അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും കിട്ടിയ തിരിച്ചടി പോലൊന്ന് ഇന്ത്യയിലും സംഭവിക്കുമോ എന്ന ചോദ്യം ഉയരുന്നത് മുഖ്യമായും മൂന്ന് മാസങ്ങൾക്കപ്പുറം 2027 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ്. ഗോവയും മണിപ്പൂരും ഉത്തരാഖണ്ഡും പഞ്ചാബും ഇതേസമയത്ത് നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് വേദിയാകുമെങ്കിലും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവിയിലേക്കുള്ള ഏറ്റവും വലിയ സൂചകങ്ങൾ വരിക യുപിയിൽനിന്ന് ആയിരിക്കും. 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി നാലാം വട്ടവും അധികാരം നിലനിർത്തുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം യുപി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കും.

To advertise here,

ഡൽഹിയിലെ അധികാരക്കസേരയിലേക്കുള്ള വഴി യുപിയിലൂടെയാണെന്ന് പറയുന്നത് വെറുതെയല്ല. പാർലമെന്റിൽ ഏറ്റവും കൂടുതൽ എംപിമാർ വരുന്നത് യുപിയിൽനിന്നാണ്. ലോക്സഭയിലെ 543 സീറ്റിൽ 80, രാജ്യസഭയിൽ 245 സീറ്റിൽ 31 എണ്ണവും യുപിയിൽനിന്നാണ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി കേവലഭൂരിപക്ഷം നേടാതെ പോയതിന്റെ മുഖ്യ കാരണം യുപിയിലെ തകർച്ചയായിരുന്നു. ഇന്ന് അമേരിക്കൻ പ്രസിഡന്റാണ് വീഴുന്നതെങ്കിൽ നാളെ അത് താമരയായിരിക്കും (Today POTUS Tomorrow LOTUS) എന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക കക്കർ പറഞ്ഞത് യുപി നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കൂടി വിരൽചൂണ്ടിക്കൊണ്ടാണ്. അമേരിക്കൻ പ്രസിഡന്റുമാർ വരികയും പോവുകയും ചെയ്യും എന്നാൽ, താമര ഇവിടെ എന്നുമുണ്ടാകും എന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

യോഗിയുടെ വരവ്

2017-ൽ യുപിയിലെ 403 നിയമസഭാ സീറ്റുകളിൽ 312 എണ്ണം പിടിച്ചുകൊണ്ട് ബിജെപി തകർപ്പൻ മുന്നേറ്റം നടത്തിയപ്പോൾ ആ വിജയത്തിന്റെ ബഹുമതി അത്രയും പ്രധാനമന്ത്രി നരേന്ദ്ര മോദിയിലേക്കും അന്നത്തെ ബിജെപി പ്രസിഡന്റ് അമിത് ഷായിലേക്കുമാണ് പോയത്. ഗാരഖ്പുർ എംപിയായിരുന്ന യോഗി ആദിത്യ നാഥിനെ മുഖ്യമന്ത്രിയാക്കിക്കൊണ്ട് അന്ന് ആർഎസ്എസും ബിജെപിയും നടത്തിയ നീക്കം രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു. ഒരു മഠാധിപതിയെ സുപ്രധാനമായ ഭരണഘടനാ പദവിയിലേക്ക് കൊണ്ടുവന്നതിലൂടെ ഇന്ത്യൻ ഭരണഘടനയുടെ അന്തഃസത്ത അട്ടിമിറിക്കുകയാണ് ബിജെപി ചെയ്തതെന്നായിരുന്നു പ്രഗത്ഭ നിയമജ്ഞനും ഭരണഘടനാ വിദഗ്ദ്ധനുമായിരുന്ന ഫലി എസ്. നരിമാന്റെ നിരീക്ഷണം.

