1995 ജനുവരി 17, പുലർച്ചെ 5.46-ന് ജപ്പാനിലെ തുറമുഖ നഗരമായ കോബെയെ പിടിച്ചുകുലുക്കി വൻഭൂചലനമുണ്ടായി. ആറായിരത്തിലധികം പേർ മരിക്കുകയും ലക്ഷക്കണക്കിന് മനുഷ്യർക്ക് വീട് നഷ്ടപ്പെടുകയും ചെയ്ത ആ ദുരന്തമുഖത്ത് സർക്കാർ സംവിധാനങ്ങൾ പകച്ചുനിന്നു. ദിവസങ്ങളോളം ഔദ്യോഗിക സഹായങ്ങൾ എത്താതെ ജനങ്ങൾ കൊടുംതണുപ്പിലും വിശപ്പിലും വലഞ്ഞു.

To advertise here,

അപ്പോളാണ് അവിടേക്ക് വലിയ ട്രക്കുകൾ ഇരച്ചെത്തിയത്. അരിയും കുടിവെള്ളവും പുതപ്പുകളും അവശ്യമരുന്നുകളുമായിരുന്നു അവയിൽ. അയച്ചത് സൈന്യമോ സർക്കാർ ഏജൻസികളോ ആയിരുന്നില്ല. ജപ്പാനിലെ ഏറ്റവും വലിയ അധോലോക സംഘടനയായ ‘യമാഗുച്ചി-ഗുമി’യായിരുന്നു. കോബെ നഗരത്തിൽത്തന്നെയായിരുന്നു അവരുടെ ആസ്ഥാനം. നാട്ടുകാർ 'കൊട്ടാരം' എന്ന് വിളിച്ചിരുന്ന ആ കൂറ്റൻ മന്ദിരം ഭൂകമ്പത്തിൽ പോറലേൽക്കാതെ നിന്നിരുന്നു. ദുരന്തം കഴിഞ്ഞ് പത്താം ദിവസം കൊടുംകുറ്റവാളികളുടെ ഈ സംഘത്തിൽനിന്ന് ഭക്ഷണപ്പൊതികൾ വാങ്ങാൻ ആയിരത്തോളം സാധാരണക്കാർ വരിനിൽക്കുന്ന ചിത്രങ്ങൾ ലോക മാധ്യമങ്ങളിൽ നിറഞ്ഞു.

ജപ്പാനിലെ സംഘടിത കുറ്റവാളി സംഘങ്ങളെ പൊതുവായി വിളിക്കുന്ന പേരാണ് 'യാക്കൂസ'. പൊലീസിനും മാധ്യമങ്ങൾക്കും ഇവർ 'ബോറിയോക്കുഡാൻ' അഥവാ അക്രമകാരികളായ സംഘങ്ങളാണ്. ജപ്പാനിലെ പരമ്പരാഗത ചീട്ടുകളിയായ 'ഒയ്ചോ-കാബു'വിലെ ഏറ്റവും മോശം സ്കോറായ 'യാ-കൂ-സ' (8-9-3) എന്നതിൽനിന്നാണ് ഈ പേരിന്റെ ഉത്ഭവം. 'ഒന്നിനും കൊള്ളാത്തവർ' എന്നാണതിനർഥം.

17-ാം നൂറ്റാണ്ടിലെ ഇടോ കാലഘട്ടത്തിലെ ചൂതാട്ടക്കാരിലും തെരുവു കച്ചവടക്കാരിലുമാണ് ഇവരുടെ വേരുകൾ. ജാപ്പനീസ് സമൂഹത്തിൽ പരമ്പരാഗതമായി തൊട്ടുകൂടായ്മ നേരിട്ടിരുന്ന 'ബുറാക്കുമിൻ' വിഭാഗക്കാർക്ക് അഭയവും സാമൂഹിക പദവിയും നേടാനുള്ള വഴിയായി ഈ സംഘങ്ങൾ വളർന്നു. യമാഗുച്ചി-ഗുമിയിലെ 60 ശതമാനത്തോളം അംഗങ്ങളും ഈ വിഭാഗത്തിൽ നിന്നുള്ളവരാണ്.

യാക്കൂസ ഒരു കുടുംബം പോലെയാണ് പ്രവർത്തിക്കുന്നത്. സംഘത്തലവനെ 'ഒയാബൻ' (പിതാവ്) എന്നും അനുയായികളെ 'കോബൻ' (മക്കൾ) എന്നും വിളിക്കുന്നു. പുതിയ അംഗങ്ങളെ സംഘത്തിൽ ചേർക്കുമ്പോൾ തലവനും പുതിയ അംഗവും ഒരേ പാത്രത്തിൽനിന്ന് ജാപ്പനീസ് മദ്യമായ 'സാക്കേ' (Sake) കുടിക്കുന്ന ചടങ്ങിനെ സക്കാസുക്കി (Sakazuki) എന്ന് വിളിക്കുന്നു. ഒരു രഹസ്യ മുറിയിലോ ക്ഷേത്രത്തിന്റെ അകത്തളത്തിലോ വെച്ചാണ് സക്കാസുക്കി നടക്കുന്നത്. മുറിയുടെ പ്രധാന ഭാഗത്ത് ഒയാബുൻ (Oyabun) ഇരിക്കും. അദ്ദേഹത്തിന് മുന്നിലായി പുതിയ അംഗം കോബുൻ (മകൻ) മുട്ടു കുത്തിയിരിക്കും. ചടങ്ങിന് സാക്ഷിയായി മുതിർന്ന നേതാക്കളും ഉണ്ടാകും. ഒരു പ്രത്യേക പാത്രത്തിൽ 'സാക്കേ' ഒഴിച്ച് ആദ്യം തലവൻ കുടിക്കും. തുടർന്ന് അതേ പാത്രം പുതിയ അംഗത്തിന് കൈമാറുകയും അയാൾ അത് കുടിക്കുകയും ചെയ്യും. ഒരേ പാത്രത്തിൽനിന്ന് സാക്കേ കുടിക്കുന്നതോടെ, ഇരുവരും തമ്മിൽ രക്തബന്ധത്തേക്കാൾ ശക്തമായ ഒരു പിതാവ്-പുത്രൻ ബന്ധം സ്ഥാപിക്കപ്പെടുന്നു. ഇതോടുകൂടി സ്വന്തം ജന്മം നൽകിയ മാതാപിതാക്കളോടും, കുടുംബത്തോടുമുള്ള കടമകൾ അവസാനിച്ചതായും ഇനി മുതൽ തന്റെ ജീവിതം സംഘത്തലവന് വേണ്ടിയാണെന്നും പുതിയ അംഗം പ്രതിജ്ഞയെടുക്കുന്നു.

ഏതെങ്കിലും അംഗം വലിയ തെറ്റ് ചെയ്താൽ പ്രായശ്ചിത്തമായി സ്വന്തം ചെറുവിരലിന്റെ മുകൾഭാഗം മുറിച്ച് തലവന് നൽകുന്ന ഒരു കടുത്ത ആചാരം ഇവർക്കിടയിൽ ഉണ്ടായിരുന്നു. ഇതിനെ ‘വിരൽ മുറിക്കൽ’ എന്നർത്ഥം വരുന്ന ‘യുബിറ്റ്സുമെ’ എന്നാണു പറയുന്നത്.

ശരീരം മുഴുവനുമുള്ള പരമ്പരാഗത ജാപ്പനീസ് ടാറ്റൂകൾ യാക്കൂസ അംഗങ്ങളുടെ പ്രധാന അടയാളമാണ്. വേദന സഹിക്കാനുള്ള കഴിവിന്റെയും സംഘത്തോടുള്ള കൂറിന്റെയും പ്രതീകമാണിത്. ഈ ടാറ്റൂകൾ ഇരെസുമി (Irezumi) എന്നാണു അറിയപ്പെടുന്നത്, ജാപ്പനീസ് ഭാഷയിൽ "മഷി കുത്തിനിറയ്ക്കുക" എന്നാണ് അർത്ഥം. ആധുനിക ടാറ്റൂ മെഷീനുകൾക്ക് പകരം, മുളന്തണ്ടിൽ ഘടിപ്പിച്ച ലോഹസൂചികൾ ഉപയോഗിച്ച് കൈകൊണ്ട് കുത്തിയാണ് ഇവ നിർമ്മിക്കുന്നത്.

യാക്കൂസ ഒരേസമയം പരസ്യവും രഹസ്യവുമായി പ്രവർത്തിക്കുന്ന ഒരു സംഘമാണ്. മറ്റ് രാജ്യങ്ങളിലെ മാഫിയകൾ ഇരുട്ടിൽ ഒളിക്കുമ്പോൾ, യാക്കൂസകൾക്ക് നഗരമധ്യത്തിൽ ഔദ്യോഗിക ആസ്ഥാനങ്ങളുണ്ടായിരുന്നു. കെട്ടിടങ്ങളുടെ ഡയറക്ടറികളിൽ അവരുടെ പേരുകളും ചിഹ്നങ്ങളും തിളങ്ങി. അംഗങ്ങൾ അഭിമാനത്തോടെ വിസിറ്റിങ് കാർഡുകൾ കൈവശം വെക്കുകയും സ്വന്തം മാസികകളും ഫാൻ ക്ലബ്ബുകളും നടത്തുകയും ചെയ്തു.

തെരുവുകളിലെ ചെറുകുറ്റകൃത്യങ്ങൾ തടയുന്നതിലൂടെ അയൽപക്കങ്ങളിൽ തങ്ങൾ ക്രമസമാധാന പാലകരാണെന്ന പ്രതിച്ഛായ സൃഷ്ടിക്കാൻ അവർക്ക് കഴിഞ്ഞു. എല്ലാവർക്കും കാണാവുന്ന വിധത്തിൽ തെരുവിൽ വിഹരിക്കുമ്പോഴും സംഘത്തിന്റെ യഥാർഥ അധികാരഘടനയും പണമൊഴുക്കും അതീവരഹസ്യമായിരുന്നു.

