
"സ്‌കൂള്‍ വിട്ടുവരുമ്പോള്‍ കഞ്ഞിക്കലത്തില്‍ ശേഷിക്കുന്ന കുറച്ച് വറ്റും നിറച്ച് വെള്ളവും ഒഴിച്ച് ഒറ്റക്കുടിയാണ്. അതോടെ ആ ദിവസത്തെ ഭക്ഷണം തീര്‍ന്നു. മക്കളെ ഊട്ടുന്നതിനിടെ പലപ്പോഴും എന്റെ അമ്മ പട്ടിണിയായിരുന്നു. അമ്മയുടെയും അച്ഛന്റെ കഷ്ടപ്പാട് കണ്ടപ്പോള്‍ പത്താം ക്ലാസ് കഴിഞ്ഞതും ഞാന്‍ കൂലിപ്പണിക്ക് പോയി അവസാനം ഓട്ടോറിക്ഷക്കാരനുമായി. അതില്‍നിന്ന് സര്‍ക്കാര്‍ ജോലിയിലേക്കുള്ള യാത്ര കണ്ണീരും വിയര്‍പ്പും കലര്‍ന്നതായിരുന്നു..." ഈറന്‍ കണ്ണുകളോടെ ചിരിച്ചുകൊണ്ട് മണികണ്ഠന്‍ പറഞ്ഞുതുടങ്ങി.
പി.എസ്.സി. പഠനത്തിന്റെ ഓരോ ഘട്ടത്തിലും മണികണ്ഠന് ഓരോ പ്രശ്നം വന്ന് നിര്‍ത്തി പോവേണ്ടി വന്നിരുന്നു. വീണ്ടും തീവ്രമായി ശ്രമിക്കും. കമ്പനി ബോര്‍ഡ് എല്‍.ജി.എസ്. പരീക്ഷയിലെ 958-ാം റാങ്ക് നേടിയതോടെ മണികണ്ഠന്റെ കഠിനാധ്വാനത്തിന് ഫലം കണ്ടുതുടങ്ങി. ഫോറസ്റ്റ് റിസര്‍വ് വാച്ചര്‍ ഉള്‍പ്പെടെ നിരവധി ലിസ്റ്റുകളില്‍ മണികണ്ഠന്‍ ഇടം പിടിച്ചിട്ടുണ്ട്. നിലവില്‍ കെഎസ്എഫ്ഇയിലാണ് ജോലി . താന്‍ കടന്നുവന്ന വിജയവഴിയെ കുറിച്ച് മാതൃഭൂമി ഡോട്ട് കോം ടോപ്പേര്‍സ് ലിസ്റ്റിലൂടെ സംസാരിക്കുകയാണ് മണികണ്ഠന്‍.
Also Read
പി.എസ്.സിയിലേക്ക്
വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമ്മയെ ഒരാള്‍ ആക്രമിച്ചിരുന്നു. വല്ലാത്തൊരു നീതിനിഷേധമായിരുന്നു അന്ന് നടന്നത്. അന്ന് നടന്ന കേസിന്റെ ആവശ്യത്തിന് പോലിസ് സ്റ്റേഷനില്‍ എത്തി. ഞങ്ങളുടെ എതിര്‍കക്ഷിക്കായിരുന്നു കൂടുതല്‍ പരിഗണന നല്‍കിയിരുന്നു. കാരണം അയാള്‍ സര്‍ക്കാര്‍ ജോലിക്കാരനായിരുന്നു. ഒരു സര്‍ക്കാര്‍ ജോലിക്കാരനായതിനാല്‍ അദ്ദേഹത്തിന് കിട്ടിയ പ്രിവിലേജും ഓട്ടോറിക്ഷാക്കാരനായതും കൊണ്ട് എനിക്ക് കിട്ടാന്‍ വൈകിയ നീതിയും വളരെ വേദനിപ്പിച്ചു. അന്ന് രാത്രി ഇരുന്നു ചിന്തിച്ചു. സര്‍ക്കാര്‍ ജോലി കിട്ടിയേ മതിയാവു എന്ന് അന്ന് രാത്രി ഉറപ്പിച്ചു.
