
സമയത്തിനായുള്ള കാത്തിരിപ്പ് നമുക്ക് പുത്തരിയല്ല. എന്തിനും ഏതിനും ഉചിതമായ സമയം വരും എന്നുള്ള പ്രതീക്ഷയില് എത്രനാളു വേണമെങ്കിലും പ്രതീക്ഷയോടെ കാത്തിരിക്കാന് നമുക്ക് മടയില്ല. കാര്യങ്ങള് പ്രതീക്ഷിച്ചപോലെ നടക്കാതെവരുമ്പോള് സമയമായിട്ടില്ലെന്ന് നമ്മൾ ആശ്വസിക്കും. ഉചിതമായ സമയത്തിനായുള്ള കാത്തിരിപ്പ് എല്ലാ കാര്യത്തിലുമുണ്ട്. പ്രണയം തുറന്നുപറയുന്നതില്. ദാമ്പത്യത്തിലെ ഇഷ്ടക്കേടുകള് ചൂണ്ടിക്കാട്ടുന്നതില്, ഓഫീസിലെ സഹപ്രവര്ത്തകന്റെ മോശം പെരുമാറ്റം തിരുത്തുന്നതില്, ഉചിതമായ സമയത്ത് പറയേണ്ട കാര്യങ്ങള് പറയാത്തതുമൂലമുള്ള പുകിലുകള്... പക്ഷേ മേല് സൂചിപ്പിച്ച കാര്യങ്ങളില് ഉചിതമായ സമയം നോക്കിയിരുന്ന് അല്പ്പം വൈകിയാലും പ്രശ്നം പരിഹരിക്കാന് പിന്നെയും സമയം കിട്ടും. എന്നാല് മറ്റു ചില കാര്യങ്ങളില് അങ്ങനെയല്ല. വേണ്ടത് വേണ്ടപ്പോൾ തന്നെ ചെയ്യണം.
ഏതെങ്കിലും നിക്ഷേപം തുടങ്ങുന്ന കാര്യത്തിലാണ് ഇത് കൂടുതൽ പ്രസക്തം. പ്രത്യേകിച്ചും ഓഹരി, മ്യൂച്വല് ഫണ്ട് നിക്ഷേപങ്ങളുടെ കാര്യത്തില്. ഈ മാര്ഗങ്ങളില് നിക്ഷേപം നടത്തുവാനുള്ള തീരുമാനം എടുക്കാന് തന്നെ ദീര്ഘനാളത്തെ ആലോചന വേണ്ടിവന്നിട്ടുണ്ടാകും. തീരുമാനിച്ചുകഴിഞ്ഞാലും പിന്നെയും സംശയം. ഇപ്പോള് വേണോ. ഓഹരി വിപണി ഇപ്പോള് കയറിക്കൊണ്ടിരിക്കുകയല്ലേ. കുറയുമ്പോള് നിക്ഷേപിക്കുന്നതല്ലേ നല്ലത്. നിക്ഷേപം നടത്തിക്കഴിയുമ്പോള് വിപണി എങ്ങാനും ഇടിഞ്ഞാല് എന്തുചെയ്യും. ഇത്തരത്തിലുള്ള നൂറായിരം സംശയങ്ങള് ഉണ്ടാകുന്നത് സ്വാഭാവികം. പക്ഷേ അവയ്ക്ക് എല്ലാത്തിനും തൃപ്തികരമായ ഉത്തരം ലഭിക്കുന്നതുവരെ കാത്തിരിക്കുന്നത് പാഴാണ്.
ഓഹരിയോ, മ്യൂച്വല് ഫണ്ടോ ബാങ്ക് റിക്കറിങ് ഡിപ്പോസിറ്റോ ഏതുമാകട്ടെ ആദ്യമായി നിക്ഷേപിക്കാനൊരുങ്ങുകയാണെങ്കില് ഉചിതമായ സമയത്തിനായി കാത്തിരിക്കുന്നതില് അര്ത്ഥമില്ല. നിങ്ങളൊരു പരിചയസമ്പന്നനും ബുദ്ധിമാനുമായ നിക്ഷേപകനോ നിക്ഷേപകയോ ആണെങ്കില് നിങ്ങള്ക്ക് ഉചിതമെന്നു തോന്നുന്ന സമയം വരെ കാത്തിരിക്കാം. പക്ഷേ ആദ്യമായി നിക്ഷേപം ആരംഭിക്കാനിറങ്ങിയ വിഭാഗത്തിലുള്ളവരെ സംബന്ധിച്ച് നിക്ഷേപം ആരംഭിക്കുക എന്നതു തന്നെയാണ് പ്രധാനം.
കാരണം കയ്യിലുള്ള പണവും കയ്യാലപ്പുറത്തെ തേങ്ങയും ഒരുപോലാണ്. എപ്പോഴാണ് പണത്തിന് ആവശ്യം വരുകയെന്ന് അറിയില്ല. പെട്ടെന്നുള്ള ആവശ്യത്തിന് ജീവിതത്തില് ഒരു പഞ്ഞവുമില്ലല്ലോ. കയ്യിലുള്ള പണം ആവിയായിപ്പോകാന് അത്ര സമയമൊന്നും ആവശ്യമില്ല. അങ്ങനെ സംഭവിക്കും മുമ്പ് അത് നിക്ഷേപമാക്കി മാറ്റുകയാണ് വേണ്ടത്. ഓഹരി വിപണിയെ സംബന്ധിച്ച് ഒരിക്കലും നിക്ഷേപം ആരംഭിക്കുന്നതിന് ഉചിത സമയം എന്നൊന്നില്ല. പ്രത്യേകിച്ചും മ്യൂച്വല് ഫണ്ടില്. പ്രതിമാസ തവണകളായി നിക്ഷേപിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില് എത്രയും വേഗം മികച്ച ഫണ്ട് കണ്ടെത്തി നിക്ഷേപം ആരംഭിക്കുക തന്നെയാണ് പ്രധാനം.