1998-ൽ ഗൊരഖ്പുരിൽനിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോൾ യോഗി ആദിത്യനാഥിന് 26 വയസ്സായിരുന്നു പ്രായം. ഗൊരഖ്നാഥ് മഠത്തിൽ യോഗിക്ക് മുമ്പ് മുഖ്യപുരോഹിതരായിരുന്ന മഹന്ത് അവൈദ്യയും മഹന്ത് ദിഗ്വിജയ്നാഥും ഇതേ മണ്ഡലത്തിൽനിന്ന് ലോക്സഭയിലെത്തിയിട്ടുണ്ട്.

നൂറ്റാണ്ടുകളുടെ ചരിത്രമുള്ള മഠമാണ് ഗൊരഖ്പുരിലേത്. പതിനൊന്നാം നൂറ്റാണ്ടിൽ ഗൊരഖ്നാഥ് എന്ന സന്യാസിയാണ് ഗൊരഖ്പൂരിലെ മഠത്തിന് രൂപം നൽകിയതെന്നാണ് പറയപ്പെടുന്നത്. മത്സ്യേന്ദ്രനാഥ് ആയിരുന്നു ഗൊരഖ്നാഥിന്റെ ഗുരു. ഗൊരഖ്നാഥ് പീഠം ജാതിക്കും മതത്തിനും അതീതമായി നിലകൊണ്ടിരുന്ന ഹിന്ദു വിഭാഗമായിരുന്നു എന്നതിന് വ്യക്തമായ സൂചനകളും തെളിവുകളുമുണ്ട്.

 

ഗൊരഖ്നാഥും സൂഫിസവും

 

സൂഫിസം ഗൊരഖ്നാഥ് മഠാധിപതികളുടെ ചിന്തയേയയും പ്രവൃത്തികളേയും കാര്യമായി സ്വാധിനിച്ചിരുന്നു. കബീറിന്റെ ശ്ലോകങ്ങൾ ഗൊരഖ്നാഥ് ക്ഷേത്രത്തിന്റെ ചുവരുകളിൽ ഇടംപിടിച്ചിരുന്നു. ഗൊരഖ്നാഥിലും പരിസരങ്ങളിലും മുസ്ലിം യോഗികളുടെ എണ്ണം കുറവായിരുന്നില്ല. ഗൊരഖ്പുരിലെ മുസ്ലിം യോഗികളെക്കുറിച്ചുള്ള ലേഖനത്തിൽ മാദ്ധ്യമപ്രവർത്തകൻ മനോജ് സിങ് ഇത്തരത്തിലുള്ള ചില യോഗികളുമായുള്ള സംഭാഷണങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. അതിൽ ഒരു മുസ്ലിം യോഗിയുടെ വാക്കുകൾ ശ്രദ്ധേയമാണ്:

''ഞങ്ങളുടെ വീടുകളിൽ ഖുർആനും രാമായണവും അടുത്തടുത്താണ് സൂക്ഷിച്ചിട്ടുള്ളത്. ഗൊരഖ്നാഥിന്റെയും അദ്ദേഹത്തിന്റെ ശിഷ്യരായ ഗോപിചന്ദിന്റെയും ഭർതൃഹരിയുടെയും കഥകളാണ് ഞങ്ങൾ പാടി നടക്കുന്നത്. നേരത്തെ ഞങ്ങൾ യോഗികൾ മാത്രമായിരുന്നു. ആരും ഞങ്ങളുടെ മതം അന്വേഷിച്ചിരുന്നില്ല. പക്ഷേ, ഇപ്പോൾ കാലം വല്ലാതെ മോശമായിരിക്കുന്നു. ആളുകൾ ആദ്യം ചോദിക്കുന്നത് ഞങ്ങളുടെ മതമാണ്.''

 

ഗൊരഖ്നാഥ് മഠാധിപതിയായിരുന്ന മഹന്ത് ദിഗ്വിജയ്നാഥ് 1937-ൽ ഹിന്ദു മഹാസഭയയിൽ ചേരുന്നതോടെയാണ് ഗൊരഖ്നാഥ് മഠത്തിന്റെ സ്വഭാവ ഘടനയ്ക്ക് മാറ്റം വരുന്നത്. 1949-ൽ ബാബറി മസ്ജിദിൽ രാമശില സ്ഥാപിക്കാൻ നേതൃത്വം നൽകിയവരിൽ ദിഗ്വിജയ്നാഥുമുണ്ടായിരുന്നു. ദിഗ്വിജയിന്റെ ശിഷ്യൻ മഹന്ത് അവൈദ്യയുടെ നേതൃത്വത്തിൽ ഗൊരഖ്നാഥ് മഠം ഒന്നുകൂടി വലത്തേക്ക് ചാഞ്ഞു. മഹന്ത് അവൈദ്യയാണ് യോഗിയെ മഠത്തിന്റെ അധിപനായി അവരോധിച്ചത്. ഇന്ത്യയുടെ ഹൃദയഭൂമിയിൽ ഹിന്ദുത്വയുടെ ഏറ്റവും ശക്തനായ വക്താവും പ്രചാരകനുമായി യോഗി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

 

ഗൊരഖ്പൂരിൽ യോഗി ഒരാളല്ല, ഒരു പ്രസ്ഥാനമാണ്. 2002-ലെ തിരഞ്ഞെടുപ്പിൽ യോഗി ബിജെപി നേതൃത്വവുമായി രസത്തിലായിരുന്നില്ല. അന്ന് ഗൊരഖ്പൂരിലും പരിസരങ്ങളിലും യോഗിയുടെ നീരസത്തിന്റെ ചൂട് ബിജെപി അറിഞ്ഞു. യോഗിയുടെ പിന്തുണയോടെ മത്സരിച്ച രാധാ മോഹൻ അഗർവാൾ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ യോഗി പിന്തുണയ്ക്കാതിരുന്ന പല ബിജെപി സ്്ഥാനാർത്ഥികളും പരാജിതരായി. സാധാരണഗതിയിൽ ഇത്തരത്തിലുള്ള അച്ചടക്കലംഘനങ്ങൾ ബിജെപി വെച്ചുപൊറുപ്പിക്കുന്നതല്ല. പക്ഷേ, യോഗി എന്ന ഗൊരഖ്നാഥ് മഠാധിപതിയോട് ഉടക്കിയാൽ പണിപാളുമെന്ന് ബിജെപി നേതൃത്വത്തിന് ആരും പറഞ്ഞുകൊടുക്കേണ്ടിയിരുന്നില്ല. യോഗി മുഖ്യമന്ത്രിയായതിനെത്തുടർന്ന് 2018-ൽ ഗൊരഖ്പൂർ ലോക്സഭ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി നിലംപരിശായതും ഇതോടൊപ്പം ചേർത്തുവായിക്കണം. അന്ന് യോഗി നിർദ്ദേശിച്ച ആളെയല്ല ബിജെപി അവിടെ സ്ഥാനാർത്ഥിയാക്കിയത്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് യോഗിയും കേന്ദ്ര നേതൃത്വവുമായി ഭിന്നതയുണ്ടായിരുന്നു എന്നതും മറക്കരുത്.

 

കോൺഗ്രസും യുപിയും

 

കൊറോണയും കർഷകസമരവും ഉയർത്തിയ വെല്ലുവിളികൾ അതിജീവിച്ചുകൊണ്ടാണ് 2022-ൽ യോഗി യുപിയിൽ ഭരണം നിലനിർത്തിയത്. 2017-നു ശേഷമിങ്ങോട്ട് യുപിയിൽ ബിജെപിക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം കൂടിയിട്ടില്ല എന്ന യാഥാർത്ഥ്യം യോഗിക്ക് മുന്നിലുണ്ട്. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 71 സീറ്റുകൾ ബിജെപി പിടിച്ചെങ്കിൽ 2019-ൽ അത് 62 ആയി കുറഞ്ഞു. 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 255 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 33 ഇടങ്ങളിലേ ബിജെപിക്ക് ജയിക്കാനായുള്ളു. ഈ ട്രെൻഡ് തടയാൻ യോഗിക്കാവുമോ എന്ന ചോദ്യവുമായാണ് ബിജെപി ഇപ്പോൾ മുഖാമുഖം നിൽക്കുന്നത്.

