മ്മക്കൊരു ചായ കുടിച്ചാലോ? ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇങ്ങനെ പറഞ്ഞിട്ടില്ലാത്ത മലയാളി എന്നല്ല ഇന്ത്യക്കാരന്‍പോലും ഉണ്ടാകില്ല. എന്നാലും തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്‍ അശോകനോട് പറയുന്ന, നമുക്കൊരു നാരങ്ങാവെള്ളം കാച്ചിയാലോ എന്ന ഡയലോഗ് പോലെ അത്രയും നൊസ്റ്റു ഒന്നും ഈ ചായകുടിക്കില്ല. ചായപോലെ നാരങ്ങാവെള്ളം അത്ര പോപ്പുലറോ നമ്മുടെ ജീവിത്തിന്റെ ഭാഗമോ അല്ലെങ്കിലും നാരങ്ങാവെള്ളത്തിന് വലിയ മതിപ്പും സ്വീകാര്യതയും ഉണ്ട്.

To advertise here,

ചായ പോപ്പുലറാണെങ്കിലും ഉണ്ടാക്കി ഉണ്ടാക്കി ഇത്രയേറെ മാനഭംഗപ്പെട്ട മറ്റൊരു ഭക്ഷണ പാനീയവും വേറെയില്ല. ഓരോ മലയാളിയും ഓരോ രീതിയിലാണ് ചായ ഉണ്ടാക്കുന്നത്. ഊള എന്ന വാക്ക് മലയാളി പല സന്ദര്‍ഭത്തിലും ഉപയോഗിക്കാറുണ്ടെങ്കിലും അത് ചായയുടെ കൂടെ ചേര്‍ത്താണ് പരക്കെ ഉപയോഗിക്കാറുള്ളത്. ഊള ചായ എന്ന പ്രയോഗവും കേട്ടിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. ചായ എവിടെ വേണമെങ്കിലും കിട്ടും. പക്ഷേ നല്ല ചായ. സംശയമാണ്. എന്നാല്‍ ഊളച്ചായയോ സമൃദ്ധം.

നമ്മുടെ നാട്ടില്‍ ചായ പെട്രോള്‍ പോലെയാണ്. അതില്ലെങ്കില്‍ ഇവിടെ ഒന്നും ചലിക്കില്ല. സര്‍വത്ര നിശ്ചലം. സന്തോഷത്തില്‍, വഴക്കില്‍, ദുഃഖത്തില്‍, കോപത്തില്‍, അല്ലെങ്കില്‍ നിലതെറ്റിയ അവസ്ഥകളില്‍ ചായയാണ് നമുക്ക് ആശ്വാസം തരുന്നത്. എങ്കിലും ചായ ഉണ്ടാക്കുന്നവരോ, ചായ വില്‍ക്കുന്നവരോ ഒന്നും അതിലൂടെ ഒരു സാമ്രാജ്യവും ഇവിടെ ഉണ്ടാക്കിയിട്ടില്ല. ചായപ്പൊടിയും തേയിലയും ഉണ്ടാക്കുന്ന ഫാക്ടറി ഉടമകളും, പ്ലാന്റേഴ്‌സും കമ്പനികളുമൊക്കെ വലിയ വലിയ നിലകളിലേയ്ക്ക് ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ചായക്കടക്കാരോ ചായവാലകളോ ആ നിലയിലേക്ക് വന്നിട്ടില്ല. 