1915-ൽ യമാഗുച്ചി ഹരുക്കിച്ചി എന്ന മത്സ്യത്തൊഴിലാളി കോബെ തുറമുഖത്തെ അൻപതോളം ചുമട്ടുതൊഴിലാളികളെ സംഘടിപ്പിച്ചാണ് ‘യമാഗുച്ചി-ഗുമി’ക്ക് തുടക്കമിട്ടത്. 1946-ൽ താവോക്ക കാസുവോ മൂന്നാം തലവനായതോടെയാണ് സംഘടനയുടെ തലവര മാറിയത്. അക്രമത്തെ മൂലധനമാക്കിയ ഒരു വൻകിട ബിസിനസ് സാമ്രാജ്യമായി അദ്ദേഹം സംഘത്തെ വളർത്തി. പ്രശസ്ത ഗായിക മിസോറ ഹിബാരിയുടെയും ഗുസ്തി താരം റിക്കിഡോസന്റെയും വിജയങ്ങളിലൂടെ വിനോദ വ്യവസായം പിടിച്ചടക്കിയ യമാഗുച്ചി-ഗുമി 1960-കളോടെ ജപ്പാനിലെ ഏറ്റവും വലിയ അധോലോക ശക്തിയായി മാറി.

ഫ്രിറ്റ്സ് സ്പ്രിംഗ്‌മെയർ (Fritz Springmeier) എഴുതിയ 'ബ്ലഡ്‌ലൈൻസ് ഓഫ് ഇല്ലുമിനാറ്റി' എന്ന പുസ്തകപ്രകാരം, ലോകം ഭരിക്കാൻ ശ്രമിക്കുന്ന 13 എലൈറ്റ് കുടുംബങ്ങളിൽ 9 പേർക്കും മയക്കുമരുന്ന് കച്ചവടവുമായി ബന്ധമുണ്ട് ഉദാഹരണത്തിന് റോത്‌സ്‌ചൈൽഡ് കുടുംബം. ചെറുപ്പക്കാരെ ലഹരിക്ക് അടിമകളാക്കാൻ ഈ കുടുംബങ്ങൾ ഉപയോഗിക്കുന്ന അന്താരാഷ്ട്ര മാഫിയ സംഘങ്ങളാണ് ചൈനയിലെ ‘ട്രയാഡ്സും’ ജപ്പാനിലെ ‘യാക്കൂസ’യും എന്ന് ഗൂഢാലോചന സിദ്ധാന്തങ്ങൾ പറയുന്നു.

കൊള്ള, ബ്ലാക്ക്‌മെയിലിംഗ്, മയക്കുമരുന്ന് കടത്ത്, ചൂതാട്ടം, സെക്സ് റാക്കറ്റ്, ചൈൽഡ് പോൺ വീഡിയോ നിർമ്മാണം എന്നിവയ്‌ക്കൊപ്പം ജപ്പാനിലെ റെസ്റ്റോറന്റുകൾ, ബാറുകൾ, ടാലന്റ് ഏജൻസികൾ, ഫാക്ടറികൾ എന്നിവയും ഇവർ നിയന്ത്രിക്കുന്നു. അമേരിക്കയിലും യൂറോപ്പിലും ഏഷ്യൻ രാജ്യങ്ങളിലും ഇവർക്ക് സാന്നിധ്യമുണ്ട്.

1945-ൽ രണ്ടാം ലോകമഹായുദ്ധത്തിൽ പരാജയപ്പെട്ടതിന് ശേഷം  അമേരിക്കൻ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു ജപ്പാൻ. 1949-ൽ ചൈനയിൽ കമ്മ്യൂണിസ്റ്റ് വിപ്ലവം വിജയിച്ചതും 1950-ൽ കൊറിയൻ യുദ്ധം ആരംഭിച്ചതും അമേരിക്കയെ ആശങ്കയിലാഴ്ത്തി. ജപ്പാനിലും തൊഴിലാളി യൂണിയനുകളും ഇടതുപക്ഷ-സോഷ്യലിസ്റ്റ് പാർട്ടികളും അതിവേഗം വളർന്നു വരികയായിരുന്നു. ജപ്പാൻ ഒരു കമ്മ്യൂണിസ്റ്റ് രാജ്യമായി മാറുന്നത് തടയാൻ അമേരിക്ക ഏതു മാർഗ്ഗവും സ്വീകരിക്കാൻ തയ്യാറായി. ഇതിനായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ ജപ്പാനിലെ വലതുപക്ഷ രാഷ്ട്രീയക്കാരുമായും യാക്കൂസ അധോലോക സംഘങ്ങളുമായും രഹസ്യമായി കൈകോർത്തിരുന്നു. ചരിത്ര രേഖകളിലും, പിന്നീട് പുറത്തു വന്ന സി.ഐ.എ ഫയലുകളിലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.

സി.ഐ.എയും യാക്കൂസയും തമ്മിലുള്ള ഈ രഹസ്യസഖ്യത്തിന് പിന്നിൽ പ്രവർത്തിച്ചത് രണ്ട് പ്രമുഖ ജാപ്പനീസ് വ്യക്തികളായിരുന്നു. യോഷിയോ കൊഡാമയും നോബുസുകെ കിഷിയും.

