ലോകം മാറുന്നുണ്ട്, ഫാഷന്‍ ലോകത്ത് പലനിറക്കാരായ, പല ബോഡിടൈപ്പിലുള്ള ആളുകള്‍ മനോഹരമായി ക്യാറ്റ്വാക്ക് ചെയ്യുന്നതും കിരീടം ചൂടുന്നതും കാണുന്നുണ്ട് പുതുതലമുറ..

സൗന്ദര്യം എന്നുപറയുന്നത് ഒരു വ്യക്തിയുടെ പുറംമോടിയിലല്ല അയാളുടെ വ്യക്തിത്വത്തിലും പെരുമാറ്റത്തിലും സ്വഭാവ സവിശേഷതകളിലാണെന്നുമെല്ലാം ഡിപ്ലോമാറ്റിക്കായി പറയുന്നവരാണ് നമ്മൾ. പക്ഷെ, കാര്യത്തോടടുക്കുമ്പോൾ കളി മാറും. സ്കൂളിലെ ഒപ്പനയിൽ മണവാട്ടിയാകുന്നത് മുതൽ സിനിമയിലെ നായികയാകണമെങ്കിൽവരെ തൊലി വെളുത്തിരിക്കണം എന്നുള്ളത് അലിഖിത നിയമം തന്നെയാണ്.
മില്ലേനിയൽസിനും ജെൻസിക്കുമെല്ലാം പെട്ടന്ന് കണക്ടാവുന്ന ഒരു സംഗതി പറയാം. പണ്ട് സ്കൂളിലെത്തുന്ന അതിഥികളെ വരവേൽക്കാൻ നല്ല നിറമുള്ള കുട്ടികളെ നോക്കി സെലക്ട് ചെയ്യുന്ന അധ്യാപകരെ ഓർമയില്ലേ. ഇരുണ്ട നിറം മറയ്ക്കേണ്ട ഒന്നാണെന്നും വെളുത്ത നിറം കൂടുതൽ സൗന്ദര്യവും അംഗീകാരവും നൽകുമെന്നും വിശ്വസിപ്പിക്കുന്ന ഒരു സാമൂഹിക ബോധം കുഞ്ഞുമനസ്സിലങ്ങ് കൊത്തിയിടുകയാണ്. നിറമില്ലെന്ന ആ അപകർഷത ഇന്ന് ഫെയർനെസ്സ് ക്രീമുകളിൽനിന്ന് ഗ്ലൂട്ടത്തയൺ കുത്തിവയ്പ്പുകളിലും സോഷ്യൽ മീഡിയയിലെ ഇൻസ്റ്റന്റ് വൈറ്റനിങ് ഉൽപ്പന്നങ്ങളിലും വരെ എത്തി.
ബ്രൈറ്റനിങ് സെറങ്ങൾ, ഗ്ലൂട്ടത്തയൺ സപ്ലിമെന്റുകൾ, ഇൻസ്റ്റന്റ് ഗ്ലോ ഫേഷ്യലുകൾ, കെമിക്കൽ പീലുകൾ, ലേസർ ചികിത്സകൾ ചർമം വെളുത്തില്ലെങ്കിലും പോക്കറ്റ് വെളുക്കുന്ന ഒട്ടനവധി പരീക്ഷണങ്ങളാണ് നമുക്ക് ചുറ്റും. സൗന്ദര്യത്തിന്റെ പേരിൽ ശരീരത്തെ ലാബ് ആക്കുന്ന ഈ പരീക്ഷണങ്ങളുടെ വിലയോ... ചിലപ്പോൾ ഒരു ജീവന്റെ തന്നെ വില!!
