വ്യക്തികൾക്കെന്നപോലെ സംഘടനകൾക്കും പ്രസ്ഥാനങ്ങൾക്കും അവയുടേതായ ഓർമ്മകളുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ രാഷ്ട്രീയ പ്രസ്ഥാനമന്നെ നിലയിൽ കോൺസ്രിന്റെ ഓർമ്മകൾക്ക് ആഴവും ബാഹുല്യവുമേറും. കോൺഗ്രസും കോക്രോച്ച് ജനതാ പാർട്ടിയും തമ്മിലുള്ള ബന്ധം പരിശോധിക്കപ്പെടേണ്ടത് ഓർമ്മകളുടെ ഈ ചരിത്രപരിസരത്തിലാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ഒരു പരാമർശമാണ് പിറവിക്ക് നിമിത്തമായതെങ്കിലും മോദി ഭരണകൂടത്തിനെതിരെയുള്ള രോഷത്തിന്റെ സമൂർത്ത പ്രതികരണമായിരുന്നു സിജെപി. മോദി ഭരണത്തിന്റെ അന്ത്യമാണ് തങ്ങളുടെ ഏറ്റവും അടുത്ത ലക്ഷ്യമെന്ന് ഇക്കഴിഞ്ഞ നവംബർ ഏഴിന് കൊച്ചിയിൽ നടത്തിയ പ്രതിഷേധ യോഗത്തിൽ സിജെപി സ്ഥാപക നേതാവ് അഭിജിത് ദിപ്കെ അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുകയുണ്ടായി: ''2029-ലെ തിരഞ്ഞെടുപ്പിൽ മോദി പുറത്തു പോകും.''

To advertise here,

അങ്ങിനെ വരുമ്പോൾ കോൺഗ്രസിന്റെയും സിജെപിയുടെയും ലക്ഷ്യം സമാനമാണ്. ജനാധിപത്യപരമായ മാർഗ്ഗത്തിലൂടെ അതായത് തിരഞ്ഞെടുപ്പിലൂടെയായിരിക്കും മോദി ഭരണം ഇല്ലാതാക്കുക എന്നതിലും രണ്ട് കൂട്ടർക്കും അഭിപ്രായവ്യത്യാസമില്ല. പക്ഷേ, കൊച്ചിയിൽ അഭിജിത് ദിപ്കെ മോദി ഭരണകൂടത്തിനെതിരെയുള്ള പോരാട്ടം സുവ്യക്തമാക്കുമ്പോൾ ആ വേദിയിൽ കോൺഗ്രസ് നേതാക്കൾ ആരുംതന്നെ ഉണ്ടായിരുന്നില്ല. സിപിഎം നേതാക്കളും സഹയാത്രികരും സിജെപിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചപ്പോൾ പ്രതിപക്ഷനിരയിലെ ഏറ്റവും വലിയ പാർട്ടിയുടെ അസാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു.

രാഹുലിന്റെ മുന്നേറ്റം

കോൺഗ്രസിന്റെ മുഖം ഇന്നിപ്പോൾ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തന്നെയാണ്. സംഘപരിവാറിനും മോദി ഭരണകൂടത്തിനുമെതിരെയുള്ള സന്ധിയില്ലാ സമരമാണ് രാഹുൽ മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദു. അധികാര ദുർവ്വിനിയോഗത്തിനെതിരെയുള്ള നിലപാടുകളും പോരാട്ടവുമാണ് രാഹുലിനെ അടയാളപ്പെടുത്തുന്നത്. മൻമോഹൻ സിങ് സർക്കാർ അധികാരത്തിലിരിക്കെ ജനപ്രാതിനിധ്യ നിയമത്തിൽ കൊണ്ടുവന്ന ഭേദഗതിക്കെതിരെ രാഹുൽ എടുത്ത പരസ്യ നിലപാട് കോൺഗ്രസുകാരെ തന്നെ അമ്പരപ്പിച്ചിരുന്നു. രണ്ട് വർഷത്തിൽ കൂടുതൽ തടവിന് ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് അനുകൂലമായി കൊണ്ടുവന്ന ആ നിയമം റദ്ദാക്കപ്പെട്ടത് ഈ ബില്ല് കീറിക്കളയേണ്ടതാണെന്ന രാഹുലിന്റെ പ്രഖ്യാപനത്തെ തുടർന്നായിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനമുള്ള അംബാനിയെയും അദാനിയെയും പോലുള്ള വ്യവസായ പ്രമുഖർവരെ രാഹുലിന്റെ ഈ സമരവീര്യം അറിയുന്നുണ്ട്.

മോദി ഭരണകൂടത്തിനെതിരെ ഇക്കഴിഞ്ഞ നവംബർ ഒന്നിന് രാഹുലിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന പ്രതിഷേധ മാർച്ച് എതിരാളികളുടെപോലും പ്രശംസ നേടി. കുറെ നാളുകൾക്ക് ശേഷം ഇതാദ്യമായി ശരിക്കുള്ള ഒരു രാഷ്ട്രീയറാലി കണ്ടു എന്നാണ് ആർഎസ്എസ് സഹയാത്രികനും പ്രത്യയശാസ്ത്ര വിശാരദനുമായ ഗുരുമൂർത്തി അഭിപ്രായപ്പെട്ടത്. മമതയും അഖിലേഷ് യാദവും ഫാറൂഖ് അബ്ദുള്ളയും തേജസ്വി യാദവുമൊക്കെ രാഹുലിന് പിന്നിൽ അണിനിരന്ന ഈ റാലി പ്രതിപക്ഷനിരയുടെ ഐക്യവും ആവേശവും അർത്ഥശങ്കയ്ക്കിടമില്ലാതെ വ്യക്തമാക്കുന്നതായിരുന്നു. ഇന്ത്യയിൽ പ്രതിപക്ഷത്തിന്റെ മുഖ്യനേതാവ് രാഹുൽ ഗാന്ധിയാണെന്ന് ഏതൊരാൾക്കും വായിച്ചെടുക്കാവുന്ന രാഷ്ട്രീയവേദിയായിരുന്നു അത്.

രാഹുലിന്റെ ഈ മുന്നേറ്റത്തിൽ സിജെപി എവിടെയാണ് നിൽക്കുന്നതെന്ന ചോദ്യം ഈ ഘട്ടത്തിൽ ചോദിക്കാതിരിക്കാനാവില്ല. സിജെപിക്കും കോൺഗ്രസിനുമിടയിൽ സാഹോദര്യത്തിന്റെ പാലം അത്രയേറെ സുദൃഢമാവാതെ നിൽക്കുന്നതിന്റെ വേരുകൾ കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഓർമ്മകളിലേക്ക് തന്നെയാണ് നീളുന്നത്. നീറ്റ് വിഷയത്തിലും മുൻ വിദ്യാഭ്യാസ മന്ത്രി ധർമ്മ പ്രധാന്റെ രാജി ആവശ്യപ്പെടുന്നതിലും കോൺഗ്രസ് സിജെപിക്കൊപ്പമുണ്ടായിരുന്നു. സിജെപി നേതാക്കളുടെ അറസ്റ്റിനെ അപലപിക്കുന്നതിലും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മുന്നിൽതന്നെ ഉണ്ടായിരുന്നു. പക്ഷേ, സിപിഐ എംഎൽ വിദ്യാർത്ഥി വിഭാഗമായ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ നേതാവ് നേഹ ബോറയുമായി കോൺഗ്രസിനുള്ള അടുപ്പം സിജെപി നേതാക്കളുമായി ഇല്ല എന്നത് ഇന്ത്യൻ രാഷ്ട്രീയം സാകൂതം വീക്ഷിക്കുന്ന ഒരാൾക്ക് കാണാതിരിക്കാനാവില്ല.