താങ്ങായി എത്തിയ തണല്‍
സര്‍ക്കാര്‍ ജോലി നേടാന്‍ എന്ത് പഠിക്കണം, എവിടെ പഠിക്കണം എന്നതിനെ പറ്റി എനിക്ക് അറിവുണ്ടായിരുന്നില്ല. തുടങ്ങിയത് തന്നെ പതര്‍ച്ചയിലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഠനം വിട്ടതിനാല്‍ പുസ്തകവും പേനയും അന്യമായിരുന്നു. പത്രം ദിവസേന വായിക്കും, പിന്നെ ജോലിയുടെ ഭാഗമായുള്ള കണക്കുകൂട്ടല്‍. ഇതിന് അപ്പുറത്തേക്ക് ഒന്നും അറിവുണ്ടായിരുന്നില്ല. കുടുംബത്തിലെ മുതിര്‍ന്ന വ്യക്തിയാണ് തൃശ്ശൂരില്‍ സൗജന്യ പി.എസ്.സി. കോച്ചിങ്ങ് സെന്ററുകളെ കുറിച്ച് പറഞ്ഞുതന്നത്. വലിയ ഫീസ് കൊടുത്ത് പഠിക്കാന്‍ കഴിയാത്തത് കൊണ്ട് എനിക്ക് ഈ രണ്ട് ഓപ്ഷനുകള്‍ വലിയ സമാധാനമായിരുന്നു. ആദ്യത്തെ സെന്റര്‍ നിലവില്‍ പി.എസ്.സി. കോച്ചിങ്ങ് കൊടുക്കുന്നുണ്ടായിരുന്നില്ല. പിന്നെയാണ് സത്യന്‍ മാഷ് നടത്തുന്ന തണല്‍ എന്ന സാമൂഹിക കൂട്ടായ്മയിലേക്ക് എത്തുന്നത്. അതായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ ടേണിങ് പോയിന്റ്.
പകല്‍ ഓട്ടോറിക്ഷ ഓട്ടം, വൈകിട്ട് പി.എസ്.സി.
കടുത്ത ദാരിദ്ര്യത്തിലൂടെയാണ് കുടുംബം മുന്നോട്ട് പോയിരുന്നത്. ജോലി ഉപേക്ഷിച്ച് പി.എസ്.സി. പഠിക്കാന്‍ ചെന്നാല്‍ വീട് പട്ടിണിയാവും. പകല്‍ ഓട്ടോ ഓടിച്ച് വൈകിട്ട് ക്ലാസിലേക്ക് ഓടിയെത്തും. ആദ്യദിവസം പേനയും ബുക്കും ഒന്നുമില്ലാതെയായിട്ടാണ് ക്ലാസിലേക്ക് ചെന്നത്. കാരണം ഇവിടെത്തെ രീതികളെ കുറിച്ച് അറിവുണ്ടായിരുന്നില്ല. എല്ലാവരും ബുക്കും പേനയും എടുക്കുന്നത് കണ്ട് ഞാന്‍ ആകെ വല്ലാതായി. ഒരു വിധം ബുക്കും പേനയും ഒപ്പിച്ച് ക്ലാസിലേക്ക് ഓടിയെത്തി. ക്ലാസ് നോട്ട് എഴുതുമ്പോഴാണ് പുതിയ പ്രശ്‌നം നേരിട്ടത്. പല അക്ഷരങ്ങളും മറന്നുപോയിരിക്കുന്നു. പല അക്ഷരങ്ങളും വഴങ്ങുന്നില്ല. സ്വയം തകര്‍ന്നു പോയ നിമിഷം എന്ന് വേണമെങ്കില്‍ പറയാം. വലിയ ജോലിക്കാരാനാവാം എന്ന് പറഞ്ഞ് ഇറങ്ങിയ എനിക്ക് ആദ്യത്തെ ചുവടില്‍ തന്നെ വന്‍ അടി കിട്ടിയ പോലായി. പക്ഷേ തളര്‍ന്നാല്‍ ഞാനൊരു ഭീരുവായി മാറുമെന്ന് തോന്നി. ഉള്ള ധൈര്യം വെച്ച് പഠനം ആരംഭിക്കാന്‍ തുടങ്ങി. ആദ്യം ക്ലാസിലെ ഏറ്റവും പിറകിലായിരുന്ന ഞാന്‍ പതിയെ ട്രാക്കിലോട്ട് കയറാന്‍ ആരംഭിച്ചു. എന്നെ കൊണ്ട് ഇത് പറ്റുമെന്ന തോന്നല്‍ വന്നു. രണ്ടും കല്‍പ്പിച്ച് പഠിക്കാനായി ആരംഭിച്ചു. വല്ലാത്തൊരു കഠിനകാലമായിരുന്നു. പണി ചെയ്ത ക്ഷിണത്തിലാണ് ക്ലാസിലോട്ട് വരുന്നത്. രാവിലെ നേരത്തെ എണീറ്റായിരുന്നു പഠനം.ഓട്ടോ ഓടുന്ന ഇടവേളയെല്ലാം പഠനത്തിനായി മാറ്റിവെയ്ക്കും.അന്ന് വന്ന പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്കായിരുന്നു ഒരുക്കം. പരീക്ഷയും വലിയ കുഴപ്പമില്ലാതെ എഴുതി.