നിക്ഷേപം നടത്തിയശേഷം വിപണി ഇടിഞ്ഞാലും പ്രത്യേകിച്ചൊന്നും സംഭവിക്കില്ല. കാരണം വിപണിയില് ഇടിവ് മാത്രമല്ല കയറ്റവും ഉണ്ടാകും. ഇടിവോ കയറ്റമോ ഒരിക്കലും അനുസ്യൂതം ഓരേപോലെ സംഭവിക്കുന്ന ഒന്നല്ല. കയറ്റവും ഇറക്കവും തന്നെയാണ് ഓഹരി വിപണിയെ ഏറ്റവും ലാഭം തരുന്ന നിക്ഷേപമാക്കി മാറ്റുന്നതും. ഓഹരി മ്യൂച്വല് ഫണ്ടില് ഇപ്പോള് നിക്ഷേപിക്കാന് താല്പര്യമില്ല, വിപണി നന്നായി ഇടിഞ്ഞതിനുശേഷമേ നിക്ഷേപിക്കുന്നുള്ളൂ എന്ന് നിര്ബന്ധമാണെങ്കില് കാത്തിരിക്കൂ, കുഴപ്പമില്ല. പക്ഷേ നിക്ഷേപത്തിനായി മാറ്റിവെച്ച ഈ പണം ഒരിക്കലും ബാങ്കിന്റെ സേവിങ്സ് അക്കൗണ്ടില് സൂക്ഷിച്ചുവയ്ക്കരുത്. വര്ഷം നാലു ശതമാനം പലിശയേ കിട്ടൂ എന്നതുകൊണ്ട് മാത്രമല്ല. ഓരോരോ ആവശ്യത്തിനായി എ.ടി.എം വഴി ആ പണം എടുത്തുകൊണ്ടേയിരിക്കും. അവസാനം ഓഹരി വിപണി ഇടിഞ്ഞ് നിങ്ങള് ആഗ്രഹിച്ച നിലയിലേക്ക് എത്തുമ്പോള് നിക്ഷേപിക്കാന് കയ്യില് പണം ഉണ്ടയെന്നുവരില്ല. അതുകൊണ്ട് ഈ തുക മ്യൂച്വല് ഫണ്ടിന്റെ തന്നെ ലിക്വിഡ് ഫണ്ടിലേക്ക് മാറ്റാം. സേവിങ്സ് ബാങ്കില് നിന്ന് ലഭിക്കുന്നതിനേക്കാള് കൂടിയ പലിശ ലഭിക്കും. ഏറെക്കുറെ സുരക്ഷിതമാണ്. പെട്ടെന്ന് പിന്വലിക്കുകയുമാകാം. അതുമല്ലെങ്കില് ബാങ്ക് സ്ഥിരനിക്ഷേപമാക്കി മാറ്റാം.
ആദായ നികുതി ലാഭിക്കാനുള്ള നിക്ഷേപം ആരംഭിക്കുന്നതിനെക്കുറിച്ച് ജൂലായ് മാസം ഓരോ തവണ റിട്ടേണ് ഫയല് ചെയ്യുമ്പോഴും ഉറച്ച തീരുമാനമെടുക്കും. അടുത്ത മാര്ച്ച് വരെ സമയം ഉണ്ടല്ലോ എന്നു കരുതി നീട്ടിക്കൊണ്ടുപോകും. അവസാനം ജനുവരി എത്തുമ്പോഴാണ് ഇതിനായി ഓട്ടപ്പാച്ചില് നടത്തുക. അവസാന നിമിഷം തിരിക്കിട്ട് നടത്തിയാല് കിട്ടാനുള്ള എല്ലാ ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്താനും കഴിയില്ല.
നിക്ഷേപം ആരംഭിക്കാന് ഉചിതമായ സമയം എന്നൊന്നില്ല. എപ്പോഴെക്കെ മിച്ച പണം അഥവാ സമ്പാദ്യം നിങ്ങളുടെ കയ്യിലെത്തുന്നോ അപ്പോഴേ അത് നിക്ഷേപമാക്കി മാറ്റുക. മാര്ഗം ഏതായാലും. നിക്ഷേപിച്ചുപോയതുകൊണ്ട് പിന്നെ അത് തിരിച്ചെടുക്കാന് കഴിയാതെ വന്നാലോ എന്ന ഭയം വേണ്ട. ആവശ്യമുള്ളപ്പോഴൊക്കെ ഭൂരിഭാഗം നിക്ഷേപങ്ങളിലും പിന്വലിക്കാനുള്ള വ്യവസ്ഥയുണ്ട്.
അതുകൊണ്ട് നിക്ഷേപത്തിന്റെ കാര്യത്തില് അതിന്റേതായ സമയമൊന്നുമില്ല ദാസാ. എല്ലാ നിക്ഷേപവും ഏതെങ്കിലും ഒരു മാര്ഗത്തില് മാത്രമാക്കാതെ വിവധ മാര്ഗങ്ങളില് നിക്ഷേപിക്കുക. അത് ചിട്ടയായി, ക്രമമായി പറ്റുന്നിടത്തോളം കാലം തുടരുക. ഓരോ വര്ഷവും നിക്ഷേപ തുകയില് ചുരുങ്ങിയത് 15 ശതമാനമെങ്കിലും വര്ധന വരുത്തുക. നിങ്ങള്ക്ക് പിന്നെ തിരിഞ്ഞുനോക്കുകയോ വേണ്ടിവരില്ല.
Content Highlights: want to wait until the time comes to invest-mutual funds
Published: 11 Feb 2025, 06:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented