയും വേണം.

ജീവിതകാലം മുഴുവന്‍ നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്തിനായി നിങ്ങളുടെ മക്കളും ബന്ധുക്കളും തമ്മില്‍ കലഹിക്കുന്ന സ്ഥിതി ഒരിക്കലും ഉണ്ടാകരുത്. അതുകൊണ്ട് വില്‍പ്പത്രത്തില്‍ വ്യക്തത ഉണ്ടാകേണ്ടത് വളരെ പ്രധാനമാണ്. ഇനി പൂത്തകാശുകാരായ അപ്പന്മാരുടെ മക്കള്‍ അറിയാനുള്ളത്. അത് ഇക്കൂട്ടത്തില്‍ വേണ്ട. അതേക്കുറിച്ച് മറ്റൊരു ഭാഗത്ത്.