കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്ക് (കെപിസിസി) പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോൺഗ്രസ് ഹൈക്കമാന്റ്. കൊടിക്കുന്നിൽ സുരേഷ് മുതൽ രാജ്മോഹൻ ഉണ്ണിത്താൻവരെ ഭൈമീകാമുകന്മാർ ഒരുപാട് പേരുണ്ട്. ഏറ്റവും അവസാനം കേട്ടത് റവന്യു മന്ത്രി എ.പി. അനിൽകുമാറിന്റെ പേരാണ്. റവന്യു പോലൊരു വകുപ്പ് വിട്ട് കെപിസിസി പ്രസിഡന്റാവുക എന്ന മണ്ടത്തരത്തിന് അനിൽകുമാർ തയ്യാറാവാൻ ഒരു സാദ്ധ്യതയുമില്ല.

To advertise here,

കെ.സി. വേണുഗോപാലിനു വേണ്ടിയായാൽപോലും അങ്ങിനെയൊരു ത്യാഗത്തിന് അനിൽകുമാറിനെ കിട്ടാനിടയില്ല. കഴിഞ്ഞ പത്തുകൊല്ലം അധികാരമില്ലാതെ കഴിച്ചുകൂട്ടേണ്ടി വന്നതിന്റെ അസ്‌കിത അനിൽകുമാറിന് അത്ര പെട്ടെന്നൊന്നും മറക്കാനാവില്ല. റവന്യു മന്ത്രി സ്ഥാനത്തേക്ക് അനിൽ കുമാറിന് പകരം ആരെ കൊണ്ടുവരും എന്നതും ചോദ്യമാണ്. വി.ഡി. സതീശന്റെ ക്യാബിനറ്റിൽ തനിക്കുള്ള വിശ്വസ്തനെ ഒഴിവാക്കാൻ കെ.സിക്കും താൽപര്യമുണ്ടാവില്ല. സതീശൻ ക്യാമ്പിനെ വഴിതെറ്റിക്കുക എന്ന ഉദ്ദേശ്യവും അനിൽകുമാറിന്റെ പേര് മുന്നോട്ടുവെയ്ക്കുന്നതിൽ ഉണ്ടായേക്കാം. മറ്റൊരു നിവൃത്തിയുമില്ലെങ്കിൽ മാത്രം കെ.സി. ക്യാമ്പ് ഉപയോഗിക്കുന്ന ബ്രഹ്‌മാസ്ത്രമായിരിക്കും അനിൽകുമാർ.

മുഖ്യമന്ത്രി ശക്തനായാൽ പാർട്ടി മുഖ്യമന്ത്രിക്ക് കീഴ്പ്പെടുന്ന അവസ്ഥയാണുണ്ടാവുക. പിണറായി വിജയന്റെ കാലത്ത് കോടിയേരിക്ക് പോലും പിണറായിയെ തിരുത്താൻ കഴിഞ്ഞിട്ടില്ല. എം.വി. ഗോവിന്ദന്റെ കാര്യമാണെങ്കിൽ പിന്നെ ഒന്നുംതന്നെ പറയേണ്ട ആവശ്യമില്ല. ഇക്കഴിഞ്ഞ പത്ത് വർഷങ്ങളിൽ ഇടത് മുന്നണി കൺവീനർമാരായിരുന്ന വൈക്കം വിശ്വനും ഇ.പി. ജയരാജനും വിജയരാഘവനും ടി.പി. രാമകൃഷ്ണനും എന്ത് പ്രസക്തിയാണുണ്ടായിരുന്നതെന്ന് ആലോചിച്ചാൽ ശക്തനായ മുഖ്യമന്ത്രിക്ക് എന്താണ് ചെയ്യാൻ പറ്റുകയെന്ന ചോദ്യത്തിന് ഉത്തരം കിട്ടും. സമാനമായ അവസ്ഥയിലാണ് ഇപ്പോൾ സണ്ണി ജോസഫും അടൂർ പ്രകാശും.

കുടുംബവും പാർട്ടിയും

കോൺഗ്രസിൽ പക്ഷേ, മുഖ്യമന്ത്രിയല്ല പരമോന്നത അധികാരകേന്ദ്രം. നെഹ്രു കുടുംബത്തെ മറികടക്കാൻ പോന്ന ഒരു കോൺഗ്രസ് മുഖ്യമന്ത്രിയും ഇന്നിപ്പോൾ ഇന്ത്യയിൽ ഇല്ല. കോൺഗ്രസിലെ ഉൾപാർട്ടി ജനാധിപത്യം രസകരമാണ്. പാർട്ടിക്കുള്ളിൽ കടുത്ത സംഘർഷങ്ങൾ പതിവുകാഴ്ചയാണ്. ആർക്കും ആരുമായും കൊമ്പുകോർക്കാം. പക്ഷേ, നെഹ്രു കുടുംബത്തെ മാത്രം തൊടരുത്.