Read Also: സ്ത്രീയുടെ സ്വപ്നങ്ങൾക്ക് എക്സ്പയറി ഡേറ്റുണ്ടോ? ദീപികയും കത്രീനയും നയൻതാരയും പറയുന്നത്
പരമ്പരാഗത സൗന്ദര്യസങ്കൽപങ്ങളും പരസ്യലോകത്തിന്റെ സ്വാധീനവും ചേർന്ന് രൂപപ്പെടുത്തിയ ഫെയർസ്കിൻ ഒബ്സെഷൻ അഥവാ വെളുത്ത ചർമത്തോടുള്ള ഭ്രമം ഇന്ന് സോഷ്യൽ മീഡിയയിൽ കുറിപ്പുകളെഴുതിയും ഫോട്ടോ പോസ്റ്റ് ചെയ്തും അനുഭവങ്ങൾ പങ്കുവെച്ചും ചർച്ചചെയ്യേണ്ടുന്ന ഒരു സാംസ്കാരിക വിഷയമല്ല. മനുഷ്യന്റെ ജീവനും ആരോഗ്യവും അപകടത്തിലാക്കുന്ന പൊതുജനാരോഗ്യ പ്രശ്നമായി അത് മാറിയിരിക്കുകയാണ്.
ഇന്ത്യൻ സമൂഹത്തിൽ വെളുത്ത ചർമത്തോടുള്ള മുൻഗണനയ്ക്ക് ചരിത്രപരവും സാമൂഹികവുമായ പല തലങ്ങളുണ്ട്. ജാതിവ്യവസ്ഥയും കൊളോണിയൽ കാലഘട്ടത്തിലെ അധികാര ബന്ധങ്ങളും സൗന്ദര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ സ്വാധീനിച്ചിട്ടുണ്ടെന്നുള്ളത് സത്യമാണ്. പക്ഷെ, ആധുനികകാലത്ത് ഈ മുൻവിധികളെ വ്യാവസായികമായി മുതലെടുക്കുകയും കൂടുതൽ ആഴത്തിൽ പതിപ്പിക്കുകയും ചെയ്തത് സൗന്ദര്യവർധക വിപണിയും പരസ്യങ്ങളും തന്നെയാണ്.
വെളുത്ത നിറമുണ്ടെങ്കിൽ മാത്രമേ തൊഴിൽരംഗത്തും വിവാഹവിപണിയിലും സാമൂഹിക ജീവിതത്തിലും വിജയിക്കാനാകൂ എന്ന പരോക്ഷവും പ്രത്യക്ഷവുമായ സന്ദേശങ്ങളാണ് പരസ്യങ്ങളിലൂടെ നിരന്തരം പ്രചരിപ്പിക്കപ്പെട്ടത്(ഇന്നത് സോഷ്യൽ മീഡിയയിലൂടെയാണെന്ന് മാത്രം). സിനിമയിലെ മുൻനിര താരങ്ങളും പ്രശസ്ത ക്രിക്കറ്റ് കളിക്കാരും ഇത്തരം ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് അംബാസഡർമാരായി എത്തിയതോടെ (പക്ഷെ അവരിൽനിന്ന് മാറി നടന്നവരുമുണ്ട്. കോടികളുടെ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടും ഫെയർനെസ് ക്രീം പരസ്യങ്ങൾ നിരസിച്ചവരിൽ ബിപാഷ ബസു, സായ് പല്ലവി തുടങ്ങി കുറച്ചുപേരുണ്ട്. മുൻപ് ഇത്തരം പരസ്യങ്ങളിൽ അഭിനയിച്ചതിൽ പ്രിയങ്ക ചോപ്ര, ദീപിക പദുകോൺ എന്നിവർ പിന്നീട് ഖേദം പ്രകടിപ്പിച്ചിട്ടുമുണ്ട്.) സാധാരണക്കാർക്കിടയിൽ പ്രത്യേകിച്ച് കൗമാരക്കാരും യുവാക്കളും ഉൾപ്പെടെയുള്ളവരിൽ അവരുടെ സ്വാഭാവിക നിറത്തോട് അപകർഷതാബോധം തോന്നിത്തുടങ്ങി.
ഇന്ത്യൻ സൗന്ദര്യവിപണിയിൽ നിറം ഒരു വിൽപ്പനച്ചരക്കായി മാറ്റിയതിന് പിന്നിൽ ഒരു പ്രമുഖ ഫെയർനെസ്സ് ക്രീമിനുള്ള പങ്ക് ചെറുതല്ല. ഇന്ത്യയിലെ കൗമാരക്കാരെ മുഴുവൻ വെളുപ്പിക്കും എന്ന 'നിശ്ചയദാർഢ്യ'ത്തോടെയാണ് 1970-കളിൽ പ്രൊഡക്ട് വിപണിയിലെത്തിയത്. ഈ ബ്രാൻഡ് വെളുത്ത നിറത്തെ സൗന്ദര്യത്തിന്റെയും വിജയത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായി അവതരിപ്പിക്കുന്ന പരസ്യങ്ങളിലൂടെ വലിയ ജനപ്രീതി നേടി. മുഖത്തിന്റെ നിറം മാറിയാൽ ജീവിതവും മാറുമെന്ന സന്ദേശം പരസ്യങ്ങളിലൂടെ ആവർത്തിക്കപ്പെട്ടു.
ഇരുണ്ട നിറമുള്ള പെൺകുട്ടിക്ക് അവസരങ്ങൾ ലഭിക്കാത്തതും പിന്നീട് ചർമം വെളുത്തതോടെ വിജയിക്കുന്നതുമായ കഥകൾ ഒരുകാലത്ത് ദൂരദർശൻ പരസ്യങ്ങളിൽ പതിവായിരുന്നു. കുടുംബം നോക്കാൻ ആൺമക്കളില്ലെന്ന് വിഷമിക്കുന്ന ഒരച്ഛന്റെ മുന്നിൽ ഫെയർനെസ്സ് ക്രീം തേച്ച് വെളുത്ത് എയർഹോസ്റ്റസ് ആയി ജീവിതവിജയം നേടി, കുടുംബത്തെ സംരക്ഷിക്കുന്ന പെൺകുട്ടിയുടെ പരസ്യം ഓർമയില്ലേ?
Read Also: നസ്രിയയുടെ വസ്ത്രം കണ്ട് ഇത്ര അസ്വസ്ഥരാകുന്നത് എന്തിന്?
ജോലി, പ്രണയം, വിവാഹം, സാമൂഹിക അംഗീകാരം തുടങ്ങിയവയെല്ലാം ചർമത്തിന്റെ നിറവുമായി ബന്ധിപ്പിക്കുന്ന ഈ പരസ്യഭാഷ നിറവിവേചനത്തെ കൂടുതൽ സാധാരണവൽക്കരിച്ചു. അത്ര ഫെയറല്ലാത്ത നിലപാടുകളുമായി ഫെയർനെസ്സ് ക്രീമുകൾ വിപണി കീഴടക്കി. നിറത്തിന്റെ പേരിലുള്ള വിവേചനമാണിതെന്നും സ്ത്രീകളുടെ അന്തസ്സിന് നിരക്കുന്നതല്ല ഇതെന്നും ചൂണ്ടിക്കാട്ടി അന്ന് വനിതാ സംഘടന ജനറൽ സെക്രട്ടറിയായിരുന്ന ബൃന്ദ കാരാട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് നിവേദനം നൽകി. മനുഷ്യാവകാശ കമ്മീഷൻ പരാതി വാർത്താവിനിമയ മന്ത്രാലയത്തിന് കൈമാറി, മന്ത്രാലയം കമ്പനിക്ക് നോട്ടീസ് അയച്ചു. ശേഷം എന്തുസംഭവിച്ചു?
പരസ്യം പിൻവലിച്ചു. പിന്നെയും വർഷങ്ങളെടുത്തു ക്രീമിന്റെ പേരിൽനിന്ന് 'ഫെയർ' എന്ന വാക്ക് ഒഴിവാക്കാൻ. ഫെയർനെസ് എന്ന വാക്കിൽനിന്ന് ഗ്ലോ, ബ്രൈറ്റനിങ്, റേഡിയൻസ് തുടങ്ങിയ വാക്കുകളിലേക്കായിരുന്നു വിപണിയുടെ ഭാഷാമാറ്റം. പക്ഷെ ചോദ്യമിതാണ്, പേര് മാറിയതോടെ സൗന്ദര്യത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് മാറിയോ? ഇല്ല, പകരം ഗ്ലോ എന്ന വാക്ക് ഉപയോഗിക്കുമ്പോഴും കൂടുതൽ വെളുത്തതും തിളക്കമുള്ളതുമായ ചർമം നേടാനുള്ള ആഗ്രഹത്തിന് കുറവൊന്നും സംഭവിക്കാത്തവിധം നമ്മളങ്ങ് കണ്ടീഷൻ ചെയ്യപ്പെട്ടിരുന്നു.
സിനിമയിലേക്ക് വരാം, സമൂഹത്തിന്റെ പരിച്ഛേദമാണ് ആർട്ട് എന്നാണല്ലോ. ഈ മുഖ്യധാരാ വാണിജ്യ സിനിമകളിൽ, സൗന്ദര്യത്തിന്റെയും നായക-നായിക സങ്കൽപങ്ങളുടെയും അടയാളമായി വെളുത്ത നിറത്തെ പ്രതിഷ്ഠിക്കുന്ന രീതി വർഷങ്ങളായി തുടരുന്നുണ്ട്. വെളുത്ത നിറമുള്ള താരങ്ങൾക്ക് ലഭിക്കുന്ന മുൻഗണനയും ഇരുണ്ട നിറമുള്ള അഭിനേതാക്കൾ നേരിടുന്ന ടൈപ്പ്കാസ്റ്റിങ്ങും പലപ്പോഴും ചർച്ചയായിട്ടുമുണ്ട്. വിദ്യാസമ്പന്നയായ, ആധുനികയായ, സമ്പന്നയായ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ ഇരുണ്ട നിറമുള്ള അഭിനേതാക്കളെ മേക്കപ്പ് ഉപയോഗിച്ച് വെളുപ്പിക്കാൻ ശ്രമിക്കുന്ന പ്രവണതയെക്കുറിച്ച് നന്ദിതാ ദാസ് ഉൾപ്പെടെയുള്ള കലാകാരികൾ മുൻപ് തുറന്നുപറഞ്ഞിട്ടുള്ളത് ഓർമയില്ലേ.
ഇത്തരം സമീപനങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്ന മുൻവിധികളെയാണ് ശക്തിപ്പെടുത്തുന്നത്. ഇരുണ്ട നിറമുള്ള കഥാപാത്രങ്ങളെ പലപ്പോഴും ദാരിദ്ര്യത്തിന്റെയോ, ഗ്രാമീണ പിന്നോക്കാവസ്ഥയുടെയോ, കഷ്ടപ്പാടുകളുടെയോ പ്രതീകങ്ങളായി മാത്രം ചിത്രീകരിക്കുന്ന രീതിയും ചോദ്യചെയ്യപ്പെടണം. മലയാള സിനിമ ഉൾപ്പെടെയുള്ള ഇന്ത്യൻ സിനിമാ മേഖലകളിൽ സമീപകാലത്ത് കൂടുതൽ സ്വാഭാവികതയും വൈവിധ്യവും കടന്നുവരുന്നുണ്ടെങ്കിലും, കാസ്റ്റിങ്ങിലും ദൃശ്യഭാഷയിലും നിറത്തിന്റെ മുൻവിധികൾ പൂർണ്ണമായി മാറിയിട്ടില്ലെന്ന വിമർശനം സജീവമാണ്. അതിൽ കാമ്പുമുണ്ട്. ക്ലാസിക്കൽ നൃത്തരൂപങ്ങൾ അവതരിപ്പിക്കുമ്പോൾ പോലും മേക്കപ്പിന്റെ പേരിൽ സ്വാഭാവിക ചർമനിറം മറയ്ക്കുന്ന തരത്തിലുള്ള അതിരുകടന്ന വെളുപ്പിക്കൽ നാം കണ്ടിട്ടില്ലേ. കലയുടെ സൗന്ദര്യത്തെ പോലും വെളുപ്പിന്റെ അളവുകോലിലൂടെയാണോ നാം കാണുന്നത്?
കുറച്ച് വർഷങ്ങൾക്ക് മുൻപ് ഡാർക്ക് ഈസ് ബ്യൂട്ടിഫുൾ പോലുള്ള കാമ്പെയ്നിലൂടെ നടി നന്ദിത ദാസ് അടക്കമുള്ളവർ സൗന്ദര്യ വിപണിയുടെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടിയിരുന്നു. ചർമത്തിന്റെ നിറമല്ല, മറിച്ച് വ്യക്തിയുടെ കഴിവും ആത്മവിശ്വാസവും മൂല്യങ്ങളുമാണ് പ്രധാനമെന്ന ഓർമപ്പെടുത്തലുകൾ ഇടയ്ക്കിടെ തരംപോലെ ഉയരാറുണ്ടെങ്കിലും ഈ ഒബ്സെഷൻ നമ്മെ വിട്ടുപോയിട്ടില്ല. അതിനുദാഹരണമാണ് 'വെളുത്തി്ട്ട് പാറണ്ടേ' എന്ന ചോദ്യവുമായെത്തിയ കാസർകോട്ടെ ക്രീം. 2017-ലാണ് സംഭവം, നൂറുകണക്കിന് പേർക്ക് ചർമപ്രശ്നങ്ങളുണ്ടായതായി അന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
വർഷങ്ങൾക്കിപ്പുറം കേരളത്തിൽ വീണ്ടും സമാനമായ ആശങ്ക ഉയർന്നിരിക്കുകയാണ്. സോഷ്യൽ മീഡിയ പരസ്യം കണ്ട് ചർമത്തിലെ കുരുക്കളും കറുത്ത പാടുകളും മാറ്റാനായി ഒരു ഫെയർനെസ് ക്രീം ഉപയോഗിച്ച മലപ്പുറം സ്വദേശിനി വൃക്കരോഗബാധിതയായി. തനിക്കും ഇതേ പ്രശ്നം ഉണ്ടായെന്ന് തുറന്നുപറഞ്ഞ് ഗായകൻ സലിം കോടത്തൂർ രംഗത്തെത്തി. അറിഞ്ഞവരും അറിയാത്തവരുമായി ഈ ക്രീമുകൾ ഉപയോഗിച്ചവർ എത്രയായിരിക്കും. ആരാണ് ആ ക്രീം ഉപയോഗിക്കാനായി അവരെ നിർബന്ധിച്ചത്? ഉത്തരം പറയേണ്ടതില്ലല്ലോ.
ഇവിടെ ഒരു കാര്യം പ്രത്യേകം പറയണം. എല്ലാ ഫെയർനെസ് ക്രീമുകളും അപകടകാരികളല്ല. എന്നാൽ, മുൻകരുതലെടുക്കേണ്ട ചില കാര്യങ്ങളുണ്ട്. സോഷ്യൽ മീഡിയയിലൂടെ വിൽക്കുന്ന, കൃത്യമായ ചേരുവകളോ നിർമാതാവിന്റെ വിവരങ്ങളോ ലൈസൻസോ വ്യക്തമല്ലാത്ത ക്രീമുകൾ വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്. പ്രകൃതിദത്ത ചേരുവകൾ, മുത്തശ്ശിവൈദ്യം, ഓർഗാനിക് ഫോർമുല തുടങ്ങിയ വിശേഷണങ്ങൾ മാത്രം ഒരു ഉൽപന്നത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നില്ലെന്ന് ഓർക്കേണ്ടത് വാങ്ങുന്ന നമ്മളാണ്. ഏത് സൗന്ദര്യവർധക ഉൽപ്പന്നവും ഉപയോഗിക്കുന്നതിന് മുൻപ് സുരക്ഷ ഉറപ്പുവരുത്താനും ചർമപ്രശ്നങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും ഡോക്ടർമാരുടെ ഉപദേശം തേടാനും നാം ശീലിച്ചേ മതിയാകൂ.
ഇതൊക്കെ ആലോചിക്കുമ്പോൾ ഒരു ചോദ്യം ബാക്കിയാണ്. യഥാർഥത്തിൽ എന്താണ് മാറേണ്ടത്? നിയമങ്ങൾ വേണം. സുരക്ഷിതമല്ലാത്ത ഉൽപ്പന്നങ്ങൾക്കെതിരെ നടപടികൾ വേണം. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നിയന്ത്രിക്കണം. അതിനൊക്കെ ഉപരിയായി മാറേണ്ടത് നമ്മുടെ മനോഭാവമാണ്. നമ്മുടെ വീടുകളിൽ കുട്ടികളുടെ നിറം താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കണം. സ്കൂളുകളിൽ നിറത്തിന്റെ പേരിലുള്ള കളിയാക്കലുകളും വേർതിരിവുകളും ഉണ്ടാകരുത്. കഴിവിനും വ്യക്തിത്വത്തിനും പകരം നിറത്തിന് പ്രാധാന്യം നൽകുന്ന ശീലങ്ങൾ മാറണം. വൈവിധ്യമാർന്ന നിറങ്ങളെ സ്വാഭാവികമായി ഉൾക്കൊള്ളുന്ന ദൃശ്യസംസ്കാരം വളർത്തുകയും വേണം.
ലോകം മാറുന്നുണ്ട്, ഫാഷൻ ലോകത്ത് പലനിറക്കാരായ, പല ബോഡിടൈപ്പിലുള്ള ആളുകൾ മനോഹരമായി ക്യാറ്റ്വാക്ക് ചെയ്യുന്നതും കിരീടം ചൂടുന്നതും കാണുന്നുണ്ട് പുതുതലമുറ. നമ്മുടെ കെസിയ ലിസ് മെജോയെ നോക്കൂ. മിസ് യൂണിവേഴ്സ് മത്സരത്തിലെ അവസാന മുപ്പതുവരെയെത്തി ആ പത്തൊമ്പതുകാരി. അവളും തുറന്നുപറഞ്ഞിരുന്നു ചർമം ഇരുണ്ടതിനാൽ ഫിൽറ്ററിടാതെ ഫോട്ടോയെടുക്കാൻ മടിച്ചിരുന്ന ഒരു കാലത്തെക്കുറിച്ച്. ആത്മവിശ്വാസത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും അത് മറികടക്കാൻ അവർക്ക് സാധിച്ചു.
സ്വാഭാവിക നിറത്തിലും രൂപത്തിലും ആത്മവിശ്വാസത്തോടെ മുന്നോട്ടുവരുന്ന പുതിയ തലമുറയെ നമുക്ക് കാണാം. അവരിൽ മാറ്റമുണ്ട്. അവർ പഴയ സൗന്ദര്യസങ്കൽപ്പങ്ങളെ ചോദ്യം ചെയ്യുന്നുണ്ട്. പക്ഷേ, ഒരു കാര്യം മാത്രം നമ്മൾ ചെയ്യാതിരുന്നാൽ മതി. നമ്മുടെ തലമുറകളിൽനിന്ന് കൈമാറിക്കിട്ടിയ ഈ നിറത്തിന്റെ വിഷം പുതിയ തലമുറയുടെ മനസ്സിലേക്ക് വീണ്ടും കുത്തിവയ്ക്കരുത്. വെളുത്ത നിറം സൗന്ദര്യത്തിന്റെ സർട്ടിഫിക്കറ്റല്ല. കറുത്ത നിറം കുറവുമല്ല. ചർമത്തിന്റെ നിറം മാറ്റാൻ ശ്രമിക്കുന്നതിന് മുമ്പ്, നിറത്തെക്കുറിച്ചുള്ള നമ്മുടെ ചിന്തകളാണ് മാറ്റേണ്ടത്. വെളുക്കേണ്ടത് ചർമമല്ല; നമ്മുടെ കാഴ്ചപ്പാടുകളാണ്!
Published: 27 Nov 2026, 03:07 pm IST
ABOUT THE AUTHOR
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented