ജുഹൂബീച്ചില്‍ വേദനതോന്നുമ്പോഴൊക്കെ പോയിരുന്ന് കടല്‍കാറ്റേറ്റ് ആ വേദന മാറ്റിയിരുന്ന ശങ്കര്‍ദാസിനെ മലയാളികള്‍ക്കൊക്കെ സുപരിചിതമാണല്ലോ. ശ്രീനിവാസന്‍ സൃഷ്ടിച്ച് കമല്‍ സംവിധാനം ചെയ്തു മമ്മൂട്ടി ജീവന്‍ നല്‍കിയ അഴകിയ രാവണനിലെ ശങ്കര്‍ദാസ്. ആ സിനിമയുടെ വണ്‍ലൈന്‍ തന്നെ ഒരു വേദനിക്കുന്ന കോടീശ്വരന്റെ കഥ എന്നതായിരുന്നത്രേ.

To advertise here,

കോടീശ്വരന്മാര്‍ക്കും വേദനെയൊക്കെ വരും. കഴിഞ്ഞമാസം ദാവോസിലെ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന് ഒത്തുചേര്‍ന്ന ലോക കോടീശ്വരന്മാരൊക്കെ ഒന്നിച്ച് പങ്കുവെച്ച വേദന എന്താണ് എന്നുവെച്ചാല്‍ ലോകത്തെ പട്ടിണിക്കും ദാരിദ്ര്യത്തിനും കാരണക്കാര്‍ തങ്ങളാണ് എന്ന് എല്ലാവരും പറയുന്നു എന്നതാണ്. ഇവരുടെ വേദന ചില്ലറയല്ല. ഇതേച്ചൊല്ലിയുള്ള അവരുടെ സങ്കടം കണ്ടാല്‍ നമ്മുടെ ചങ്കുപറിഞ്ഞുപോകും. സത്യം. ദാവോസില്‍ ഇവരുടെ സങ്കട കോണ്‍ക്ലേവ് നടക്കുമ്പോള്‍ പുറത്ത് പ്രക്ഷോഭങ്ങളും നടക്കുന്നുണ്ടായിരുന്നു. കോടീശ്വരന്മാരെ പ്രക്ഷോഭകരും വിമര്‍ശകരും ടേക്കേഴ്സ് നോട്ട് മേക്കേഴ്സ് എന്നാണ് വിശേഷിപ്പിക്കുന്നത്. അതായത് ലോകത്തെ ആളുകളുടെ കയ്യിലുള്ളതെല്ലാം പിടിച്ചുവാങ്ങിയാണ് കോടീശ്വരന്മാര്‍ കൊഴുത്തുവീര്‍ക്കുന്നതെന്ന്. എന്താല്ലേ.

ലോകത്തെ അഞ്ച് വലിയ കോടീശ്വരന്മാരുടെ മാത്രം സ്വത്ത് കൂട്ടിനോക്കിയാല്‍ എത്രവരുമെന്ന് അറിയാമോ. 869 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍. അതായത് സുമാര്‍ 86,900 കോടി അമേരിക്കന്‍ ഡോളര്‍. ഇനി അത് ഇന്ത്യന്‍ റുപ്പിയിലാക്കി നോക്കണോ. ബോധംകെടില്ലെങ്കില്‍ പറയാം. 75,60,300 കോടി രൂപ. വായിക്കാന്‍ ബുദ്ധിമുട്ടുണ്ടോ. എങ്കില്‍ ചുരുക്കിപറയാം. വെറും 75.60 ലക്ഷം കോടിരൂപ. വെറും അഞ്ച് കോടീശ്വരന്മാരുടെ ആകെ സമ്പത്താണ് ഇത്. ആരാണ് ഈ കോടീശ്വരന്മാര്‍ എന്നറിഞ്ഞാല്‍ നമ്മുടെ കുറേശെ സൂക്കേടൊക്കെ മാറും. എലോണ്‍ മസ്‌ക്, ഫ്രാന്‍സിലെ ആഡംബര വസ്തുക്കളുടെ നിര്‍മാതാക്കളായ ബര്‍ണാള്‍ഡ് അര്‍നോള്‍ട്ട്, ആമസോണിന്റെ ജെഫ് ബെസോസ്,  ഒറാക്കിളിന്റെ ലാറി എലിസണ്‍, പിന്നെ നമ്മുടെയെല്ലാം പ്രിയപ്പെട്ട വറീത് മാപ്പിള, അതായത് വാറന്‍ ബഫറ്റ്. 

അഴകിയ രാവണനില്‍ ശങ്കര്‍ദാസ് ശ്രീനിവാസനോട് ചോദിക്കുന്നുണ്ട്. എടാ നീ പട്ടിണി കിടന്നിട്ടുണ്ടോടാ എന്ന്. തുര്‍ക്ക്മാന്‍ സ്ട്രീറ്റിലെ ഫുട്പാത്തില്‍ പട്ടിണി കിടക്കുമ്പോള്‍ ബോലേ റാമിന്റെ കടയിലെ കണ്ണാടി ഭരണിയിലെ റൊട്ടിയിലായിരുന്നു പിന്നീട് ശങ്കര്‍ദാസായ കുട്ടിശങ്കരന്റെ കണ്ണ്. ഒടുക്കം ഒരു ദിവസം ബോലേ റാമിന്റെ കണ്ണു വെട്ടിച്ച് ആ  ഭരണിയിലെ റൊട്ടിയുമെടുത്ത് ശങ്കരന്‍ തുര്‍ക്ക്മാന്‍ സ്ട്രീറ്റും കടന്ന് ഓടി. നാട്ടുകാര്‍ പിടിച്ച് തെരുവ് നായയെപ്പോലെ തല്ലിച്ചതച്ചപ്പോഴും നെഞ്ചത്തടുക്കി പിടിച്ച റൊട്ടി ശങ്കരന്‍ വിട്ടില്ല. ആഗ്രഹിച്ചതൊക്കെ നേടിയെടുക്കുമെന്ന വാശി എന്റെ രക്തത്തില്‍ അലിഞ്ഞതാണ് എന്ന് പറഞ്ഞ് ശങ്കര്‍ദാസ് ശ്രീനിവാസനെ പേടിപ്പിക്കുന്നുമുണ്ട്.

ഏതു വേദനിക്കുന്ന കോടീശ്വരനോട് ചോദിച്ചാലും പറയാന്‍ ഇത്തരത്തില്‍ ദാരിദ്ര്യം പിടിച്ച ഒരു കഥ കാണും. അതിപ്പോ കോടീശ്വരന്മാരടെന്നല്ല ഏതു സെലിബ്രിറ്റികളോട് ചോദിച്ചാലും കിട്ടും. അല്ലേ. ഉസ്താദ് ജഗന്നാഥനോട് ഒന്നുചോദിച്ചപ്പോ കിട്ടിയ കഥ കേട്ടിട്ടുണ്ടല്ലോ ആറാം തമ്പുരാന്‍ സിനിമയില്‍.

നിലാവില്‍ യമുനയുടെ കരയില്‍ നക്ഷത്രമെണ്ണിക്കിടന്നവനു ഒരു വെളിപാടുണ്ടാകുന്നു. എന്താ? ഗ്വാളിയറിലേക്കു വച്ചുപിടിക്കാന്‍. എന്തിനാ? ഹിന്ദുസ്താനി സംഗീതം പഠിക്കണം. ഗ്വാളിയര്‍ ഘരാനാ മാജിക് പീക്കോക്കിനെ കുറിച്ചറിയാന്‍ ചെന്നുപെട്ടത് ഒരു പഴയ സിംഹത്തിന്റെ മടയില്‍. ഉസ്താദ് ബാദുഷാ ഖാന്‍. മൂപ്പരു നല്ല ഫിറ്റാ. എന്താ സംഭവം? നല്ല എ ക്ലാസ്സ് ഭാംഗ്. ആവശ്യം അറിയിച്ചു. ദക്ഷിണ വയ്ക്കാന്‍ പറഞ്ഞു. ഊരുതെണ്ടിയുടെ ഓട്ടക്കീശയില്‍ എന്താ ഉള്ളത്? ഒന്നുമില്ല. സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച അമ്മയെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ദര്‍ബാര്‍ രാഗത്തില്‍ ഒരു സാധനങ്ങട് അലക്കി. പാടി മുഴുവിക്കാന്‍ വിട്ടില്ല. ഇങ്ങനങ്ങോട്ട് ചേര്‍ത്തങ്ങട് പിടിച്ചു. ഉസ്താദ് ഫ്ളാറ്റ്. സഫറോന്‍ കി സിന്ദഗീ ജോ കഭി നഹി ഖതം ഹോ ജാത്തി ഹേ. ശംഭോ മഹാദേവാ.

വേദനിക്കുന്ന ലോകകോടീശ്വരന്മാര്‍ വെറുതെ ഇങ്ങനെ സമ്പത്ത് അടക്കിപ്പിടിച്ചിരിക്കുന്നവര്‍ മാത്രമല്ല. ഈ ലോകത്തെ ഏറ്റവും വലിയ പുണ്യപ്രവര്‍ത്തി എന്താണ്. ഒരാള്‍ക്ക് തൊഴില്‍ കൊടുക്കുക എന്നതാണ് ആ പുണ്യപ്രവര്‍ത്തി എന്ന് ഞാന്‍ പറയും. 1.30 ലക്ഷം പേരാണ് മസ്‌കിന്റെ കമ്പനിയില്‍ ജോലിചെയ്യുന്നത്. വാറന്‍ ബഫറ്റിന്റെ സ്ഥാപനങ്ങളില്‍ നാലുലക്ഷത്തോളം പേര്‍. ഒറാക്കിളില്‍ 1.62 ലക്ഷം പേര്‍. ആമസോണില്‍ 16 ലക്ഷത്തോളം പേര്‍.

നമ്മുടെ കൂടെ എത്രപേര്‍ ജോലിചെയ്യുന്നുണ്ട്. അതിന് നമ്മള്‍ കോടീശ്വരന്മാര്‍ ആല്ലല്ലോ എന്നായിരിക്കുമല്ലോ ഉത്തരം. നമ്മള്‍ക്ക് കാശുകിട്ടിയാലും ശീലം മാറില്ല. നമുക്ക് എല്ലാം ചെയ്താണല്ലോ ശീലം. അത് മാറ്റി ചെയ്യിച്ച് ശീലിച്ചാലേ ഇക്കണോമിക് ആക്ടിവിറ്റി നടക്കൂ. പണത്തിന്റെ ചെയ്ന്‍ റിയാക്ഷന്‍ നടക്കൂ. രാവിലെ ഓഫീസിലേക്ക് പോകുമ്പോള്‍ ഷൂ പോളിഷ് ചെയ്തുകൊടുക്കാന്‍ ഒരാളെ കൂലിക്ക് വെച്ചാല്‍ നമുക്ക് അസ്വസ്ഥതയാണ്. പണത്തിന്റെ ഹുങ്ക് എന്ന് പറയും. അയലത്തെ ചേച്ചി ഓഫീസിലേക്ക് പോകാന്‍ കാറിന് ഒരു ഡ്രൈവറെ വെച്ചാലും നമ്മള്‍ പറയും കാശ് കൂടിയതിന്റെ നെഗളിപ്പ് എന്ന്. അവരുടെ കയ്യില്‍ പണമുണ്ട്. അതുകൊണ്ട് അവര്‍ ആളുകള്‍ക്ക് തൊഴില്‍ കിട്ടുന്നു. ഷൂ പോളിഷ് ചെയ്യാന്‍ ഓരാളെ വെച്ചപ്പോഴും ഒരു ഡ്രൈവറെ വെച്ചപ്പോഴും ഓരോ തൊഴില്‍ പുതുതായി സൃഷ്ടിക്കപ്പെടുകയായിരുന്നു. അതിലൂടെ രണ്ട് കുടംബങ്ങളിലെ ദാരിദ്ര്യമാണ് മാറിയത്.

ചില മേഖലയില്‍ ആളുകള്‍ക്ക് ജോലി കിട്ടുമ്പോള്‍ അവര്‍ കൂടുതല്‍ പേര്‍ക്ക് ജോലികൊടുക്കുന്ന മള്‍ട്ടിപ്ലെയിംഗ് എഫക്ട് ഉണ്ടാകാറുണ്ട്. ഐറ്റി മേഖലയില്‍ ഒരാള്‍ക്ക് ജോലി കിട്ടുമ്പോള്‍ അയാള്‍ മൂന്നുപേര്‍ക്ക് നേരിട്ടും അഞ്ചു പേര്‍ക്ക് പരോക്ഷമായും ജോലി സാധ്യത ഉണ്ടാക്കുന്നു എന്നാണ് കണക്ക്. ഐറ്റി ജോബില്‍ വലിയ തുക ശമ്പളമായി ലഭിക്കുമ്പോള്‍ അയാളുടെയും കുടുംബത്തിന്റെയും ജീവിത ശൈലിമാറുന്നു. വീട്ടുജോലിക്കും പുറമ്പണിക്കും മാതാപിതാക്കളെ നോക്കാനും ഒക്കെ അവര്‍ ആളെ വയ്ക്കും. യഥാര്‍ത്ഥത്തില്‍ ഈ ലോകത്ത് സമ്പത്ത് സൃഷ്ടിക്കുന്നത് വേദനിക്കുന്ന കോടീശ്വരന്മാരാണ്. അതേപോലെ മറ്റുള്ളവര്‍ക്ക് കോടീശ്വരന്മാരാകാനുള്ള തൊഴില്‍ സൃഷ്ടിക്കുന്നതും ഈ കോടീശ്വരന്മാര്‍തന്നെ.

ഈറ്റ് ദി റിച്ച്, ടാക്സ് ദി റിച്ച് എന്നൊക്കെയുള്ള മുദ്രാവാക്യങ്ങള്‍ ഇപ്പോള്‍ പണ്ടെത്തേതിനേക്കാള്‍ ശക്തമായി ഉയരുകയാണ് ലോകമെങ്ങും. വേദനിക്കുന്ന കോടീശ്വരന്മാരുടെ വേദന ഇനിയും കൂടും എന്നു ചുരുക്കം. തുര്‍ക്ക്മാന്‍ സ്ട്രീറ്റില്‍ നിന്ന് റൊട്ടിക്കഷണവുമായി ഓടിയ കുട്ടിശങ്കരന്‍ ശങ്കര്‍ദാസായി മാറിയതുപോലെ ഓട്ടക്കീശയുമായി നടന്ന ഊരുതെണ്ടി ധാരാവിയെ വിറപ്പിച്ച വലിയ ദാദയായി മാറിയതുപോലെ ദാരിദ്ര്യത്തില്‍ നിന്ന് സമ്പത്തിലേക്ക് വളരുന്നവുരടെ എണ്ണവും കൂടിക്കൊണ്ടിരിക്കുകയാണ്. അവര്‍ ടേക്കേഴ്സ് ആണോ മേക്കേഴ്സ് ആണോ എന്ന് കാലം തെളിയിക്കും. അതുവരെ കൊടീശ്വരന്മാരുടെ വേദനിക്കുന്ന ഹൃദയം കൂടുതല്‍ വേദനിച്ചുകൊണ്ടേയിരിക്കും.