കുടുംബത്തിനെതിരെ കലാപക്കൊടി ഉയർത്തിയാൽ വിവരമറിയും. അതിന് അറിഞ്ഞോ അറിയാതെയോ ശ്രമിച്ചവർക്കൊക്കെ അതിന്റെ ഫലം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. മുഖ്യമന്ത്രി ശക്തനായാൽ അതിനുള്ള മറുമരുന്നായാണ് കെപിസിസി പ്രസിഡന്റിനെ ഹൈക്കമാന്റ് കാണുന്നത്. കേരളത്തിൽ അങ്ങിനെയാരു മരുന്ന് പ്രയോഗിക്കേണ്ട സമയമായിരിക്കുന്നു എന്ന ചിന്തയിലാണ് ഹൈക്കമാന്റിപ്പോൾ എന്ന നിരീക്ഷണം അങ്ങിനെയങ്ങ് തള്ളിക്കളയേണ്ടതില്ല.

വിശ്വസ്തതയാണ് കെപിസിസി പ്രസിഡന്റിനാവശ്യമുള്ള പ്രഥമവും പ്രധാനവുമായ സംഗതി. ഹൈക്കമാന്റിന് അകമഴിഞ്ഞ് വിശ്വസിക്കാനാവുന്ന ഒരാൾക്കേ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് വരാൻ കഴിയൂ. കേരളത്തിലെ കാര്യമായതിനാൽ ഹൈക്കമാന്റ് എന്ന് പറഞ്ഞാൽ കെ.സി. വേണുഗോപാൽ എന്ന് വായിക്കുന്നതാണ് എളുപ്പം.

കെ.സിക്ക് താൽപര്യമുള്ള, ഹൈക്കമാന്റിന് ഒരിക്കലും ഭീഷണിയാവില്ലെന്ന് ഉറപ്പുള്ള അതേസമയം മുഖ്യമന്ത്രി വി.ഡി. സതീശനെ തളയ്ക്കാനാവുന്ന ഒരാൾ- അങ്ങിനെയൊരാളെയാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഹൈക്കമാന്റിന് വേണ്ടത്. ഈ വിശേഷണങ്ങൾ അത്രയും ഒത്തുചേരുന്നതാർക്കാണെന്ന ചോദ്യത്തിന് കുറച്ചു കഴിഞ്ഞിട്ട് മറുപടി പറയാം. ആദ്യം അൽപം ചരിത്രമാവട്ടെ!

 

ബോസിന്റെ പടിയിറക്കം

കോൺഗ്രസിനെപ്പോലൊരു പാർട്ടിയിൽ കെപിസിസി പ്രസിഡന്റ് എന്നല്ല ദേശീയ പ്രസിഡന്റ് പോലും ഒരു സംഭവമല്ല. വൊമേഷ് ചന്ദ്ര ബാനർജി മുതലിങ്ങോട്ട് നാളിതുവരെ എത്രയോ പേർ കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. അവരിലേറെപ്പരും ഇന്നിപ്പോൾ ആരുടെയും ഓർമ്മയിൽ പോലുമില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പ്രധാനമന്ത്രി തന്നെ പ്രസിഡന്റ് പദവി കൈകാര്യം ചെയ്തപ്പോൾ മാത്രമാണ് പ്രസിഡന്റ് ആരാണെന്നും എന്താണെന്നും ജനം ശ്രദ്ധിച്ചിട്ടുള്ളത്. സീതാറാം കേസരിയൊക്കെ കോൺഗ്രസിന്റെ പ്രസിഡന്റായിരുന്നു എന്നോർത്താൽ ഇക്കാര്യം വ്യക്തമാവും.

സാക്ഷാൽ സുഭാഷ് ചന്ദ്രബോസിനു പോലും കോൺഗ്രസിൽ പ്രസിഡന്റ് എന്ന നിലയിൽ തിളങ്ങാനായില്ല. ഗാന്ധിജിയും കൂട്ടരും നിസ്സഹകരണം പ്രഖ്യാപിച്ചതോടെ സുഭാഷിന് അവിടെനിന്ന് ഇറങ്ങിപ്പോവേണ്ടി വന്നു. നെഹ്രു പ്രധാനമന്ത്രിയായിരിക്കെ 1951 മുതൽ 54 വരെ നെഹ്രു തന്നെയായിരുന്നു കോൺഗ്രസ് പ്രസിഡന്റ്.

ജെ.ബി. കൃപലാനിയും നീലം സഞ്ജീവറെഡ്ഡിയും കാമരാജുമൊക്കെ ഈ കാലയളവിൽ പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്നുവെങ്കിലും 1959-ൽ പ്രസിഡന്റായ നെഹ്രുവിന്റെ മകൾ ഇന്ദിരാ ഗാന്ധി തന്നെയായിരുന്നു ഏറ്റവുമധികം കരുത്ത് കാട്ടിയത്. രാജ്യത്തെ പ്രഥമ കമ്മ്യൂണിസ്റ്റ് സർക്കാരിന് കേരളത്തിൽ അന്ത്യമുണ്ടായതിൽ ഇന്ദിരയുടെ ഇടപെടൽ നിർണ്ണായകമായിരുന്നു.

 

കാമരാജ് പദ്ധതി

പാർട്ടിക്കുള്ളിലും ഭരണത്തിലുമുള്ള വെല്ലുവിളികൾ അവസാനിപ്പിക്കാൻ നെഹ്രുവിന്റെ ആശിർവ്വാദത്തോടെ അരങ്ങേറിയ കാമരാജ് പദ്ധതി മറക്കാനാവില്ല. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ മാവോ നടപ്പാക്കിയ സാംസ്‌കാരിക വിപ്ലവത്തിന്റെ മൃദുരൂപമായിരുന്നു 1963-ലെ കമാരാജ് പദ്ധതി. അധികാരത്തിന്റെ പച്ചപ്പുൽത്തകിടികളിൽ മേഞ്ഞിരുന്നവരെ ഒരു സുപ്രഭാതത്തിൽ പാടത്തും പറമ്പിലും പണിയെടുക്കാൻ പറഞ്ഞുവിട്ട് തനിക്കെതിരെയുള്ള സമസ്ത കലാപങ്ങൾക്കും വിരാമമിട്ട മാവോയുടെ നടപടിക്ക് സമാനമായ നീക്കമാണ് കമാരാജ് നടത്തിയത്. പാർട്ടിക്ക് പുതിയൊരു മുഖച്ഛായ നൽകുന്നതിന് അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർ ആ പദവികൾ ത്യജിക്കണമെന്നും എന്നിട്ട് പാർട്ടി പ്രവർത്തനത്തിൽ മുഴുകണമെന്നുമായിരുന്നു കാമരാജ് പദ്ധതിയുടെ കാതൽ.

കാമരാജ് അന്ന് മദ്രാസ് സംസ്ഥാന മുഖ്യമന്ത്രിയാണ്. 1962-ൽ ചൈനയിൽനിന്നേറ്റ പ്രഹരത്തിൽ നെഹ്രുവും കോൺഗ്രസും ഉലഞ്ഞുനിൽക്കുന്ന സമയം. അതുവരെയുള്ള പൊതു തിരഞ്ഞെടുപ്പുകളിലൊന്നും നെഹ്രുവിന്റെ നേതൃത്വം കാര്യമായി ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. പക്ഷേ, ചൈനയുമായുള്ള യുദ്ധം കളിയുടെ ദിശയും ഗതിയും മാറ്റി. പ്രതിരോധ മന്ത്രി വി.കെ. കൃഷ്ണമേനോൻ രാജിവെയ്ക്കുന്നില്ലെങ്കിൽ നെഹ്രു തന്നെ പോകേണ്ടി വരുമെന്ന വെല്ലുവിളി ഉയർത്താൻ കോൺഗ്രസിനുള്ളിൽ ആളുണ്ടായി. ഇതേ സമയത്താണ് മൂന്നു സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ തകർത്ത് ആചാര്യ കൃപലാനിയും റാം മനോഹർ ലോഹ്യയും മിനു മസാനിയും ലോക്സഭയിലേക്കെത്തിയത്.

നെഹ്രുവിനു ശേഷം ആരെന്ന ചോദ്യം രാജ്യം കേട്ടുതുടങ്ങുകയായിരുന്നു. ഭരണത്തിനുള്ളിലും പാർട്ടിക്കുള്ളിലും പിടിമുറുക്കുക നെഹ്രുവിനെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാനാവുമായിരുന്നില്ല. ഇവിടെയാണ് കാമരാജ് രംഗപ്രവേശം ചെയ്തത്. പാർട്ടിക്ക് പുതിയൊരു മുഖച്ഛായ നൽകുന്നതിന് അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ആ പദവികൾ ത്യജിക്കണമെന്നും എന്നിട്ട് പാർട്ടി പ്രവർത്തനത്തിൽ മുഴുകണമെന്നുമായിരുന്നു കാമരാജ് പദ്ധതിയുടെ കാതൽ.