എഎപിയുടെ നിഴൽ

അരവിന്ദ് കെജ്‌രിവാളിന്റെ പാർട്ടിയായ ആം ആദ്മി പാർട്ടിയുടെ ഒരു നിഴൽ സിജെപിക്ക് മേലുണ്ടെന്നാണ് കോൺഗ്രസ് സംശയിക്കുന്നത്. യുപിഎ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ട് അണ്ണാ ഹസാരെ നയിച്ച അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ ഉപോത്പന്നമായിരുന്നു എഎപി. അണ്ണാ ഹസാരെ പ്രസ്ഥാനത്തിന് പിന്നിൽ ആർഎസ്എസ് ഉണ്ടായിരുന്നു എന്ന ആരോപണം അടുത്തിടെ പ്രസിദ്ധീകരിച്ച ആത്മകഥയിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആവർത്തിക്കുന്നുണ്ട്. എഎപിയുടെ തുടക്കത്തിൽ അതിനൊപ്പമുണ്ടായിരുന്ന പ്രശാന്ത് ഭൂഷനും യോഗേന്ദ്ര യാദവും ഇതേ ആരോപണം ഉന്നയിച്ചിരുന്നു.

2013-ലെ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ കോൺഗ്രസിന്റെ സമുന്നത നേതാവ് ഷീല ദീക്ഷിത്തിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് അരവിന്ദ് കെജ്‌രിവാൾ തന്റെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് തുടക്കമിട്ടത്. എന്നിട്ടും ബിജെപിയെ അധികാരത്തിൽനിന്ന് പുറത്തുനിർത്താൻ അന്ന് കോൺഗ്രസ് എഎപിയെ തുണച്ചു. 70 അംഗ ഡൽഹി നിയമസഭയിൽ 28 അംഗങ്ങളുണ്ടായിരുന്ന എഎപി കോൺഗ്രസിന്റെ പിന്തുണയോടെയാണ് ആദ്യമായി അധികാരത്തിലെത്തിയത് എന്ന വസ്തുത മറക്കാനാവില്ല. 49 ദിവസത്തെ പരീക്ഷണത്തിനുശേഷം ജൻ ലോക്പാൽ നിയമത്തിൽ ഉടലെടുത്ത അഭിപ്രായ ഭിന്നതയിൽ ഈ കൂട്ടുകെട്ടിന് അന്ത്യമാവുകയും ചെയ്തു.

ബിജെപിയുമായി ഒരിക്കൽപോലും സഖ്യത്തിന് എഎപി തയ്യാറായിട്ടില്ലെങ്കിലും മോദി ഭരണകൂടം കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചെങ്കിലും പിന്നീടങ്ങോട്ട് എഎപിയുമായി കോൺഗ്രസിന് ഒരു തരത്തിലുള്ള ആത്മബന്ധവും ഉണ്ടായിട്ടില്ല. ഹരിയാനയിലും ഗുജറാത്തിലും പഞ്ചാബിലും എഎപി സ്വീകരിച്ച നിലപാടുകൾ ആത്യന്തികമായി തങ്ങളുടെ വിജയസാദ്ധ്യതകളാണ് തകർത്തതെന്നും ബിജെപിയെപ്പോലെ എഎപിയും കോൺഗ്രസ് മുക്ത ഭാരതമാണ് ആഗ്രഹിക്കുന്നതെന്നും കോൺഗ്രസിന് സന്ദേഹമുണ്ട്.

ജനത പാർട്ടിയുടെ ഓർമ്മകൾ

വാസ്തവത്തിൽ ജനത പാർട്ടിയെക്കുറിച്ചുള്ള ഓർമ്മകളിലേക്കാവും എഎപിയും സിജെപിയും കോൺഗ്രസിനെ നയിക്കുന്നത്. ജനത പാർട്ടിയിലൂടെയാണ് സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഒരു കോൺഗ്രസ് ഇതര ഭരണകൂടം നിലവിൽ വന്നത്. ജനത പാർട്ടിയുടെ പിറവിക്ക് അടിയന്തരാവസ്ഥ ഒരു നിമിത്തം മാത്രമായിരുന്നു. നെഹ്രു കുടുംബത്തിനെതിരെയുള്ള സോഷ്യലിസ്റ്റുകളുടെ ക്രോധവും രോഷവുമായിരുന്നു ആ പ്രസ്ഥാനത്തിന്റെ ബീജാവാപത്തിന് പിന്നിൽ. റാം മനോഹർ ലോഹ്യ അടക്കമുള്ള സോഷ്യലിസ്റ്റ് നേതാക്കൾക്ക് കോൺഗ്രസിനോട് വിശേഷിച്ച് നെഹ്രു കുടുംബത്തോടുണ്ടായിരുന്ന അകൽച്ചയുടെ ചരിത്രം ജനത പാർട്ടിയുടെ രൂപീകരണത്തിലുണ്ട്.

ഇടതുപക്ഷത്തിനും വലതപപക്ഷത്തിനും ഇടയിലുള്ള മദ്ധ്യമാർഗ്ഗത്തിലൂടെയായിരുന്നു പൊതുവെ കോൺഗ്രസിന്റെ സഞ്ചാരം. ബഹുസ്വരമാർന്ന ഇന്ത്യയുടെ പ്രാതിനിധ്യമാണ് കോൺഗ്രസിനെ ഇതര രാഷ്്ട്രീയ പ്രസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമാക്കുന്നത്. മിതവാദികളും ഭൂവുടമകളും ക്യാപിറ്റലിസ്റ്റുകളും തൊഴിലാളികളും ഹിന്ദുത്വവാദികളും കമ്മ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും അതിന്റെ അടരുകളിലുണ്ടായിരുന്നു. ഗാന്ധിയും നെഹ്രുവും പട്ടേലും ജെപിയും ഇഎംഎസും കെ.എം. മുൻഷിയും മദൻ മോഹൻ മാളവ്യയും സാരാബായിയും ബിർളയും ഈ വ്യത്യസ്ത സരണികളുടെ പ്രതിനിധികളായി.

കോൺഗ്രസിനുള്ളിൽതന്നെ നിന്നുകൊണ്ട് സോഷ്യലിസ്റ്റ് ആശയങ്ങളുടെ സാക്ഷാത്കാരത്തിനായാണ് ജയപ്രകാശ് നാരായണും കൂട്ടരും ശ്രമിച്ചത്. ഇതേക്കുറിച്ച് ജെ.പി. പറഞ്ഞത് ഇതായിരുന്നു: ''ഞങ്ങളുടേത് സോഷ്യലിസ്റ്റ് രാഷ്ട്രീയമാണ്. ഇന്ത്യക്ക് രാഷ്ട്രീയ സ്വാതന്ത്ര്യത്തിനൊപ്പം സാമ്പത്തിക സ്വാതന്ത്ര്യം കൂടി വേണം. ഇത് കോൺഗ്രസ് അംഗീകരിക്കണം. ഈ നയപരിപാടി കോൺഗ്രസ് തള്ളിക്കളഞ്ഞാലും ഞങ്ങൾ കോൺഗ്രസ്സായി തുടരും.'' പിന്നീട് 1977-ൽ പ്രഥമ കോൺഗ്രസ് ഇതര സർക്കാരിന് രൂപം നൽകിയത് ഇതേ ജെ.പി. ആണെന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ വിചിത്രവും രസകരവുമായ അദ്ധ്യായമാണ്.

സോഷ്യലിസം തന്നെ ആരും പഠിപ്പിക്കേണ്ടതില്ലെന്ന നിലപാടായിരുന്നു നെഹ്രുവിന്. നാസികൾക്കൊപ്പം കൂട്ടുചേർന്ന് സുഭാഷ് ചന്ദ്രബോസ് വന്നാൽ എതിർക്കാൻ മുൻനിരയിലുണ്ടാവും എന്ന നെഹ്രുവിന്റെ പ്രഖ്യാപനം മറികടക്കുന്ന ഒരു നിലപാട് ഇന്ത്യൻ സോഷ്യലിസ്റ്റുകൾക്ക് ഉണ്ടായിരുന്നില്ല. സോഷ്യലിസം കോൺഗ്രസിന്റെ മുദ്രാവാക്യമാവുമ്പോൾ എന്തിനാണ് മറ്റ് സോഷ്യലിസ്റ്റ് പാർട്ടികൾ എന്ന അശോക് മേത്തയുടെ ചോദ്യവും മറക്കാനാവില്ല. നെഹ്രുവിനെപ്പോലെ വ്യക്തിപ്രഭാവമുള്ള ഒരു നേതാവ് സ്വയം സോഷ്യലിസ്റ്റാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ദീർഘകാലം പ്രധാനമന്ത്രിയായിരിക്കെ ഇന്ത്യയിൽ സോഷ്യലിസ്റ്റ് പാർട്ടികൾ വേരുപിടിക്കാതെ പോയതിൽ അത്ഭുതമില്ല.

നെഹ്രുവിന്റെ മകൾ ഇന്ദിരയാണെങ്കിൽ ഒരു ഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ബാങ്ക് ദേശസാൽക്കരണവും പ്രിവി പഴ്സ് നിർത്തലാക്കലും നടപ്പാക്കി. അടിയന്തരാവസ്ഥ പോലൊരു ഇരുണ്ട കാലഘട്ടത്തിൽ ഇന്ദിരയ്ക്ക് കൂട്ടായി ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുണ്ടായിരുന്നു എന്നത് മറക്കാനാവില്ല. സോഷ്യലിസവും മതേതരത്വവും ഇന്ത്യൻ ഭരണഘടനയിൽ എഴുതിച്ചേർത്തതും ഇന്ദിരാ സർക്കാരായിരുന്നു എന്നതും ഈ ഘട്ടത്തിൽ ഓർക്കണം.

സോഷ്യലിസത്തിന്റെ ഇന്ത്യൻ വകഭേദമാണ് കോൺഗ്രസെന്ന നെഹ്രുവിയൻ ലൈനിൽനിന്ന് കോൺഗ്രസ് നേതൃത്വം വഴിമാറി നടന്നപ്പോഴാണ് ഇന്ത്യയിൽ സോഷ്യലിസ്റ്റ് പാർട്ടികൾ വളർന്നത്. 1977-ലെ ജനത സർക്കാരും 1989-ലെ വി.പി. സിങ് സർക്കാരും 90-കളിലെ ദേവഗൗഡ, ഗുജ്റാൾ സർക്കാരുകളും ഈ നിരീക്ഷണത്തിന് അടിവരയിടുന്നു. നെഹ്രുവിയൻ സോഷ്യലിസ്റ്റ് സാമ്പത്തിക വീക്ഷണം തള്ളിക്കളഞ്ഞ റാവു, മൻമോഹൻ സിങ് സർക്കാരുകൾക്ക് പിന്നാലെയാണ് ബിജെപി ഇന്ത്യയിൽ വേരുകൾ ആഴത്തിൽ പടർത്തിയതെന്ന വസ്തുതയും മറക്കാനാവില്ല.

യുപി നിയമസഭാ തിരഞ്ഞെടുപ്പ്

ഇടക്കാലത്ത് ഹിന്ദുത്വയുമായുണ്ടായ സഹവാസമാണ് ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടികളെ ദുർബ്ബലമാക്കിയത്. ജനത പാർട്ടിയും ജനതാദളും തകർന്നത് സംഘപരിവാറിന്റെ അട്ടിമറികളിലൂടെയാണ്. ഗാന്ധി വധത്തിന്റെ നിഴലിലായിരുന്ന ആർഎസ്എസിന് പുതുജീവൻ നൽകിയത് 1970-കളിൽ ജെ.പി. മൂവ്മെന്റാണ്. ജെ.പിയുടെ തോളിലിരുന്നാണ് ഇന്ത്യയിൽ ജനസംഘം വളർന്നത്. പിന്നീടങ്ങോട്ട് ജനത പാർട്ടിയുടെ ഓരോരോ പ്രാദേശിക ഭേദങ്ങളെ സ്വാംശീകരിച്ചും ഇല്ലാതാക്കിയുമാണ് ബിജെപി പടർന്ന് പന്തലിച്ചത്. ഭാരതീയ ജനത പാർട്ടി എന്ന പേര് തന്നെ ജനത പാർട്ടിയുടെ പൈതൃകം ഏറ്റെടുക്കാനുള്ള തന്ത്രപരമായ നീക്കമായിരുന്നു. അന്ധമായ കോൺഗ്രസ് വിരോധത്തിൽ സംഘപരിവാറിന്റെ പദ്ധതികൾ സോഷ്യലിസ്റ്റ് നേതാക്കൾ കാണാതെ പോയി.

ഈ ഓർമ്മകളുടെ പരിസരത്തിൽ നിൽക്കുമ്പോൾ സിജെപിയുമായുള്ള ബന്ധത്തിൽ ചില മുൻകരുതലുകൾ കോൺഗ്രസ് എടുക്കുന്നതിനെ കുറ്റം പറയാനാവില്ല. സിജെപിയുടെ ഇതുവരെയുള്ള പ്രവൃത്തികളിൽ കോൺഗ്രസ് വിരുദ്ധതയില്ലെങ്കിലും എഎപിയുമായി അഭിജിത് ദിപ്കെയ്ക്കുള്ള ഭൂതകാല ബന്ധം കോൺഗ്രസിന് മുന്നിലുണ്ട്. നാഗ്പൂരിനും എഎപിക്കുമിടയിലുണ്ടെന്ന് ആരോപിക്കപ്പെടുന്ന അദൃശ്യപാലം അഭിജിത് ദിപ്കെയിലേക്കും നീളുന്നുണ്ടോ എന്ന സന്ദേഹം അതുകൊണ്ട് തന്നെ കോൺഗ്രസിൽനിന്നു വിട്ടുപോയിട്ടില്ല.

സിജെപി ഇനിയും ഒരു രാഷ്ട്രീയ പാർട്ടിയായിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്ത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് ഇപ്പോൾ തങ്ങളുടെ അജണ്ടയിൽ ഇല്ലെന്നാണ് അഭിജിത് ദിപ്കെ വ്യക്തമാക്കിയിട്ടുള്ളത്. എന്നിരുന്നാലും അടുത്ത വർഷം നടക്കാനിരിക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ സിജെപിയുടെ നിലപാട് എൻഡിഎയും ഇന്ത്യ സഖ്യവും ഉറ്റുനോക്കുന്നുണ്ട്. ബിജെപിക്ക് ഒരു തരത്തിലുള്ള പിന്തുണയും സിജെപി നൽകില്ലെന്നുറപ്പാണ്. പക്ഷേ, ജന്തർ മന്തർ പ്രക്ഷോഭങ്ങൾ ഉണർത്തിയിട്ടുള്ള വലിയൊരു വിഭാഗം യുവജനങ്ങളുടെ വോട്ട് ഇന്ത്യ സഖ്യത്തിലേക്കെത്തിക്കാൻ സിജെപി തയ്യാറാവുമോ എന്നതാണ് ചോദ്യം.

മോദി ഭരണകൂടത്തിനെതിരെയുള്ള പോരാട്ടത്തിൽ യുപി നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ത്യ സഖ്യത്തിന് അതീവ നിർണ്ണായകമാണ്. മൂന്നാം വട്ടവും യുപി പിടിക്കാൻ യോഗി ആദിത്യനാഥിനായാൽ ഇന്ദ്രപ്രസ്ഥത്തിലെ ആ വലിയ അധികാര കേന്ദ്രത്തിലേക്കുള്ള യാത്ര കോൺഗ്രസിനും ഇന്ത്യ സഖ്യത്തിനും എളുപ്പമാവില്ല. അതിവിശാലമായൊരു മുന്നണിയുടെ പിൻബലത്തിൽ മാത്രമേ ശക്തരായ ഭരണാധികാരികളെ പുറത്താക്കാനാവൂ എന്ന് ആദ്യം തെളിയിച്ചത് ജയപ്രകാശ് നാരായണനും ജനത പാർട്ടിയുമാണ്. ജനസംഘത്തെയും സിപിഎമ്മിനെയും വരെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ അന്ന് ജെപിക്ക് കഴിഞ്ഞു.

ഇന്ദിര ഗാന്ധിയും ചരൺസിങ്ങും

1980-ൽ അധികാരത്തിലേക്ക് തിരിച്ചുവരാൻ ഇന്ദിര ഗാന്ധി ഇതേ സമവാക്യം പ്രയോജനപ്പെടുത്തി. ആശയപരമായി ഒരു തരത്തിലുള്ള അടുപ്പവും ഇല്ലാതിരുന്നിട്ടും ചരൺ സിങ്ങുമായി ചങ്ങാത്തത്തിന് ഇന്ദിര തയ്യാറായത് പ്രായോഗിക രാഷ്ട്രീയത്തിന്റെ നിലപാട് തറയിലായിരുന്നു.

1977-ൽ റായ്ബറേലിയിൽ ഇന്ദിര ഗാന്ധിയെ പരാജയപ്പെടുത്തിയ രാജ് നാരായണൻ ആണ് ഇന്ദിരയ്ക്കും ചരൺ സിങ്ങിനുമിടയിലുള്ള പാലമായത് എന്ന വസ്തുത ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ രസകരമായ ഏടുകളിലൊന്നാണ്. ഒരിക്കലും അടുക്കില്ലെന്ന് കരുതിയിരുന്ന രണ്ട് പേർ- സഞ്ജയ് ഗാന്ധിയും രാജ്നാരായണനും- ഒന്നുചേർന്നതോടെയാണ് മൊറാർജി ദേശായിയുടെ സർക്കാരിന് അന്ത്യമായത്.

ഇന്നിപ്പോൾ ജനത പാർട്ടിയും ജെ.പിയും മുന്നോട്ടുവെച്ച സഖ്യകക്ഷി പാഠങ്ങൾ കോൺഗ്രസിന് അവഗണിക്കാനാവില്ല. രാജ് നാരായണനും ചരൺസിങ്ങുമല്ല സിജെപിയുടെ നേതാക്കൾ. ആദർശങ്ങൾ ബലികൊടുക്കാനിഷ്ടമില്ലാത്ത ഒരു തലമുറയുടെ പ്രതിനിധികളാണ് അഭിജിത്തും സൗരവും റാങ്കെയും. മഹാരാഷ്ട്രയിൽ ശിവസേനയുമായി കൂട്ടുകൂടാനായെങ്കിൽ സിജെപിയെ ചേർത്തുപിടിക്കുന്നതിൽ കോൺഗ്രസ് അങ്ങിനെയങ്ങ് തല പുകയ്ക്കേണ്ട കാര്യമില്ല.

 

ഐസൻകോട്ട് ചെയ്യുന്നത്

എന്തുകൊണ്ടും ചരിത്രപരമാവുന്ന ഒരു രാഷ്ട്രീയ വഴിത്തിരിവിന് മുന്നിൽ നിൽക്കെ സിജെപിയുമായുള്ള ബന്ധത്തിൽ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നടന്നുകയറാൻ അധികം വഴികളില്ല എന്നതാണ് യാഥാർത്ഥ്യം. വ്യക്തിപ്രഭാവത്തിന് മങ്ങലേറ്റിട്ടുണ്ടെങ്കിലും ബ്രാൻഡ് മോദിക്ക് ഇപ്പോഴും ഇന്ത്യയിൽ ഡിമാന്റുണ്ട്. ആർഎസ്എസിനെപ്പോലുള്ള പ്രത്യയശാസ്ത്ര ഭദ്രതയുള്ള പ്രസ്ഥാനവും എങ്ങിനെ തിരഞ്ഞെടുപ്പ് വിജയിക്കണം എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള ബിജെപി പോലൊരു പാർട്ടിയുമാണ് മോദിയുടെ പിൻബലം. തിരഞ്ഞെടുപ്പ് കമ്മീഷൻ അടക്കമുള്ള സമസ്ത സ്ഥാപനങ്ങളും വിളിപ്പുറത്തുണ്ടെന്ന ചിന്തയും ബിജെപിക്കും മോദിക്കും നൽകുന്ന ആത്മവിശ്വാസം ചില്ലറയല്ല. അമേരിക്കയിൽ ട്രംപിനോ ഇസ്രയേലിൽ നെതന്യാഹുവിനോ അവകാശപ്പെടാനാവാത്ത പശ്ചാത്തലമാണിത്.

സിജെപിയുമായുള്ള ബന്ധത്തിൽ വ്യക്തത വരുത്തുന്നതിൽ ഇനിയും താമസമുണ്ടാവുന്നത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ശുഭകരമാവില്ല. തിരഞ്ഞെടുപ്പ് വിജയിക്കാൻ ഏതറ്റം വരെ പോകാനും മടിയില്ലാത്ത പാർട്ടിയാണ് ബിജെപി. ഇതുവരെ തങ്ങളുടെ ബദ്ധശത്രുവായി കരുതിയിരുന്ന സാം പിത്രോദയ്ക്ക് ഗുജറാത്തി പുതുവത്സരത്തിന്റെയും ദിവാളിയുടെയും ആശംസകൾ നേരാൻ പ്രധാനമന്ത്രി മോദി തയ്യാറായത് കോൺഗ്രസിന്റെ കണ്ണ് തുറപ്പിക്കേണ്ടതുണ്ട്. മോദി ഗുജറാത്തി സുഹൃത്താണെന്ന പിത്രോദയുടെ പ്രതികരണവും കണക്കിലെടുക്കണം.

നെതന്യാഹുവിനെ പുറത്തുനിർത്താൻ അറബ് പാർട്ടികളുടെ സഹകരണം തേടാൻ മടിക്കാത്ത ഇസ്രയേലിലെ യാഷർ പാർട്ടി നേതാവ് ഗാഡി ഐസൻകോട്ടിനെ രാഹുലും കൂട്ടരും കാണാതിരിക്കരുത്. സിജെപി ഒരു ചാലകശക്തിയാണ്. വലിയൊരു വിഭാഗം യുവാക്കളുടെ പോരാട്ട വീര്യം ജ്വലിപ്പിക്കാൻ കഴിഞ്ഞ പ്രസ്ഥാനമാണത്. അങ്ങിനെയൊരു പ്രസ്ഥാനത്തെ കൂടെ നിർത്തുന്നതിൽനിന്നും തടയുന്ന മതിലുകളുണ്ടെങ്കിൽ അവ തകർക്കുന്നതിന് കോൺഗ്രസ് രണ്ടുവട്ടം ആലോചിക്കേണ്ടതില്ല.

വഴിയിൽ കേട്ടത്: താനുമായി സംവാദത്തിന് വന്നാൽ പ്രധാനമന്ത്രി മോദിയുടെ രാഷ്ട്രീയജീവിതം അവസാനിക്കുമെന്ന് രാഹുൽ ഗാന്ധി. എന്റയർ പൊളിറ്റിക്കൽ സയൻസിൽ സംവാദം എന്നൊരു അദ്ധ്യായമേയില്ല എന്നാണ് കേൾക്കുന്നത്!