ഒറ്റച്ചായയും കടിയും വിറ്റ് ലക്ഷാധിപതിയായ ഒരു കൃഷ്‌ണേട്ടനെക്കുറിച്ച് ഈ പംക്തിയില്‍ ഇതിനുമുമ്പ് വിവരിച്ചിരുന്നത് വായനക്കാര്‍ ഓര്‍ക്കുമല്ലോ. അങ്ങനെ ചായ ഉണ്ടാക്കി വിറ്റ് പണം സമ്പാദിക്കുന്ന പലരും ഉണ്ടെങ്കിലും അതിനെ ഒരു വലിയ ബിസിനസാക്കി വളര്‍ത്തി വലുതാക്കിയവര്‍ അധികം പേരില്ല. എന്നാല്‍ കോഫിയില്‍ വേണ്ടത്ര ഉണ്ട്. കഫെ കോഫി ഡെയുടെ കഥയറിയാമല്ലോ എല്ലാവര്‍ക്കും. കേരളത്തിലാകട്ടെ ബ്രാന്‍ഡഡ് കോഫി ഹൗസുകളും കോഫി ഷോപ്പുകളും വേണ്ടത്രയുണ്ട്. എന്നാല്‍ ടീ ഹൗസുകളോ ടീ ഷോപ്പുകളോ കാര്യമായില്ല. ഇപ്പോള്‍ അങ്ങിങ്ങായി രാമേട്ടന്റെ ചായക്കട, നായരുടെ ചായപ്പീടിക തുടങ്ങിയ ബോര്‍ഡുകളൊക്കെ പൊങ്ങിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മലയാളികളുടെ ചായപ്രേമം വെച്ചുനോക്കുമ്പോള്‍ ഇങ്ങനെ കണ്ടാല്‍ പോര. 

എന്റര്‍പ്രൈസിങ്ങായ സംരംഭകരുടെയും സ്റ്റാര്‍ട്ട് അപ്പുകളുടെയും പോരായ്മയാണോ ഇതിന് കാരണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പ്രമുഖ ചാനലില്‍ ധനികരാകാനുള്ള എളുപ്പവഴി എന്ന പേരില്‍ കേരളത്തിലെ പ്രമുഖ വെല്‍ത്ത് ക്രിയേറ്റേഴ്‌സിനെ ഉള്‍പ്പെടുത്തി ഒരു ഷോ ഞാന്‍  ചെയ്തിരുന്നു. അതില്‍ ഒരു വെല്‍ത്ത് ക്രിയേറ്റര്‍ വളരെ സവിശേഷമായ ഒരു കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. ഒരു ചായക്കടക്കാരന്‍ തന്റെ മകനെ പഠിപ്പിച്ച് മറ്റൊരു വലിയ മേഖലയിലേക്ക് വളര്‍ത്താനാണ് ശ്രമിക്കുന്നത്. അയാള്‍ ഒരിക്കലും ആ ചായക്കട ഒരു ബ്രാന്‍ഡഡ് ഷോപ്പാക്കി മാറ്റാനും മകനെ അത് ഏല്‍പ്പിക്കാനും ശ്രമിക്കാറില്ല. അതിനുള്ള ധൈര്യം അയാള്‍ക്കില്ല. അതുപോലെ നാടന്‍ സോഡ ഉണ്ടാക്കി ഉപജീവനം ചെയ്യുന്നയാള്‍ അത് മക്കളെ കൂടി ഉള്‍പ്പെടുത്തി ഒരു സോഫ്റ്റ് ഡ്രിങ്ക് നിര്‍മാണ സംരംഭമാക്കാന്‍ ശ്രമിക്കാറില്ല. ഞാനോ ഇങ്ങനെയായി. എന്റെ മക്കളെങ്കിലും രക്ഷപ്പെടണം. അതിന് ഇത് പോര എന്ന ചിന്താഗതിയിലാണ് പലരും. നല്ല രസികന്‍ ചായ ഉണ്ടാക്കുന്ന നമ്മുടെ നാട്ടിലെ രാമേട്ടന്‍മാരും നായരുചേട്ടന്മാരും ഗോപാലന്മാരും അവിടെ തന്നെ ചായ അടിച്ച് തീരുന്നു. 

ചായ അടിക്കുന്ന കാര്യം പറഞ്ഞപ്പോഴാണ്  ആ അടിയിലാണ് ടേസ്റ്റ് ഇരിക്കുന്നത് എന്ന കാര്യം പല ചായക്കടക്കാര്‍ക്കും അറിയില്ല എന്നത് ഓര്‍മവന്നത്. ചായയില്‍ എത്ര കൂടുതല്‍ ബബിള്‍സ് ഉണ്ടാകുന്നോ അത്രയ്ക്ക് രുചികൂടുമത്രേ. അതുകൊണ്ടാണ് നല്ല പ്രൊഫഷണല്‍ ചായ അടിക്കാര്‍ അതിങ്ങനെ പരമാവധി ഉയര്‍ത്തി അടിക്കുന്നത്. ഇങ്ങനെ ചായ പൊക്കി അടിക്കുന്നത് കണ്ട ഒരു സായ്പ് ചായ കൈമുഴം കൊണ്ട് അളക്കുന്നതായാണ് മനസിലാക്കിയത് എന്നൊരു തമാശക്കഥ തന്നെയുണ്ടല്ലോ. സായ്പ് ചോദിച്ചത്രേ തനിക്ക് രണ്ട് മുഴം ചായ തരൂ എന്ന്.

ചായക്കടകളുടെ ബ്രാന്‍ഡ് ഉദയം ചെയ്യാത്തതിന് കാരണം സംരംഭകരുടെ ഭാവനാ ദാരിദ്ര്യം തന്നെയാണ് കാരണമെന്നാണ് കഴിഞ്ഞയിടെ ഇറങ്ങിയ രണ്ട് സിനിമകള്‍ കണ്ടാല്‍ തോന്നുന്നത്. നല്ല കടുപ്പത്തിലുള്ള ചായ ഉണ്ടാക്കി വിറ്റ് വലിയ സാമ്രാജ്യം സൃഷ്ടിച്ച രണ്ട് കഥാപാത്രങ്ങളെക്കുറിച്ചുള്ളതാണ് ഈ സിനിമകള്‍. ഒന്ന് തെലുങ്കില്‍, ചിത്രം മിസ് ഇന്ത്യ. രണ്ടാമത്തേത് മലയാളത്തില്‍, ചിത്രം തോല്‍വി എഫ്‌സി.

ചായയിലൂടെ, അല്ലെങ്കില്‍ ചായക്കടയിലൂടെ ലൈഫ്‌സ്റ്റൈല്‍ ബേസ്ഡ് ബിവറേജ് ബ്രാന്‍ഡ് ഡെവലപ്പ്‌ചെയ്യാന്‍ കൊതിച്ച ഉമ്മന്റെ കഥയാണ് മലയാള സിനിമ ചര്‍ച്ചചെയ്യുന്നത്. മാനസ സംയുക്ത എന്ന കൊച്ചുകുട്ടിയോട് ഭാവിയില്‍ ആരാകണം എന്ന് ചോദിച്ചപ്പോള്‍ ബിസിനസുകാരിയാകണം എന്നാണ് പറഞ്ഞത്. വൈദ്യനായ മുത്തച്ഛന്‍ ഉണ്ടാക്കുന്ന ചായയുടെ നന്മ ഈ ലോകത്തെ അറിയിക്കാന്‍ കോഫി അഡിക്ടായ അമേരിക്കക്കാരുടെ ഇടയില്‍ മിസ് ഇന്ത്യ എന്ന ചായ ബ്രാന്‍ഡ് പടുത്തുയര്‍ത്തിയ മാനസയുടെ കഥയാണ് തെലുങ്ക് സിനിമ.

മാനസയും ഉമ്മനും പ്രതിസന്ധികളോട് പടവെട്ടി ഒടുവില്‍ വലിയ വിജയമാണ് തങ്ങളുടെ സ്റ്റാര്‍ട്ടപ്പിന് നേടിക്കൊടുക്കുന്നത്. ഇരുവരും നേരിട്ട് പ്രതിസന്ധികളും അതിനെ അതിജീവിച്ച വഴികളും തിരക്കഥാകൃത്ത് എഴുതിവെച്ചിരിക്കുന്നത് അറിയുന്നത് സംരംഭകര്‍ക്ക് പ്രചോദനമാകും. എൻജിനീയറായ ഉമ്മന്‍ ബെംഗളൂരുവിലെ ജോലി ഉപേക്ഷിച്ച് ചായയോടുള്ള പാഷന്‍ കൊണ്ട് സ്വന്തം ബിസിനസിലേക്കിറങ്ങിയതാണ്. മാനസയാകട്ടെ എം.ബി.എ കഴിഞ്ഞ് ജോലി ഉപേക്ഷിച്ച് ചായ ബിസിനസിലേക്കിറങ്ങി. രണ്ട് പേരും തുടക്കത്തില്‍ ഒരു പ്രോട്ടോ ടൈപ്പ് ഉണ്ടാക്കി ഇന്‍വെസ്റ്റേഴ്‌സിനെ തേടുകയായിരുന്നു. രണ്ടുപേരുടെയും പ്രോട്ടോ ടൈപ്പ് ഒന്നുതന്നെ ചായക്കട. അത് സിനിമയില്‍. യഥാര്‍ത്ഥ ജീവിതത്തില്‍ നാം ചായക്കടയുമായി വരുന്ന യുവ സ്റ്റാര്‍ട്ടപ്പുകളെ കണ്ടിട്ടേയില്ല. (എന്റെ അറിവ് പരിമിതമായതുകൊണ്ടാകാം ഇതുവരെ ശ്രദ്ധയില്‍പെട്ടിട്ടില്ല. അറിവുള്ളവര്‍ കമന്റ് ചെയ്യണേ). അവിടെയാണ് ഈ രണ്ട് സിനിമകളുടെയും അണിയറ പ്രവര്‍ത്തകര്‍ ശ്രദ്ധേയരാകുന്നത്. 

ഒരു ചായ ഉണ്ടാക്കിയ സിനിമാക്കഥകള്‍. ഉമ്മന്‍ തന്റെ ചായക്കട തുടങ്ങുന്നത് കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്കിന്റെ മുമ്പിലാണ്. മാനസ അമേരിക്കയിലെ തിരക്കേറിയ സ്ട്രീറ്റിലും. രണ്ടുപേര്‍ക്കും നിക്ഷേപകരെ വേണം. ഉമ്മന്‍ വളരെ വിഷമിച്ച് ഒരു ഇന്‍വെസ്റ്ററെ കൊണ്ടുവരുന്നു. അയാളാകട്ടെ മുടിഞ്ഞ ചായ വിദഗ്ധന്‍. കാഞ്ഞ വിത്ത്. 36 വര്‍ഷം കലൂര്‍ സ്റ്റാന്റില്‍ ചായക്കട നടത്തിയ ആളുടെ മോന്‍. നല്ല ചായപ്പൊടി ഇട്ട് തിളപ്പിച്ച് പശുവിന്‍പാല്‍ ഒഴിച്ച് കട്ടിങ് ഗ്ലാസില്‍ രണ്ട് അടി അടിച്ചിട്ട് ഒന്ന് പുള്ളീടെ മുമ്പില്‍ കൊണ്ടുവെച്ചു നോക്കൂ. കുടിക്കേണ്ട. ഒന്ന് സ്‌മെല്‍ ചെയ്താല്‍ മതി പുള്ളിക്കറിയാന്‍ പറ്റും ചായയുടെ ഗുണവും ചായ ഉണ്ടാക്കിയ ആളുടെ ഗുണവും. പുള്ളിക്ക് ചായ ഇഷ്ടപ്പെട്ടു. ചായ അടിക്കാരന്‍ അബുവിനേയും. പക്ഷേ ഈ ചായക്കടയും അബുവിനെയും നീ എങ്ങനെ ഇന്‍ഫോ പാര്‍ക്കിലെ ഓരോ ഓഫീസിലും കൊണ്ടുപോയി വെയ്ക്കും എന്ന ചോദ്യത്തിന് ഉമ്മന് മറുപടിയില്ലായിരുന്നു. 