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചുകൊണ്ട് കാമരാജ് തന്നെ ഈ കലപാരിപാടിക്ക് തുടക്കമിട്ടു. പ്രധാനമന്ത്രി സ്ഥാനം രാജിവെയ്ക്കുകയാണെന്ന് നെഹ്രുവും പറഞ്ഞു. അത് കാമരാജ് അപ്പൊഴേ തള്ളി. നെഹ്രു അമരത്തില്ലാത്ത ഒരു കോൺഗ്രസ് സർക്കാർ ആലോചിക്കാനാവില്ലെന്നായിരുന്നു കാമരാജിന്റെ പക്ഷം. നെഹ്രുവിനെതിരെ നിലയുറപ്പിച്ചിരുന്നവർക്ക് പോലും കാമരാജിന്റെ ഈ വാദം തള്ളാനാവുമായിരുന്നില്ല. തുടർന്ന് രാജികളുടെ പ്രവാഹമുണ്ടായി. മൊറാർജി ദേശായിയും ലാൽ ബഹാദൂർ ശാസ്ത്രിയും ജഗ്ജീവൻ റാമും അടക്കമുള്ള കേന്ദ്ര മന്ത്രിമാർ രാജി വെച്ചു.

ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ബിഹാർ, കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ളവരടക്കമുള്ള മുഖ്യമന്ത്രിമാരും രാജിവെച്ചു. ഈ രാജികളെല്ലാം അംഗീകരിക്കപ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോൾ വകുപ്പില്ലാ മന്ത്രിയായി ശാസ്ത്രിയെ മാത്രം നെഹ്രു ക്യാബിനറ്റിലേക്ക് തിരികെക്കൊണ്ടുവന്നു. നെഹ്രുവിന്റെ പിൻഗാമിയെന്ന തലത്തിലേക്ക് ശാസ്ത്രിയുടെ ആദ്യ ചുവടുവെയ്പായിരുന്നു അത്. അതേവർഷം കാമരാജ് കോൺഗ്രസ് പ്രസിഡന്റായി ചുമതലയേൽക്കുകയും ചെയ്തു. ഭരണകൂടത്തിലും പാർട്ടിയിലും തനിക്കെതിരെ വെല്ലുവിളി ഉയർത്തിയ സകലരേയും ഒറ്റയടിക്ക് ഒതുക്കാൻ നെഹ്രുവിനെ സഹായിച്ചത് കാമരാജ് പദ്ധതിയായിരുന്നു.

 

റാവുവും വൈഎസ്ആറും

ഇതേ കമാരാജാണ് പിന്നീട് നെഹ്രുവിന്റെ മകൾ ഇന്ദിരയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തിയത്. കാമരാജിന്റെ നേതൃത്വത്തിലുള്ള സിൻഡിക്കറ്റിനെ ഒതുക്കാനാണ് ഇന്ദിര വിവിധ സംസ്ഥാനങ്ങളിൽ തന്റെ വിശ്വസ്തരെ കളത്തിലിറക്കിയത്. അന്ന് നിജലിംഗപ്പയേയും അതുല്ല്യ ഘോഷിനെയും എസ്.കെ. പാട്ടിലിനെയും നീലം സഞ്ജീവ റെഡ്ഡിയെയും ഒതുക്കിക്കൊണ്ട് ഇന്ദിര നടപ്പാക്കിയ വെട്ടിനിരത്തലിന്റെ ലക്ഷ്യം ഹൈക്കമാന്റിന്റെ സർവ്വാധിപത്യമായിരുന്നു.

കോൺഗ്രസിൽ ഹൈക്കമാന്റ് എന്ന് പറഞ്ഞാൽ നെഹ്രു കുടുംബം എന്നാണർത്ഥം. രാജീവ് ഗാന്ധി കൊല്ലപ്പെടുകയും നരസിംഹ റാവു പ്രധാനമന്ത്രിയാവുകയും ചെയ്്ത തൊണ്ണൂറുകളുടെ ആദ്യപകുതിയിലാണ് ഹൈക്കമാന്റ് ഒന്നു ദുർബ്ബലമായത്. നെഹ്രു കുടുംബത്തിന്റെ അധീശത്വത്തിൽനിന്ന് കോൺഗ്രസിനെ മുക്തമാക്കാൻ റാവു കളിച്ച കളി ഇന്നിപ്പോൾ ചരിത്രമാണ്. ബാബറി മസ്ജിദ് തകർക്കപ്പെട്ടതാണ് റാവുവിന് തിരിച്ചടിയായത്.

നെഹ്രു കുടുംബം ദുർബ്ബലമായിരുന്ന സമയത്താണ് വൈ.എസ്. രാജശേഖര റെഡ്ഡി ആന്ധ്രയിൽ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി വളർന്നത്. അതിന് ശേഷമിങ്ങോട്ട് ഒരു നേതാവിനെയും ഹൈക്കമാന്റിന് മുകളിൽ വളരാൻ നെഹ്രു കുടുംബം അനുവദിച്ചിട്ടില്ല. വൈ.എസ്.ആർ. ഹെലിക്കോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടപ്പോൾ മകൻ ജഗൻമോഹനെ എങ്ങിനെ ഒതുക്കാം എന്നാണ് ഹൈക്കമാന്റ് ചിന്തിച്ചത്. ആ ചിന്തയാണ് ഒടുവിൽ ആന്ധ്രപ്രദേശിന്റെ വിഭജനത്തിലേക്കും കോൺഗ്രസ് ആന്ധ്രയിൽ നിഷ്പ്രഭമാവുന്നതിലേക്കും നയിച്ചത്.