ഇന്ത്യൻ രാഷ്ട്രീയത്തിൽ യുപിയുടെ പ്രാധാന്യം എന്താണെന്ന് കോൺഗ്രസിന് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. ഈ നവംബർ 16-ന് ഡൽഹിയിൽ സോണിയ ഗാന്ധിയുടെ ആത്മകഥാ പ്രകാശന ചടങ്ങിൽ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ ഇരിപ്പിടം സോണിയ ഗാന്ധിക്ക് തൊട്ടടുത്തായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്പി- കോൺഗ്രസ് സഖ്യം വൻവിജയമാണ് കൈവരിച്ചത്.

ഇക്കുറി നിയമസഭയിലേക്ക് 181 സീറ്റുകൾ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകൾ ഒരു വിലപേശൽ തന്ത്രമായിട്ടേ കാണേണ്ടതുള്ളു. യുപിയിൽ കോൺഗ്രസിന്റെ സ്‌ട്രൈക്കിങ് റേറ്റ് എന്താണെന്ന് രാഹുൽ ഗാന്ധിക്കും കൂട്ടർക്കും നന്നായി അറിയാം. അതുകൊണ്ടുതന്നെ എസ്പിയുമായുള്ള കൂട്ടുകെട്ട് നിലനിർത്തുന്നതിന് എന്ത് വിലയും കൊടുക്കാൻ കോൺഗ്രസ് തയ്യാറാവും.

അഖിലേഷിന്റെ സമവാക്യം

യോഗിയുടെ തട്ടകമായ ഗൊരഖ്പുരിൽ കഴിഞ്ഞ ദിവസം വൻറാലി സംഘടിപ്പിച്ചുകൊണ്ടാണ് അഖിലേഷ് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള യാത്രയ്ക്ക് ഗതിവേഗം നൽകിയിരിക്കുന്നത്. പിന്നോക്ക വർഗ്ഗക്കാരും ദളിതരും ന്യൂനപക്ഷങ്ങളും ചേർന്ന പിഡിഎ സമവാക്യമാണ് അഖിലേഷിനെ മുന്നോട്ട് വെയ്ക്കുന്നത്. യോഗിയുടെയും ബിജെപിയുടെയും ഹിന്ദുത്വയ്ക്ക് എസ്പിയും കോൺഗ്രസും നൽകുന്ന ബദലാണിത്.

ഈ സമവാക്യം ഏറ്റെടുക്കാൻ അസദുദ്ദിൻ ഒവൈസിക്കും ചന്ദ്രശേഖർ ആസാദിനും താൽപര്യമുണ്ട്. ആസാദിനെ ഉൾക്കൊള്ളാൻ കോൺഗ്രസിനും എസ്പിക്കും പ്രയാസമുണ്ടാവില്ല. എന്നാൽ, ഒവൈസി നേട്ടമാവുമോ ബാദ്ധ്യതയാവുമോ എന്ന കാര്യത്തിൽ ഇരു പാർട്ടികൾക്കും സംശയമുണ്ട്.

യുപിയിൽ പത്ത് ശതമാനം വരുന്ന ബ്രാഹ്‌മണസമൂഹത്തെ കൂടെ നിർത്തുന്നതിനും അഖിലേഷ് ശ്രമിക്കുന്നുണ്ട്. 2012-ൽ യുപി പിടിക്കാൻ ഈ സമുദായത്തിൽനിന്നുണ്ടായ പിന്തുണ നിർണ്ണായകമായിരുന്നുവെന്ന് അഖിലേഷിനറിയാം. 2007-ൽ മായാവതിക്കും 2017-ലും 22-ലും യോഗിക്കുമൊപ്പമാണ് ഇവർ നിലയുറപ്പിച്ചത്്.

 

മായാവതിയുടെ തകർച്ച

 

മായാവതിയുടെ തകർച്ചയാണ് യുപി അടുത്തിടെ കണ്ട രാഷ്ട്രീയ ദുരന്തം. 2007-ൽ 30.6% വോട്ടും 206 സീറ്റുമായി യുപിയിൽ ഭരണം പിടിച്ച പാർട്ടിയാണ് ബിഎസ്പി. 2012-ൽ അത് 25.9% വോട്ടും 80 സീറ്റുമായി കുറഞ്ഞു. 2017-ൽ 22.2% വോട്ടിലേക്കും 19 സീറ്റിലേക്കും ചുരുങ്ങിയപ്പോൾ 2022-ൽ 12.9% വോട്ടും ഒരൊറ്റ സീറ്റുമായി ബിഎസ്പിയുടെ തകർച്ച രൂക്ഷമായി. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒമ്പത് ശതമാനം വോട്ട് മാത്രം നേടാനേ ബിഎസ്പിക്ക് കഴിഞ്ഞുള്ളു. 79 സീറ്റിൽ മത്സരിച്ച ബിഎസ്പിക്ക് ഒരിടത്ത് പോലും ജയിക്കാനുമായില്ല.

ഉറച്ച വോട്ട് ബാങ്കെന്നു കരുതപ്പെട്ടിരുന്ന ജാതവരുടെ ഇടയിൽ വേരോട്ടം കുറയുന്നതാണ് ബിഎസ്പിയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടുന്നത്. ഏറ്റവും അവസാനം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ജാതവ സമൂഹത്തിൽനിന്ന് 44% പേരുടെ പിന്തുണ മാത്രമേ മായാവതിയുടെ പാർട്ടിക്ക് ലഭിച്ചുള്ളു.

അവസരവാദപരമായ നിലപാടുകളും അഴിമതിയുടെ കനത്ത നിഴലുമാണ് മായാവതിയെ യുപി രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തി അല്ലാതാക്കിയിരിക്കുന്നത്. മായാവതിയുടെ വോട്ട് ബാങ്ക് അതിസമർത്ഥമായി ചോർത്താനായി എന്നതായിരുന്നു കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ബിജെപിയെ തുണച്ചത്.

 

ഗുജറാത്തിന്റെ നിഴൽ

 

യുപി മറ്റൊരു ഗുജറാത്താക്കുക എന്നത് സംഘപരിവാറിന്റെ എക്കാലത്തേയും സ്വപ്നമാണ്. ഹിന്ദുത്വയുടെ ഉറച്ച കോട്ടയായി ഗുജറാത്തിനെ മാറ്റിയെടുത്തത് സ്വതന്ത്ര ഇന്ത്യയിൽ സംഘപരിവാറിന്റെ വൻ നേട്ടമായിരുന്നു. യുപിയിലും ഇതാവർത്തിക്കാനായാൽ അത് ബിജെപിക്ക് നൽകുന്ന രാഷ്ട്രീയ മൈലേജ് ചില്ലറയാവില്ല. ഗുജറാത്തിൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായതിനു ശേഷം ഒരു പുതിയ മദ്ധ്യവർഗ്ഗം ഉടലെടുത്തിരുന്നു. ഹിന്ദുത്വയുടെ മൂശയിൽ വാർത്തെടുത്ത ഈ മദ്ധ്യവർഗ്ഗമാണ് ഗുജറാത്തിൽ ബിജെപിയുടെ അധികാരത്തുടർച്ച സാദ്ധ്യമാക്കിയ നിർണ്ണായക ഘടകം. ഇങ്ങനെയാരു മദ്ധ്യവർഗ്ഗം നിലവിൽ യുപിയിൽ ഇല്ല.

മണ്ഡൽ രാഷ്ട്രീയത്തിന്റെ ചൂടും ചൂരും അനുഭവിച്ചിട്ടുള്ളവരാണ് യുപിയിലെ വലിയൊരു വിഭാഗം വോട്ടർമാർ. മുസ്ലിങ്ങൾ ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളെ ലക്ഷ്യമിട്ട് വി.പി. സിങ് സർക്കാർ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയ പശ്ചാത്തലത്തിലാണ് 1990-ൽ എൽ.കെ. അദ്വാനി രാമജന്മഭൂമിയിലേക്ക് രഥയാത്ര നടത്തിയത്.

ജാതിയുടെ ഉൾപ്പിരിവുകൾ ഹിന്ദുത്വയുടെ വിശാലകുടക്കീഴിൽ മറയ്ക്കാനുള്ള നീക്കത്തിൽ ബിജെപി വിജയിച്ചതിന്റെ തെളിവായിരുന്നു 2017-ലെ തിരഞ്ഞെടുപ്പ് ഫലം. പക്ഷേ, പത്ത് വർഷങ്ങൾക്കിപ്പുറത്ത് പിന്നാക്ക സമുദായങ്ങളിൽ അസ്വസ്ഥതയും പ്രതിഷേധവും ഉടലെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രജപുത്രരുടെയും ബ്രാഹ്‌മണരുടെയും അധീശത്വത്തിൽനിന്ന് കുതറി മാറാനുള്ള പിന്നാക്കക്കാരുടെ ശ്രമം കൂടിയാണ് 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്വപ്നങ്ങൾ തകർത്തത്.

 

എസ്ഐആറിനെതിരെ

 

വികസനവും ക്രമസമാധാന പരിപാലനത്തിലെ മികവും ഉയർത്തിപ്പിടിക്കുമ്പോഴും ബിജെപിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളിൽ സുപ്രധാന സ്ഥാനത്ത് വരുന്നത് ഹിന്ദുത്വ തന്നെയാണെന്നതിനുള്ള തെളിവാണ് മഥുരയിലെ കൃഷ്ണ ക്ഷേത്രത്തിനായുള്ള പോർവിളി. രാമ ജന്മഭൂമി നൽകിയ രാഷ്ട്രീയ ഉണർവ്വ് കൃഷ്ണ ജന്മഭൂമിയും നൽകുമെന്ന വിശ്വാസമാണിത്. എന്തിനുമേതിനുമുള്ള പ്രതിവിധി വർഗ്ഗീയതയാണെന്ന ഈ വിശ്വാസത്തിന്റെ പുറത്താണ് 2022-ൽ തിരഞ്ഞെടുപ്പ് പോരാട്ടം 80 ശതമാനവും 20 ശതമാനവും തമ്മിലാണെന്ന് യോഗി പ്രഖ്യാപിച്ചത്.

വിഘടിച്ചു നിന്നാൽ തകരുമെന്ന് കഴിഞ്ഞ ദിവസം യോഗി ആവർത്തിച്ചതും ഇതേ കാഴ്ചപ്പാടിന്റെ പുറത്താണ്. സാരംഗിയിൽ രാമായണം പാടി നടക്കുന്ന മുസ്ലിം യോഗികൾ യുപിയിൽ പഴങ്കഥയായതിന് പിന്നിൽ ഈ ദർശനത്തിന്റെ പ്രയോഗമുണ്ടായിരുന്നു.