രണ്ടാം ലോകമഹായുദ്ധ സമയത്ത് ചൈനയിൽനിന്ന് സ്വർണ്ണവും രത്നങ്ങളും കൊള്ളയടിച്ച് ജപ്പാനിലേക്ക് കടത്തിയ പ്രമുഖ വലതുപക്ഷ നേതാവും 'ഫിക്സറും' (Fixer) ആയിരുന്നു യോഷിയോ കൊഡാമ. യുദ്ധക്കുറ്റവാളിയായി ജയിലിലായിരുന്ന കൊഡാമയെ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം രഹസ്യമായി മോചിപ്പിക്കുകയും തങ്ങളുടെ ഏജന്റായി നിയമിക്കുകയും ചെയ്തു. യാക്കൂസ സംഘങ്ങളെ ഒന്നിപ്പിക്കുന്നതിൽ ഇദ്ദേഹം പ്രധാന പങ്കുവഹിച്ചു.

നോബുസുകെ കിഷിയും അമേരിക്ക മോചിപ്പിച്ച ഒരു യുദ്ധ കുറ്റവാളിയായിരുന്നു. പിന്നീട് 1957-ൽ ഇദ്ദേഹത്തെ ജപ്പാന്റെ പ്രധാനമന്ത്രിയാകാൻ അമേരിക്ക സഹായിക്കുകയും ചെയ്തു. യാക്കൂസ നേതാക്കളുമായി കിഷിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. 1950-കളിൽ ജപ്പാനിലെ കൽക്കരി ഖനികളിലും തുറമുഖങ്ങളിലും ഫാക്ടറികളിലും ഇടതുപക്ഷ തൊഴിലാളി യൂണിയനുകൾ ശക്തമായ സമരങ്ങൾ നടത്തിയിരുന്നു. പോലീസിന് നിയന്ത്രിക്കാൻ കഴിയാതിരുന്ന ഈ സമരങ്ങളെ തകർക്കാൻ സി.ഐ.എയുടെ സഹായത്തോടെ യാക്കൂസ ഗുണ്ടകളെ ഉപയോഗിച്ചു. സമരം ചെയ്യുന്ന തൊഴിലാളികളെ കായികമായി ആക്രമിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഇവർ സമരങ്ങൾ പൊളിച്ചത്.

1950-കളുടെ തുടക്കത്തിൽ ജപ്പാനിലെ സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് പാർട്ടികൾ ശക്തി പ്രാപിച്ചപ്പോൾ, ഭിന്നിച്ചു നിന്നിരുന്ന വലതുപക്ഷ പാർട്ടികളായ 'ലിബറൽ പാർട്ടി', 'ഡെമോക്രാറ്റിക് പാർട്ടി' എന്നിവയെ ഒന്നിപ്പിക്കേണ്ടത് അമേരിക്കയുടെയും ജപ്പാനിലെ വ്യവസായികളുടെയും ആവശ്യമായിരുന്നു. യാക്കൂസ സംഘങ്ങളുടെ തലതൊട്ടപ്പനായിരുന്ന യോഷിയോ കൊഡാമ ആണ് ഇതിന് മുൻകൈ എടുത്തത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ചൈനയിൽനിന്ന് കൊള്ളയടിച്ച സ്വർണ്ണവും പ്ലാറ്റിനവും വജ്രങ്ങളും വിറ്റുണ്ടാക്കിയ കോടിക്കണക്കിന് യെൻ- അന്നത്തെ കാലത്ത് ഏകദേശം 175 മില്യൺ ഡോളർ മൂല്യം വരുന്ന സമ്പത്ത് കൊഡാമയുടെ കൈവശമുണ്ടായിരുന്നു. ഈ പണവും സി.ഐ.എ നൽകിയ രഹസ്യ ഫണ്ടുകളും ഉപയോഗിച്ചാണ് കൊഡാമ വലതുപക്ഷ നേതാക്കളെ ഒരു മേശയ്ക്ക് ചുറ്റും ഇരുത്തി 1955-ൽ എൽ.ഡി.പി രൂപീകരിച്ചത്. എൽ.ഡി.പിയുടെ ആദ്യകാല വൈസ് പ്രസിഡന്റായിരുന്ന ഓനോ, "രാഷ്ട്രീയക്കാരും യാക്കൂസയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്" എന്ന് പരസ്യമായിത്തന്നെ അഭിപ്രായപ്പെട്ടിരുന്നു.

സി.ഐ.എയ്ക്കും ഭരണകക്ഷിയായ എൽ.ഡി.പിക്കും (LDP) വേണ്ടി പ്രവർത്തിച്ചതിലൂടെ യാക്കൂസയ്ക്ക് വലിയ പ്രതിഫലം ലഭിച്ചു. പോലീസും രാഷ്ട്രീയക്കാരും യാക്കൂസയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേരെ കണ്ണടച്ചു. സർക്കാർ കരാറുകൾ, കെട്ടിട നിർമ്മാണം, വിനോദ വ്യവസായം എന്നിവയിൽ യാക്കൂസയ്ക്ക് കുത്തക ലഭിച്ചു. 1950 മുതൽ 1980 വരെയുള്ള കാലഘട്ടം യാക്കൂസയുടെ "സുവർണ്ണ കാലഘട്ടമായി" മാറാൻ പ്രധാന കാരണം ഈ രാഷ്ട്രീയ അമേരിക്കൻ പിന്തുണയായിരുന്നു.