അതിര് വിട്ടാൽ

പഞ്ചാബിൽ അമരീന്ദർ സിങ്ങിനെ ഒതുക്കിയതും ഈ ഘട്ടത്തിൽ ഓർക്കണം. സംസ്ഥാനങ്ങളിലെ അധികാരം നഷ്ടപ്പെട്ടാലും കുഴപ്പമില്ല തങ്ങൾക്കെതിരെ തിരിയുന്നവരെ ഇരുത്തേണ്ടിടത്ത് ഇരുത്തണം എന്നതാണ് നെഹ്രു കുടുംബത്തിന്റെ അടിസ്ഥാന നയം. കെ. കരുണാകരനും മുരളീധരനും നേരിട്ട തിരിച്ചടികളിലും ഹൈക്കമാന്റിന്റെ ഈ നയം പ്രതിഫലിച്ചിരുന്നു.

ഹൈക്കമാന്റിനോടുളള അടിയുറച്ച കൂറാണ് എ.കെ. ആന്റണിക്ക് ഗുണകരമായത്. കേരളത്തിന് പുറത്ത് ഒരിക്കലും ഒരു വെല്ലുവിളിയല്ലാതിരുന്നിട്ടും ഉമ്മൻചാണ്ടിയുടെ ചിറകുകൾ അരിയാനും ഹൈക്കമാന്റ് തുനിഞ്ഞത് പ്രാദേശിക നേതാക്കൾ അതിരുവിട്ട് വളരരുതെന്ന ചിന്തയുടെ പുറത്തായിരുന്നു.

മുഖ്യമന്ത്രി ശക്തനായാൽ തടയിടാൻ ഒരാൾ വേണമെന്നതാണ് പിസിസി പ്രസിഡന്റ് നിയമനത്തിൽ ഹൈക്കമാന്റിനെ നയിക്കുന്ന മുഖ്യഘടകം. അമരീന്ദറിന് ചെക്ക് വെയ്ക്കാൻ സിദ്ധുവും അശോക് ഗെഹ്്ലൊത്തിനെ നിയന്ത്രിക്കാൻ സച്ചിൻ പൈലറ്റും സിദ്ധരാമയ്യയെ ഇരുത്താൻ ശിവകുമാറും കമൽനാഥിന് ബദലായി ദിഗ്വിജയ് സിങ്ങും കളത്തിലിറങ്ങുന്നത് ഇത്തരമൊരു പദ്ധതിയുടെ വെളിച്ചത്തിലാണ്. കേരളത്തിൽ കെ. കരുണാകരനെയും ആന്റണിയെയും രണ്ട് തട്ടിൽ നിർത്തിക്കൊണ്ട് ഹൈക്കമാന്റ് കളിച്ച കളിയും ഇതേ വഴിയിലൂടെയുള്ള സഞ്ചാരമായിരുന്നു.

ഉമ്മൻചാണ്ടിയും സുധീരനും

ഉമ്മൻ ചാണ്ടി അതിരു വിടുന്നുണ്ടോ എന്ന സന്ദേഹത്തിന്റെ പുറത്താണ് വി.എം. സുധീരനെ കേരളത്തിൽ കെപിസിസി പ്രസിഡന്റാക്കാൻ ഹൈക്കമാന്റ് തീരുമാനിച്ചത്. അന്ന് കേരളത്തിലെ രണ്ട് പ്രബല നേതാക്കൾ- ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും- ആവശ്യപ്പെട്ടത് ജി. കാർത്തികേയനെ കെപിസിസി പ്രസിഡന്റാക്കണമെന്നായിരുന്നു. പക്ഷേ, ഹൈക്കമാന്റ് വിരൽചൂണ്ടിയത് സുധീരന്റെ നേർക്കാണ്. ഉമ്മൻചാണ്ടിക്ക് തടയിടുക എന്നതായിരുന്നു സുധീരന്റെ ദൗത്യം. അത് സുധീരൻ വിജയകരമായി നിറവേറ്റുകയും ചെയ്തു.