ഉമ്മന്‍ ഇന്‍ഫോപാര്‍ക്കിലെ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ സിഇഒയെ കാണുന്നു. താന്‍ ചായ് നേഷന്‍ എന്ന ബഡിങ് ബ്രാന്‍ഡിന്റെ സിഇഒ ആണെന്ന് പറഞ്ഞ് പരിചയപ്പെടുത്തുന്നു. സാറിന്റെ ഓഫീസിലെ ഏതെങ്കിലും ഒരു ഭാഗത്ത് 10 ചതുരശ്രയടി സ്ഥലം തന്നാല്‍ ഞങ്ങള്‍ നല്ല ഊര്‍ജം നല്‍കുന്ന ഹൈജീനിക് ആയ ഹാന്‍ഡ് മേഡ് ടീ ഓഫീസിലുള്ളവര്‍ക്ക് നല്‍കും. അതിലൂടെ ഓഫീസിലെ ജോലിക്കാരുടെ പ്രൊഡക്ടിവിറ്റി കൂട്ടുന്ന ഒരു ഫോര്‍മുലയാണ് ചായ് നേഷന്റെ ഈ സിഗ്നേച്ചര്‍ ടീ. മള്‍ട്ടിനാഷണല്‍ കമ്പനിയുടെ സിഇഒ ഒറ്റചോദ്യമേ ചോദിച്ചുള്ളൂ.  അതായത് ഉമ്മാ, നിനക്ക് ചായക്കട തുടങ്ങാന്‍ എന്റെ ഓഫീസില്‍ സ്ഥലം വേണം അല്ലേ.  പിന്നെ ഇങ്ങനെ പറഞ്ഞ് ഉമ്മനെ ആട്ടിയിറക്കി. നിന്റെ ഈ ഗ്ലോസി ബിസിനസ് കാര്‍ഡും പോളിഷ്ഡ് ഇംഗ്ലീഷും കൊണ്ട് യു കാണ്ട് ജസ്‌ററ് ഹൈഡ് ദി ഫാക്ട് ദാറ്റ് യു ആര്‍ നോട്ട് എ സിഇഒ. എന്റെ ഓഫീസിന് പുറത്ത് ചായ വില്‍ക്കുന്ന ഒരു ചായക്കടക്കാരന്‍ മാത്രം. എന്റേതാണ് യഥാര്‍ഥ മള്‍ട്ടിനാഷണല്‍ കമ്പനി. ഞാനാണ് യഥാര്‍ത്ഥ സി.ഇ.ഒ. നീ വെറും ചായക്കടക്കാരന്‍. നീ ഈ നിലയില്‍ നിന്റെ ചായക്കടയുമായി എത്തില്ല ഒരിക്കലും. 

ഉമ്മന്‍ എഞ്ചിനീയറായിരുന്നു. നല്ല വീശിയടിച്ചുണ്ടാക്കുന്ന ചായ കുടിക്കാന്‍ ഉമ്മന്‍ ഓട്ടോമാറ്റിക് ബ്രൂവിങ് മെഷീന്‍ തന്നെ ഉണ്ടാക്കി. കോഫി വെന്‍ഡിങ് മെഷീന്‍ പോലെയല്ല. നായരുചേട്ടന്‍ വീശിയടിക്കുന്ന ചായ പോലെ വീശാന്‍ യന്ത്രക്കൈയ്യുള്ള ബ്രൂവിങ് മെഷീന്‍. സംഭവം ഹിറ്റായി. ഇന്‍വെസ്റ്റര്‍ ഒരു കോടി ഇന്‍വെസ്റ്റുചെയ്തു.

മാനസയുടേതും ഉമ്മന്റെ വഴിയേ തന്നെയായിരുന്നു. പല ഹോട്ടലുകളിലും ചായക്കടയ്ക്ക് സ്‌പേസ് ചോദിച്ചു. ആരും നല്‍കിയില്ല. ഒരു ഹോട്ടലുകാരന്‍ അമേരിക്കയിലെ വമ്പന്‍ ബിസിനസുകാരനായ കെ.എസ്.കെ കോഫി ചെയ്ന്‍ ഉടമ കൈലാഷിനെ കാണാന്‍ ഉപദേശിച്ചു.  കൈലാഷിന്റെ ഓഫീസിലേക്ക് കയറിച്ചെന്നു. അപ്പോയിന്‍മെന്റില്ലാതെ കാണാന്‍ പറ്റില്ലെന്നു പറഞ്ഞപ്പോള്‍ എന്നെ ഇപ്പോള്‍ കണ്ടില്ലെങ്കില്‍ അയാള്‍ക്ക് നല്ലൊരു ബിസിനസ് അവസരമായിരിക്കും നഷ്ടപ്പെടുക എന്ന് അയാളോട് പറഞ്ഞേക്ക് എന്ന് തട്ടിവിട്ടു. അയാള്‍ മാനസയെ കാണുന്നു. കെ.എസ്.കെ കോഫി ഷോപ്പില്‍ മാനസയുടെ ചായക്കടയ്ക്ക് ഒരല്‍പ്പം സ്ഥലം ആണ് മാനസ ചോദിച്ചത്. മാനസയും കൈലാഷും ഒന്നിച്ചാലും കോഫിയും ചായയും ഒരിക്കലും ഒന്നിക്കില്ല എന്നാണ് കൈലാഷ് പറഞ്ഞത്. അമേരിക്ക കോഫിയുടെ നാടാണ്. ഇവിടെ ചായയ്ക്ക് സ്ഥാനമില്ലെന്നായിരുന്നു അയാളുടെ വാദം. ചായയ്ക്ക് സ്ഥാനം ഉണ്ടാക്കിയെടുക്കുക എന്നതാണ് തന്റെ മുന്നിലെ വലിയ ബിസിനസ് അവസരം എന്നായിരുന്നു മാനസ വിശ്വസിച്ചിരുന്നത്. താനുണ്ടാക്കുന്ന ഒരു ഇന്‍സ്റ്റന്റ് ചായ ടേസ്റ്റ് ചെയ്യാന്‍ മാനസ കൈലാഷിനെ വെല്ലുവിളിച്ചു. എന്റെ റേഞ്ചില്‍ നീ എന്നെത്തുന്നോ അന്ന് ഞാന്‍ നിന്റെ ചായ ടേസ്റ്റ് ചെയ്യാം എന്ന് പറഞ്ഞ് പരിഹസിച്ച് വഴിച്ചെലവിനായി 1000 ഡോളറിന്റെ ഒരു ചെക്കും നൽകി കൈലാസ് അവളെ യാത്രയാക്കി.