ആദ്യത്തെ അടി, തകര്‍ന്നു പോയ നിമിഷം
ലിസ്റ്റില്‍ മുന്‍പന്തിയില്‍ പെട്ടില്ലെങ്കിലും അവസാനം എവിടെയെങ്കിലും ഉള്‍പ്പെടുമെന്ന് വിചാരിച്ചിട്ടുണ്ടായിരുന്നു. അവസാനം ഫലം വന്നപ്പോള്‍ സപ്ലിമെന്ററി ലിസ്റ്റിലാണ് പെട്ടത്. ഈ സപ്ലിമെന്ററിക്കാര്‍ക്ക് നോണ്‍-ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമായിരുന്നു.സര്‍ട്ടിഫിക്കറ്റ് അന്വേഷിക്കാന്‍ ചെന്നപ്പോള്‍ എനിക്ക് ആ സര്‍ട്ടിഫിക്കറ്റ് തരാന്‍ പറ്റില്ലെന്ന് അധികൃതര്‍ പറഞ്ഞു. അച്ഛനും അമ്മയും തമിഴ്‌നാട്ടില്‍നിന്ന് കുടിയേറി പാര്‍ത്തവരായതിനാല്‍ ഈ സര്‍ട്ടിഫിക്കറ്റ് തരുന്നതില്‍ സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നും അവര്‍ അറിയിച്ചു. ജോലി കിട്ടാന്‍ ഏറെ സാധ്യതയുള്ള റാങ്കായിട്ടും എന്റെ സ്വപ്‌നം കണ്‍മുന്നില്‍ തകര്‍ന്ന് തരിപ്പണമായി.
വീണ്ടും ഓട്ടോറിക്ഷക്കാരന്‍
ആ ജോലി നഷ്ടപ്പെട്ടപ്പോള്‍ ഞാന്‍ ഒരുപാട് കരഞ്ഞു. ആ വിഷമത്തില്‍ പി.എസ്.സി. എല്ലാം ഇട്ടെറിഞ്ഞുകൊണ്ട് വീണ്ടും ഓട്ടോറിക്ഷ ഫീല്‍ഡില്‍ തന്നെ കയറി. എനിക്ക് എന്നോട് തന്നെ പരിഭവമുണ്ടായിരുന്ന കാലമായിരുന്നു. അന്ന് റോഡിലൂടെ ഓട്ടോ ഓടിച്ച് പോവുമ്പോള്‍ പി.എസ്.സി. ബാച്ചില്‍ ഒപ്പം ഉണ്ടായിരുന്ന കൂട്ടുകാരെ സിഗ്നലില്‍ യൂണിഫോമൊക്കെ ഇട്ട് പോലീസായി കാണുമ്പോള്‍ വല്ലാത്ത വേദനയായിരുന്നു. അവരെ കാണുമ്പോള്‍ തന്നെ കരയുമായിരുന്നു.ചളിക്കുണ്ടില്‍ കിടക്കാന്‍ ആയിരിക്കും എന്റെ വിധിയെന്ന് സ്വയം പഴിച്ചിട്ടുണ്ടായിരുന്നു. ഈ വിഷമം എനിക്ക് സഹിക്കാന്‍ പറ്റാത്ത അവസ്ഥയിലോട്ട് കടന്നു. അപ്പോള്‍ പിന്നെ ഞാന്‍ വീണ്ടും പി.എസ്.സി. പഠിക്കാനായി 'തണലി'ല്‍ കയറി. സത്യന്‍ മാഷ് ഒരുപാട് വഴക്ക് പറഞ്ഞു. തണലില്‍ പുനഃപ്രവേശനം നല്‍കില്ലെന്നും പറഞ്ഞു. എന്റെ വിഷമം കണ്ട് അവസാനം അദ്ദേഹം സമ്മതം നല്‍കുകയായിരുന്നു. പഠിച്ചു തുടങ്ങി വീണ്ടും ട്രാക്കിലായി
വീണ്ടും പഠനത്തിന് മുടക്കം
പഠിച്ച് ട്രാക്കിലായപ്പോഴാണ് ഭാര്യ ഗര്‍ഭിണിയാണെന്ന് വിവരം അറിയുന്നത്. അവളുടെ കൂടെ എപ്പോഴും ആളു നില്‍ക്കേണ്ട അവസ്ഥ. കൂടാതെ പണത്തിനും ആവശ്യമേറി. വൈകുന്നേരം ക്ലാസിന് വരുന്നത് അസാധ്യമായി. വേറെ നിവൃത്തിയിലാതെ വീണ്ടും ക്ലാസ് അവസാനിപ്പിക്കേണ്ടി വന്നു. അനുവാദം ചോദിച്ച് വീണ്ടും ചേരുമെന്ന് പറഞ്ഞായിരുന്ന് 'തണലി'ല്‍നിന്ന് ഇറങ്ങിയത്. കുഞ്ഞുണ്ടാവുന്നതിന്റെ സന്തോഷത്തോടൊപ്പം എല്ലാം തകര്‍ന്ന് പോവുന്നവന്റെ വേദനയും പേറിയാണ് അന്ന് അവിടെനിന്ന് ഇറങ്ങിയത്.