യുപിയിൽ ബിജെപി നേരിടുന്ന അരക്ഷിതാവസ്ഥയുടെ തെളിവായാണ് പ്രതിപക്ഷ പാർട്ടികൾ ഈ സമീപനത്തെ കാണുന്നത്. എസ്ഐആറിൽ യുപിയിൽ 1.2 കോടി ഹിന്ദു വോട്ടുകൾ ഇല്ലാതായെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന മുൻകൂർ ജാമ്യമാണെന്നാണ് എസ്പി വൃത്തങ്ങൾ പ്രതികരിച്ചത്. എസ്ഐആറിൽ പ്രശ്നമൊന്നുമില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെ പരസ്യമായി തള്ളിപ്പറയുന്ന യോഗിയുടെ ഈ നീക്കം ബിജെപിക്കുള്ളിൽതന്നെ വലിയ അനുരണനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. 1.2 കോടി ഹിന്ദു വോട്ടുകൾ ഇല്ലാതായതിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ യോഗി തയ്യാറായിട്ടില്ല.

സിജെപിയുടെ പ്രസക്തി

2029-ൽ മോദി തന്നെയായിരിക്കും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്ന് അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. 2034-ൽ മോദിക്ക് 84 വയസ്സാവും. എട്ട് വർഷത്തിനപ്പുറമുള്ള തിരഞ്ഞെടുപ്പിൽ മോദിയുടെ പിൻഗാമിയാവുക അമിത് ഷാ ആയിരിക്കുമോ യോഗി ആയിരിക്കുമോ എന്ന ചോദ്യവും യുപി തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. യോഗിയെ ഒന്ന് ദുർബ്ബലപ്പെടുത്തേണ്ടതുണ്ടെന്ന് അമിത് ഷായുടെ ക്യാമ്പ് നിശ്ചയിച്ചുറപ്പിച്ചാൽ അതിന്റെ പ്രത്യാഘാതം തീർച്ചയായും യുപി നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടാവും. ഈ ഒരു സന്ദേഹത്തിന്റെ പരിസരത്തിലാണ് യോഗി എസ്ഐആറിലെ വീഴ്ചയെക്കുറിച്ച് പറയുന്നതെന്ന നിരീക്ഷണം അങ്ങിനെയങ്ങ് തള്ളിക്കളയാനാവില്ല. സംഘപരിവാറിന്റെ ഹിന്ദുത്വ പദ്ധതിയിൽ യുപിക്കുള്ള പ്രാധാന്യം അനന്യമാണ്. യോഗിയെ പിണക്കിക്കൊണ്ടുള്ള ഒരു പരീക്ഷണത്തിന് മോദിക്കും താൽപര്യമുണ്ടാവില്ല. അതുകൊണ്ടുതന്നെ കൈവിട്ടൊരു കളിയും അവിടെ വേണ്ടെന്ന നിലപാട് ആർഎസ്എസ് കർശനമാക്കിയാൽ അമിത് ഷായ്ക്ക് അയയേണ്ടി വരും.

കർഷക സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു 2022-ലെ യുപി തിരഞ്ഞെടുപ്പ്. ഏറെ ആവേശത്തോടെ മോദി സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾ പിൻവലിച്ചതിനുള്ള ഒരു കാരണം യുപി തിരഞ്ഞെടുപ്പാണെന്ന വിലയിരുത്തലുണ്ടായിരുന്നു. കർഷകരെ സമാശ്വസിപ്പിച്ചില്ലെങ്കിൽ യുപി നഷ്ടപ്പെട്ടേക്കുമെന്ന ബിജെപിയുടെ പേടി അതിന് പിന്നിലുണ്ടായിരുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. ഇന്നിപ്പോൾ സിജെപിയുടെ നേതൃത്വത്തിലുള്ള യുവജന പ്രക്ഷോഭത്തിന്റെ വേലിയേറ്റത്തിലാണ് യുപി തിരഞ്ഞെടുപ്പ് വരുന്നത്.