1960-ൽ അമേരിക്കൻ പ്രസിഡന്റ് ഡ്വൈറ്റ് ഐസൻഹോവർ ജപ്പാൻ സന്ദർശിക്കാൻ തീരുമാനിച്ചപ്പോൾ രാജ്യവ്യാപകമായി വലിയ ഇടതുപക്ഷ വിദ്യാർത്ഥി തൊഴിലാളി പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടു. പ്രക്ഷോഭകരെ നേരിടാനായി അന്നത്തെ പ്രധാനമന്ത്രി നോബുസുകെ കിഷിയും യോഷിയോ കൊഡാമയും ചേർന്ന് പതിനായിരക്കണക്കിന് യാക്കൂസ ഗുണ്ടകളെയും വലതുപക്ഷ പ്രവർത്തകരെയും തെരുവിലിറക്കാൻ പദ്ധതിയിട്ടു. സുരക്ഷാ കാരണങ്ങളാൽ പിന്നീട് ഈ സന്ദർശനം റദ്ദാക്കി.

ആഗോള രാഷ്ട്രീയത്തിലും അന്താരാഷ്ട്ര കുറ്റകൃത്യങ്ങളിലും യാക്കൂസ സംഘങ്ങൾക്ക് ഇന്നും രഹസ്യമായ സ്വാധീനങ്ങളുണ്ട്. ജപ്പാനിലെ കർശന നിയമങ്ങൾ കാരണം പരസ്യമായ പ്രവർത്തനങ്ങൾ കുറഞ്ഞതോടെ, ഇവർ തങ്ങളുടെ പ്രവർത്തന മേഖല വിദേശ രാജ്യങ്ങളിലേക്കും ആധുനിക സാങ്കേതിക വിദ്യകളിലേക്കും മാറ്റിയിരിക്കുകയാണ്.

മ്യാൻമർ, ഫിലിപ്പീൻസ്, തായ്‌ലൻഡ് എന്നിവിടങ്ങളിലെ വിമത ഗ്രൂപ്പുകൾക്കും രാഷ്ട്രീയ വിഭാഗങ്ങൾക്കും ആയുധങ്ങൾ എത്തിച്ചു നൽകുന്നതിൽ യാക്കൂസ ഇടനിലക്കാരായി പ്രവർത്തിച്ചിട്ടുണ്ട്. 2022-ൽ മ്യാൻമറിലെ വിമതർക്ക് അമേരിക്കൻ നിർമ്മിത ആയുധങ്ങളും Surface-to-air missiles ഉൾപ്പെടെ എത്തിക്കാൻ ശ്രമിച്ചതിന് ഒരു മുതിർന്ന യാക്കൂസ നേതാവിനെ അമേരിക്കൻ ഏജൻസികൾ പിടികൂടിയിരുന്നു.

അമേരിക്കയിലെ ഹവായ്, കാലിഫോർണിയ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ റിയൽ എസ്റ്റേറ്റ്, കാസിനോ, ടൂറിസം മേഖലകളിൽ യാക്കൂസയ്ക്ക് കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപങ്ങളുണ്ട്. ഈ സാമ്പത്തിക ശക്തി ഉപയോഗിച്ച് പ്രാദേശിക രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും സ്വാധീനിക്കാൻ ഇവർക്ക് സാധിക്കുന്നു.

റഷ്യൻ മാഫിയ, ചൈനീസ്- മെക്സിക്കൻ മയക്കുമരുന്ന് കാർട്ടലുകൾ എന്നിവരുമായി യാക്കൂസയ്ക്കുള്ള ബിസിനസ്സ് ബന്ധങ്ങൾ ആഗോള കള്ളക്കടത്ത് ശൃംഖലകളെ നിയന്ത്രിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നു. പഴയതുപോലെ തോക്കും വാളുമായി തെരുവിലിറങ്ങുന്നതിന് പകരം ആധുനിക കാലത്ത് അതീവ രഹസ്യമായ 'വൈറ്റ് കോളർ' കുറ്റകൃത്യങ്ങളിലാണ് യാക്കൂസ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഓൺലൈൻ/ഫോൺ തട്ടിപ്പുകളാണ് ഇപ്പോൾ ഇവരുടെ മെയിൻ. പ്രായമായ ആളുകളെ ഫോണിൽ വിളിച്ച് അവരുടെ മക്കളോ കൊച്ചുമക്കളോ അപകടത്തിലാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടുക, വ്യാജ സർക്കാർ ഉദ്യോഗസ്ഥരായി നടിച്ച് ബാങ്ക് വിവരങ്ങൾ ചോർത്തുക തുടങ്ങിയ തട്ടിപ്പുകളിലൂടെ കോടികളാണ് ഇവർ സമ്പാദിക്കുന്നത്. ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാൻ ജപ്പാനിൽ കർശന നിയന്ത്രണമുള്ളതിനാൽ, ക്രിപ്റ്റോ കറൻസികളായ Bitcoin, Monero എന്നിവ ഉപയോഗിച്ചാണ് ഇപ്പോൾ ഇവരുടെ സാമ്പത്തിക ഇടപാടുകൾ. വിദേശ രാജ്യങ്ങളിലെ ഷെൽ കമ്പനികളിലൂടെ കള്ളപ്പണം വെളുപ്പിച്ച് നിയമപരമായ ബിസിനസ്സുകളിലേക്ക് ഇവർ മാറ്റുന്നു.

പോലീസ് നിരീക്ഷണം ഒഴിവാക്കാനായി, യാക്കൂസയിൽ ഔദ്യോഗികമായി അംഗങ്ങളല്ലാത്ത, എന്നാൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ചെറുപ്പക്കാരുടെ സംഘങ്ങളായ 'ഹാൻഗുരെ' (അർദ്ധ-കുറ്റവാളികൾ) ഗ്രൂപ്പുകളെ ഇവർ ഉപയോഗിക്കുന്നു. ലഹരിക്കടത്തും തട്ടിപ്പുകളും നടത്തുന്നത് ഈ ചെറുപ്പക്കാരായിരിക്കും. ലാഭത്തിന്റെ ഒരു വിഹിതം രഹസ്യമായി യാക്കൂസ തലവന്മാർക്ക് ലഭിക്കും. ഡാർക്ക് വെബ്ബ് വഴിയുള്ള മയക്കുമരുന്ന് വിൽപ്പന, ഡാറ്റാ മോഷണം, ഓൺലൈൻ ചൂതാട്ടം എന്നിവയും ഇവരുടെ ആധുനിക പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.

വലിയ കമ്പനികളുടെ രഹസ്യ വിവരങ്ങൾ ചോർത്തി ഭീഷണിപ്പെടുത്തുക, ഓഹരി വിപണിയിൽ കൃത്രിമം കാണിച്ച് ലാഭമുണ്ടാക്കുക എന്നിവയും ഇവർ രഹസ്യമായി ചെയ്യുന്നു. അന്താരാഷ്ട്ര ഉപരോധങ്ങൾ കാരണം ആഗോള വിപണിയിൽ ഒറ്റപ്പെട്ട ഉത്തര കൊറിയൻ ഭരണകൂടവും ജപ്പാനിലെ അധോലോക സംഘമായ യാക്കൂസയും (Yakuza) തമ്മിൽ പതിറ്റാണ്ടുകളായി രഹസ്യമായ കള്ളക്കടത്ത് ബന്ധങ്ങൾ നിലനിൽക്കുന്നുണ്ട്.

വിദേശ കറൻസി സമ്പാദിക്കുന്നതിനായി ഉത്തര കൊറിയൻ ഭരണകൂടത്തിന്റെ രഹസ്യ വിഭാഗമായ 'റൂം 39' വൻതോതിൽ മെത്താംഫെറ്റാമൈൻ നിർമ്മിച്ചിരുന്നു. കടൽ മാർഗ്ഗം ഉത്തര കൊറിയൻ കപ്പലുകളിൽ കൊണ്ടുവരുന്ന ഈ മയക്കുമരുന്ന് ജപ്പാൻ തീരത്തുവെച്ച് യാക്കൂസ സംഘങ്ങൾക്ക് കൈമാറും. ജപ്പാനിലെ ഏറ്റവും ലാഭകരമായ മയക്കുമരുന്ന് വിപണി നിയന്ത്രിച്ചിരുന്നത് യാക്കൂസയായിരുന്നു.

യഥാർത്ഥ അമേരിക്കൻ 100 ഡോളർ നോട്ടുകളിൽനിന്ന് തിരിച്ചറിയാൻ കഴിയാത്തത്ര കൃത്യതയോടെ ഉത്തര കൊറിയ നിർമ്മിച്ചിരുന്ന വ്യാജ നോട്ടുകളാണ് 'സൂപ്പർ ഡോളറുകൾ'. ഈ വ്യാജ ഡോളറുകൾ ഏഷ്യൻ വിപണിയിലും അമേരിക്കയിലും വിതരണം ചെയ്യുന്നതിനും, അവ മാറ്റി യഥാർത്ഥ കറൻസിയാക്കി ഉത്തര കൊറിയയ്ക്ക് നൽകുന്നതിനും യാക്കൂസ സംഘങ്ങൾ ഇടനിലക്കാരായി പ്രവർത്തിച്ചു.

യു.എൻ ഉപരോധങ്ങൾ കാരണം ഉത്തര കൊറിയയിലേക്ക് ആഡംബര വസ്തുക്കളോ ആയുധ നിർമ്മാണ സാമഗ്രികളോ കയറ്റുമതി ചെയ്യാൻ കഴിയില്ല. ഉത്തര കൊറിയൻ നേതാക്കൾക്കളായ കിം ജോങ് ഇൽ, കിം ജോങ് ഉൻ എന്നിവർക്ക് ആവശ്യമായ ആഡംബര കാറുകൾ, വിലകൂടിയ വാച്ചുകൾ, വിദേശമദ്യം, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ജപ്പാനിൽനിന്നും മറ്റ് രാജ്യങ്ങളിൽനിന്നും വാങ്ങി, വ്യാജ കമ്പനികൾ വഴി രഹസ്യമായി ഉത്തര കൊറിയയിലേക്ക് കടത്താൻ യാക്കൂസ സഹായിച്ചിരുന്നു.

ജപ്പാനിൽ വളരെ പ്രശസ്തമായ ഒരു ചൂതാട്ട കളിയാണ് ‘പാച്ചിങ്കോ’ (Pachinko). ജപ്പാനിൽ താമസിക്കുന്ന ഉത്തര കൊറിയൻ വംശജരുടെ സംഘടനയായ ‘ചോംഗ്രിയോണിലെ’ അംഗങ്ങളാണ് ഇത്തരം നിരവധി ഗെയിമിംഗ് കേന്ദ്രങ്ങൾ നടത്തുന്നത്. ജപ്പാനിലെ അധോലോക സംഘമായ ‘യാക്കൂസ’യ്ക്കും ഈ ബിസിനസ്സിൽ വലിയ പങ്കാളിത്തമുണ്ട്. പാച്ചിങ്കോയിലൂടെ ലഭിക്കുന്ന കോടിക്കണക്കിന് യെൻ ഹവാല വഴിയും കപ്പലുകൾ വഴിയും രഹസ്യമായി ഉത്തര കൊറിയൻ ഭരണകൂടത്തിലേക്ക് എത്തിയിരുന്നതായി അന്വേഷണ റിപ്പോർട്ടുകൾ പറയുന്നു.

2006-ന് മുൻപ് ഉത്തര കൊറിയയ്ക്കും ജപ്പാനും ഇടയിൽ സർവ്വീസ് നടത്തിയിരുന്ന 'മാൻഗ്യോങ്ബോങ്-92' (Mangyongbong-92) എന്ന യാത്രാ-ചരക്കു കപ്പൽ ഈ രഹസ്യ ഇടപാടുകളുടെ പ്രധാന കേന്ദ്രമായിരുന്നു. പണവും ആഡംബര വസ്തുക്കളും ഉത്തര കൊറിയയിലേക്ക് കൊണ്ടുപോകാനും, മയക്കുമരുന്നും വ്യാജ നോട്ടുകളും തിരികെ കൊണ്ടുവരാനും ഈ കപ്പൽ ഉപയോഗിച്ചിരുന്നതായി അമേരിക്കയും ജപ്പാനും കണ്ടെത്തിയതിനെത്തുടർന്ന് കപ്പലിന് ജപ്പാൻ വിലക്കേർപ്പെടുത്തി.

2012-ലും 2015-ലും ജപ്പാനിലെ കേന്ദ്രമന്ത്രിമാർക്ക് യാക്കൂസ ബന്ധങ്ങളുടെ പേരിൽ വിവാദങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ കള്ളപ്പണം വെളുപ്പിക്കലിലും, മയക്കുമരുന്ന് കടത്തിലും ഇവർക്ക് പങ്കുണ്ടെന്ന് യു.എസ് ട്രഷറി ഡിപ്പാർട്ട്മെന്റും സ്ഥിരീകരിച്ചിട്ടുണ്ട്. ഒരുകാലത്ത് ജപ്പാനിലെ രാഷ്ട്രീയത്തെയും, വ്യവസായത്തെയും പോലീസിനെപ്പോലും വിറപ്പിച്ചിരുന്ന യാക്കൂസ ഇന്ന് തകർച്ചയുടെ വക്കിലാണ്. 1960-കളിൽ ഏകദേശം 1,84,000-ത്തിലധികം അംഗങ്ങളുണ്ടായിരുന്ന സ്ഥാനത്ത്, ഇന്ന് ജപ്പാനിലാകെ 20,000-ത്തിൽ താഴെ അംഗങ്ങൾ മാത്രമാണുള്ളത്. അതിൽ സജീവമായവർ 10,000-ത്തിൽ താഴെയാണ്.

1992-ൽ ജപ്പാൻ സർക്കാർ ആദ്യമായി യാക്കൂസയെ നിയമവിരുദ്ധ സംഘടനകളായി പ്രഖ്യാപിക്കുന്ന കർശനനിയമം കൊണ്ടു വന്നു. ഒരു അംഗം ചെയ്യുന്ന കുറ്റകൃത്യത്തിന് ആ സംഘത്തിന്റെ തലവനും നിയമപരമായി ഉത്തരവാദിയായിരിക്കും എന്ന വ്യവസ്ഥ വന്നതോടെ, തലവന്മാർക്ക് ജയിൽശിക്ഷ ലഭിക്കാൻ തുടങ്ങി.

യാക്കൂസ അംഗങ്ങൾക്ക് സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറക്കാനോ ക്രെഡിറ്റ് കാർഡുകൾ എടുക്കാനോ കഴിയില്ല. വീടുകളോ ഓഫീസുകളോ വാടകയ്ക്ക് നൽകാൻ ഉടമകൾക്ക് അനുവാദമില്ല. ഹോട്ടലുകളിൽ മുറിയെടുക്കാനോ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാനോ ഇൻഷുറൻസ് എടുക്കാനോ പോലും ഇവർക്ക് കഴിയില്ല. സ്വന്തം പേരിൽ ഒരു മൊബൈൽ സിം കാർഡ് പോലും ഇവർക്ക് ലഭിക്കില്ല. യാക്കൂസയ്ക്ക് സംരക്ഷണ പണം നൽകുന്നതും അവരുമായി കരാറുകളിൽ ഏർപ്പെടുന്നതും കമ്പനികൾക്ക് നിയമവിരുദ്ധമായതോടെ അവരുടെ പ്രധാന വരുമാന മാർഗ്ഗങ്ങൾ അടഞ്ഞു. പുതിയ അംഗങ്ങൾ വരാതായതോടെ നിലവിലുള്ള അംഗങ്ങളിൽ ഭൂരിഭാഗവും 50-നും 70-നും ഇടയിൽ പ്രായമുള്ളവരായി മാറി. "വൃദ്ധന്മാരുടെ സംഘം" എന്ന നിലയിലേക്ക് യാക്കൂസ ചുരുങ്ങി. യാക്കൂസ ദുർബലമായതോടെ, ഔദ്യോഗിക സംഘടനകളിൽപെടാത്ത എന്നാൽ, സൈബർ തട്ടിപ്പുകളും ലഹരിക്കടത്തും നടത്തുന്ന 'ഹാൻഗുരെ' എന്ന പുതിയ തലമുറ ക്രിമിനൽ സംഘങ്ങൾ ജപ്പാനിൽ ശക്തമായി. യാക്കൂസയ്ക്ക് മേലുള്ളതുപോലെ കർശനനിയമങ്ങൾ ഇവർക്ക് ബാധകമല്ലാത്തതിനാൽ, അധോലോകത്തിന്റെ നിയന്ത്രണം ഇവരുടെ കൈകളിലേക്ക് മാറി.

2024-ൽ 10,105 ടോക്കുറിയു (പുതിയ കാലത്തെ ക്രിമിനൽ സംഘം) പ്രതികളെ പൊലീസ് പിടികൂടിയതിൽ 40 ശതമാനവും സോഷ്യൽ മീഡിയ വഴി എത്തിയവരാണ്. ഫിലിപ്പീൻസിൽ ഇരുന്ന് ടെലിഗ്രാമിലൂടെ 'ഇരുണ്ട പാർട്ട് ടൈം ജോലികൾ' നൽകി ആറ് ബില്യൺ യെൻ തട്ടിയെടുത്ത 'ലഫി' ഉദാഹരണം. 2024-ൽ യാക്കൂസ അറസ്റ്റുകൾ 8,249 ആയി കുറഞ്ഞപ്പോൾ ജപ്പാനിലെ ആകെ കുറ്റകൃത്യങ്ങൾ ഏഴ് ലക്ഷം കടന്നു. 2025-ൽ കുടിപ്പക അവസാനിപ്പിക്കാമെന്നും പ്രശ്നങ്ങളുണ്ടാക്കില്ലെന്നും ഉറപ്പുനൽകി യമാഗുച്ചി-ഗുമി പൊലീസിന് കത്തയച്ചതും കോടതി നിരോധനത്തെ തുടർന്ന് 3,200 പ്രധാന അംഗങ്ങളുള്ള സുമിയോഷി-കായ് ടോക്കിയോ ആസ്ഥാനം വിൽക്കുന്നതും ഇവരുടെ തകർച്ചയുടെ അടയാളങ്ങളാണ്.

1963-ൽ 1,84,100 ആയിരുന്ന അംഗസംഖ്യ 2022-23 ആയപ്പോഴേക്കും 22,400 ആയി ഇടിഞ്ഞു. 2014-ൽ 10,300 അംഗങ്ങളുണ്ടായിരുന്ന യമാഗുച്ചി-ഗുമി 2024 അവസാനത്തോടെ 3,300-ലേക്കും, കോബെ യമാഗുച്ചി-ഗുമി 2,800-ൽനിന്ന് 120-ലേക്കും ചുരുങ്ങി. പുതുതലമുറ വരാതായതോടെ ശരാശരി പ്രായം 55 വയസ്സായി ഉയർന്നു. പുനരധിവാസമില്ലാതെ ആളുകളെ പുറന്തള്ളുന്നത് കൂടുതൽ അപകടകരമായ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുമെന്ന് ഗവേഷകൻ 'പ്രൊഫസർ യാക്കൂസ' ഹിരോസെ മുന്നറിയിപ്പ് നൽകി.

ഒരുകാലത്ത് പച്ചകുത്തലും നെയിംബോർഡുകളും അഭിമാനചിഹ്നങ്ങളായി അണിഞ്ഞിരുന്ന യാക്കൂസകൾ ഇന്ന് പൂർണമായും അദൃശ്യരായിരിക്കാൻ പഠിച്ചിരിക്കുന്നു. നിയമത്തിന് പിടികൊടുക്കാത്ത ആ അദൃശ്യത തന്നെയാണ് അവരുടെ ഏറ്റവും അപകടകരമായ പുതിയ മുഖം. ഇന്നത്തെ യാക്കൂസ ഒരു തെരുവ് ഗുണ്ടാ സംഘമല്ല. ആധുനിക സാങ്കേതികവിദ്യയും, അന്താരാഷ്ട്ര ബന്ധങ്ങളും ഉപയോഗിച്ച് നിഴലിൽ ഇരുന്ന് പ്രവർത്തിക്കുന്ന ഒരു കോർപ്പറേറ്റ് ക്രൈം സിൻഡിക്കേറ്റാണ്.