ഉമ്മൻചാണ്ടി ജനപ്രീതിയുടെ നെറുകയിലിരിക്കെ 2014-ലാണ് ഹൈക്കമാന്റ് സുധീരനെ ഇറക്കിയത്. ഹൈക്കമാന്റിന്റെ ഇംഗിതം പോലെ ഉമ്മൻചാണ്ടിയുടെ തലയിലിരുന്ന് സുധീരൻ ചെവി നുള്ളുകയും ചെയ്തു. അന്ന് 418 ബാറുകളുടെ കാര്യത്തിൽ സുധീരൻ കളിച്ച കളിയെ നേരിടാനാണ് ഉമ്മൻചാണ്ടി സകല ബാറുകളും (ഫൈവ്സ്റ്റാർ ഹോട്ടലുകളിലേതൊഴികെ) പൂട്ടാൻ തീരുമാനിച്ചത്. സുധീരനെ നിലംപരിശാക്കാനുള്ള ആ നീക്കമാണ് പിന്നീട് ബാർ കോഴക്കേസിലും തൊട്ടുപിന്നാലെ വന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പരാജയത്തിലും കലാശിച്ചത്.

അന്ന് സുധീരന് പകരം കാർത്തികേയനായിരുന്നു കെപിസിസി പ്രസിഡന്റായിരുന്നതെങ്കിൽ അധികാരം നിലനിർത്തി ഉമ്മൻചാണ്ടി ചരിത്രം സൃഷ്ടിക്കുമായിരുന്നു എന്നു കരുതുന്നവർ കോൺഗ്രസിൽ നിരവധിയാണ്. സുധീരന് ശേഷം മുല്ലപ്പള്ളി രാമചന്ദ്രനെ പ്രസിഡന്റാക്കിയപ്പോഴും ഇത്തരത്തിലുള്ള ഒരിടപെടലാണ് ഹൈക്കമാന്റ് നടത്തിയത്.

സുധീരൻ രാജിവെച്ചതിനു ശേഷം താൽക്കാലിക പ്രസിഡന്റായ എം.എം. ഹസ്സൻ തുടരട്ടെ എന്ന നിലപാടാണ് ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കുമുണ്ടായിരുന്നത്. എന്നാൽ കെ. മുരളീധരന് ഒരവസരം കൂടി കൊടുത്തുകൂടെ എന്നൊരു ചോദ്യം രാഹുൽ ഗാന്ധിയുടെ ക്യാമ്പിൽ നിന്നുയർന്നു. മുരളീധരൻ വന്നാലുള്ള അപകടം മാനത്തുകണ്ട ഉമ്മൻചാണ്ടിയും ചെന്നിത്തലയും വേറെയാരായാലും കുഴപ്പമില്ലെന്ന സന്ദേശം ഹൈക്കമാന്റിന് കൈമാറി. എങ്കിൽ സുധീരനൊത്തൊരു ചങ്ങാതി ആയിക്കോട്ടെയെന്ന് ഹൈക്കമാന്റും കരുതി. മുഖ്യമന്ത്രി കരുത്തനായാൽ അപ്പുറത്ത് കെപിസിസി പ്രസിഡന്റ് ദുർബ്ബലനാവരുതെന്ന നയമാണ് മുല്ലപ്പള്ളിയിലേക്കെത്തിച്ചത്.

ജി 23-ന് സംഭവിച്ചത്

2021-ലെ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി എന്ന ഒരൊറ്റ നേതാവിനെ മാത്രം ആശ്രയിക്കേണ്ടതില്ലെന്ന കാഴ്ചപ്പാടായിരുന്നു ഹൈക്കമാന്റിന്. എവിടെ വെച്ച്, എപ്പോഴാണ് ഹൈക്കമാന്റിന് ഉമ്മൻചാണ്ടിയിലുള്ള വിശ്വാസം ഇളകിയതെന്നറിയില്ല. എ.കെ. ആന്റണി ഹൈക്കമാന്റിന്റെ വിശ്വസ്തനായി തുടരുകയും ഉമ്മൻചാണ്ടി പാർട്ടിക്കുള്ളിൽ പ്രതിസന്ധികളിൽനിന്നു പ്രതിസന്ധികളിലേക്ക് വീഴുകയും ചെയ്യുന്നതാണ് പിന്നീടങ്ങോട്ട് കേരളം കണ്ടത്. ഉമ്മൻചാണ്ടി സർക്കാർ അഴിമതിയുടെ നിഴലിലാണെന്ന അതിശക്തമായ ആരോപണം ആ നാളുകളിൽ ഉയർത്തിയത് ഇന്നിപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രിയായ വി.ഡി. സതീശനാണെന്നും മറക്കരുത്.

ഇതേ സതീശന് തടയിടാൻ കഴിവുള്ള ഒരാളെയാണ് ഇപ്പോൾ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഹൈക്കമാന്റിനാവശ്യം. പിണറായിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷത്തെ തകർത്ത് യുഡിഎഫ് അധികാരം തിരിച്ചുപിടിച്ചപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാന്റിന്റെ പ്രഥമ പരിഗണന കെ.സി. വേണുഗോപാലിനായിരുന്നു എന്നതും ഓർക്കണം. ഹൈക്കമാന്റിന്റെ ഇംഗിതം കൃത്യമായി തിരിച്ചറിഞ്ഞുകൊണ്ടാണ് കോൺഗ്രസിന്റെ ഭൂരിപക്ഷം എംഎൽഎ മാരും അന്ന് കെ.സിക്കൊപ്പം നിലയുറപ്പിച്ചത്. പക്ഷേ, അതിശക്തമായ പൊതുജന സമ്മർദ്ദത്തിന് മുന്നിൽ ഹൈക്കമാന്റിന് സതീശനെതന്നെ മുഖ്യമന്ത്രിയാക്കേണ്ടി വന്നു.

അധികാരത്തോട് ആർത്തിയില്ലാത്തതിനാൽ രാഹുൽ ഗാന്ധിക്ക് പഴയ കോൺഗ്രസ് നേതാക്കളുടെ അരക്ഷിതാവസ്ഥയില്ല. പക്ഷേ, നെഹ്രു കുടുംബത്തിനെതിരെ വെല്ലുവിളി ഉയർത്തുന്നവർ ഒതുക്കപ്പെട്ടിരിക്കും എന്ന ചരിത്രം ജി 23 നേതാക്കളുടെ കാര്യത്തിൽ ആവർത്തിക്കപ്പെട്ടു. ഗുലാം നബി ആസാദിനെപ്പോലുള്ളവർ പാർട്ടിക്ക് പുറത്തേക്ക് പോയപ്പോൾ ശശി തരൂരിനെപ്പോലുള്ളവർ പാർട്ടിക്കുള്ളിൽ അനഭിമതരായി. അഖിലേന്ത്യാ തലത്തിൽ വി.ഡി. സതീശൻ നെഹ്രു കുടുംബത്തിന് ഒരുതരത്തിലുമുള്ള വെല്ലുവിളി ഉയർത്തുന്നില്ല. പക്ഷേ, ദക്ഷിണേന്ത്യയിൽ പാർട്ടിയുടെ സാന്നിദ്ധ്യം ഏറ്റവും ശക്തമായ ഒരു സംസ്ഥാനത്ത് ഒരു നേതാവും പ്രബലനാവരുതെന്ന് ഹൈക്കമാന്റിന് നിർബ്ബന്ധമുണ്ട്.

 

അടൂർ പ്രകാശും കുഴൽനാടനും

സതീശന് ചെക്ക് വെയ്ക്കാൻ പറ്റുന്ന നേതാവല്ല സണ്ണി ജോസഫ് എന്ന് ഹൈക്കമാന്റിനറിയാം. കെ.സിയുടെ വിശ്വസ്തരിലൊരാളാണെങ്കിലും സുധീരനെപ്പോലെയോ മുല്ലപ്പള്ളിയെപ്പോലെയോ അഗ്രസ്സിവ് ആകാൻ സണ്ണിക്കാവില്ല. കെഎസ്ഇബിയുടെ ശുപാർശ അവഗണിച്ച് സ്വകാര്യ കമ്പനിയുമായി കരാറിൽ ഏർപ്പെടുന്നതിനെ ചെറുത്തുനിൽക്കാൻ സണ്ണിക്കാവുന്നില്ല. സതീശന്റെ വാക്ചാതുര്യത്തിന് മുന്നിൽ അടിപതറാതെ നിൽക്കുന്ന ഒരു നേതാവിനെയാണ് ഹൈക്കമാന്റ് തേടുന്നത്. മാത്രമല്ല, വൈദ്യുതി മന്ത്രി സ്ഥാനവും കെപിസിസി പ്രസിഡന്റ് സ്ഥാനവും ഒന്നിച്ച് അധികനാൾ വഹിക്കാനുമാവില്ല.

അടൂർ പ്രകാശാണ് സാദ്ധ്യതയുള്ള ഒരാൾ. കോൺഗ്രസ് രാഷ്ട്രീയം കലക്കിക്കുടിച്ചിട്ടുള്ള കക്ഷിയാണ് അടൂർ പ്രകാശ്. ഇലയറിയാതെ മരം മുറിക്കാൻ അടൂരിനറിയാം. വി.ഡി. സതീശനുമായി കൊമ്പുകോർക്കാൻ മടിയില്ല എന്നതും അടൂരിനെ പരിഗണിക്കുന്നതിൽ ഒരു ഘടകമായിരിക്കും. ഭരണപരിഷ്‌കരണ സമിതി ചെയർമാനായി എം.കെ. മുനീറിനെയും ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ദേവരാജനെയും നിയമിച്ചതും യുഡിഎഫ് കൺവീനറായ താൻ അറിഞ്ഞില്ലെന്ന് പരസ്യമായി പ്രതികരിക്കാൻ അടൂർ പ്രകാശിന് മടിയുണ്ടായില്ല. ഈഴവ സമുദായത്തിന്റെ ശക്തമായ പിന്തുണയും അടൂരിനുണ്ട്. കെ.സി. ക്യാമ്പുമായുള്ള ബന്ധം അത്രയേറെ ദൃഢമല്ലെന്നത് മാത്രമാണ് ഈ വിഷയത്തിൽ അടൂർ നേരിടുന്ന പ്രതിസന്ധി.

സതീശനെ തളയ്ക്കാൻ ഒരു യുവനേതാവിനെയാണ് കെ.സി. ക്യാമ്പ് തേടുന്നതെങ്കിൽ മാത്യു കുഴൽനാടനായിരിക്കും ആദ്യ പരിഗണന. കേരളത്തിലെ കോൺഗ്രസിനുള്ളിലെ യുവതുർക്കിയായാണ് കുഴൽനാടൻ അറിയപ്പെടുന്നത്. വാക്ചാതുരിയിലും തന്ത്രങ്ങളിലും ആരോടും കിടപിടിക്കാൻ കുഴൽനാടനാവും. അഴിമതിക്കെതിരെയുള്ള കർശന നിലപാടുകളും മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പോരാട്ടവും കുഴൽനാടന് പിൻബലമാവും. കെ.സിയുടെ വിശ്വസ്തരിലൊരാളാണ് കുഴൽനാടൻ എന്നതും മറക്കരുത്.

സതീശനെ നിയന്ത്രിക്കാൻ വ്യക്തിപ്രഭാവമുള്ള ഒരു ചെറുപ്പക്കാരൻ തന്നെയിരിക്കട്ടെ എന്ന് കെ.സി. ക്യാമ്പ് തീരുമാനിച്ചാൽ കുഴൽനാടൻ കെപിസിസി പ്രസിഡന്റാവാൻ ഇനി അധികം താമസമുണ്ടാവില്ല. കുഴൽനാടനെ പ്രസിഡന്റാക്കാൻ വി.ഡി. സതീശൻ സമ്മതിക്കാനിടയില്ല. പക്ഷേ, കെപിസിസി പ്രസിഡന്റ് നിയമനത്തിൽ ഹൈക്കമാന്റിന്റെ തീരുമാനം തന്നെയായിരിക്കും അന്തിമം.

എന്തായാലും കോൺഗ്രസിനുള്ളിൽ സതീശന്റെ ഹണിമൂൺ കഴിയുകയാണ്. പുതിയ കെപിസിസി പ്രസിഡന്റ് ആരായിരുന്നാലും സതീശന്റെ വിധേയനും വിശ്വസ്തനുമാവില്ല എന്ന കാര്യം ഇപ്പൊഴേ ഉറപ്പിക്കാം. ദേശീയ തലത്തിൽ കോൺഗ്രസ് അധികാരത്തിലില്ല എന്നതാണ് ഈ വിഷമസന്ധിയിൽ സതീശനെ തുണയ്ക്കുന്ന ഒരു ഘടകം. സതീശനെതിരെ കടുത്ത ആക്രമണം അഴിച്ചുവിടാൻ കെ.സി. ക്യാമ്പിന് സാദ്ധ്യമാവാത്തതും അതുകൊണ്ടാണ്. പക്ഷേ, ഹൈക്കമാന്റിനെ ധിക്കരിക്കുന്ന എന്തെങ്കിലും നീക്കം സതീശന്റെ ഭാഗത്തുനിന്ന് ഉണ്ടായാൽ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും.

മുസ്ലിം ലീഗ് നേതൃത്വവുമായി സതീശനുള്ള ആഴമാർന്ന അടുപ്പവും ഹൈക്കമാന്റിന് ശ്രദ്ധിക്കാതിരിക്കാനാവില്ല. പാർട്ടിയേയും യുഡിഎഫിനേയും മുഖ്യമന്ത്രി വിശ്വാസത്തിലെടുക്കുന്നില്ലെന്ന ആരോപണം ഗൗരവമായിത്തന്നെയാണ് ഹൈക്കമാന്റ് കാണുന്നത്. അതുകൊണ്ടുതന്നെ സതീശനുള്ള സുധീരൻ അണിയറയിൽ ഒരുങ്ങുകയാണ്. അതിപ്പോൾ അടൂർ പ്രകാശായാലും കുഴൽനാടനായാലും സതീശൻ കരുതിയിരിക്കുക തന്നെ വേണം.

വഴിയിൽ കേട്ടത്: താനാണ് മത്സരിച്ചിരുന്നതെങ്കിൽ തിരഞ്ഞെടുപ്പ് ഫലം ഇതാകുമായിരുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ്. 543 സീറ്റിലും താൻ തന്നെ സ്ഥാനാർത്ഥിയാവുന്ന കിണാശ്ശേരിയാണ് നമ്മുടെ നേതാവിന്റെ സ്വപ്നം!