ഇനിയും ഒരു രാഷ്ട്രീയ പാർട്ടിയായി സിജെപി മാറിയിട്ടില്ലെങ്കിലും യുപി തിരഞ്ഞെടുപ്പിൽ അവരുടെ നിലപാട് നിർണ്ണായകമായേക്കും. എസ്പി നേതാവ് അഖിലേഷ് യാദവുമായി സിജെപി നേതാക്കൾക്ക് നല്ല സൗഹൃദമുണ്ട്. സിജെപി നേതാവ് അശുതോഷ് റാങ്കെയും അഖിലേഷ് യാദവുമായി നടന്ന കൂടിക്കാഴ്ച ശ്രദ്ധേയമായിരുന്നു. ഹിന്ദുത്വ പദ്ധതിക്ക് പുറത്ത് നിൽക്കുന്ന യുവാക്കൾ എസ്പി- സിജെപി- കോൺഗ്രസ് കൂട്ടുകെട്ടിനെ ആലിംഗനം ചെയ്താൽ അതിനെ എങ്ങിനെ നേരിടുമെന്നത് യോഗിക്കും കൂട്ടർക്കും കനത്ത വെല്ലുവിളിയാവും. അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ടുയർന്നിട്ടുള്ള ധനാപഹരണ കേസുകൾ ഉയർത്തുന്ന വെല്ലുവിളിയും കാണാതിരിക്കാനാവില്ല.

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിന് ഏറ്റവും വലിയ തിരിച്ചടിയുണ്ടായത് ടെക്സാസിലും കാലിഫോർണിയയിലുമാണ്. മോദിയുടെ ടെക്സാസ് ആയി യുപി മാറുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. ടെക്സാസ് പൊതുവെ മോദിക്ക് സുഖകരമായ വാർത്തയല്ല. 2020-ൽ ടെക്സാസിലാണ് ഈ വട്ടവും ട്രംപ് സർക്കാർ എന്ന മുദ്രാവാക്യം മോദി ഉയർത്തിയത്. ജോ ബൈഡനോട് ട്രംപ് തോറ്റതോടെ ആ മുദ്രാവാക്യം അനാഥമാവുകയും മോദിയും ബൈഡൻ സർക്കാരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴുകയും ചെയ്തു.

ടെക്്സാസും കാലിഫോർണിയയും ഒന്നിച്ചൊരു സംസ്ഥാനമാവുന്നതിന് സമാനമാണ് യുപി എന്നാണ് വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗത്ത് ഏഷ്യ സെന്റർ ഡയറക്ടർ ഇർഫാൻ നൂറുദ്ദിൻ 2022-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ വാൾസ്ട്രീറ്റ് ജേണൽ പ്രതിനിധികളോട് പ്രതികരിച്ചത്. ട്രംപ് നേരിടുന്നതിന് സമാനമായ പ്രതിച്ഛായാ പ്രതിസന്ധി നരേന്ദ്ര മോദിയും നേരിടുന്നുണ്ടെന്ന വിലയിരുത്തൽ ഉയരവെയാണ് യുപി തിരഞ്ഞെടുപ്പ് വരുന്നത്. ഈ പ്രതിസന്ധിയിൽനിന്നു മോദിയെയും ബിജെപിയെയും രക്ഷിക്കാൻ യോഗി ആദിത്യനാഥിനെക്കൊണ്ടാവുമോ എന്ന ചോദ്യത്തിനുള്ള ഉത്തരത്തിന് എന്തായാലും ഇനി ഏതാനും മാസങ്ങളുടെ കാത്തിരിപ്പേ ബാക്കിയുള്ളു.

വഴിയിൽ കേട്ടത്: ബിജെപിയിൽ പോയത് തെറ്റായിപ്പോയെന്ന് പദ്മജ വേണുഗോപാൽ. തെറ്റ് ചെയ്യാനുള്ള അടുത്ത പാർട്ടിയുടെ പേര് കോൺഗ്രസ് എന്നാണോ!