വിജയം കണ്ട അവസാനശ്രമം
മോനുണ്ടായി വീട്ടിലെ തിരക്ക് ഒതുക്കിവെച്ച് വീണ്ടും ഞാന്‍ 'തണലി'ലേക്ക് ഓടി. അപ്പോഴേക്കും ഞാന്‍ ഏകദേശ ട്രാക്കില്‍ കയറിയ സമയമായിരുന്നു. വീണ്ടും ക്ലാസിലേക്ക് കയറാന്‍ എത്തിയപ്പോള്‍ സത്യന്‍ മാഷ് വഴക്ക് പറഞ്ഞിരുന്നു. സ്ഥിരതയില്ലാത്ത പഠനമാണ് എന്നെ പിന്നോട്ട് വലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അക്കാലത്ത് വെറുതെ പോയി എഴുതിയ എല്‍'ജി'എസ്' പരീക്ഷയ്ക്ക് ഏതാണ്ട് അടുത്തെത്തിയിരുന്നു.ആ ലിസ്റ്റില്‍ വന്നപ്പോള്‍ എന്നെക്കൊണ്ട് എല്‍.ജി.എസ്. ലെവലില്‍ ഒരു ജോലി എന്തായാലും കിട്ടുമെന്നുള്ളത് ഉറപ്പായി. 2018 തൊട്ട് നല്ലപോലെ പഠിച്ചു തുടങ്ങി
വില്ലനായി കൊറോണയെത്തി
ആ പഠിപ്പ് നല്ല രീതിയില്‍ പഠിച്ചു മുന്നേറിക്കൊണ്ടിരിക്കുന്ന നേരത്താണ്. കൊറോണ വന്നത്. അതോടെ ക്ലാസെല്ലാം നിര്‍ത്തി ഓണ്‍ലൈനായി. പി.എസ്.സി. പരിഷ്‌കരണവും അക്കാലത്താണ് വന്നത്. ചോദ്യത്തിന്റെ രീതി തന്നെ മാറി. പക്ഷേ പഠിച്ചു തുടങ്ങിയപ്പോള്‍ പരിഷ്‌കരിച്ച രീതി എനിക്ക് വളരെ ഇഷ്ടമായി. അന്ന് മുതല്‍ കൂടുതല്‍ പഠിക്കാന്‍ ഇഷ്ടം കൂടി തുടങ്ങി.
ലിസ്റ്റുകളുടെ കാലം
എല്‍.ജി.എസ്. പരീക്ഷ എഴുതിയിറങ്ങുമ്പോള്‍ തന്നെ കിട്ടുമെന്ന ഉറപ്പുണ്ടായിരുന്നു. റിസര്‍വ് വാച്ചര്‍ പോസ്റ്റിന്റെ ലിസ്റ്റിലാണ് ആദ്യം കയറുന്നത്. അക്കാലത്ത് എഴുതിയ പ്രിസണ്‍ ഓഫീസര്‍, റബര്‍ ബോര്‍ഡ് തുടങ്ങി നാലഞ്ച് ലിസ്റ്റില്‍ പേരുണ്ടായിരുന്നു. ആശിച്ചെഴുതിയ കമ്പനി ബോര്‍ഡ് അസിസ്റ്റന്റ് പരീക്ഷയില്‍ കിട്ടിയതോടെ സന്തോഷമായി. കഷ്ടപ്പെട്ടതിന്റെ ഫലം കിട്ടിയ ദിവസം മറക്കില്ല.