മാനസ ഒരു പോസ്റ്ററുണ്ടാക്കി അവള്‍ താമസിക്കുന്ന നഗരത്തിലെ ആളുകളെ നേരിട്ട് കണ്ട് തന്റെ ചായ സെറിമണിയില്‍ പങ്കെടുക്കാന്‍ അഭ്യര്‍ഥിക്കുന്നു. വരുന്നവര്‍ക്കെല്ലാം ചായ നല്‍കി. ഒരു കിണ്ണം കാച്ചിയ പ്രസംഗം അവിടെ മാനസ കാച്ചി. ഇന്ത്യയില്‍ ചായയില്ലാതെ ഒരു ദിവസമെന്നല്ല ഒരു മണിക്കൂര്‍ പോലും പോകില്ല. ലേബര്‍ മുതല്‍ ലോയര്‍ വരെയും സ്റ്റുഡന്റ് മുതല്‍ സയന്റിസ്റ്റുവരെയും ചായയെ ഒരു വലിയ റിലീഫ് ആയാണ് കാണുന്നത്. ഈ ചായ പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമാണ്. എത്രയോ വലിയ പ്രശ്‌നങ്ങള്‍ ഈ ചായ പരിഹരിച്ചിരിക്കുന്നു. അത്തരം ചായ അമേരിക്കയില്‍ വേണമോ എന്നതാണ് ചോദ്യം. എന്റെ ചായ ഇഷ്ടമായെങ്കില്‍ ഒരു പാക്കറ്റ് ചായപ്പൊടി വാങ്ങുക. സിനിമയുടെ തിരക്കഥാകൃത്ത് പ്രതിഭാധനനായിരുന്നു. അതുകൊണ്ട്  അയാള്‍ രണ്ട് മാസം കൊണ്ട് മാനസയുടെ മിസ് ഇന്ത്യ ചായ ചെയ്‌നിനെ ഹിറ്റാക്കി എടുത്തു. കെ.എസ്.കെ കോഫി തിരിച്ചടി നേരിട്ട് കേസില്‍ കുടുങ്ങി അവസാനം പാപ്പരായി. ആ വര്‍ഷത്തെ അമേരിക്കയിലെ ബിസിനസ് വുമണ്‍ ഓഫ് ദ ഇയര്‍ ആയി മാനസ തിരഞ്ഞെടുക്കപ്പെട്ടു. ഒരു ചായ കൊണ്ട് സിനിമയില്‍ ഇത്രയുമൊക്കെ ആകാമെങ്കില്‍ വലിയ മുടക്കുമുതലൊന്നുമില്ലാത്ത നമ്മുടെ ചായ കൊണ്ട് യുവ സംരംഭകര്‍ക്ക് എന്തൊക്കെ ആയിക്കൂട.