കാക്കിയോടുള്ള വിടപറച്ചില്‍
കെഎസ്എഫ്ഇയിലാണ് പോസ്റ്റിംഗ് വന്നത്. ആഗ്രഹിച്ച ഡിപ്പാര്‍ട്ട്‌മെന്റില്‍ തന്നെ ജോലി കിട്ടിയപ്പോള്‍ വളരെയേറെ സന്തോഷമായി. അന്ന് തന്നെ ഞാന്‍ എന്റെ കാക്കി ഷര്‍ട്ടെല്ലാം എടുത്ത് ഒതുക്കി ഒരു സ്ഥലത്ത് മാറ്റിവെച്ചു 12 വര്‍ഷം ഓട്ടോറിക്ഷ ഓടിച്ചിട്ട് കാക്കിയല്ലാതെ വേറെ വേഷങ്ങള്‍ ഞാന്‍ ഇടാറില്ല. അന്ന് ആ കാക്കിവേഷം മടക്കി അലമാരിയില്‍ വെച്ചപ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഒരു തരത്തില്‍ പറഞ്ഞാല്‍ കാക്കിയോടുള്ള വിടപറച്ചില്‍. ഇനി ഞാന്‍ സര്‍ക്കാര്‍ സര്‍വീസിലേക്ക് പോവുകയല്ലേ. കളര്‍ ഡ്രെസൊക്കെ ഇടാം എന്ന് വിചാരിച്ചു സന്തോഷിച്ചു.
ആദ്യത്തെ കൂലിയില്‍നിന്ന് സര്‍ക്കാര്‍ ശമ്പളത്തിലേക്ക്
തേപ്പുപണിയ്ക്കാണ് ആദ്യം പോയത്. അന്ന് ഞാന്‍ അവിടെയുള്ള ഏറ്റവും ചെറിയ അസിസ്റ്റന്റായിരുന്നു. 75 രൂപയായിരുന്നു ആദ്യ ശമ്പളം.ഇന്ന് മാന്യമായൊരു ശമ്പളവും സുരക്ഷിതമായ ജോലിയും ലഭിക്കുക എന്ന് പറഞ്ഞാല്‍ വലിയ കാര്യമാണ്. എന്നെ പോലൊരു സാധാരണക്കാരന് ഗോള്‍ഡന്‍ മോമന്റാണ്
എന്റെ വിജയത്തിന് പിന്നിലെ രണ്ട് സ്ത്രീകള്‍
എന്റെ വിജയത്തിന് പിന്നില്‍ രണ്ട് സ്ത്രീകളാണ് ഉള്ളത്. ഒന്ന് എന്റെ അമ്മയും പിന്നെ ഭാര്യയും. എല്ലാ പ്രതിസന്ധി ഘട്ടത്തിലും ഞങ്ങള്‍ കൂലിപ്പണിയെടുത്തും വീട് നോക്കാം എന്ന് അവര്‍ പറഞ്ഞ വാക്കുകളായിരുന്നു ശക്തി. കടം കേറി തലയ്ക്ക് മുകളില്‍ നില്‍ക്കുമ്പോളും നിങ്ങള്‍ പഠിക്കണമെന്നാണ് എന്റെ ഭാര്യ പറഞ്ഞത്. അവരോടുള്ള നന്ദി എത്ര ജന്മെടുത്താലും തീരില്ല
ഇനിയും പഠിക്കണം
പത്താം ക്ലാസിന് ശേഷം പഠിക്കാത്തത് വലിയ ന്യൂനതയായിട്ടാണ് കാണുന്നത്. ജോലിയില്‍ ഉയര്‍ച്ച കിട്ടണമെങ്കിലും ഈ യോഗ്യത പോര. നിലവിലെ കടങ്ങളെല്ലാം തീര്‍ത്ത് വിദൂര വിദ്യാഭ്യാസം വഴി പഠിക്കണമെന്നാണ് ആഗ്രഹം. എല്ലാം ശുഭമായി നടക്കുമെന്ന് വിശ്വസിക്കുന്നു
Content Highlights: From Auto Driver to KSFE Employee: Mani`s PSC Success Story
Published: 27 Jan 2025, 05:45 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented